പ്രണയ പർവങ്ങൾ – ഭാഗം 70, എഴുത്ത്: അമ്മു സന്തോഷ്

അന്നമ്മ നോക്കുമ്പോൾ. അന്ന ഇത് വരെ എഴുന്നേറ്റിട്ടില്ല. കല്യാണം കഴിഞ്ഞു ആഴ്ച ഒന്നായ്. അവൾ എഴുന്നേറ്റു വരുമ്പോൾ പത്തു മണിയാകും

വരും, അടുക്കളയിൽ വന്നു ബ്രേക്ക്‌ ഫാസ്റ്റ് എന്താണെന്ന് വെച്ചാൽ എടുത്തു കഴിക്കും. അത് കഴിഞ്ഞു മുറിയിൽ പോകും. ഉച്ചക്ക് വരും ചോറും കറികളും എടുത്തു കഴിക്കും മുറിയിൽ പോകും. പാത്രങ്ങൾ പോലും കഴുകാറില്ല. അതൊക്ക ജോലിക്കാർ ചെയ്തു കൊള്ളും. വൈകുന്നേരം അതെ പോലെ തന്നെ

അന്ന് രണ്ടു വർത്താനം പറയണം എന്ന് തന്നെ അന്നമ്മ ഉറച്ചു

അവൾ എഴുന്നേറ്റു വന്നപ്പോൾ അന്ന് പന്ത്രണ്ടു മണിയായി

അടുക്കളയിൽ ബ്രേക്ക്‌ഫാസ്റ്റ് ഒന്നും വെച്ചേക്കണ്ട എന്ന് അവർ ജോലിക്കാരോട് പറഞ്ഞിരുന്നു

ഉറക്ക ചടവ് നിറഞ്ഞ അവളുടെ മുഖം കണ്ടപ്പോ തന്നെ അവർക്ക് കലി വന്നു

ശ- വം…എന്തൊരു കോലം

അവൻ ജോലി സ്ഥലത്തേക്ക് പോയി. അത് കൊണ്ട് അവനെ രണ്ട് പറയാമെന്നു വെച്ച നടക്കില്ല.

അന്ന അടുക്കളയിൽ പോയി നോക്കി. ഒന്നും ഇരിപ്പില്ല

“ഇതെന്താ ഇന്ന് ഒന്നും വെച്ചില്ലേ? അവൾ ജോലിക്കാരിയോട് ചോദിച്ചു

“എല്ലാം തീർന്നു “

“ചിക്കൻ ഇല്ലെ?”

“ഇല്ല തീർന്നു “

അവർ അരി കഴുകി വെള്ളത്തിൽ ഇട്ടു കൊണ്ട് പറഞ്ഞു

“എന്ന വേഗം രണ്ട് ചപ്പാത്തി ഉണ്ടാക്കിക്കോ. മുട്ട ക്കറി മതി. കുറച്ചു കൂടുതൽ ഉണ്ടാക്കിക്കോ. സമയം പോയി “

ജോലിക്കാരി അവളെ ഒന്ന് നോക്കി. അവർക്ക് വെച്ചുണ്ടാക്കാൻ തന്നെ ആണ് ഇവിടെ നിൽക്കുന്നത്. പക്ഷെ ഇത് കുറച്ചു അഹങ്കാരം കൂടി പോയി. ആരേം വകവെയ്ക്കില്ല. ഇവിടുത്തെ മുതലാളിയെ പോലും

“കുഞ്ഞ് തന്നെ ഉണ്ടാക്കിക്കോ എനിക്ക് ഉച്ചക്ക് ഉള്ള ആഹാരം ഉണ്ടാക്കണം. സമയം ഇല്ല “

“അത് പറഞ്ഞ പറ്റുകേല എനിക്കു ഉണ്ടാക്കിട്ട് മതി ഉച്ചക്ക് ഉള്ളത് ഉണ്ടാക്കുന്നത്..” അവൾ ദേഷ്യത്തിൽ പറഞ്ഞു

