മന്ത്രകോടി – ഭാഗം 07, എഴുത്ത്: മിത്ര വിന്ദ

ലെച്ചുവിനെ ആണെങ്കിൽ വീടിന്റെ കുറച്ചു അപ്പുറത്തേക്ക് മാറ്റി ഇറക്കി വിട്ടിട്ട്, അശോക് പിന്നെയും കല്യാണം നടക്കുന്ന ഓഡിറ്റോറിയത്തിലേക്ക് പോയി..

“ചുരിദാർ കിട്ടിയോടി ലെച്ചു,പാകം ആണോ “

നീലിമ ഓടിവന്നു ലെച്ചുവിന്റെ അരികത്തായി,..

“മ് കിട്ടി, ഇതാണ്… നീ നോക്കിക്കേ എങ്ങനെയുണ്ടെന്ന്… കൊള്ളാമോ….”

എന്നും പറഞ്ഞു കൊണ്ട് അവൾ കവർ എടുത്തു തുറന്നു കാണിച്ചു…ആ സമയത്താണ്,നീലിമയുടെ അമ്മാവനും കുടുംബവും ഒക്കെ എത്തിച്ചേർന്നത്..

.”എടി ലച്ചു… ഞാൻ നോക്കിക്കോളാം കേട്ടോ…. ഇതിവിടെ ഇരുന്നോട്ടെ….. രാജൻ മാമയും അമ്മായിയും ഒക്കെ ആണെന്ന് തോന്നുന്നു വന്നത്…. ഞാൻ ഒന്ന് ചെന്ന് മുഖം കാണിച്ചിട്ട് ഓടി വരാം… ഇല്ലെങ്കിൽ പിന്നെ അമ്മായിക്ക് അത് മതി പിണങ്ങാൻ…. “

” നീ ചെന്ന് അവരോടൊക്കെ സംസാരിക്ക്…. നമ്മൾക്ക് ചുരിദാർ പിന്നെ കാണാം “

അവളുടെ തോളിൽ തട്ടിക്കൊണ്ട ലെച്ചു പറഞ്ഞു…

ലെച്ചു ചേച്ചി…..

എന്താ ദേവൂട്ടി..

ചേച്ചി എപ്പോഴാണ് വന്നത്…

ദേ ഒരു അഞ്ചു മിനിറ്റ് ആയതേയുള്ളൂ…

ചേച്ചിക്ക് ഇഷ്ടമായോ സ്റ്റിച്ച് ചെയ്തത്….

കുഴപ്പമില്ല ദേവൂട്ടി….ഇഷ്ടായി.

“ചേച്ചി നമ്മൾക്ക് ഇറങ്ങിയാലോ നേരം ഒരുപാട് വൈകി.. ഇനി പോയിട്ട് കുളിച്ച് റെഡിയായി വൈകുന്നേരം വരേണ്ടതല്ലേ… “

ദേവു അത് പറഞ്ഞുകൊണ്ട് നിന്നപ്പോഴാണ് അശോക് അവിടേക്ക് കയറി വന്നത്..ഇത്ര പെട്ടെന്ന് മടങ്ങിവന്നോ എന്നൊരു ഭാവത്തിൽ ലച്ചു അവനെ നോക്കി…അതിനു മറുപടിയായി അവൻ അവളെ ഒന്ന് കണ്ണ് ഇറക്കി കാണിച്ചു..

” എന്താ ദേവൂട്ടി ഇവിടെ ഒരു ചർച്ച… “.

” ഹേയ് അങ്ങനെയൊന്നുമില്ലശോകേട്ടാ, നാളെ കല്യാണത്തിനായി ഇടുവാനുള്ള ചുരിദാർ ചേച്ചി മേടിച്ചു കൊണ്ടുവന്നത് നോക്കുകയായിരുന്നു” അവൾ പുഞ്ചിരിയോട് കൂടി പറഞ്ഞു..

അപ്പോഴേക്കും നീലിമ ദേവുനെ ഉറക്കെ വിളിക്കുന്നത് കേട്ടുകൊണ്ട് അവൾ അവിടെ നിന്ന് ഇറങ്ങിപ്പോയി…

“ലെച്ചു, നിങ്ങൾ ചുരിദാർ ഒന്നും ഇടേണ്ട കേട്ടോ, വെല്ലോ ദാവണിയോ, സാരിയോ ഇടാൻ നോക്കു….. അതൊക്കെയല്ലേ ഇപ്പോഴത്തെ ട്രെൻഡ്”

ലച്ചുവിനെ നോക്കി അശോക് ചോദിച്ചു.. ….

