അപ്പോൾ തൻ്റെ ഭാര്യ ഒരാളുമായിട്ട് മാത്രമല്ല, പലരുടെയും ബൈക്കിന് പിന്നിലിരുന്ന് യാത്ര ചെയ്യുന്നുണ്ട്. ഇതെങ്ങാനും തൻ്റെ ബന്ധുക്കളോ….

Story written by Saji Thaiparambu
====================

പുറത്ത് ഒരു ബുള്ളറ്റിൻ്റെ കാതടപ്പിക്കുന്ന ശബ്ദം കേട്ടാണ് അയാളുണർന്നത്

ചാരിയിട്ടിരുന്ന ജനാല മലർക്കെ തുറന്ന് ഉറക്കച്ചടവോടെ വികാസ് പുറത്തേയ്ക്ക് നോക്കി

മുറ്റത്ത് നില്ക്കുന്ന നഴ്സിങ്ങ് യൂണിഫോമണിഞ്ഞ തൻ്റെ ഭാര്യ ബുള്ളറ്റിലിരിക്കുന്നയാൾക്ക് റ്റാറ്റ പറഞ്ഞ് യാത്രയാക്കുന്നു

അയാൾ കിടപ്പ് മുറിയിലെ ചുമരിൽ തൂക്കിയ ക്ളോക്കിലേക്ക് നോക്കി. മണി ഒന്ന് കഴിഞ്ഞിരിക്കുന്നു. അപ്പോൾ അവൾ ഡ്യൂട്ടി കഴിഞ്ഞ് വന്നതാവാം, ഗാഡനിദ്രയിലായിരുന്നത് കൊണ്ട് രാവിലെ അവൾ പോയതൊന്നും താൻ അറിഞ്ഞിരുന്നില്ല

ആരാടീ, അയാൾ ?

അകത്തേയ്ക്ക് കയറി വന്ന ഭാര്യയോട് അനിഷ്ടത്തോടെ വികാസ് ചോദിച്ചു

അതവിടുത്തെ അറ്റൻ്ററാണ്, ഈ വഴി പോയപ്പോൾ എനിക്കൊരു ലിഫ്റ്റ് തന്നതാണ്

നീയെന്തിനാണ് വല്ലവൻ്റെയും പുറകിലിരുന്ന് വരുന്നത്? നിനക്കൊരു ഓട്ടോറിക്ഷയിൽ കയറി വന്നൂടെ?

ഓട്ടോ കൂലി കൊടുക്കാനുള്ള കാശ് നിങ്ങള് തരുമോ? ഈ വീടിൻ്റെ വാടക കൊടുക്കാൻ തന്നെ കിട്ടുന്ന ശമ്പളം തികയുന്നില്ല, അപ്പോഴാണ് ദിവസവും നൂറ് രൂപ ഓട്ടോയ്ക്ക് കൊടുക്കുന്നത്, കുടുംബം നോക്കേണ്ടവർ പുരയ്ക്കകത്ത് കയറി അടയിരിക്കുമ്പോഴാണ് ജോലിക്ക് പോകുന്ന പെണ്ണുങ്ങൾക്ക് രണ്ടറ്റം കൂട്ടിമുട്ടിക്കാൻ ഇങ്ങനെ മറ്റുള്ളവരുടെ ഔദാര്യം സ്വീകരിക്കേണ്ടി വരുന്നത്

അത് അയാൾക്കിട്ടൊരു കൊട്ടായിരുന്നു

എന്നാൽ ഇനി മുതൽ ആ ഔദാര്യം നീ സ്വീകരിക്കേണ്ട, നാളെ മുതൽ ഞാൻ കൊണ്ടാക്കുകയും തിരികെകൊണ്ട് വരികയും ചെയ്ത് കൊള്ളാം

പിറ്റേന്ന് അയാൾ അലാറം വച്ച് രാവിലെ തന്നെ എഴുന്നേറ്റു. അവൾ ഒരുങ്ങി വരുമ്പോഴേക്കും തൻ്റെ പഴയ ബൈക്ക് കുറെ നേരത്തെ പ്രയത്നത്തിനൊടുവിൽ അയാൾ സ്റ്റാർട്ട് ചെയ്ത് കഴിഞ്ഞിരുന്നു

അവളുമായി ഹോസ്പിറ്റലിലേയ്ക്ക് പോകുന്ന വഴി പല പ്രാവശ്യം ബൈക്ക് മിസ്സിങ്ങ് കാണിക്കുന്നുണ്ടായിരുന്നു

എടീ ഒരു നൂറ് രൂപ തന്നേയ്ക്ക് തിരിച്ച് പോകുമ്പോൾ എണ്ണ അടിക്കാനാണ് ഇല്ലെങ്കിൽ നിന്നെ വിളിക്കാൻ വരാൻ എണ്ണ കാണില്ല