“അത് നടക്കില്ല അന്നേ. രാവിലെ ഈ വീട്ടിൽ സാധാരണ മനുഷ്യർ എഴുനേൽക്കുന്ന സമയം എഴുന്നേറ്റു വരണം. അങ്ങനെ ആണെങ്കിൽ കാപ്പി കിട്ടും. ഉച്ചക്ക് എഴുന്നേറ്റു വരുന്നവർക്ക് ചോറും കറികളുമെ കിട്ടു. നിനക്ക് ഇനി വേണോ. സ്വന്തം ആയിട്ട് ഉണ്ടാക്കി തിന്നോണം. ഇത് എന്റെ വീടാ. ഇത് ഞാൻ ശമ്പളം കൊടുത്തു നിർത്തിയിരിക്കുന്ന ജോലിക്കാരിയാ. നീ നിന്റെ കെട്ടിയോന്റെ കൂടെ പോയി താമസിക്ക്. തിരുവനന്തപുരത്ത്. അതെങ്ങനെയാ അവന് പോലും വേണ്ട. ഇവിടെ കെട്ടിക്കേറി കിടക്കുവാ..അവന്റെ കൂടെ പോയി പൊ- റുക്കെടി, ഞങ്ങൾക്ക് ആർക്കും നിന്നെ കണ്ണെടുത്താൽ കണ്ടു കൂടാ..”

അന്ന ചൂളിപ്പോയി

ആൽബി അവളെ കൊണ്ട് പോകാൻ തയ്യാറല്ല. പലതവണ അത് അവൾ ചോദിച്ചു എങ്കിൽ കൂടി അങ്ങോട്ട് വന്നേക്കരുത് എന്ന് അവൻ. അവൻ സഹപ്രവർത്തകരുടെ കൂടെ ഫ്ലാറ്റിൽ ആണ് താമസം. അത്രയ്ക്കുള്ള വരുമാനം ഒക്കെയേ അവന് കിട്ടുന്നുള്ളു. ഇവളെ കൂടി കൊണ്ട് പോയാൽ ഉള്ള ചിലവുകൾ നിരത്തി അവൻ

അന്ന തിരിച്ചു മുറിയിലേക്ക് പോയി. ത- ള്ള ഭയങ്കര സാധനം ആണെന്ന് കേട്ടിട്ടുണ്ട്. ആഹാരത്തിൽ കൈ കടത്തുമെന്ന് ഓർത്തില്ല. വീട്ടിലും അന്ന ഏകദേശം ഇങ്ങനെ ഒക്കെയാണ്. അവൾക്ക് തോന്നുമ്പോ എഴുന്നേറ്റു വരും. വിശക്കുമ്പോൾ കഴിക്കും. കഴിച്ച പാത്രം പോലും അവൾ കഴുകി വെയ്ക്കാറില്ല. വീട്ടിലെ ഒരു ജോലിയും ചെയ്യാറുമില്ല. എല്ലാം സാറയാണ് ചെയ്യുക. അത് കൊണ്ട് തന്നെ അവൾക്ക് ഭയങ്കര മടിയാണ്.

ഇവിടെ നിന്നിട്ട് കാര്യമില്ല, അല്ലെങ്കിലും ഈ കാട്ടുമുക്കിൽ കിടക്കുക തന്റെ ലക്ഷ്യമല്ല. നഗരത്തിൽ പോയി അടിച്ചു പൊളിച്ചു ജീവിക്കണം. അതിനു പണം വേണം. വീട്ടുകാർ തന്ന കുറച്ചു സ്വർണവും കാശുമുണ്ട്. അവൾ അതെടുത്തു ചിലവാക്കാൻ തീരുമാനിച്ചു

ഇവിടെ സ്വിഗി സോമറ്റോ മുതലായ ആപ്പ് ഒന്നും വർക്ക്‌ ആവുമൊന്ന് അറിയില്ല. ഇങ്ങോട്ട് ആരും വന്നു കണ്ടിട്ടുമില്ല. അല്ലെങ്കിൽ ഭക്ഷണം വരുത്തി കഴിക്കാമായിരുന്നു. ഒന്ന് ട്രൈ ചെയ്തു നോക്കാൻ അവൾ തീരുമാനിച്ചു

