പ്രണയ പർവങ്ങൾ – ഭാഗം 61, എഴുത്ത്: അമ്മു സന്തോഷ്

ചാർളിയുടെ വിരലുകൾ വിറയ്ക്കുന്നുണ്ടായിരുന്നു. അവൻ ഷേർലിയുടെ മുഖത്ത് അത് അർപ്പിച്ചു കുനിഞ്ഞു. അവന്റെ കണ്ണുനീർ അവരുടെ മുഖത്ത് വീണു

“ഒന്നുമില്ലടാ കൊച്ചേ. ഇപ്പൊ നല്ല ആശ്വാസം ഉണ്ട്..” അവർ ആ കണ്ണുകൾ തുടച്ചു കൊണ്ട് പറഞ്ഞു

അവൻ അവരുടെ കവിളിൽ ഉമ്മ വെച്ച് ആ നെഞ്ചിൽ മുഖം ചേർത്ത് അവരെ വട്ടം കെട്ടിപിടിച്ചു കിടന്നു. ഷേർലിക്ക് സങ്കടം വന്നു. അവർ സ്വന്തം കണ്ണുകൾ തുടച്ച് അവന്റെ ശിരസ്സിലൂടെ വിരലോടിച്ചു

“മോനെ..എടാ അച്ചായനെന്തിയെ?”

അവൻ പെട്ടെന്ന് എഴുന്നേറ്റു. അപ്പ പുറത്ത് ഇരിക്കുന്നുണ്ടായിരുന്നു. കുറച്ചു കഴിഞ്ഞു കണ്ടോളാം എന്ന് എന്തോ വിക്കി പറഞ്ഞു കൊണ്ട് ഇരുന്നു

അവൻ വേഗം പുറത്ത് ചെന്നു

“അപ്പായെ തിരക്കുന്നു “

“ഞാൻ പിന്നെ വന്നോളാം ” അയാൾ മുഖം തിരിച്ചു

“അതെന്താ അപ്പ? അമ്മ വിളിക്കുന്നു “

“എനിക്ക് അങ്ങനെ അവളെ കാണാൻ വയ്യട ഉവ്വേ..ഞാൻ പിന്നെ കണ്ടോളാം “

സ്റ്റാൻലി എഴുന്നേറ്റു പോയി. ചാർലി വേദനയോടെ അത് നോക്കി നിന്നു

പിന്നെ കുറച്ചു ദൂരെ മാറി നഴ്സിനോട് സംസാരിച്ചു കൊണ്ട് നിൽക്കുന്ന സാറയുടെ അരികിൽ ചെന്നു

“മരുന്നുകൾ വാങ്ങാനുണ്ട് ദാ ” അവൾ അത് നീട്ടി

“മോളെ..എങ്ങനെ നന്ദി..”

“വെറുതെ ഇരിക്ക് ഇച്ചാ. പോയി വാങ്ങിച്ചിട്ട് വാ..നേരെത്തെ വാങ്ങിയതിന്റെയും പിന്നെ കുറച്ചു ബില്ല് അടച്ചതിന്റെയും രസീത് ഇതാ. ഇവർ ചോദിക്കുവാണെങ്കിൽ കാണിക്കണേ..ഞാൻ വീട്ടിലോട്ട് പോട്ടെ. സന്ധ്യയാവുന്നു “

അവൻ ബില്ല് നോക്കി. രണ്ടും കൂടി നല്ല ഒരു തുക ഉണ്ട്

“കാശ് ഉണ്ടാരുന്നോ കയ്യിൽ”

അവൾ ഒരു കള്ളച്ചിരി ചിരിച്ചു

“നമുക്ക് സ്വർണം ഒക്കെ പിന്നെ എന്തിനാ ഇച്ചാ?”

അവന്റെ കണ്ണ് നിറഞ്ഞൊഴുകി. പരിസരം മറന്ന് അവൻ മുന്നോട്ട് ആഞ്ഞു

“ഇച്ചാ ആശുപത്രിയിൽ ആണ്. കെട്ടിപ്പിടിക്കരുത് ദേ ഷെല്ലി ചേട്ടൻ വരുന്നു. ഞാൻ പോയിട്ട് രാവിലെ വരാമേ “

അവൻ മുഖവും കണ്ണും തുടച്ചു

“ടീച്ചർ പോവാണോ? ” അവൾ കടന്ന് വന്നപ്പോ ഷെല്ലി ചോദിച്ചു

“പോവാ. രാവിലെ വരാം രാത്രി ആകുന്നു.”

“നീ കൊണ്ട് വിട്. രാത്രി ആയല്ലോ പറഞ്ഞത് പോലെ “

അവൻ തലയാട്ടി

“എന്തിനാ അത് വേണ്ട. ഇവിടെ വേണം എല്ലാരും. പരസ്പരം ഒരാശ്വാസം അല്ലെ അത്. എനിക്ക് ദേ ഇതിന്റ മുന്നിൽ നിന്ന് ബസ് കിട്ടും. പോയിട്ട് വരാം. നാളെ രാവിലെ വരാം ട്ടോ “

അവൾ ചുറു ചുറുക്കോട് നടന്നു പോയി

“ബില്ല് ഒക്കെ അടിച്ചതിന്റെ രസീത് തരുവാരുന്നു ” അവൻ ഷെല്ലിയോട് പറഞ്ഞു

“അതിന്റ കയ്യിൽ കാശ് ഉണ്ടാരുന്നോ.”

