മാർക്ക് ലിസ്റ്റ് കൊണ്ട് പപ്പയുടെ കയ്യിൽ കൊടുത്തു സാറ
“96%മാർക്ക് നോക്കെടി മേരി, നമ്മുടെ കുഞ്ഞിന് കിട്ടിയത് നോക്ക് ” മേരി അത് വാങ്ങിച്ചു നോക്കി. അന്നയും വന്നു
അനിയത്തിയുടെ മാർക്കുകൾ കണ്ട് അവൾക്കും സന്തോഷം ആയി. അവൾ ഒരുമ്മ കൊടുത്തു
“പപ്പാ കുരിശുങ്കലെ സ്കൂളിൽ വേക്കൻസി ഉണ്ടെന്ന് പറഞ്ഞു. ഞാൻ ആപ്ലിക്കേഷൻ കൊടുക്കാൻ പോവാ. അടുത്തല്ലേ?” അവൾ പറഞ്ഞു
“കിട്ടുമോ മോളെ?”
“ആ സ്റ്റാൻലി പപ്പാ എന്നോട് കഴിഞ്ഞ ദിവസം പള്ളിയിൽ വെച്ചു കണ്ടപ്പോ ചോദിച്ചു. ഞാൻ സമ്മതിച്ചു “
“അത് കൊള്ളാമല്ലോ..” മേരി അവളെ ചേർത്ത് പിടിച്ചു
“എന്റെ കുഞ്ഞിന് എന്തോ വേണം മമ്മി ഉണ്ടാക്കി തരാം.”
“ഒന്നും വേണ്ട മമ്മി. രുക്മിണി ടീച്ചർ വിളിച്ചിട്ടുണ്ട് നാളെ ടൗണിൽ പോകാൻ. ടീച്ചറൂം ഭർത്താവും ഉണ്ട്. ഒരു സിനിമ. പുറത്ത് നിന്ന് ഭക്ഷണം കുഞ്ഞ് ഷോപ്പിംഗ്..പോയിക്കോട്ടെ?”
അവളോട് നോ എന്ന് പറയാൻ കാരണം ഒന്നുമില്ല. സാറ അങ്ങനെയൊന്നും പോകാറുമില്ല. ടൗണിൽ തന്നെ വർഷത്തിൽ ഒരിക്കലോ വല്ലോം ആണ് പോകുക. അതും തങ്ങളുടെ കൂടെ
“രാത്രി ആവരുത് ട്ടോ “
“ഇല്ല വൈകുന്നേരം വരും “
“ശരി പോയിട്ട് വാ “
സത്യത്തിൽ സാറയ്ക്ക് ചാർളിയുടെ കാര്യം പറയണം എന്നുണ്ടായിരുന്നു. പക്ഷെ എങ്ങനെ അത് പപ്പാ എടുക്കുമെന്നറിഞ്ഞൂടാ. ചേച്ചി തന്നെ ഇങ്ങനെ ഒക്കെ പെരുമാറി വിഷമിച്ചിരിക്കുവാ പപ്പാ. ഇനി താൻ കൂടി പറഞ്ഞാ പാവം സങ്കടം വരും
സമയം ആകുമ്പോൾ അവിടെ നിന്ന് വന്നു പെണ്ണ് ചോദിക്കുമെന്ന് ഇച്ചാ പറഞ്ഞിട്ടുണ്ടല്ലോ. അത് മതി. അല്ലെങ്കിലും താൻ ഒരു തെറ്റും ചെയ്യുന്നില്ല. ഇച്ചായന്റെ കൂടെ ഒറ്റയ്ക്ക് അല്ലല്ലോ പോകുന്നെ. ഒറ്റയ്ക്ക് പോയാലും ഒന്നുല്ല. ആള് മാന്യനാണ്
പെൺകുട്ടികൾ ധാരാളം ഉള്ള വീടായത് കൊണ്ടാവും. എന്നിട്ടും ഉമ്മ തന്നപ്പോ നിയന്ത്രണം പോയി. അവളുടെ ദേഹം കുളിരാർന്നു. ചുണ്ടിലൂടെ നാവിൽ പിണഞ്ഞു ചുറ്റി വലിച്ചടുപ്പിച്ച്..നെഞ്ചിലേക്ക് അമർത്തി പിടിച്ച്…എന്റെ പൊന്നെയെന്ന് അടക്കി വിളിച്ച്…