അന്ന മൂന്ന് നേരവും ഭക്ഷണം വരുത്തി കഴിക്കാൻ തുടങ്ങിയപ്പോ അന്നമ്മയ്ക്ക് അതൊരു അടിയായി. നാണക്കേട് ആയി. വീട്ടിൽ കഴിക്കാൻ കൊടുക്കാത്തത് കൊണ്ട് അന്നാമ്മയുടെ മരുമോൾ മൂന്ന് നേരവും ഹോട്ടലിൽ നിന്നു മേടിച്ചു തിന്നുന്നെന്ന് കേട്ടല്ലോ എന്ന് പള്ളിയിൽ വെച്ചുപാലത്തിങ്കൽ ജെസ്സി  ചോദിക്കുക കൂടി ചെയ്തപ്പോ തൊലി ഉരിഞ്ഞു പോയി

അവർ അന്ന് തന്നെ ആൽബിയെ വിളിച്ചു. എത്രയും വേഗം ഇവളെ കൊണ്ട് പൊയ്ക്കോണം. അവർ അലറി

അവൻ താമസത്തിന്റെ ബുദ്ധിമുട്ട് ഒക്കെ പറഞ്ഞപ്പോ വാടകയ്ക്കുള്ള കാശ് അയച്ചു തരാമെന്ന് അവർ ഏറ്റു. അങ്ങനെ എങ്കിലും ഈ നാശം പോയികിട്ടട്ടെ അവർ തന്നെ പറഞ്ഞു

അങ്ങനെ ആ ആഴ്ചയിൽ തന്നെ ആൽബി വന്നു അന്നയെ കൊണ്ട് പോകാനുള്ള തയാറെടുപ്പുകൾ നടത്തി

“നിന്റെ വീട്ടിൽ ഒന്ന് പറയണ്ടേ?” അവൻ ചോദിച്ചു

“ഫോൺ ചെയ്തു പറഞ്ഞിട്ടുണ്ട്. അത് മതി ” അവൾ അലസമായി പറഞ്ഞു കൊണ്ട് വസ്ത്രങ്ങൾ പാക് ചെയ്തു

അങ്ങനെ ആ ഞായറാഴ്ച അവർ പുറപ്പെട്ടു. തിരുവനന്തപുരം അവൾ ആദ്യമായ് കാണുകയാണ്. വലിയ റോഡുകളും സദാ നിറഞ്ഞൊടുന്ന വാഹനങ്ങളും നിറയെ മനുഷ്യരും. അവർ വാടകക്ക് ഒരു ഫ്ലാറ്റിൽ ആയിരുന്നു. ഒരു മുറിയും അടുക്കളയും ഒരു ഹാളുമുള്ള ചെറിയ ഫ്ലാറ്റ് ആയിരുന്നു അത്. അന്നയ്ക്ക് അത് അത്ര തൃപ്തി ആയില്ല

“ഇതെന്തുവാ കോഴിക്കൂട് മാതിരി? ” അവൾ ചോദിച്ചു

“നിന്റെ അപ്പനോട് കുറച്ചു കാശ് തരാൻ പറ. ഒരു വലിയ ഫ്ലാറ്റ് മേടിക്കാം ” അവളുടെ മുഖത്തടിച്ച പോലെ അവൻ പറഞ്ഞു

“തന്നേനെയെല്ലോ അപ്പൊ പോയി രണ്ടു പെൺപിള്ളേരുടെ കൂടെ കിടന്നു നാട്ടുകാർ അറിഞ്ഞ് നാണം കെട്ട് അത് ഇല്ലാണ്ടാക്കിയതല്ലേ..”

