“എങ്ങനെ ഉണ്ടമ്മേ ഇപ്പൊ?” സാറ വന്ന ഉടനെ ചോദിച്ചു.
ഷേർലി ഒന്ന് മൂളി
“അതെന്താ ഒരു മൂളൽ കുറവില്ലേ?”
അവൾ അടുത്ത് ഇരുന്നു
ബെല്ലയും ജെറിയും ഷെല്ലിയും മുറിയിൽ ഉണ്ട്
“ഇന്ന് എല്ലാരും ഉണ്ടല്ലോ ഞാൻ വന്നില്ലെങ്കിലും സാരമില്ലായിരുന്നു ” അവൾ പുഞ്ചിരിച്ചു
“ഇതെന്താ ആരും മിണ്ടാത്തത്?”
“കൊച്ചേ സത്യം പറഞ്ഞോ ഞങ്ങളുടെ ചെറുക്കനും നീയും തമ്മിൽ എന്താ?” ജെറി പെട്ടെന്ന് ചോദിച്ചു
സാറയുടെ മുഖം വിളറി പോയി
“അവൻ പറഞ്ഞു നിങ്ങൾ തമ്മിൽ ഇഷ്ടം ആണെന്ന്. സത്യം ആണോ.?”
അവൾ പതറി
പറഞ്ഞോ.? പറയുമെന്ന് പറഞ്ഞു. പറഞ്ഞു കാണുമോ.?
“ഇനി ഒളിക്കുകയൊന്നും വേണ്ട അവൻ എല്ലാം പറഞ്ഞു ” അവൾ ഉമിനീർ ഇറക്കി
“അത്.. പിന്നെ..”
ഷേർലിക്ക് അത് കണ്ടു പാവം തോന്നി
“മോള് ഇവിടെ വന്നിരുന്നേ. ഇവർ പേടിപ്പിക്കുന്ന പോലൊക്കെ വെറുതെ അഭിനയിക്കുവാ. അമ്മച്ചി ചോദിക്കട്ടെ. അവൻ എന്ന പറഞ്ഞെ മോളോട്?കെട്ടിക്കൊള്ളാം എന്ന് പറഞ്ഞോ.”
അവൾ തലയാട്ടി
ഷെല്ലി ഒരു ചിരി വന്നത് അടക്കി. ബെല്ലയും ജെറിയും വാ പൊത്തി ചിരിച്ചു
“എന്ന് നടത്താമെന്ന് പറഞ്ഞു?”
“രണ്ടു വർഷം കഴിഞ്ഞു “
“ശെടാ അത് എന്നാ കണക്കാ ” ജെറി ചോദിച്ചു
“ചേച്ചിയുടെ കല്യാണമാ “
“അത് കഴിഞ്ഞു നടത്തി കൂടെ?”
“അത്….ഒത്തിരി കാശ് ആകും. അപ്പൊ പപ്പാക്ക് ബുദ്ധിമുട്ട് ആയകൊണ്ടാ “
“കുരിശുങ്കലെ ചെറുക്കന് പുറത്ത് ആരുടെയും കാശ് വേണ്ട കേട്ടോ “
ഷേർലി പാതി ഗൗരവത്തിൽ എന്ന അവൾക്ക് വിഷമം വരാതെ പറഞ്ഞു
“ഇച്ചാൻ അങ്ങനെയാ പറഞ്ഞെ” അതോടെ പൊട്ടിച്ചിരി ഉയർന്നു
സാറ മുഖം പൊത്തി കളഞ്ഞു
“ഇങ്ങോട്ട് നോക്കിക്കേ എത്ര നാൾ
ആയി?” ബെല്ല അവൾക്ക് അരികിൽ വന്നു
“ഒമ്പത് മാസം “
“ശോ എടാ കള്ളാ ” ബെല്ല താടിക്ക് കൈ കൊടുത്തു
“മോള് ഞങ്ങളോട് പറഞ്ഞുന്ന് അവൻ അറിയണ്ട ട്ടോ കുറച്ചു വാരിയിട്ട് ഞങ്ങളു തന്നെ പറഞ്ഞോളാം “
“അയ്യോ അപ്പൊ ഇച്ചാൻ പറഞ്ഞില്ലായിരുന്നോ “
അതോടെ കൂട്ടച്ചിരി ഉയർന്നു വീണ്ടും
“മോളുടെ ഇച്ചാൻ കള്ളനാണ് പെരും കള്ളൻ. ഇത് വരെ പറഞ്ഞിട്ടില്ല. പേര് പറഞ്ഞത് എന്താന്നോ Angel എന്ന്. ഇങ്ങോട്ട് വരട്ടെ “
അവൾ ധര്മസങ്കടത്തിൽ ആയി. ദൈവമേ എന്നെ കൊ- ല്ലും
ചാർലി മുറിയിലേക്ക് വന്നപ്പോൾ അവൾ കുനിഞ്ഞിരുന്നു കളഞ്ഞു
“ഡോക്ടർ വന്നായിരുന്നോ ചേട്ടാ?”
