പ്രണയ പർവങ്ങൾ – ഭാഗം 62, എഴുത്ത്: അമ്മു സന്തോഷ്

ദിവസങ്ങൾ കഴിഞ്ഞു…

സാറ രാവിലെ വരും  വൈകുന്നേരം തിരിച്ചു പോകും. സാറ പോയി കഴിഞ്ഞാൽ അമ്മ അറിയാതെ എല്ലാവരെയും സാറ എന്ന് വിളിക്കുന്നത് കേട്ട് എല്ലാവരും കളിയാക്കി തുടങ്ങി

അന്ന് സാറ വന്നില്ല. ചാർലി ഫോൺ എടുത്തു നോക്കുമ്പോഴേക്കും വിളി വന്നു

“ഇച്ചാ പാലായിൽ നിന്ന് അമ്മാവനും ബന്ധുക്കളും വരുന്നുണ്ട് കല്യാണം പ്രമാണിച്ച്. ഞാൻ ഇവിടെ വേണം ന്നാ പപ്പയുടെ ഓർഡർ. അമ്മയോട് പറഞ്ഞേക്കണേ “

“അത് സാരമില്ലാടി എല്ലാരും ഉണ്ടല്ലോ..ഞാൻ വൈകുന്നേരം പള്ളിയിലോട്ട് വരാം. നീ വരണം “

“ഇയ്യോ ഇച്ചാ വരണ്ട ഇവരൊക്കെ. ഇവിടെ ഇന്നന്നെ കാണും “

“എനിക്ക് നിന്നെ കാണാതിരിക്കാൻ പറ്റുകേല… നിനക്ക് പറ്റും “

“ഞാൻ ഒരു ഇടി വെച്ചു തരുമെ.ശോ നോക്കിക്കേ “

“ഞാൻ വരും. നിനക്ക് സൗകര്യം ഉണ്ടെങ്കിൽ വാ “

“ഇച്ചാ “

കാൾ കട്ട്‌ ആയി

കാണാതിരിക്കാൻ പറ്റില്ല എന്ന് അവൻ പറയുന്നത് സത്യമാണെന്നു അവൾക്ക് അറിയാം. എങ്ങനെ വെളിയിൽ ചാടുമെന്നോർത്തു അവൾ നഖം കടിച്ചു. എന്തെങ്കിലും വഴി കാണും

“സാറ വന്നില്ലെടാ?” ഷേർലി വാതിൽക്കലേക്ക് നോക്കി

“സാറയുടെ റിലേറ്റീവ്സ് ഒക്കെ വരുന്നത് കൊണ്ട് വരില്ലെന്ന് വിളിച്ചു പറഞ്ഞു “

ചാർലി ഫ്ലാസ്കിൽ നിന്നു കാപ്പി എടുത്തു അമ്മച്ചിയുടെ അടുത്ത് ചെന്നു

“എന്റെ അമ്മേ ഞങ്ങൾ ഇല്ലെയിവിടെ?സാറ എന്തിനാ?” ജെറി ചോദിച്ചു

“സാറ ഉള്ളപ്പോ. നല്ല രസാ…നല്ല കൊച്ചാ..”

“അത് ശരി അപ്പ ഞങ്ങൾ നല്ലതല്ലേ?”

“എന്റെ കർത്താവെ ഇതെന്നാ വാർത്തമാനമാ പിള്ളേരെ.നിങ്ങൾ ചീത്ത ആണെന്ന് ഞാൻ പറഞ്ഞോ.?”

ചാർളി മെല്ലെ ചിരിച്ചു കൊണ്ട് അത് കേട്ടിരുന്നു

“സാറ വന്നില്ലെടാ?”

ചാർലി ഷെല്ലി അകത്തേക്ക് വന്നത് കണ്ട് നോക്കി

“ഇല്ല. ഇന്ന് വരില്ല. എന്താ ചേട്ടാ?”

“അല്ല കണ്ടില്ല. വരുമ്പോൾ ഒരു ചായ കിട്ടും. രണ്ടെണ്ണം ഉണ്ടായിട്ടും നോക്കിക്കേ ഒരു ചായ തന്നൊന്ന് “

“താഴെ കാന്റീൻ ഉണ്ട്. അവിടെ ചായ കിട്ടും കേട്ടോ ” ബെല്ല കളിയാക്കി

“അത് സാറയ്ക്കും അറിയാം. എന്നാലും  തരും. പെൺപിള്ളേർ ആയാ അങ്ങനെ വേണം “

ചാർലി നേർത്ത ചിരിയോടെ അത് കേട്ട് കൊണ്ടിരുന്നു

“ഇവന് ആ റിലേഷൻ ഇല്ലെങ്കിൽ ആ കൊച്ചിനെ കൊണ്ട് ഇവനെ കെട്ടിക്കാമാരുന്നു. ഒന്നുല്ലങ്കിൽ കുടുബത്ത് കേറി വരുമ്പോൾ ചൂട് ചായ കിട്ടും “

ചാർളിയുടെ മുഖം വിളറിപ്പോയി

“ഇവന് റിലേഷനോ. എന്ത് റിലേഷൻ?”