ആ നൂറ് രൂപ ഉണ്ടെങ്കിൽ എനിക്ക് ഓട്ടോ പിടിച്ച് വന്നാൽ പോരെ ? നിങ്ങള് വീട്ടിൽ പോയി കിടന്നുറങ്ങിക്കോ, വേറെ പ്രത്യേകിച്ച് പണിയൊന്നുമില്ലല്ലോ? ഞാൻ ഇന്നലത്തെ പോലെ ബിജേഷിൻ്റെ ബുള്ളറ്റിൽ കയറി വന്ന് കൊള്ളാം

അതും പറഞ്ഞ് കൂസലന്യേ അവൾ ഹോസ്പിറ്റലിലേക്ക് നടക്കുമ്പോൾ സെക്യൂരിറ്റിയുടെ ഒരു ചോദ്യം,

അല്ലാ ഇന്ന് പുതിയ ആളാണല്ലോ മൃദുലേ, നിങ്ങള് പെണ്ണുങ്ങൾക്ക് ലിഫ്റ്റ് തരാൻ ഒരായിരം പേരുണ്ടാവും പക്ഷേ, നമ്മളെത്ര പേരുടെ നേരെ കൈ കാണിച്ചാലും ഒരുത്തനും വണ്ടി നിർത്തില്ല, അടുത്ത ജന്മത്തിലെങ്കിലും ഒരു പെണ്ണായി ജനിച്ചാൽ മതിയാരുന്നു

അത് കേട്ട് വികാസിൻ്റെ മുഖം വിളറി വെളുത്തു

അപ്പോൾ തൻ്റെ ഭാര്യ ഒരാളുമായിട്ട് മാത്രമല്ല, പലരുടെയും ബൈക്കിന് പിന്നിലിരുന്ന് യാത്ര ചെയ്യുന്നുണ്ട്. ഇതെങ്ങാനും തൻ്റെ ബന്ധുക്കളോ നാട്ടുകാരോ എങ്ങാനും കണ്ടാൽ പിന്നെ പല വിധകഥകൾ മെനഞ്ഞുണ്ടാക്കും അവളെ തനിക്ക് നന്നായി അറിയാം. അവളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല ഗതികേട് കൊണ്ടാണ് അതിന് കാരണക്കാരൻ താൻ തന്നെയാണ്

കുറച്ച് നേരത്തെ ആലോചനയ്ക്ക് ശേഷം എന്തോ തീരുമാനിച്ചുറപ്പിച്ചത് പോലെ അയാൾ ബൈക്ക് സ്റ്റാർട്ട് ചെയ്തു

ഭാഗ്യം ആദ്യകിക്കിന് തന്നെ വണ്ടി സ്റ്റാർട്ടായി

*****************

ഉച്ചയ്ക്ക് ഡ്യൂട്ടി കഴിഞ്ഞ് പുറത്ത് വരുമ്പോൾ ദൂരെ  ഗേറ്റിനടുത്ത് വികാസ് ബൈക്കുമായി നില്ക്കുന്നത് കണ്ട മൃദുലയ്ക്ക് അത്ഭുതം തോന്നി

കുമാരേട്ടാ, നിങ്ങള് പറഞ്ഞത് പോലെ തന്നെ സംഭവിച്ചല്ലോ? ആളെ കണ്ടിട്ട് ഇന്നെവിടെയോ ജോലിക്ക് പോയ ലക്ഷണമുണ്ട്. അല്ലാതെ പെട്രോളടിക്കാനുള്ള കാശ് തിരിച്ച് കിട്ടില്ലെന്നറിയാവുന്നത് കൊണ്ട് ഒരാളും കടം കൊടുക്കില്ല,,,

അവൾ ഒരു ചിരിയോടെ സെക്യൂരിറ്റി നില്ക്കുന്ന കുമാരേട്ടൻ്റെയടുത്ത് വന്ന് ശബ്ദം താഴ്ത്തി പറഞ്ഞു

ഞാൻ പറഞ്ഞില്ലേ മോളേ, ജോലിക്ക് പോകാത്ത ഭർത്താക്കന്മാരെ നേരെയാക്കണമെങ്കിൽ ഭാര്യമാര് തന്നെ വിചാരിക്കണം. എത്ര വിശാലമനസ്കരാണെന്ന് പറഞ്ഞാലും തൻ്റെ ഭാര്യ സ്ഥിരമായി മറ്റൊരു പുരുഷൻ്റെ ബൈക്കിന് പിന്നിലിരുന്ന് വരുമ്പോൾ ഒരു ഭർത്താവിനും ദഹിക്കില്ല മാത്രമല്ല അത് ഭർത്താവിൻ്റെ കഴിവില്ലായ്മ കൊണ്ടാണെന്ന് ഭാര്യയുടെ വായിൽ നിന്ന് കൂടി കേൾക്കുമ്പോൾ അയാൾക്ക് ഒന്ന് കൂടെ വാശിയുണ്ടാകും. എന്തായാലും നമ്മുടെ ഐഡിയ ഫലം കണ്ടല്ലോ ?

സന്തോഷത്തോടെ അയാൾ പറഞ്ഞപ്പോൾ നന്ദി പറഞ്ഞ് കൊണ്ട് മൃദുല ചെന്ന് വികാസിൻ്റെ ബൈക്കിന് പിന്നിൽ കയറി.

-sajithaiparambu