സാർ പറഞ്ഞ കാര്യങ്ങൾ ഓർത്തു കൊണ്ട് അകത്തെ മുറിയിൽ ഇരിക്കുക ആണ് ..
ഈശ്വരാ ഇപ്പോഴും വിശ്വസിക്കാൻ പോലും പറ്റുന്നില്ല..
സാറിന്റെ മനസ്സിൽ തന്നോട് ഇങ്ങനെ ഒരു ഇഷ്ടം ഉണ്ടായിരുന്നു….
പക്ഷേ ഒരിക്കൽപോലും സാർ ഒന്ന് തെറ്റായ രീതിയിൽ തന്നെ നോക്കുക പോലും ചെയ്തിട്ടില്ല…
അത്രയ്ക്ക് നീറ്റ് ആയിരുന്നു സാറിന്റെ സ്വഭാവവും പെരുമാറ്റവും,,, ദേവൂന്റെ മനസ്സ് നിറയെ ഹരി സാർ മാത്രം ആയിരുന്നു..
ഒരു ചെറിയ കാര്യം പോലും അമ്മയോട് പറഞ്ഞിരുന്ന താൻ ഈ കാര്യം മാത്രം ഒളിച്ചുവെച്ചുല്ലോ എന്ന് അവൾ ഓർത്തപ്പോൾ അവൾക്ക് വിഷമം തോന്നി..
എന്തായാലും സാറും അമ്മയും കൂടെ വന്നിട്ട് പോകട്ടെ,അതാവും നല്ലത്… ദേവൂട്ടി ഓർത്തു..
പെട്ടന്നാണ് അവളുടെ മനസിലേക്ക് വേറൊരു കാര്യം കടന്ന് വന്നത്…, ലെച്ചു ചേച്ചി നിക്കുമ്പോൾ താൻ…..
ചേച്ചിയുടെ വിവാഹം കഴിയാതെ എങ്ങനെ ആണ് ന്റെ കൃഷ്ണാ …
ശോ… ഇനി ഇപ്പോ എന്ത് ചെയ്യും…ഹ്മ്മ്
എന്തായാലും സാർ വരട്ടെ, എന്നിട്ടാകാം ബാക്കി..
ദേവു കണ്ണുകൾ ഇറുക്കെ അടച്ചു കിടന്നു….
അച്ഛനും അമ്മയും കൂടി ലെച്ചുവിനെ കൂട്ടികൊണ്ട് വരുവാനായി ശേഖരമാമയുടെ വണ്ടി വിളിച്ചു കാലത്തേ പോയതാണ്,
“ഇതുവരെ ആയിട്ടും എത്താറായില്ലേ അവർ.. നേരം ഒരുപാട് ആയല്ലോ കുട്ടി… “
മുത്തശ്ശി ആണെങ്കിൽ ഉമ്മറത്ത് ആവണ പലകയിൽ നിലവിളക്ക് കൊളുത്തുവാനായി തുടങ്ങുകയായിരുന്നു…
പടിപ്പുരയിലേക്ക് കണ്ണുനട്ടുകൊണ്ടാണ് തന്നോടുള്ള ചോദ്യവും…
“ഇപ്പോൾ എത്തും മുത്തശ്ശി, അവർ കവല കഴിഞ്ഞുന്നു “
അതും പറഞ്ഞുകൊണ്ട് ദേവു തുളസിത്തറയിൽ നില വിളക്ക് കൊളുത്തി…
അപ്പോളേക്കും അച്ഛനും അമ്മയും ചേച്ചിയും കൂടി വരുന്നത് ദേവു കണ്ടു…
മുത്തശ്ശി അവർ വരുന്നുണ്ട് കേട്ടോ. ദേവു ആഹ്ലാദത്തോട് കൂടി വിളിച്ചു കൂവി…
കാറിൽ നിന്നും ഇറങ്ങിയ ലെച്ചു നെ കണ്ടു കൊണ്ട് അവൾ ഓടി ചെന്നു കെട്ടിപിടിച്ചു.
“ചേച്ചി…”
“ശോ… ന്റെ ദേവൂട്ടി… ഞാൻ ആകെ വിയർത്തു… നീ അങ്ങട് മാറിയ്ക്കോ… ഇല്ലെങ്കിൽ നിന്റെ ദേഹത്തു കൂടി അഴുക്ക് ആകും..”