“ഷേർലി ചാർളിയെ നോക്കി

“അപ്പൊ. അമ്മച്ചി അറിഞ്ഞില്ലേ? ഇവന് ഒരു പ്രേമം ഉണ്ട് അമ്മച്ചി പെണ്ണ് ഏതാ എന്നൊന്നും. അറിയുകേല. Angel എന്നാ പേര്. ഇല്ലെടാ..?”

അവൻ ഉമിനീർ വിഴുങ്ങി

“ആണോടാ?” ഷേർലി അവന്റെ നേരെ തിരിഞ്ഞു

ചാർലി പതിയെ എഴുന്നേറ്റു

“ചേട്ടൻ ചുമ്മാ..ഞാൻ ഇപ്പൊ വരാം “

അവൻ അവിടെ നിന്ന് വേഗം സ്ഥലം കാലിയാക്കി

ചെറുക്കൻ കൊള്ളാല്ലോ…

അവന്റെ ഫോൺ അവിടെ കിടക്കുന്നത് ജെറി കണ്ടു

“ഇതിൽ കാണും.” അവൾ അതെടുത്തു

“ലോക്ക്. ആണ് ഒരു രക്ഷയുമില്ല “

അവൾ കൈ മലർത്തി. ചാർലി വേഗം തിരിച്ചു വന്നു ഫോൺ തട്ടിപ്പറിച്ചു മേടിച്ചു കൊണ്ട് പോയി

സാറയെ എല്ലാവരും സ്നേഹിച്ചു തുടങ്ങിയത് ചാർലിക്ക് സന്തോഷം ആയി. ഷെല്ലി അഭിനയമല്ല എന്ന് അവന് മനസിലായി. സാറയെ ഇഷ്ടം ആകാതെ വരില്ല ആർക്കും. അത്ര നല്ല പെൺകുട്ടിയാണ്

സ്റ്റാൻലി ഷേർലിയുടെ മുറിയിൽ വരുമ്പോൾ ചർച്ച അതായിരുന്നു

“നമ്മുടെ കൂട്ടത്തിൽ വല്ല നല്ല ചെക്കന്മാരുമുണ്ടോ അപ്പാ?”

സ്റ്റാൻലി ഒന്ന് അമ്പരന്ന് പോയി

“എന്താ കാര്യം?”

“സാറയ്‌ക്ക് ആലോചിച്ചു വെയ്ക്കാൻ “

“ആ ബെസ്റ്റ്….ആ കൊച്ചിനോടല്ലേ ചാർളി..”

പെട്ടെന്ന് അയാൾ നാക്ക്  കടിച്ചു

പരിപൂർണ നിശബ്ദത വന്നു

“അപ്പ ഇപ്പൊ പറഞ്ഞത് ഒന്നുടെ പറഞ്ഞെ ” ജെറി ചോദിച്ചു

“ഞാൻ ഒന്നും പറഞ്ഞില്ലല്ലോ.”

“ദേ അപ്പാ അഭിനയിക്കരുത് അപ്പന് അറിയാം. അവൻ സ്നേഹിക്കുന്ന പെണ്ണാരാ?”

“എന്നാത്തിനാ അവളെ ഉപദ്രവിക്കാനോ?”

സ്റ്റാൻലി രൂക്ഷമായി ഷെല്ലിയെ നോക്കി

“എന്റെ പൊന്ന് അപ്പാ ഞാൻ ഒന്നും ചെയ്‌കേല ഞാൻ അത് അവന് വാക്ക് കൊടുത്തിട്ടുള്ളതാ. ചോദിച്ചു നോക്ക്
ഞാൻ പോയി ചോദിക്കാമെന്ന് പറഞ്ഞതാ ജെറിയോട് ചോദിച്ചു നോക്ക് “

“അത് സത്യം. ചേട്ടൻ ഹൃദയത്തിൽ തൊട്ട് പറഞ്ഞതാ “

“ഞാൻ ഇനി ഒന്നിനും ഇല്ല. സത്യം പറ “

സ്റ്റാൻലി ഷേർളിയെ ഒന്ന് നോക്കി

“അപ്പൊ. അച്ചായൻ അറിഞ്ഞോണ്ടാ അല്ലെ,?”