“അതാണ് കറക്റ്റ്, അത് മതി ലെച്ചു, നീ വീണയുടെ കല്യാണത്തിന് തൈപ്പിച്ച ദാവണി ഇല്ലേ, അതു മതി… അതാകുമ്പോൾ നല്ല ഭംഗിയുണ്ട്…” ദേവൂനെ തിരഞ്ഞ് അകത്തേക്ക് കയറി വന്ന നീലിമയും, അശോകന്റെ തീരുമാനമായിരുന്നു പറഞ്ഞത്….

“ഇതിപ്പോൾ ദേവൂട്ടിയെടുത്ത് തൈപ്പിച്ചിട്ട്…. ഞാൻ അവളോട് ചോദിക്കട്ടെ നീലിമേ ” ലെച്ചു ചിന്താധീനയായി അശോകനെ നോക്കി…

“ഞാൻ പറയാം ദേവൂട്ടിയോട്….. അവള് എതിർത്തൊന്നും പറയില്ല എനിക്ക് ഉറപ്പാണ്….. എവിടെ ദേവൂട്ടി”

” നീ വിളിക്കുന്നത് കേട്ടുകൊണ്ട് അവൾ അവിടെക്ക്,ഇറങ്ങി വന്നിരുന്നല്ലോ…”

“ഉവ്വോ……എങ്കിൽ ഞാൻ കണ്ടുപിടിച്ചോളാം…..

ദേവു……

നീലിമ ഉറക്കെ വിളിച്ചുകൊണ്ട് പുറത്തേക്ക് പോയി .

ലെച്ചുവും, അശോകും മാത്രമായി ഇപ്പോൾ മുറിയിൽ… ലെച്ചു ഏതോ മാഗസിൻ മറിച്ചുകൊണ്ട് തിരിഞ്ഞു നീക്കുകയാണ്. ലെച്ചുവിന്റെ പിന്കഴുത്തിൽ അശോകിന്റെ ശ്വാസം തട്ടിയതും, അവൾ ഞെട്ടി തരിച്ചു തിരിഞ്ഞു നിന്നു,,,,,

ഒരു നിമിഷം കൊണ്ട് അവൻ അവളെ തന്റെ കരവലയത്തിൽ ഒതുക്കി….അശോകേട്ട, ആരെങ്കിലും കാണും, വിട്….. ലെച്ചു നെ കിതച്ചു.

അപ്പോഴേക്കും അവൻ കുറച്ചു കൂടി അവളുടെ ശരീരം തന്നിലേക്ക് അമർത്തിയിരുന്നു…

പെട്ടെന്ന് അവൾ തന്റെ ഇരു കൈകളും കൊണ്ട് അവനെ തള്ളി മാറ്റുവാൻ ശ്രമിച്ചു……

അശോകേട്ടാ….. വിട്….

“വിടാം… പക്ഷേ നീ എനിക്ക് തരാമെന്ന് പറഞ്ഞ സാധനം, വേഗം തന്നിട്ട് ഇറങ്ങി പോയ്‌ക്കോളൂ….”

അവൻ അവളുടെ കാതിലേക്ക് മെല്ലെ മന്ത്രിച്ചു.

“അശോകേട്ട…. എന്താ യിതു… ദേവൂട്ടി യൊ നീലിമയോ കയറി വരും….”

ആരെങ്കിലും കാണുന്നുണ്ടോ ഭഗവാനെ…. പിറു പിറുത്തു കൊണ്ട്…അവൾ ഇടംകണ്ണിട്ട് എല്ലായിടത്തും നോക്കി….. സംശയദൃഷ്ടി പക്ഷെ അവൾക്ക് അവിടെ എങ്ങും കണ്ടെത്താൻ ആയില്ല….

അശോക് അവളുടെ കവിളിൽ ഒന്ന് അമർത്തി ചുംബിച്ച ശേഷം വേഗം മുറിവിട്ട് ഇറങ്ങി പോയിരുന്നു അപ്പോളേക്കും.

ലച്ചു ഇനി വീട്ടിലേക്ക് ഒന്നും പോകണ്ട കേട്ടോ അതിനുള്ള സമയമില്ല….

