അവർ അഞ്ചു പേരായിരുന്നു. കോട്ടയം ബസ്റ്റാന്റിന്റെ എതിർ വശം
“കണക്ക് തീർക്കാതെ കാലമൊന്നും കടന്ന് പോകില്ല ചാർലി ” ജോൺ മുന്നോട്ട് വന്നു
“അതിന് നിന്റെ അനിയനെ ഞാൻ കൊ- ന്നത് എന്റെ അണ്ണാക്കിലോട്ട് അവൻ എന്തെങ്കിലും തള്ളിയതിനല്ല. ആറു വയസ്സുള്ള ഒരു കൊച്ചിനെ ബ- ലാ- ത്സംഗം ചെയ്തതിനാ. നിന്റെ അനിയൻ ചാ- വേണ്ടവനാ ജോണേ “
ജോണിന്റെ നെഞ്ചിൽ പിടിച്ചു തള്ളി ചാർളി
അഞ്ചു പേര് അവന്റെ ചുറ്റും നിരന്നു. അവൻ ചുറ്റും നോക്കി. മീശ ഒന്ന് പിരിച്ചു വെച്ചു
“മുണ്ടുടുക്കണ്ട എന്ന് അമ്മച്ചി നുറു തവണ പറഞ്ഞതാ പക്ഷെ മുണ്ടുടുത്തത് സൗകര്യം ആയി. എല്ലാരോടും ആയി ഒരു കാര്യം പറഞ്ഞേക്കാം ഊഴം വെച്ചു തല്ലാനൊന്നും അറിയുകേലാ
കിട്ടുന്നവർ കിട്ടുന്നവർ വാങ്ങിക്കൊണ്ട് മാറിയാൽ ജോലി എളുപ്പമാകും “
അവൻ മുണ്ട് മടക്കി കുത്തി. ഒന്ന് കറങ്ങി. ചെകിടടച്ച് ഓരോരുത്തർക്കും കിട്ടി. അടിയുടെ പെരുന്നാൾ ആയിരുന്നു പിന്നെ…
കൂടി നിൽക്കുന്ന ആൾക്കാരുടെ കണ്ണിനു മുന്നിൽ പുക പറന്നു. ഓരോരുത്തരും ആ പുകയിൽ മറഞ്ഞു
ഏകദേശം പത്തിരുപതു മിനിറ്റ് നേരമത് നീണ്ടു നിന്നു. ഒടുവിൽ ചാർലി മാത്രം അവശേഷിച്ചു. ബാക്കിയുള്ളവർ അവിടെയിവിടെയായി വീണു കിടന്നു
പോലീസ് സ്റ്റേഷനിൽ ആരൊക്കെയോ വിളിച്ചു പറഞ്ഞു. സി ഐ ജോജോ കുര്യൻ ആണ്. ചാർളിയുടെ അളിയൻ വിജയുടെ അനിയൻ
കക്ഷി വന്നു. ചാർളിയെ കണ്ടതും കുറച്ചു മാറി നിന്നു. ബാക്കിയുള്ള പോലീസും കാഴ്ചക്കാരായി നിന്നതേയുള്ളു. അടിപൊളി അടി ആയിരുന്നു അത്
സിനിമയെ പോലും വെല്ലുന്ന visuals. പലരും അത് മൊബൈലിൽ ഷൂട്ട് ചെയ്തു. ഒടുവിൽ ചാർളി കൈകൾ മുകളിലേക്ക് ഉയർത്തി ഒന്ന് കുടഞ്ഞു. പിന്നെ മുണ്ട് ഒന്ന് മടക്കഴിച്ച് ഉടുത്തു. ജോജോയെ കണ്ടത് അപ്പോഴാണ്. അവൻ അവിടേക്ക് ചെന്നു
“ജോജോയിരുന്നോ. നീ എന്താ മാറി നിന്നു കളഞ്ഞത്?” ചാർലി ചോദിച്ചു
“നിന്റെ പെർഫോമൻസ് കഴിഞ്ഞു വരാമെന്ന് കരുതിയാ. തീർന്നല്ലോ.,
“ഓ തീർന്നു. കു- ത്തിക്ക- ഴപ്പ് കുറച്ചു. കൂടുതലായിരുന്നു നാ- റികൾക്ക്. ഞാൻ വെറുതെ ആ ഷോപ്പിൽ ഇരിക്കുവാരുന്നഡാ ഉവ്വേ..അങ്ങോട്ട് വന്നു മേടിച്ചു കൊണ്ട് പോരുന്നു. ഫോര്മാലിറ്റി എന്താ?”
“സ്റ്റേഷൻ ജാമ്യത്തിൽ വിടാം..ഇതിപ്പോ നാട്ടുകാരുടെ മുന്നിൽ വെച്ചുള്ള പെർഫോമൻസ് ആയി പോയത് കൊണ്ട്.”
