മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ….
വേണി ഫോണെടുത്ത് സമയം നോക്കി. പുലർച്ചെ രണ്ടുമണിയായിരിക്കുന്നു. ശ്രുതി അവളെ കെട്ടിപ്പിടിച്ചു ഗാഡ്ഡനിദ്രയിലാണ്. ഒരു കൊച്ചുകുട്ടിയുടെ നിഷ്കളങ്കതയോടെ..
വേണി വാത്സല്യത്തോടെ അവളുടെ കവിളിൽ ചുണ്ടുകൾ ചേർത്തു.
ഉറക്കം നഷ്ടപ്പെടുത്തി ഓർമ്മകളുടെ ഓളപരപ്പിൽപ്പെട്ട് ഒഴുകി നടന്ന മനസ്സിനെ അവൾ സ്വയം ശാസിച്ചു.
എത്രയോ വർഷങ്ങൾക്കുമുന്നേ ജീവിതത്തിൽ നിന്നും മായ്ച്ചു കളയപ്പെട്ട ഒരു പേരാണ് പ്രസാദ്. നടന്നു കയറിയ വഴിത്താരകളിലൊന്നിലും പ്രസാദ് എന്ന വ്യക്തിയുടെ നേർത്തയൊരടയാളം പോലും അവശേഷിക്കുന്നില്ല എന്നിട്ടും വീണ്ടുമൊരിക്കൽ കൂടി കണ്ടുമുട്ടി എന്നത് കൊണ്ട് മാത്രം ചോർന്നു പോകേണ്ട ഒന്നാണോ നീയിത്രയും കാലംകൊണ്ട് നേടിയെടുത്ത ഉൾക്കരുത്ത്.
ഒരിക്കൽ നിസ്സഹായയും, നിരാലംബയുമായിരുന്ന ഒരുവൾ , മുന്നോട്ടുള്ള തന്റെ പാതയിൽ തടസ്സമായി വരുന്ന എന്തിനെയും, ഏതിനെയും തട്ടിമാറ്റാനുള്ള ആർജ്ജവം നേടിയെടുത്ത് ചങ്കൂറ്റമുള്ളൊരു പെണ്ണായി.അതിനി ആരുടെ മുന്നിലും അടിയറ വെക്കേണ്ടതില്ല.
ആത്മനൊമ്പരങ്ങളിൽ നീറിനീറിക്കരഞ്ഞും, നാളെയേയോർത്തു വേവലാതിപ്പെട്ടും, ഇന്നിനെയോർത്തു വിലപിച്ചും നടന്ന പാവം പെണ്ണല്ല ഇന്ന് വേണി. അനുഭവങ്ങളുടെ തീച്ചൂട് ഉള്ളിലേന്തുന്ന കരുത്തിന്റെ പര്യായമാണിന്നവൾ.
എന്നിട്ടും കൊച്ചു കുട്ടികളെപ്പോലെ ചപലയാകുന്നോ നീ.
പാടില്ല അവൾ മനസ്സിന്റെ മിന്നലോട്ടങ്ങൾക്ക് കടിഞ്ഞാണിട്ടു
“വേണി, പ്രസാദ് വേറെ കല്യാണം കഴിച്ചുട്ടോ. തനിക്കും ഒരെണ്ണമായ്ക്കൂടെ. എന്തിനാ ലൈഫ് നശിപ്പിച്ചുകളയുന്നെ ??
ഒരിക്കൽ ഷീജ അവളോട് ചോദിച്ചു.
“പ്രസാദിന് ഒന്നല്ല പത്തു കല്യാണം വേണേൽ ആവാം. ബാധ്യതകളൊന്നുമില്ല ല്ലോ. എന്റെ അവസ്ഥ അതല്ലല്ലോ ചേച്ചി. എനിക്കിപ്പോ ഏറ്റവും പ്രധാനം ഒരു വീടുണ്ടാക്കുക എന്നതാ. പിന്നെ ശ്രുതിമോൾടെ പഠനം, അവളുടെ ഭാവി അതിനിടയിൽ കല്യാണം കഴിക്കാൻ കൂടി സമയം വേണ്ടേ??
വേണി ചിരിച്ചു.