മുറിയുടെ വാതിൽക്കൽ എത്തിയശേഷം പിന്തിരിഞ്ഞു നിന്ന് അശോക് അവളോട് പറഞ്ഞു….

ദേവുവവും നീലിമയും കൂടി മൈലാഞ്ചി ഇടുവാനായി വന്ന പെൺകുട്ടിയുമായി,ലച്ചുവിന്റെ അടുത്തേക്ക് അപ്പോഴേക്കും വന്നു..

“ലെച്ചു….ഇതാണ് ഫാത്തിമ…. ഇവളാണ് മെഹന്തി ഇട്ടു തരുന്നത് “

നീലി.മ അവളെ അവർക്ക് രണ്ടാൾക്കും പരിചയപ്പെടുത്തി..

“ദേവു, നീ അമ്മയോട് വിളിച്ചു പറയ്, അച്ഛനും അമ്മയും കൂടി വൈകിട്ട് ഇങ്ങോട്ട് വരാൻ…, എന്നിട്ട് മൈലാഞ്ചി കല്യാണം കഴിഞ്ഞു നമ്മൾക്ക് ഒരുമിച്ചു പോകാം….. ഇനി നമ്മൾ വീട്ടിൽ പോയിട്ട് എപ്പോഴാണ് തിരിച്ചു വരുന്നത്…. നേരം ഇത്രയും ആയില്ലേ…..ലെച്ചു പറഞ്ഞപ്പോൾ നീലിമയും അവളുടെ അമ്മയും കൂടി ലച്ചുവിനെ പിന്താങ്ങി…

ദേവു ഉടൻ തന്നേ അമ്മയെ വിളിച്ചു കാര്യം പറഞ്ഞു….

അങ്ങനെ വൈകിട്ട് മാധവവാര്യരും ഭാര്യയും എത്തി,…. ആഘോഷങ്ങൾ തകൃതിയായി നടക്കുന്നുണ്ട്, നന്ദന്റെ കണ്ണുകൾ ലെച്ചുവിലാണ്.. അവൾ നോക്കുമ്പോൾ എല്ലാം അവൻ ലച്ചുവിനെ നോക്കി പുഞ്ചിരിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു…ലെച്ചു പക്ഷേ മുഖം വെട്ടി തിരിച്ചു.. ലച്ചുവിന് എന്തോ വല്ലാത്ത വിരോധം തോന്നിയിരുന്നു അവനോട് ..

വായിനോക്കി, നോക്കുന്ന നോട്ടം കണ്ടില്ലേ
..ഇടക്കെല്ലാം അവൾ അശോകിനോട് ആ കാര്യം വന്നു പറയുന്നുണ്ട്.. .

അവനും അതു അറിയാമെങ്കിലും ഇപ്പോൾ ഒന്നും മേലാത്ത അവസ്ഥയിലാണ്.. .

നീ അവനെ മൈൻഡ് ചെയ്യേണ്ട…. അപ്പോഴേക്കും അവൻ, നോട്ടം മാറ്റിക്കോളും…

അത് മാത്രമേ അപ്പോൾ അശോകന് അവളോട് പറയുവാൻ പറ്റിയുള്ളൂ…

അതിനു മറുപടിയായി അവൾ ഇടയ്ക്ക് അശോകന്റെ കൈത്തണ്ടയിൽ ഒന്ന് അമർത്തി, നുള്ളി വേദനിപ്പിച്ചു.

മൈലാഞ്ചി കല്യാണം കഴിഞ്ഞപ്പോഴേക്കും രാത്രി 9:30 മണിയായിരുന്നു….

ഇതിനോട് ഇടയിൽ ദേവുവും നന്ദന്റെ അമ്മയും ഒക്കെയായി നല്ല കമ്പനി ആയിരുന്നു…

നന്ദനും ദേവുനോട് അത്യാവശ്യം സംസാരിക്കാൻ ഒക്കെ തുടങ്ങിയിരുന്നു…

നന്ദൻ നല്ലൊരു വ്യക്തിത്വത്തിന് ഉടമയാണെന്നാണ് ദേവുവിനു അപ്പോൾ തോന്നിയത്….