ലെച്ചു അവളെ നോക്കി പറഞ്ഞു..
“ഹോ മടുത്തു ഈ യാത്ര ഒക്കെ, ഇത്തിരി കട്ടൻചായ എടുത്തേ ദേവുട്ടി , ‘”
അമ്മ പറഞ്ഞപ്പോൾ അവൾ വേഗം തന്നെ അടുക്കളയിലേക്ക് പോയി..
“ലെച്ചു, നിനക്ക്,പരിക്ഷ എളുപ്പം ആയിരുന്നോ മോളെ “
മുത്തശ്ശി ലെച്ചുവിനോട് ചോദിച്ചു..
“അതേ എന്റെ മുത്തിയമ്മേ,പരീക്ഷ ഒക്കെ നല്ലോണം എളുപ്പം ആയിരുന്നു…”
അവൾ അവരുടെ കവിളിൽ ഉമ്മ വെയ്ക്കുവാനായി വന്നിട്ട് വേഗം തന്നെ നിന്നു..
..
അതേയ്… മുത്തു…,,,ഞാൻ ഒന്ന് കുളിച്ചിട്ട് വരട്ടെ കേട്ടോ… “
എന്നും പറഞ്ഞു ലെച്ചു അകത്തേക്ക്പോയി…
എല്ലാവരും ഒരുമിച്ചു ഇരുന്നു രാത്രിയിൽ അത്താഴം കഴിച്ചു……പെണ്മക്കൾ രണ്ട് പേരും കൂടി അവരുടെ കോളേജിലെ വിശേഷങ്ങൾ ഒക്കെ പറഞ്ഞു കൊണ്ടിരിക്കുന്നു…..
ലെച്ചു വും കൂടി എത്തിയപ്പോൾ വീടാകെ ഉണർന്നു..
“അമ്മേ നാളെ രാവിലെ നേരത്തെ തന്നെ നീലിമയുടെ വീട്ടിൽ ചെല്ലണം എന്നവൾ വിളിച്ചിട്ടുണ്ട് കേട്ടോ..”
കൈ കഴുകുന്നതിന്റെ ഇടയിൽ ലെച്ചു പറഞ്ഞു…
“മൈലാഞ്ചിക്ക് പോകാം മോളെ, വൈകിട്ട്…അതു പോരേ “
ശാരദ പാത്രങ്ങൾ എല്ലാം എടുത്തു സിങ്കിൽ കൊണ്ട് വന്നു വെച്ചുകൊണ്ട് മകളെ നോക്കി.
പെട്ടന്ന് ലെച്ചു വിന്റെ മുഖം വാടി.
ദേവു അതു ശ്രെദ്ധിക്കുകയും ചെയ്തു..
“കാലത്തേ പോകുവാണെങ്കിൽ നമ്മൾക്ക് ചുരിദാർ കൂടി മേടിക്കാം ചേച്ചി”
ലെച്ചുവിനെ പിന്തങ്ങി ദേവു പറഞ്ഞു..
“ആഹ് അത് നേരാണല്ലോ, എന്നാൽ നമ്മൾക്ക് അങ്ങനെ ചെയാം അല്ലേ ദേവൂട്ടാ .”
ലെച്ചു കൈ തുടച്ചിട്ട് മുറിയിലേക്ക് പോയി.
ശാരദ പിന്നെ ഒന്നും പറഞ്ഞില്ല….
വിശേഷങ്ങൾ ഒക്കെ പറഞ്ഞു പറഞ്ഞു ചേച്ചിയും അനുജത്തിയും എപ്പോളോ ഉറങ്ങി, എല്ലാ കാര്യങ്ങളും പങ്കു വെച്ചെങ്കിലും ഹരി സാറിന്റെ കാര്യം മാത്രം അവൾ ചേച്ചിയോട് പറഞ്ഞില്ല…
രാവിലെ എഴുനേറ്റ് രണ്ടുപേരും കുളികഴിഞ്ഞു അമ്പലത്തിൽ പോയി വന്നതിനു ശേഷം നീലിമയുടെ വീട്ടിലേക്ക് പോകാൻ തയ്യാറായി..
“നേരത്തെ ഇങ്ങു വന്നേക്കണം കെട്ടോ, വൈകിട്ട് എനിക്ക് അത്രടം വരെ പോകണം, അച്ഛനും നേരത്തെ വരാം എന്നേറ്റിട്ടുണ്ട്.”