“ഒരു ഡോക്ടർ വന്നു.” ഷെല്ലി അർത്ഥം വെച്ചു പറഞ്ഞു
ബെല്ല ചാർളിയുടെ അടുത്ത് ചെന്നു
“എടാ നീ പറ എന്റെ അമ്മേടെ അനിയത്തിയുടെ മോൻ ഇല്ലെ സോജൻ. ഡാ ഇപ്പൊ അമേരിക്കയിൽ പോയില്ലേ. അവന് സാറ നല്ല ചേർച്ച അല്ലെ?”
ചാർലിക്ക് ഉത്തരം മുട്ടി
“നമുക്ക് ഒന്നാലോചിച്ചാലോ.”
അവൻ പതറി അവളെ ഒന്ന് നോക്കി
“സാറ ദയനീയമായി അവനെയും
“ഇതിലിപ്പോ ഞാൻ എന്നാ പറയാനാ?”
അവൻ എങ്ങുമിങ്ങും തൊടാതെ പറഞ്ഞു
“അത് ശരിയാണല്ലോ അവൻ എന്നാ പറയാനാ? നമുക്ക് ഞായറാഴ്ച വീട്ടിലോട്ട് ചെല്ലാം ” ബെല്ല ഷെല്ലിയെ നോക്കി പറഞ്ഞു
ചാർലി പരിഭ്രമത്തിൽ അവരെ നോക്കി
“ഏത് ഞായറാഴ്ച? ആരുടെ വീട്ടിൽ പോകാമെന്നു?” അവൻ എല്ലാവരെയും നോക്കി ചോദിച്ചു
“പെണ്ണ് കാണാൻ സാറയുടെ വീട്ടിൽ. സോജൻ നാട്ടിൽ ഉണ്ടെടാ. അവൻ പെണ്ണ് കണ്ടു മടുത്തു. പോകും മുന്നേ ഒരു കല്യാണം എങ്കിലും കഴിച്ചിട്ട് പോകണം എന്നുണ്ട് അവന്..സാറ നല്ല മാച്ച് ആയിരിക്കും. ഞാൻ ഒന്ന് വിളിച്ചു നോക്കട്ട് ” ബെല്ല ഫോൺ എടുത്തു
ചാർലി അത് വാങ്ങി
“വിളിക്കണ്ട. എന്റെ കൊച്ചാ ഇത്. എന്റെ പെണ്ണ്. അത് എന്നെ കൊണ്ട് പറയിക്കണം അത്രേ അല്ലെ ഉള്ളു. സമാധാനം ആയല്ലോ, ഇങ്ങോട്ട് വാടി “
അവൻ ഇടതു കൈ കൊണ്ട് സാറയെ നെഞ്ചോട് ചേർത്ത് പിടിച്ചു
“ഇത് സാറ. ചാർലി പ്രേമിക്കുന്ന പെണ്ണ്. ചാർലി കെട്ടാൻ പോകുന്ന പെണ്ണ്. പോരെ?”