അവന് ശബ്ദം ഇല്ല. രണ്ടു പേരും പോര് കോഴികളെ പോലെ പരസ്പരം നോക്കി നിന്നു. പരസ്പരം ഉള്ള സ്നേഹം ഒക്കെ എങ്ങോ പോയി മറഞ്ഞു. ഇപ്പൊ ദേഷ്യം, വൈരാഗ്യം, പക

രണ്ട് പേര് അന്യരെ പോലെ ഒരു കൂരയ്ക്ക് കീഴിൽ താമസിക്കുന്നു

കാശ് അടിച്ചു തീർത്താൽ ഇവൻ തനിക്ക് ഒന്നും തരില്ല എന്ന് അറിയാവുന്നത് കൊണ്ട് അന്ന പതിയെ പാചകം തുടങ്ങി. അത് പോലെ കാണുന്ന ജോലികൾക്ക് ഒക്കെ ആപ്ലിക്കേഷൻ അയയ്ക്കാൻ തുടങ്ങി. എവിടെയെങ്കിലും എങ്ങനെ എങ്കിലും ഒരു ജോലിയിൽ കയറി പറ്റാൻ അവൾ ശ്രമിച്ചു കൊണ്ടേയിരുന്നു. ഒടുവിൽ ഒരു കമ്പനിയിൽ നിന്ന് ഇന്റർവ്യൂവിനായി അവൾക്ക് മെയിൽ വന്നു. അവൾ അവനോട് പറയാനൊന്നും പോയില്ല

അവൻ ഓഫീസിൽ പോയി കഴിഞ്ഞു, അവൾ ഫ്ലാറ്റ് പൂട്ടി ഇറങ്ങി. നല്ല ഒരു ബ്യൂട്ടിപാർലറിൽ പോയി ആരെയും ആകർഷിക്കുന്ന വിധം ഒരുങ്ങി. അവൾ കമ്പനിയുടെ ഓഫീസിലേക്ക് പോയി

അവളുടെ പെർഫോമൻസ് അത്ര മികച്ച ഒന്നായിരുന്നില്ലെങ്കിലും വേഷവിധാനവും ആറ്റിട്യൂടും ഒക്കെ അവർക്ക് ഇഷ്ടം ആയി. അവൾ സെലക്ട്‌ ആയി

അവൾ ഉള്ളിൽ ഉയർന്ന സന്തോഷത്തെയും അഹങ്കാരത്തെയും മറച്ച് വെയ്ക്കാതെ തന്നെ ആൽബിയോട് വൈകുന്നേരം കാര്യങ്ങൾ പറഞ്ഞു

അവന് സമാധാനം ആണ് തോന്നിയത്. അവളുടെ ജോലി സമയം അവന്റേതിന്റെ നേരെ വിപരീതമാണ്. കൂടുതൽ നൈറ്റ്‌ ഷിഫ്റ്റ്‌ വരാറുണ്ട് ആൽബിക്ക്…ഒരു തരത്തിൽ അവൻ അതെടുക്കുന്നതാണ്. അവൾക്ക് ഒപ്പം ഫ്ലാറ്റിൽ കഴിയാൻ ഇഷ്ടം അല്ലാത്തത് കൊണ്ട്. ഇനിപ്പോ അവൾക്കും നൈറ്റ്‌ വരും. അപ്പൊ അവള് പൊയ്ക്കോളും. ഒരു തരത്തിൽ അവന് സമാധാനം ആയി

അന്ന വീട്ടിൽ വിളിച്ചു പറഞ്ഞു. അവർക്കും കുറച്ചു സമാധാനം ആയി. സാറയുടെ മനസമ്മതം അടുത്ത ആഴ്ച ആണെന്ന് അവർ ഓർമിപ്പിച്ചു. അതിനു എന്തായാലും എത്തുമെന്ന് അന്ന പറഞ്ഞു

എന്തൊക്ക ദാർഷ്ട്യവും അഹങ്കാരവും കാണിച്ചാലും സാറ അവളുടെ ദൗർബല്യമായിരുന്നു. സാറയായിരുന്നു അവൾ കണ്ട ഒരേയൊരു നന്മയുള്ള പെൺകുട്ടിയും..അനിയത്തി എന്നതിൽ ഉപരി നല്ല ഒരു പെണ്ണ് എന്ന നിലയിൽ സാറയോട് അന്നയ്ക്ക് ബഹുമാനം ആയിരുന്നു

അവൾ അവളെ സ്നേഹിക്കുന്ന ഒരാളെ കല്യാണം കഴിക്കുന്നു. അത്ര മേൽ ചാർലി അവളെ സ്നേഹിക്കുന്നു. അതിൽ പരം എന്ത് വേണം. അവൾ ഓർത്തു

തുടരും….