ഷെല്ലി ബില്ല് തുക നോക്കിയിട്ട് ചോദിച്ചു

“സ്വർണം ഉണ്ടായിരുന്നു ” ചാർളിയുടെ ശബ്ദം ഒന്ന് അടച്ചു

“കർത്താവെ പണയം വെച്ചോ അത്? ബന്ധുക്കൾ പോലും ചെയ്യില്ലല്ലോടാ ഇങ്ങനെ?”

“അവള് ചെയ്യും ” അവൻ മെല്ലെ പറഞ്ഞു പിന്നെ നടന്നു മുറിയിലേക്ക് പോയി

ജെറി അവിടേക്ക് വന്നപ്പോൾ ഷെല്ലിയുടെ ശ്രദ്ധ പോയി.

വീട്ടിൽ വിളിച്ചു പറഞ്ഞത്കൊണ്ട് വലിയ ടെൻഷൻ ഉണ്ടായിരുന്നില്ല

“എങ്ങനെ ഉണ്ട് മോളെ ഇപ്പൊ?” എന്ന് പപ്പയും മമ്മിയും ചോദിച്ചപ്പോ. എല്ലാം വിശദമായി പറഞ്ഞു

അപ്പോഴാണ് ജോലിയുടെ കാര്യവും അവൾ പറഞ്ഞത്

“സാലറി എത്ര കിട്ടും?”

“സ്റ്റാർട്ടിങ് 20000എന്ന അപ്പോയ്ന്റ്മെന്റ് ഓർഡറിൽ കണ്ടത് “

“അത് കുറവാണല്ലോ ഗവണ്മെന്റ് ടീച്ചർ മാർക്ക് 40000 ഉണ്ട് സ്റ്റാർട്ടിങ്. നിനക്ക് ടെസ്റ്റ്‌ എഴുതി കേറിയ പോരെ? ഈ പ്രൈവറ്റിൽ എന്തിനാ?” അന്ന ചോദിച്ചു

“ചേച്ചി കുറെ വർഷം കൊണ്ട് എഴുതികൊണ്ട് ഇരിക്കുവല്ലേ വല്ലോം കിട്ടിയോ.? ഇത് മതി പപ്പാ. നാട്ടിൽ നിൽക്കാമല്ലോ..ഞാൻ ഒന്ന് കുളിച്ചു വരാം “

അവൾ തോർത്ത്‌ എടുത്തു കൊണ്ട് ബാത്‌റൂമിൽ പോയി

അന്ന പിന്നെ ഒന്നും പറയാതെ മുറിയിലേക്ക് പോയി.

പിറ്റേന്ന് രാവിലെ അവൾ ആശുപത്രിയിൽ നേരത്തെ തന്നെ എത്തി

“ഞാൻ ചോദിച്ചു മോളെകുറിച്ച്. ഇന്നലെ പോകുമ്പോൾ കാണാൻ പറ്റിയില്ല ” ഷേർലി സ്നേഹത്തോടെ ആ കയ്യിൽ പിടിച്ചു

“അമ്മ ഉറങ്ങുവാരുന്നു. ഞാൻ നോക്കി “

അവൾ അടുത്ത് ഇരുന്നു

“നീ വേണേൽ വീട്ടിൽ പൊയ്ക്കോ. സാറ വന്നല്ലോ. കുളിച്ചു കഴിച്ചിട്ട് പതുക്കെ വന്ന മതി ” ഷേർലി ജെറിയോട് പറഞ്ഞു

“ശരി “

ജെറിക്ക് സാറയെ വലിയ പരിചയം ഇല്ല. കേട്ടിട്ടുണ്ട് അത്ര തന്നെ. അവൾ പോയപ്പോ ഷെല്ലി വന്നു

ഷെല്ലിയെ കണ്ടവൾ എഴുന്നേറ്റു

“ടീച്ചർ ഇരുന്നോ ” അവൻ സ്നേഹത്തോടെ പറഞ്ഞു

“എന്നെ സാറാന്ന് വിളിച്ച മതി ” അവൾ ഒരു ചമ്മലോടെ പറഞ്ഞു

ഷെല്ലി ചിരിച്ചു പോയി

“ആയിക്കോട്ടെ. അല്ലെങ്കിലും ടീച്ചർ കൊച്ചാ..അല്ലെ അമ്മച്ചി?”

“ഇരുപതു വയസ്സാകുന്നേയുള്ളു അല്ലെ, മോളെ?”