എന്തിനായിപ്പോ ധൃതി കൂട്ടി വീടുപണി തുടങ്ങിവെക്കുന്നെ. കടക്കാരിയാകാനുള്ള ഒരുക്കമാണോ.
ഷീജ അവളെ നിരുത്സാഹപ്പെടുത്തി.
വേണി അതിനും മറുപടിയില്ലാതെ വെറുതെ ചിരിച്ചു.
ശാരിയും ശ്രീജിത്തും സ്ഥിരതാമസത്തിനു വന്നതിന് ശേഷം വേണിയും മോളും പതിയെ കുടിയിറക്കപ്പെടുകയായിരുന്നു.തൊട്ടതിനും പിടിച്ചതിനുമെല്ലാം ശാരി ഓരോ കുറ്റങ്ങൾ കണ്ടു പിടിച്ചു.
“നിന്നെപ്പോലെ ഒരവകാശം എനിക്കുമുണ്ടീ വീട്ടിൽ. എന്റെ ഷെയർ കിട്ടും വരെ ഞാനും മോളും ഇവിടെ തന്നെ താമസിക്കും. തടയാമെങ്കിൽ തടഞ്ഞോ.”
ഒരു ദിവസം വേണി അവളോട് ഒച്ചയുയർത്തി.
ശ്രുതിമോളുടെ ഏങ്ങിക്കരച്ചിലാണ് അന്ന് ഡ്യൂട്ടി കഴിഞ്ഞെത്തിയ വേണിയെ എതിരേറ്റത്.
“ചിറ്റ വഴക്ക് പറഞ്ഞു. എന്റെ സ്കൂൾ ബാഗെടുത്ത് വലിച്ചെറിഞ്ഞു.”
കരയുന്നതിന്റെ കാരണം തിരക്കിയ വേണിയോട് അവൾ ഇടറിക്കൊണ്ട് പറഞ്ഞു.
“കുഞ്ഞിനെ കിടത്തിയുറക്കിയിട്ട് ഞാനൊന്നു കുളിക്കാൻ കയറിയതാ. അവൾ സ്കൂൾ വിട്ടു വന്നയുടനെ ബാഗ് ആ കട്ടിലിൽ കൊണ്ട് വെച്ച് ശബ്ദമുണ്ടാക്കി. അപ്പൊ കുഞ്ഞഴുന്നേറ്റ് കരഞ്ഞു.”
ശാരി അവളുടെ ഭാഗവും ന്യായീകരിച്ചു.
ശ്രുതിമോൾക്ക് ആ കുഞ്ഞിനോടുള്ള വാത്സല്യം വേണിക്കറിയാം. അവളുടെ ജീവനാണ് അപ്പുമോൻ. അവനെ കൊഞ്ചിക്കാനുള്ള ആഗ്രഹം കൊണ്ട് സ്കൂൾ വിട്ടു വന്നാലുടനെ അവളവന്റെ പിന്നാലെ കൂടും.സ്കൂളിൽ പോകുന്ന നേരം വരെയും അവൾ കുഞ്ഞിനരികിലായിരിക്കും.
ശാരിക്ക് പലപ്പോളും അതൊരനുഗ്രഹമാണ്. എന്നിരുന്നാലും ചില നേരങ്ങളിൽ അവളത് മറക്കും.
“അമ്മ ഇതൊന്നും കാണുന്നില്ലേ??
വേണി ദേഷ്യത്തോടെ അമ്മയെ നോക്കി.
അവർ ഞാനൊന്നുമറിഞ്ഞില്ലേ എന്ന ഭാവത്തിൽ അവിടെ നിന്നും മാറിക്കളഞ്ഞു.
ശാരി വന്നതിനുശേഷം അമ്മയ്ക്കും വലിയ മാറ്റം വന്നിട്ടുണ്ട്. പഴയപോലെ ശാരിക്കൊപ്പം ചേർന്ന് വേണിയെ ഒറ്റപ്പെടുത്താനുള്ള ശ്രമമാണ്..
വീടുപണി തുടങ്ങാൻ തന്റെ ഷെയർ വേണമെന്ന് വേണി ഉറപ്പിച്ചു പറഞ്ഞതോടെ അമ്മയുടെ ദേഷ്യം ഇരട്ടിയായി.