“എന്റെ ഷേർലി ഞാൻ എന്നാ ചെയ്യാനാ എനിക്ക് പറയാൻ പറ്റുകേല. അവൻ എന്നെ കൊ- ല്ലും “

“ശെടാ എന്തൊരു ധൈര്യം ഉള്ള അപ്പൻ “

“ഞാൻ നിങ്ങൾക്ക് ഒരു സൂചന തരാം
കൊച്ചിനെ നിങ്ങൾക്ക്. അറിയാം “

അവർ ഒന്ന് പരസ്പരം നോക്കി

“സാറ?” ഷെല്ലി പെട്ടെന്ന് ചോദിച്ചു

“അതൊന്നും ഞാൻ പറയുകേല നിങ്ങൾ കണ്ടു പിടിച്ചോ “

“ഞങ്ങൾ കണ്ടു പിടിച്ചോളാം അപ്പ പറയണ്ട. സാറ തന്നെയാണെന്ന് ഉറപ്പാ “

ബെല്ല പറഞ്ഞു

“ആ എനിക്കു അറിഞ്ഞൂടാ ” സ്റ്റാൻലി ഒഴിഞ്ഞു

ആറു മണി കഴിഞ്ഞു ചാർലി പള്ളിയിൽ എത്തിയപ്പോ വണ്ടി വെച്ചിട്ട് കയറി വരുമ്പോൾ തന്നെ കണ്ടു പടിക്കെട്ടിൽ സാറ. അവനെ കണ്ട് അവൾ എഴുന്നേറ്റു

“ഇറങ്ങാൻ തുടങ്ങിയപ്പോൾ ഡോക്ടർ വന്നു. അതാ ലേറ്റ് ആയെ. സോറി “

“എന്താ ഇച്ചാ ഇത്? ഇങ്ങനെ ഒന്നും പറയണ്ട. കഷ്ടം ഉണ്ട് ട്ടോ “

അവർ ഒന്നിച്ചു പള്ളിക്ക് അകത്തേക്ക് നടന്നു

“എങ്ങനെ ഉണ്ട് ഷേർലിക്ക്?” അച്ചൻ കണ്ടയുടനെ ചോദിച്ചു

“ഇപ്പൊ ബെറ്റർ ആയി. എന്നാലും കുറച്ചു ദിവസം കൂടി ഹോസ്പിറ്റലിൽ കിടക്കുന്നതാ നല്ലത്. ശരിക്കും നോർമൽ ആയിട്ടേ കൊണ്ട് വരുന്നുള്ളു “

“അത് നന്നായി “

അവർ പ്രാർത്ഥനക്കായി മുട്ട് കുത്തി

അവര് പ്രാർത്ഥന നടത്തുമ്പോൾ അച്ചൻ അകത്തേക്ക് പോയി. പ്രാർത്ഥന കഴിഞ്ഞവർ പതിവ് പോലെ. അവരുടെ പ്രിയപ്പെട്ട ഒരിടത്ത് ഇരുന്നു

“എല്ലാർക്കും ഇപ്പൊ നിന്നെ ഭയങ്കര ഇഷ്ടമാ കേട്ടോ. കുടുംബത്തിൽ ആരെ കൊണ്ടെങ്കിലും കെട്ടിക്കാൻ ഒരു പ്ലാൻ ഉണ്ട് “

അവൾ ഒരു നുള്ള് വെച്ചു കൊടുത്തു

“മിക്കവാറും ഞാൻ നാളെ പറയും. വേറെ വഴി ഇല്ല “

അവൾ ചിരിച്ചു

പിന്നെ ബാഗിൽ നിന്ന് ഒരു കഷ്ണം അലുവ എടുത്തു ആ വായിൽ വെച്ചു കൊടുത്തു

“അമ്മാച്ചൻ കൊണ്ട് വന്നതാ.”

അവൻ കുറച്ചു അവളുടെ വായിൽ കൊടുത്തു. പിന്നെ അവർ പരസ്പരം നോക്കിയിരുന്നു. നോക്കിയിരിക്കെ ചാർളിയുടെ മുഖം മാറി. സാറയുടെ മിഴികൾ പിടഞ്ഞു താണു

“പോകാം മോളെ “

അവൻ ആ കൈവെള്ളയിൽ അമർത്തി ചുംബിച്ചു. സാറ തിരിച്ചും…പിന്നെ കൈ കോർത്തു പിടിച്ചു അവർ പടികൾ ഇറങ്ങി

“രാവിലെ വരണം “

അവൾ തലയാട്ടി

“മോളെ എനിക്ക് ഇങ്ങനെ വയ്യ…നിന്നോട് ഞാൻ അതെങ്ങനെ..”

“ചേച്ചിയുടെ കല്യാണം ഒന്ന് കഴിഞ്ഞ എന്റെ ഇച്ചന്റെ ഇഷ്ടം പോലെ ആയിക്കോ. ഇനി ഇരുപത്തി മൂന്ന് ദിവസം ഉള്ളു..പക്ഷെ ഒന്ന് വീട്ടിൽ വന്നു പറഞ്ഞു വെയ്ക്കെ..ഇപ്പൊ എല്ലാരും ഉള്ള സമയം ആണ് “

“പറഞ്ഞു വെയ്ക്കാം വൈകില്ല “

അവന്റെ കാർ അകന്നു പോകുന്നത് അവൾ നോക്കി നിന്നു

തുടരും…