“ഉടനെ ആകും.” അവൾ തലകുലുക്കി

ഷെല്ലി കൗതുകത്തോടെ അവളെ നോക്കി. ഒരു കുഞ്ഞ് കുട്ടി. കുസൃതി നിറഞ്ഞ മുഖവും ചലനങ്ങളും

“അമ്മച്ചിക്ക് എന്താ കഴിക്കാൻ വേണ്ടേ?”

“ഒന്നും വേണ്ട ഓട്സ് ദേ ഇരിക്കുന്നു. വായ്ക്കു രുചി ഇല്ലന്നെ “

അവൾ അത് ഒന്ന് ചൂടാക്കി. പിന്നെ കോരി കൊടുത്തു. ഒരു എതിർപ്പും പറയാതെ അമ്മ അത് കഴിക്കുന്നത് ഷെല്ലി നോക്കി നിന്നു

“അപ്പൊ സാറ ഉണ്ടല്ലോ ഞാൻ വീട്ടിൽ പോയി ഒന്ന് ഫ്രഷ് ആയി വരാം “

അവൻ എഴുന്നേറ്റു

“ചാർളിയോട് വരാൻ പറഞ്ഞേച്ചും പോണേ. കൊച്ച് ഒറ്റയ്ക്ക് ആയി പോകും.”

“അത് ശരി ഈ കക്ഷി ഒറ്റയ്ക്കാ അമ്മേ കൊണ്ട് വന്നു അഡ്മിറ്റ് ചെയ്തത്. പേടിക്കുകയെ വേണ്ട ആള് മിടുക്കിയാ “

ഷെല്ലി ചിരിച്ചു കൊണ്ട് ഇറങ്ങി പോയി

“അവൻ ഇത്രേം ആരേം പൊക്കിപ്പറഞ്ഞു ഞാൻ കേട്ടിട്ടില്ല”

അമ്മച്ചി തലയിണ കുറച്ചു ഉയർത്തി വെച്ച് ചാരി കിടന്നു. സാറ അരികിലിരുന്നു കൈ പിടിച്ചു. അവൾ ട്രിപ്പ് മെഡിസിൻ തീരുന്നത് നോക്കിയിരുന്നു

അമ്മച്ചി മെല്ലെ മയക്കത്തിൽ ആയി

ചാർലി വന്നപ്പോൾ അമ്മച്ചി ഉറക്കം

“എവിടെ ആരുന്നു? “

“കുറച്ചു അത്യാവശ്യം ഉണ്ടാരുന്നു. ഓഡിറ്റ്‌ ഇന്നുമുണ്ട്. വെളുപ്പിന് അവിടെ വരെ പോയി. ഓഫീസിൽ എല്ലാം പറഞ്ഞു ഏൽപ്പിച്ചു. ആവശ്യം ഉണ്ടെങ്കിൽ വിളിക്കും”

“കഴിച്ചോ വല്ലോം?.”

“ഇല്ലെടി വിശപ്പില്ല “

“അതെന്നാ വർത്താനം ആണെന്നെ..? കഴിച്ചേച്ചും വാ “

“വേണ്ട ഒരു ചായ കുടിച്ചു മതി “

അവൾ പെട്ടെന്ന് ബാക്കിയിരുന്ന ഓട്സ് ഒന്നുടെ ചൂടാക്കി കുറച്ചു പഞ്ചസാര ചേർത്ത് കൊണ്ട് വന്നു

“കഴിക്ക് “

ചാർലിയെ അവൾ ഒരു കസേരയിൽ പിടിച്ചു ഇരുത്തി

“എന്റെ പൊന്ന് കഴിക്ക് ” അവൾ കൊടുത്തു

ചാർളിയുടെ മുഖം നിറഞ്ഞ വേദന കണ്ട് അവൾ അടുത്ത് ചെന്നു

“ഇപ്പൊ നോക്ക്. അമ്മയ്ക്ക് ഒന്നുല്ല
എല്ലാം മാറി. മരുന്ന് ഉണ്ട്. അത് കൊണ്ടല്ലേ. ഇച്ചാ എന്താ കുഞ്ഞുങ്ങളെ പോലെ.”

അവൻ അവളുടെ അരക്കെട്ടിലൂടെ കൈ ചുറ്റി ആ നെഞ്ചിൽ തല വെച്ചു

“തളർന്നു പോയെടി. പേടിച്ചു പോയി ” അവൾ ആ മുഖത്ത് തലോടി

“ഇത് കഴിച്ചേ എന്റെ മോൻ. ഞാൻ തരട്ടെ ” അവൻ ഒന്ന് മൂളി

അവൾ കോരിക്കൊടുത്ത ഭക്ഷണം രുചിച്ചിറക്കുമ്പോൾ അവൻ അവളെ നോക്കി

“എന്താ ഇച്ചാ?”

“നീ ശരിക്കും ഏഞ്ചലാ..മാലാഖ ” അവൾ ആ നെറ്റിയിൽ മുഖം അമർത്തി

“എന്റെ പൊന്ന് കഴിക്ക് “

അവൾ മന്ത്രിച്ചു

തുടരും….