“ബസ് സ്റ്റാൻഡ് ആയിരുന്നല്ലേ മുന്നിൽ…” അവൻ ചിരിച്ചു
“നിന്റെ വണ്ടിയിൽ പോരെ. അവന്മാരെ പൊക്കി എടുത്തോണ്ട് പോന്നേരെ “
ജോജോ പോലീസ്കാരോട് പറഞ്ഞു
വിജയ് സ്റ്റേഷനിൽ എത്തുമ്പോൾ അവൻ കാര്യങ്ങൾ കഴിഞ്ഞു ഇറങ്ങാൻ തുടങ്ങുകയായിരുന്നു
“എന്താ പ്രശ്നം? എന്താഡാ?”
“ഒന്നുല്ല ചേട്ടാ..അവന്മാർ ഒന്ന് ചൊറിയാൻ വന്നു. ഞാൻ ഒന്ന് മാന്തി കൊടുത്തു. അത്രേ ഉള്ളു. പിന്നെ ഒരു ദൈവാധീനമെന്താന്ന് വെച്ചാ ടൂൾ എടുക്കേണ്ടി വന്നില്ല. അത്രയും സ്റ്റാമിന ഉള്ള ഒരുത്തൻ പോലുമില്ല അതിൽ..ചാർളിയോട് ഒണ്ടാക്കാൻ വന്നേക്കുന്നു “
വിജയ് അവന്റെ അരയിൽ ഒന്ന് തപ്പി
“ഇതില്ലാതെ നടക്കുകേല “
ചാർലി കണ്ണിറുക്കി
“ജെറി അവിടെ കിടന്നു കരച്ചിലാ ടീവി ചാനലിൽ ഒക്കെ വാർത്ത വന്നെടാ. സ്റ്റണ്ട് സീൻ ലൈവ് ആയിട്ട് ഉണ്ടായിരുന്നു “
“റിയലി” അവൻ ചിരിച്ചു
“നിനക്ക് തമാശ. ഷെല്ലി ചേട്ടൻ തിരിച്ചിട്ടുണ്ട്. അപ്പൻ അറിഞ്ഞു. വിളി വന്നിട്ടുണ്ട്..നിനക്ക് കോളാണെടാ ചാർലി. വാ വീട്ടിൽ പോകാം. രാത്രി ആയി. ഇനി നാളെ പോയ മതി “
അവൻ ഒരു നിമിഷം അവളെ ഓർത്തു. പക്ഷെ ഇപ്പൊ പോകുന്നത് ബുദ്ധിയല്ല. ചേട്ടൻ സംശയിക്കും
“എന്റെ വണ്ടിയിൽ ഞാൻ വന്നോളാം ചേട്ടൻ വിട്ടോ “
വിജയ് ഇറങ്ങി. അവൻ പോയി കുറച്ചു നേരം കഴിഞ്ഞാ ചാർളിയിറങ്ങിയത്.
സാറ പള്ളിയിൽ ആയിരുന്നു. അവള് ഒഴുക്കിയ കണ്ണീരിനു കണക്കില്ല
“മോളെ എടി എവിടെയാ?”
ഫോൺ വന്നതും പൊട്ടിക്കരഞ്ഞു പോയി സാറ
“മിണ്ടണ്ട എന്നോട്..എന്തിനാ ഇച്ചാ തല്ലുണ്ടാക്കിയേ “
“എന്റെ പൊന്ന് എവിടെയാ ഇപ്പൊ?”
“പള്ളില് ” അവൾ എങ്ങലടിച്ചു
“ഇച്ചാൻ നാളെയെ വരു. കോട്ടയത്താ ജെറി ചേച്ചി. ഞാൻ അങ്ങോട്ട് പോവാ. മൂത്ത ചേട്ടൻ അങ്ങോട്ട് വരുന്നുണ്ട്. ഇന്ന് മിക്കവാറും വിടത്തില്ല. നാളെ ഞാൻ വരും..എന്റെ പൊന്ന് വരണം..എനിക്ക് കാണണം കേട്ടോ”
അവൾ മിണ്ടിയില്ല
“എന്റെ സാറ കൊച്ചേ എടിയേ “
“ഉം “
“ഇച്ചാന് നാളെ എന്റെ പൊന്നിന്റെ ഒരുമ്മ വേണം..നല്ല മധുരം ഉള്ള ഒരുമ്മ തരാമോ?”
“ഉം.”
“എന്ന വെച്ചോട്ടെ?”
“ഇച്ചാ..?”