“വീട് വിൽക്കാതെ യാതൊന്നും എടുത്തു തരാനില്ല എന്ന നിലപാടിലായിരുന്നു ശ്രീജിത്ത്.
“എങ്കിൽപ്പിന്നെ ഞാനും മോളും ഞങ്ങൾക്ക് തോന്നുന്ന കാലംവരെ ഇവിടെ തന്നെ താമസിക്കും.”
വേണിയും അവളുടെ നിലപാടിൽ ഉറച്ചു നിന്നു.
പക്ഷേ സ്വന്തം വീട്ടിൽ, സ്വന്തം അമ്മയുടെയും അനുജത്തിയുടെയും മുന്നിൽ അന്യയാകുന്നതിന്റെ വേദന അസഹ്യമായപ്പോൾ വേണി ശ്രുതിയെ ഹോസ്റ്റലിലാക്കി.
അവൾ കാർത്തികക്കൊപ്പം ലേഡീസ് ഹോസ്റ്റലിലേക്കും മാറി.
“വേണി, അമ്മക്ക് നല്ല സുഖമില്ല. ശാരിയെക്കൊണ്ട് ആകുന്നില്ല എന്റെ മരുന്നും മറ്റു കാര്യങ്ങളുമെല്ലാം കൂടി. നീയും മോളും ഇവിടെ വന്നു താമസിക്ക്. ഹോസ്റ്റലിൽ കൊടുക്കുന്നതിന്റെ പകുതി മതിയല്ലോ ഇവിടുത്തെ ചിലവുകൾക്ക്. നിന്റെയൊരു കൈത്താങ്ങ് എനിക്കും വേണം.ഈയിടെയായി ശ്രീജിത്തിനെക്കൊണ്ട് തനിയെ ആകുന്നില്ല എല്ലാംകൂടി.”
മാസങ്ങൾക്ക് ശേഷം അമ്മ വിളിച്ച് പരാധീനതകളുടെ കെട്ടഴിച്ചു
അവിടുന്ന് ഇറങ്ങിപോരുമ്പോൾ അമ്മയൊരിക്കലും പറഞ്ഞില്ലല്ലോ ഇത് നിനക്കും കൂടി അവകാശപ്പെട്ടയിടമാണ്. ഇറങ്ങിപ്പോകേണ്ടയെന്ന്. ഇപ്പോ ശാരി കയ്യൊഴിഞ്ഞു തുടങ്ങിയപ്പോ എന്നെ വേണം അല്ലെ. അമ്മയുടെ മരുന്നിന് വേണ്ടതിൽ കുറച്ചൊക്കെ ഞാനും തന്നോളാം. ബാക്കി ശാരിയും തരട്ടെ അതിൽ കൂടുതലൊന്നും പ്രതീക്ഷിക്കണ്ട. എനിക്കുടനെ വീടുപണി തുടങ്ങണം.
മറുത്തെന്തെങ്കിലും പറയാൻ അവൾ അമ്മയെ അനുവദിച്ചില്ല.കാൾ കട്ട് ചെയ്തു.
മുന്നോട്ടുള്ള ജീവിതത്തിൽ മനസ്സിനെ ഇനിയും കല്ലാക്കി മാറ്റിയെ തീരൂ എന്നൊരു പാഠം കൂടി വേണി പഠിച്ചെടുത്തു
*****************
വേണിയേച്ചി, സന്ദീപ് ഡോക്ടർ ഫ്ലാറ്റ് ഒഴിയുകയാണ്. പുതിയൊരു വീടുണ്ടാക്കുന്നതിലും നല്ലത് ഇവിടെത്തന്നേ ഒരു ഫ്ലാറ്റ് വാങ്ങുന്നതാ. ഇപ്പോഴത്തെ ജോലിയിൽ നിന്ന് ഇത്രയും ഭേദപ്പെട്ടൊരു സാലറി കിട്ടുന്നുണ്ടല്ലോ. ശ്രുതിമോളുടെ തുടർപഠനങ്ങൾക്കും ഇവിടെത്തന്നേ തുടരുന്നതാ ചേച്ചിക്ക് ഗുണം. സ്വന്തം വീടായാൽ വാടക കൊടുത്തു മുടിയേം വേണ്ട.