എന്നാൽ നന്ദനെ പുകഴ്ത്തിയുള്ള ദേവുവിന്റെ സംസാരം കേട്ടപ്പോൾ
ലച്ചുവിനെ ചൊറിഞ്ഞു കയറി

ദേഷ്യം ഉള്ളിൽ അമർത്തി അവൾ ദേവുവിനെ നോക്കി..

രാത്രി 10 മണിയോടുകൂടി കൂട്ടുകാരികൾ രണ്ടുപേരും നീലിമയോട് യാത്ര പറഞ്ഞു പോകാൻ ഇറങ്ങി. .

ലെച്ചു… നാളെ നീ മഞ്ഞ കളർ ഉള്ള ദാവണി ഉടുത്തോണം, അശോക് അവളുടെ കാതിൽ പതിയെ പറഞ്ഞു…

കുറുമ്പുള്ള ഒരു നോട്ടമായിരുന്നു ലച്ചു അവനായി കൊടുത്ത മറുപടി..

വീട്ടിലെത്തിയ പാടെ ഇരുവരും
നേരെ കിടക്കുവാനായി പോയി…

ദാവണി തന്നെ വേണോ എന്നുള്ള ഒരു കാര്യത്തിൽ ദേവുവിന് സംശയം ഉണ്ടായിരുന്നു.

എന്നാൽ ലച്ചു നിർബന്ധിച്ചപ്പോൾ,പിന്നെ അതുതന്നെ ആകാമെന്ന് അവളും ഉറപ്പിച്ചു
..


പിറ്റേ ദിവസം കാലത്തേ തന്നേ ലെച്ചു എഴുനേറ്റു, അവൾ കുളിക്കുവാനായ്‌ ചെന്നപ്പോൾ ദേവു കുളി കഴിഞ്ഞു ഇറങ്ങി വരുന്നുണ്ട്,…

നീ ഇത്ര നേരത്തെ കുളിച്ചോ ദേവൂട്ടി ?ലെച്ചു അവളെ നോക്കി..

മ് ഈ മുടി എല്ലാം ഉണങ്ങാണ്ട് എങ്ങനെയാ ചേച്ചി, അതോണ്ട് ഞാൻ നേരത്തെ കുളി കഴിഞ്ഞു… ദേവു ഈറൻമുടി, ഉണങ്ങിയ ഒരു തോർത്തുകൊണ്ട് ചുറ്റി കെട്ടി വെച്ചു .

.നീ ആ ദാവണി രണ്ടും എടുത്തു അയൺ ചെയ്യണേ.. നീലു അതിടാനാല്ലേ പറഞ്ഞത് ഇന്നലെ ….

ഉവ്വ് ചേച്ചി …. ഞാൻ അതെല്ലാം എടുത്തു വച്ചിട്ടുണ്ട്.. ഇനി അയൺ കൂടി ചെയ്താൽ മതിയാവും…. ദേവു അകത്തേക്ക് പോയി

കുളിയൊക്കെ കഴിഞ്ഞ് ലച്ചുവും വേഗത്തിൽ ഇറങ്ങി വന്നു…

ഡ്രൈയർ ഉപയോഗിച്ചാണ് അവൾ തന്റെ മുടി ഉണക്കിയത്…

ദേവൂട്ടിയോട് പറഞ്ഞപ്പോൾ അവൾ പക്ഷേ സമ്മതിച്ചില്ല….

വല്ലാത്ത ചൂട് വരുമ്പോൾ മുടിയൊക്കെ കൊഴിഞ്ഞ് നാശമാകും എന്ന് അവൾ പറഞ്ഞു….

ലച്ചു പിന്നീട് അവളെ നിർബന്ധിക്കാനും തുനിഞ്ഞില്ല..

എന്തൊക്കെയോ കുറെ ഫൈർനെസ്സ് ക്രീമുകൾ ഒക്കെ വാരി തേച്ചുകൊണ്ട്, ചുണ്ടിൽ കടും ചുവപ്പു നിറമുള്ള ലിപ്സ്റ്റിക്ക് ഒക്കെ ഇട്ടു മുടി നന്നായി അയേൺ ചെയ്ത്,,, അതിലേക്ക് മുല്ലപ്പൂവും ചൂടി, ലെച്ചു നല്ല സുന്ദരിയായി മോഡേൺ ലുക്കിലാണ് അണിഞ്ഞൊരുങ്ങിയത്…

എന്നാൽ ദേവു ആവട്ടെ അതിനു നേരെ വിപരീതവും
..