അവൾ മുറ്റത്തു പടിക്കെട്ടിൽ പോയിരുന്നു. ഓർമ്മകളിൽ മുഴുകി ഇരിക്കാൻ എന്ത് രസമാണ്. സമയം പോകുന്നത് അറിയുകയേയില്ല
അവൾ ആദ്യം രുക്കുവിന്റെ വീട്ടിൽ പോയി. അവിടെ ചാർലി വന്നു
“കയറ് ” അവൾ കയറാൻ ശ്രമിച്ചു
പറ്റണില്ല. അവൻ വണ്ടി മിഡിൽ സ്റ്റാൻഡിൽ വെച്ചിട്ട് അവളെ എടുത്തു ഉയർത്തി ഇരുത്തി. പിന്നെ സ്റ്റാർട്ട് ചെയ്തു. കാലുകൾ രണ്ടു വശങ്ങളിലേക്കിട്ട് ഇരുന്നു അവൾ
“എന്നെ മുറുകെ പിടിച്ചോ. ഹെൽമെറ്റ് ഗ്ലാസ് താഴ്ത്തിക്കോ. ആരെങ്കിലും കണ്ടാൽ പ്രോബ്ലമാ ” അവൾ അത് പോലെ ചെയ്തു
പുറകെ രുക്കുവും കിച്ചുവും. അവൾ രണ്ടു കൈ കൊണ്ടും അവനെ മുറുകെ പിടിച്ചു. നല്ല വേഗതയുണ്ടായിരുന്നു അതിന്. കാറ്റ് വീശികൊണ്ടിരുന്നു…
അവർ ആദ്യം സിനിമയ്ക്കാണ് പോയത്. കിച്ചു ബുക്ക് ചെയ്തിരുന്നു
ഹെൽമെറ്റ് ഊരുമ്പോൾ അവൻ ഒരു മാസ്ക് കൊടുത്തിട്ട് വെച്ചോളാൻ പറഞ്ഞു. അതാണല്ലോ ഇപ്പോഴത്തെ ഒരു ട്രെൻഡ്.
സാറ ആദ്യമായിട്ടാണ് തീയറ്ററിൽ സിനിമ കാണുന്നത്. ഒരു പക്ഷെ കൂട്ടുകാർക്കു മുഴുവൻ അത് എന്നും അതിശയം ആയിരുന്നു. തോമസ് ഒരിക്കൽ പോലും മക്കളെ തീയറ്ററിൽ കൊണ്ട് പോയിട്ടില്ല. സിനിമ കുട്ടികളെ വഷളാക്കുന്നതാണ് എന്നാണ് അയാളുടെ അഭിപ്രായം
സാറയ്ക്ക് സിനിമ ഒക്കെ വലിയ ഇഷ്ടമാണ്. ടീവിയിൽ വരുന്നതൊക്കെ അവൾ ഇരുന്നു കാണും. തീയറ്ററിൽ കൊണ്ട് പോകാമോ എന്ന് ഒന്ന് രണ്ടു തവണ ചോദിച്ചു പപ്പാ അവളെ നല്ല വഴക്ക് പറഞ്ഞു അതോടെ നിർത്തി
അവൾ ചാർളിയുടെ അരികിൽ ആണ് ഇരുന്നത്. ഇടതു വശത്തു രുക്കു. അവൾ കണ്ണ് വിടർത്തി അത് നോക്കികൊണ്ട് ഇരുന്നു. ചാർലി ഇടയ്ക്ക് അവളെ നോക്കുന്നുണ്ട്. ആൾ കണ്ണ് മാറ്റുന്നില്ല
ചിരി, കരച്ചിൽ…എല്ലാം മാറി മാറി വരുന്നുണ്ട്
അവൻ കൈ പതിയെ കൈയിൽ ഒന്ന് കോർത്തു. സാറ അത് വിടുവിച്ചു കളഞ്ഞു പിന്നേം സ്‌ക്രീനിൽ ശ്രദ്ധിച്ചു
അവന് ചിരി വന്നു
ഇന്റർവെൽ ആയപ്പോൾ അവൾ ചാരിയിരുന്നു
“എന്ത് രസാ ഇച്ചാ “
അവൾ അവന്റെ കൈ എടുത്തു മുഖത്ത് അമർത്തി. അവൻ ആ കണ്ണിലേക്ക് നോക്കിയിരുന്നു
“മോള് ആദ്യായിട്ടാണോ സിനിമ കാണുന്നത്?”