ശാരദ പെണ്മക്കളോടായി പറഞ്ഞു.
“ശരി അമ്മേ….ഞങ്ങൾ വന്നോളാം “
സമ്മതഭാവത്തിൽ തല കുലുക്കിയിട്ട് രണ്ടാളും മുറ്റത്തേക്ക് ഇറങ്ങി.
നീലിമയുടെ വീട്ടിൽ ചെന്നപ്പോൾ ആകെ ബഹളം ആയിരുന്നു, ലെച്ചുവിനേം ദേവുവിനേം കണ്ട നീലിമ ഓടിവന്നു അവരെ അകത്തേയ്ക്ക് കൂട്ടി കൊണ്ട് പോയി….
“നീലിമ ആകെ സുന്ദരി ആയല്ലൊടി, ഇപ്പോൾ തന്നേ മൊഞ്ച് അങ്ങട് കൂടില്ലോ പെണ്ണിന്,,നാളെ അപ്പോൾ ഇനി എന്തായിരിക്കും ആവോ”
ലെച്ചു കളിയാക്കി…
“ഒന്നു പോടീ കളിയാക്കാതെ,,,നിന്റെ ഏഴയലത്തു വരുമോ ഈ പാവം ഞാൻ…”
നീലിമ കൂട്ടുകാരിയുടെ കൈത്തണ്ടയിൽ അമർത്തി നുള്ളി…
“അശോക് വന്നോ ?”
ലെച്ചു ചോദിച്ചു…
നീലിമയുടെ സഹോദരൻ ആണ് അശോക്, ബാംഗ്ലൂർ ഉള്ള ഏതോ ഐടി കമ്പനിയിൽ ആണ് അയാൾ ജോലി ചെയുന്നത്….
ഏട്ടൻ ഈവെനിംഗ് ആകുമ്പോൾ എത്തും,അവിടുന്ന് തിരിച്ചു എന്നാണ് വിളിച്ചപ്പോൾ പറഞ്ഞെ…നീലിമ അവരോടായി പറഞ്ഞു…
മൂന്നുപേരും കൂടി വിശേഷങ്ങൾ ഒക്കെ പറഞ്ഞുകൊണ്ടിരിക്കുകയാണ്….
അപ്പോളാണ് നീലിമയുടെ അപ്പച്ചി സരസ്വതിയും കുടുംബവും പാലക്കാട് നിന്നും എത്തിയത്…. വർഷങ്ങൾ ആയിട്ട് അവർ ഡൽഹിയിൽ ആയിരുന്നു, സരസ്വതിയുടെ ഭർത്താവ് ഗുപ്തൻ നായരും മകൻ നന്ദകിഷോറും ഡോക്ടർമാർ ആണ്… ഭർത്താവിന് നഗര ജീവിതം മടുത്തപ്പോൾ അവർ മൂന്നുപേരും അയാളുടെ നാട്ടിൽ വന്നു സെറ്റിൽഡ് ആയതാണ്….
ആഹ് അപ്പച്ചി വന്നല്ലോ..
….നീലിമ ഓടി ചെന്നു അവരെ കെട്ടിപിടിച്ചു…
നീലിമ അവളുടെ അപ്പച്ചിയെയും കൂട്ടി കൂട്ടുകാരികളുടെ അടുത്തേക്ക് വന്നു..
അപ്പച്ചി ഇത് എന്റെ ബെസ്റ് ഫ്രെണ്ട്സ് ആണ്, ലെച്ചുവും ദേവുവും, ലെച്ചും ഞാനും ക്ലാസ്സ്‌മേറ്റ്സ് ആയിരുന്നു,ഇവൾ എംബിഎ കഴിഞ്ഞു, അടുത്ത സ്ഥാനാർത്ഥിയും കൂടി ആണ് കെട്ടോ…ഇത് ദേവു, ഡിഗ്രി കഴിഞ്ഞു…
എടി ലെച്ചു ഇത് എന്റെ അപ്പച്ചിയാണ് കേട്ടോ,,,, അപ്പച്ചിയുടെ മോൻ ഉണ്ട്, നന്ദേട്ടൻ… ഞാൻ പിന്നെ പരിചയപെടുത്തി തരാം കേട്ടോ…
നീലിമയുടെ വാ തോരാതെ ഉള്ള സംസാരം കേട്ടു കൊണ്ട് സരസ്വതി ചിരിച്ചു…
എവിടെയാണ് വീട്, ഇവിടെ അടുത്താണോ മോളെ , അവർ ദേവുവിനോട് ചോദിച്ചു.