കുളിപ്പിന്നൽ പിന്നിയ മുടിയിലേക്ക്, കുറെയേറെ മുല്ലപ്പൂവ് അവൾ ചൂടി… അല്പം പൗഡർ മാത്രമേ അവൾ ഇട്ടിരുന്നുള്ളൂ…. ലച്ചു തന്റെ ക്രീമുകൾ ഒക്കെ അവൾക്ക് നേരെ നീട്ടിയെങ്കിലും അവൾ അതൊന്നും വാങ്ങിയില്ല
..

“ഞാനിതൊന്നും ഉപയോഗിക്കാത്തതുകൊണ്ട് എന്തെങ്കിലും അലർജി വരും ലച്ചു ചേച്ചി”

. മനസ്സിൽ ഉണ്ടായിരുന്ന വ്യഥ
ലച്ചുവിനോട് പങ്കുവെച്ചു.

താൻ എത്രയൊക്കെ നിർബന്ധിച്ചാലും ദേവു അതൊന്നും കേൾക്കില്ല എന്ന് ഉറപ്പുള്ളതുകൊണ്ട്, ലച്ചു കൂടുതൽ ഒന്നും പറഞ്ഞിരുന്നില്ല..

” കഴിഞ്ഞില്ലേ പിള്ളേരെ നിങ്ങളുടെ ഒരുക്കം… നേരം വൈകുന്നു കേട്ടോ… “

ശാരദ മുറിയിലേക്ക് വന്നു..

” ഞങ്ങൾ റെഡിയായി അമ്മേ… നമ്മൾക്കെറങ്ങാം…”

ദേവു അമ്മയുടെ അടുത്തേക്ക് ചെന്നു
.

ചേട്ടത്തിയും, അനുജത്തിയും ദാവണി ഉടുത്തു നിറയെ മുല്ലപ്പൂവ് ഒക്കെ വെച്ചു,നന്നായി അണിഞ്ഞൊരുങ്ങി അച്ഛനും അമ്മയും ആയിട്ട് വിവാഹത്തിന് പോകാൻ തയ്യാറായി …..

ദേവൂട്ടി നിറം കുറഞ്ഞാലും സുന്ദരിയാണ്, പക്ഷെ ലെച്ചു ആണെങ്കിൽ അതീവ സുന്ദരിയും….

നീലിമ പൊന്നിൽ കുളിച്ചു ഒരു ദേവതയെ പോലെ ശോഭിച്ചു…

ലെച്ചുവിന്റെ കണ്ണുകൾ തിരഞ്ഞത് അശോകിൽ ആയിരുന്നു,,,,

അശോക് എവിടെ ബാലകൃഷ്ണ…. ഇന്നലെ വന്നിട്ടും കണ്ടേ ഇല്ല… മാധവ വാര്യർ ചോദിച്ചപ്പോൾ അശോക് മുറിയിൽ നിന്നും ഇറങ്ങി വന്നു..

ഞാൻ ഇവിടെ ഉണ്ട്‌ അങ്കിൾ……റെഡി ആവുക ആയിരുന്നു . അശോക് അവരുടെ അരികത്തായി വന്നു നിന്നു….

ക്രീം നിറമുള്ളനിറം ഉള്ള കുർത്ത അണിഞ്ഞു, കസവ് മുണ്ടും ഉടുത്ത്,നെറ്റിയിൽ ചന്ദനം തൊട്ടു അവൻ തനി നാട്ടിൻപുറത്തുകാരനായി….

ലച്ചു അവനെ നോക്കി പുഞ്ചിരി തൂകി..

ലെച്ചുവിന്റെ മുഖത്തു നിന്ന് കണ്ണെടുക്കാനേ അവനു കഴിയണില്ല….. അത്രയ്ക്ക് ഭംഗി ഉണ്ടായി രുന്ന് അവൾക്ക്

ഇപ്പോൾ തന്നേ നിന്നെയും കൊണ്ട് ബാംഗ്ലൂർക്ക് പറക്കട്ടെ…എന്റെ കണ്ട്രോൾ പോകുന്നു പെണ്ണേ….ഇടക്ക് വീണുകിട്ടിയ നിമിഷത്തിൽ അവൻ ലെച്ചുവിനോട് കാതിൽ മന്ത്രിച്ചു… ..

തുടരും…