അന്നത്തെ ഡ്യൂട്ടി കഴിഞ്ഞു പോരും വഴി ഗീതു വേണിയോട് പറഞ്ഞു.
അതിനിപ്പോ നാട്ടിലെ സ്ഥലം വിൽക്കേണ്ടി വരും. അക്കൗണ്ടിൽ കിടക്കുന്ന കിടക്കുന്ന പണം ഒന്നിനും തികയില്ല ല്ലോ ഗീതു.
“തല്ക്കാലം കയ്യിലുള്ളത് അഡ്വാൻസായി കൊടുത്ത് ചേച്ചിയുടെ പേരിലേക്ക് മാറ്റാനുള്ള കാര്യങ്ങൾ ചെയ്തിടാം. ബാക്കി പൈസ സ്ഥലം വിറ്റ് കിട്ടിയിട്ട് കൊടുത്തു തീർത്താൽ മതി. ഞാൻ പറയാം ഡോക്ടറോട്. അദ്ദേഹം സമ്മതിക്കും. നല്ലൊരു മനുഷ്യനാ.
“ഉം… ശ്രമിച്ചു നോക്ക്.
വേണി സമ്മതം മൂളി.
പിറ്റേന്ന് ഗീതു വന്നത് ഡോക്ടറെ കണ്ട് എല്ലാം പറഞ്ഞുറപ്പിച്ച സന്തോഷത്തോടെയായിരുന്നു.
വേണിയുടെ മനസ്സും വലിയൊരു ദുരിതക്കടൽ നീന്തിക്കയറിയ ആശ്വാസനിശ്വാസമുതിർത്തു.
“ചേച്ചി.. അഡ്വാൻസ് കൊടുത്തു കഴിഞ്ഞാൽ കയറി താമസിച്ചോ എന്ന് പറഞ്ഞിട്ടുണ്ട് ഡോക്ടർ. അദ്ദേഹം ലണ്ടനിലേക്ക് പോകുന്നു.ബാക്കി പണം റെഡിയാക്കിയിട്ട് അദ്ദേഹത്തിന്റെ അക്കൗണ്ടിലേക്ക് ഇട്ടു കൊടുത്താൽ മതി. അതിന് ധൃതി വേണ്ട എന്നും പറഞ്ഞിട്ടുണ്ട്. തല്ക്കാലം ഒരു എഗ്രിമെന്റ് എഴുതി ഒപ്പിട്ടു കൊടുത്താൽ മാത്രം മതി.”
ഞാൻ പറഞ്ഞില്ലേ ചേച്ചി നല്ല മനുഷ്യനാന്ന്.
വേണിയും ആ നല്ല മനസ്സിന് ആവോളം നന്ദി പറഞ്ഞു.
ഗീതുവിനും സ്വന്തമായൊരു വീടുണ്ടാകും വരെ അവളെയും മക്കളെയും കൂടെ കൂട്ടണം.
വേണി ആ തീരുമാനം മനസ്സിൽ വെച്ചു.
അന്ന് രാത്രി എല്ലാരും നിറഞ്ഞ സന്തോഷത്തിലായിരുന്നു.
ആഹാരം കഴിക്കാൻ ഒരുങ്ങുമ്പോഴാണ് കാളിംഗ് ബെൽ ശബ്ധിച്ചത്.
ആരായിരിക്കും എന്ന പരിഭ്രമത്തോടെ വേണി എല്ലാരേയും മാറി മാറി നോക്കി. പിന്നെ വാതിൽക്കലേക്ക് നടന്നു.
വാതിൽ തുറക്കാതെ ജനൽ പാളികൾ ചെറുതായി തുറന്ന് അവൾ പുറത്തേക്ക് നോക്കി.
പ്രസാദ് കയ്യിൽ ഒന്നുരണ്ടു കവറുകളുമായി അക്ഷമയോടെ സിറ്റൗട്ടിൽ നിൽക്കുന്നുണ്ടായിരുന്നു.
തുടരും.