ജെറി അത് ഷൂട്ട് ചെയ്യുന്നുണ്ടായിരുന്നു. സാറ നാണിച്ചു ചൂളി പോയി. അവൾ കുതറി മാറി ഷേർലിയുടെ അടുത്ത് പോയിരുന്നു
“അപ്പൊ വൈകണ്ട. ഒന്ന് പറഞ്ഞു വെച്ചേക്ക് ഷെല്ലി…കല്യാണം കുറച്ചു കഴിഞ്ഞു മതി. പക്ഷെ ഉറപ്പിച്ചു വെയ്ക്കണം ” ഷേർലി പറഞ്ഞു
“അല്ലെങ്കിൽ തന്നെ കല്യാണം എന്തിനാ വൈകുന്നേ..നാട്ടുകാരെ കൊണ്ട് പറയിക്കാൻ. ഇക്കൂടെ നടത്തി കൂടെ?” ഷെല്ലി ചോദിച്ചു
സാറയ്ക്ക് നാണം വന്നിട്ട് വയ്യ
“അമ്മച്ചി ഹോസ്പിറ്റലിൽ നിന്നു ഡിസ്ചാർജ് ചെയ്ത ഉടനെ ഞങ്ങൾ വരും കേട്ടോ. മോള് വീട്ടിൽ ഒന്ന് പറഞ്ഞു വെച്ചേക്ക്”
സാറ തലയാട്ടി
“എന്നാലും. എന്റെ പൊന്നോ. നിന്നെ സമ്മതിച്ചു. ഒമ്പത് മാസമായി അവൻ മിണ്ടിയിട്ടില്ല. കൊള്ളാമല്ലോ. നിയ് “
ചാർലി ഒരു ചമ്മിയ ചിരി പാസ്സാക്കി
സ്റ്റാൻലി മുറിയിലേക്ക് വന്നു
“അപ്പന്റേം മോന്റേം കള്ളം പൊളിഞ്ഞു കേട്ടോ. പ്രേമം ഞങ്ങൾ പിടിച്ചു “
സ്റ്റാൻലി ചാർളിയെ നോക്കി. എന്താ എന്ന് കണ്ണുകൾ കൊണ്ട് ചോദിച്ചു
ചാർലി സാറയെ ചൂണ്ടി
“നമുക്ക് ഒന്ന് പോകണമല്ലോ ഇച്ചായാ…ഒത്തിരി വെച്ചു താമസിപ്പിക്കണ്ട. വെറുതെ എന്തിനാ കുറെ സമയം നീട്ടുന്നെ..കൊച്ചിന് ജോലിയായി. ഇവനും സെറ്റിൽ ചെയ്യാൻ സമയം ആയി.” ഷേർലി ചോദിച്ചു
സ്റ്റാൻലി ഷെല്ലിയെ ഒന്ന് നോക്കി
“ഞായറാഴ്ച പോകാം അപ്പാ. വൈകണ്ട”
ഷെല്ലി പറഞ്ഞു
“ഷെറിയോടും കൂടെ ഒന്ന് പറഞ്ഞു വെയ്ക്കണം “
“വീഡിയോ വാട്സാപ്പ് വഴി ചെന്നിട്ടുണ്ട്. ഇപ്പൊ വിളി വരും നോക്കിക്കോ.” പറഞ്ഞു തീർന്നത് വിളി വന്നു
“അത് ശരി. ഒളിച്ചു വെച്ചേക്കുവാരുന്നു അല്ലേടാ? നല്ല കൊച്ചാ കേട്ടോ എനിക്ക് വലിയ ഇഷ്ടമാ അതിനെ ” ഷെറി പറഞ്ഞു
ചാർലി ഒന്ന് മൂളി. സത്യത്തിൽ ഇങ്ങനെ ഒന്ന് നന്നായി എന്ന് അവന് തോന്നി
ഒത്തിരി വൈകണ്ട. ഇനി കാത്തിരിക്കാനും വയ്യ. എല്ലാം പെട്ടെന്ന് വേണം. പെട്ടെന്ന്…
അവൻ സ്നേഹത്തോടെ സാറയെ നോക്കി നിന്നു
തുടരും….