“ആ തീയറ്ററിൽ ആദ്യായിട്ടാ വരുന്നേ. പപ്പക്ക് ഇഷ്ടം അല്ല..കൊണ്ട് പോയിട്ടില്ല
എനിക്ക് വലിയ ഇഷ്ടാ സിനിമ “
അവന് നേർത്ത സങ്കടം വന്നു
“ഞാൻ ആദ്യായിട്ട് സിനിമ കാണുന്നതും ഇച്ചായന്റെ കൂടെയാ “
അവൻ അവളെ തോളിലൂടെ കയ്യിട്ട് ചേർത്ത് പിടിച്ചു
“ഞാൻ പോയി ഐസ് ക്രീം വാങ്ങി വരാം ” അവൻ പറഞ്ഞു
“വാടാ കിച്ചു ” അവൻ എഴുന്നേറ്റു കിച്ചുവിനെ വിളിച്ചു
അവൾ രുക്കുവിനെ നോക്കി ചിരിച്ചു
“മോൾക്ക് ഇഷ്ടായോ സിനിമ?”
“ഉം എന്ത് രസാ അല്ലെ ടീച്ചർ? എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള ആക്ടർ ആണ്. ടീവിയിൽ കണ്ടിട്ടേയുള്ളു. സിനിമകൾ ഒക്കെ ആദ്യായിട്ടാ ഇങ്ങനെ..”
അവളുടെ മുഖം കൗതുകം കൊണ്ട് നിറഞ്ഞു. വിടർന്ന മിഴികൾ ഒന്നു കൂടി വിടർന്നു
“ആദ്യായിട്ടാണോ തീയറ്റർ?”
“അതെ ടീച്ചർ..”
രുക്കു ആ കൈകൾ കയ്യിൽ എടുത്തു
“എത്ര ഇഷ്ടം ഉണ്ട് അവനോട്?”
പൊടുന്നനെ ആയിരുന്നു ആ ചോദ്യം. അവൾ തെല്ല് പകച്ചു
“ങേ?”
“മോൾക്ക് എത്ര ഇഷ്ടം ഉണ്ട് ചാർളിയോട് “
“ഇൻഫിനിറ്റി “
രുക്കു ചിരിച്ചു
“അനന്തത “
അവൾ ചിരിച്ചു
അവർ ഐസ് ക്രീം വാങ്ങി വന്നു. ഇന്റർവെൽ കഴിഞ്ഞു. അവൻ കഴിച്ചു തുടങ്ങിയപ്പോ ഒരു നുള്ള്. അവൻ നോക്കി. ഒരു ഉഗ്രനോട്ടം
“എന്താ?” സ്വന്തം ഐസ് ക്രീം കൊടുത്തു അവൾ
ചാർലി ഒരു ചിരിയോടെ തന്റേത് അവൾക്ക് കൊടുത്തു
“എപ്പോഴും ഓർമ്മിപ്പിക്കണോ?” അവൾ കാതിൽ ചോദിച്ചു
സിനിമ തുടങ്ങിയപ്പോൾ ശ്രദ്ധയതിലായി. അവൻ സത്യത്തിൽ സിനിമ കണ്ടില്ല. ആ ഇരുട്ടിലും തിളങ്ങുന്ന അവളുടെ മുഖം. അത് മാത്രം ആദ്യമായാണ് സിനിമ തീയറ്ററിൽ വന്നു കാണുന്നതത്രേ…
അവൻ ആ കൈ മെല്ലെ കോർത്തു പിടിച്ചു. ഇക്കുറി മുഖത്തേക്ക് നോക്കി
അവൻ ഒന്നുമില്ല എന്ന് കണ്ണടച്ചു കാണിച്ചു. സാറ ഒന്ന് ചാഞ്ഞു തോളിലേക്ക്…
“ഉമ്മ വേണോ?” അവൾ പതിയെ ചോദിച്ചു
അവന് ചിരി പൊട്ടിപ്പോയി. അവൾ പെട്ടെന്ന് നേരെയിരുന്നു. പിന്നെ സ്‌ക്രീനിൽ നോക്കി. ചാർലി പിന്നിലേക്ക് ചാരി കണ്ണുകൾ അടച്ചു. സിനിമ അവനെ ഒട്ടും exite ചെയ്യിക്കുന്നുണ്ടായിരുന്നില്ല. അവളായിരുന്നു അത്…
Exitement…
തുടരും…..