ഏകദേശം മൂന്നു കിലോമീറ്റർ ഉണ്ട് , അവൾ മറുപടി കൊടുത്തു.
“അപ്പച്ചി,…. നന്ദേട്ടനും ചിറ്റപ്പനും ഒക്കെ എവിടെ “
“അവർ വെളിയിൽ ഉണ്ട് മോളെ…”
“അതെയോ… എന്നാൽ ഞാൻ അവരോട് ഒക്കെ ഒന്ന് പോയി സംസാരിക്കട്ടെ “
അവരുടെ കൈ വിടുവിച്ചിട്ട് നീലിമ വെളിയിലേക്ക് പോയി..
വീട്ടിൽ ആരൊക്കെ ഉണ്ട്, അച്ഛനും അമ്മയും എന്ത് ചെയുന്നു, എവിടെയാണ് പഠിക്കുന്നത്….
സരസ്വതി രണ്ടുപെൺകുട്ടികളോടും ഓരോ കാര്യങ്ങൾ ഒക്കെ ചോദിച്ചറിഞ്ഞു…
ദേവു ആണ് അവരോട് കൂടുതലും മറുപടി പറഞ്ഞത്..
സരസ്വതി അമ്മയ്ക്ക് അവളെ ഒരുപാട് ഇഷ്ടം ആകുകയും ചെയ്തു.
ലെച്ചു ആണെങ്കിൽ ഇതൊന്നും ശ്രദ്ധിക്കാതെ അതിലെ പാറി നടക്കുക ആണ്..
.
കുറച്ചുകഴിഞ്ഞു നീലിമയുടെ കൂടെ കണ്ണാടിവെച്ച വെളുത്തുസുന്ദരനായ ഒരു ചെറുപ്പക്കാരൻ അവിടേക്ക് വന്നു..
ഡാർക്ക് ബ്ലു നിറം ഉള്ള ഷർട്ടും, ക്രീം നിറം ഉള്ള ഒരു പാന്റും ആണ് അയാളുടെ വേഷം..
ലെച്ചുവും ദേവുവും അയാളെ നോക്കി…
നല്ല സുന്ദരൻ ആയ ഒരു യുവാവ്..
ഒറ്റ നോട്ടത്തിൽ തന്നേ പറയും സരസ്വതിയുടെ മകൻ ആണെന്ന്, അതുകൊണ്ട് രണ്ടാൾക്കും ആളെ പിടികിട്ടി…
നീലിമ അവളുടെ കൂട്ടുകാരികളെ രണ്ട്പേരെയും അവനു പരിചയപ്പെടിത്തികൊടുത്തു…
ഏട്ടാ…. ഇതു ശ്രീലക്ഷ്മി… എം ബി എ കഴിഞ്ഞു ഇന്നലെ ആണ് നാട്ടിൽ എത്തിയത്… ഇതു ഇവളുടെ അനുജത്തി ശ്രീദേവിക
അവൻ രണ്ട് പേരെയും നോക്കി പുഞ്ചിരിച്ചു.
..
ശ്രീലക്ഷ്മിക്ക് പക്ഷെ അവന്റെ നോട്ടം അത്ര പിടിച്ചില്ല, അവൾ അത് ദേവ്‌നോട് പറയുകയും ചെയ്തു…
ചേച്ചിക്ക് തോന്നുന്നതായിരുക്കും,എനിക്ക് അങ്ങനെ ഒന്നും തോന്നിയില്ല, ദേവു അവളെ നോക്കി…
പിന്നീട് ഇടക്ക് ഒക്കെ നന്ദകിഷോർ ലെച്ചുവിനോട് സംസാരിക്കുവാൻ ശ്രമിച്ചെങ്കിലും അവൾ പിടി കൊടുക്കാതെ നിന്ന്….
ദേവികയ്ക്കും തോന്നി നന്ദന് ലെച്ചുവിനെ ഇഷ്ടമായിന്നു
തുടരും