“പേടിക്കണ്ട. രാത്രി യാത്ര ചെയ്യില്ല. വെള്ളമടിച്ചു ബോധം കെട്ട് കിടക്കുകേല. ഒരു കുപ്പി. അത്രേയുള്ളൂ. സത്യം “
സാറ ചിരിച്ചു പോയി
“എന്റെ മോള് രാത്രി ഒത്തിരി ആകുന്നതിനു മുന്നേ വീട്ടിൽ പോ
വീട്ടിൽ ചെന്നിട് ഇച്ചാന് മെസ്സേജ് ഇട്ടിട്ട് കിടന്നു ഉറങ്ങിക്കോ. രാവിലെ പാല്. കൊണ്ട് വരുമ്പോൾ ഇച്ചാൻ ഉണ്ടാവും “
അവൾ മൂളി. ഫോൺ കട്ട് ആയി
സാറ കുറച്ചു നേരമായി പള്ളിയിൽ ഇരിക്കുന്നത് അച്ചൻ കാണുന്നുണ്ടായിരുന്നു. ചാർളിയെ കാത്ത് ഇരിക്കുന്നതാവുമെന്ന് ആദ്യം അച്ചൻ ഓർത്തു. പിന്നെ അവള് മുട്ടിപ്പായി നിന്ന് പ്രാർത്ഥിക്കുന്നത് കണ്ടപ്പോ അദ്ദേഹം അകത്തു പോയി
പിന്നെ ഏറെനേരം കഴിഞ്ഞു വന്നപ്പോൾ അവൾ പള്ളിയിൽ തന്നെ നിലത്തു ഇരിക്കുന്നത് കണ്ടു. അച്ചനെ കണ്ട് അവൾ എഴുന്നേറ്റു
“അവൻ വരാമെന്ന് പറഞ്ഞുവോ മോളെ?”
“ഇല്ലാച്ചോ. ഇന്ന് വലിയ വഴക്കാരുന്നു. “
അവൾ നടന്നത് വിശദമായി പറഞ്ഞു
“ഈ ചെറുക്കൻ. ഇങ്ങോട്ട് വരട്ടെ കൊടുക്കുന്നുണ്ട് അവന്.മോള് പേടിക്കണ്ട..അവനെ ആരും ഒന്നും ചെയ്യുകേല.. അവന്റെ ആ രണ്ടു ചേട്ടൻമാര് ഉണ്ടല്ലോ ഷെല്ലിയും വിജയും അവന്മാർ ആണ് ഇവന് സപ്പോർട്ട്. ഇവനെ കൊണ്ട് മിക്കവാറും എല്ലാ കൊള്ളരുതാഴികയും ചെയ്യിക്കുന്നത് അവന്മാരാ. ഇതിപ്പോ അല്ല. പക്ഷെ പൊതുവെ അവന്മാരുടെ ആവശ്യങ്ങൾക്കാ അവൻ ഇത്രയും നാളുകൾ തല്ല് ഉണ്ടാക്കിട്ടുള്ളത്. സ്നേഹം ഒക്കെയാണെങ്കിലും ദുഷ്ടൻ മാര് കൂടിയ..അത് കൊണ്ട നിന്നെ അവൻ അവരിൽ നിന്ന് മറയ്ക്കുന്നെ. കല്യാണം നടക്കുന്ന ഉറപ്പ് ന് അറിഞ്ഞ മതിന്നാ അവന്. അവർക്ക് കാശും കുടുംബമഹിമയും ഒക്കെ വലിയ പ്രധാനമാ. അതിനു കോട്ടം വരുന്നത് ഒന്നും ചെയ്യില്ല. ചെയ്യാൻ ആരേം സമ്മതിക്കുകേമില്ല. സ്റ്റാൻലിയുടെ ഒരു ചേട്ടൻ ഉണ്ടാരുന്നു. സ്റ്റീഫൻ. ഒരു ദു- ഷ്ടൻ ആയിരുന്നു. അവന്റെ ഊരാ മൂത്തവന്. ഷെല്ലിക്ക് അതെ പോലെ തന്നെ. പിന്നെ വിജയും ക്രിസ്റ്റിയും വന്നു കേറിയവന്മാരാ. പക്ഷെ ഷെല്ലിക്ക് പറ്റിയ കൂട്ടാ..ചാർലി സ്റ്റാൻലിയെ പോലെയാ. പാവങ്ങളോട് അലിവും കരുണയും ഉള്ളവനാ..അത് കൊണ്ട് നീ പേടിക്കണ്ട. ഈ നാട്ടിൽ വന്നു നിന്നെ ആരും ഒന്നും ചെയ്യില്ല ഇത് ചാർളിയുടെ നാട്ടുരാജ്യമാ. ഇവിടെ ഓരോ വീടിനും കാണും ഓരോ കഥ. കുരിശുങ്കൽ കാരുടെ ഔദാര്യം പറ്റാത്ത വീടുകൾ കുറവാ ഇവിടെ. അത് കൊണ്ട് തന്നെ ചാർലി രാജാവാ…”
സാറ കേട്ടിരുന്നു
“മോള് പൊയ്ക്കോ രാത്രി ആയി “
അവൾ കുരിശു വരച്ച് അച്ചന്റെ കൈ മുത്തിയിട്ട് ഇറങ്ങി
രാത്രി സാറ മെസ്സേജ് ഇട്ടിട്ട് നോക്കിയിരുന്നു.
“മോള് ഉറങ്ങിക്കോ ഇച്ചാ രാവിലെ ഉണ്ടാകും.”
അവന്റെ മെസ്സേജ് വന്നപ്പോ മൊബൈൽ ഓഫ് ആക്കി അവൾ കിടന്നു
തുടരും…