ദേവു മറുത്തൊരക്ഷരം പോലും പറഞ്ഞില്ല… തികട്ടി വന്ന സങ്കടം ഉള്ളിൽ ഒതുക്കി കൊണ്ട് അവൾ അതേ ഇരുപ്പ് തുടർന്ന്.
പെട്ടന്ന് നന്ദേട്ടന് എന്താണ് പറ്റിയേ.. ഒരുപാട് ആലോചിച്ചു നോക്കി എങ്കിലും ഒരെത്തും പിടിയും കിട്ടാതെ കൊണ്ട് ആ ചോദ്യം ഉള്ളിൽ തന്നെ അവശേഷിച്ചു.
ഒരുപക്ഷെ ഹോസ്പിറ്റലിലെ എന്തെങ്കിലും പ്രശ്നമായിരിക്കും. പലതവണ ഫോണെടുത്ത് ആരെയൊക്കെയൊ വിളിക്കുന്നതും ദേവു ശ്രദ്ധിച്ചിരുന്നു.
അതാവും ഇത്ര ദേഷ്യം എന്ന് അവൾ മനസ്സിൽ കരുതി.ഇടക്ക് അവളുടെ കണ്ണുകൾ ക്ഷീണം കൊണ്ട് അടഞ്ഞുപോയി…
വെളുപ്പിനെ ഉണർന്നത് കൊണ്ടും പിന്നെ ആദ്യം ആയിട്ട് ഇത്ര ദൂരം യാത്ര ചെയ്തത് കൊണ്ടും ഒക്കെ കൂടി അവൾ വല്ലാതെ തളർന്നു.
മാഡം….. ആരോ വിളിക്കുന്നത് കേട്ടപ്പോൾ പെട്ടന്ന് ദേവു കണ്ണ് തുറന്നു…ചുറ്റിനും നോക്കിയപ്പോൾ ഒരു വലിയ വീടിന്റെ മുൻപിൽ ആണ് താൻ,
ഈശ്വരാ… നന്ദേട്ടന്റെ വീട് എത്തിയോ…താൻ എന്തൊരു ഉറക്കം ആയിരുന്നു ഉറങ്ങിപ്പോയത്. കുറെ ഏറെ ആളുകൾ ഒക്കെ അവിടിവിടെ ആയി നിൽപ്പുണ്ട്. അവൾ നോക്കിയപ്പോൾ കാർ ഡ്രൈവർ അവളെ നോക്കി ഒന്നു പുഞ്ചിരിച്ചു.
മാഡം ഉറങ്ങിപോയത് കൊണ്ട് വിളിച്ചതാണ്, ഭവ്യതയോടെ അയാൾ പറഞ്ഞു…
“ഹ്മ്മ്…”
അവളും അയാൾക്ക് നനുത്ത ഒരു പുഞ്ചിരി തിരികെ നൽകി. നന്ദൻ സാർ നേരത്തെ ഇറങ്ങി പോയി മാഡം. അതുകൊണ്ട് ആണ് ഞാൻ വിളിച്ചത് ,,,,, അവൾ നന്ദന്റെ ഇരിപ്പിടത്തിലേക്ക് നോക്കിയപ്പോൾ ഡ്രൈവർ വീണ്ടും അവളോടായി പറഞ്ഞു…ദേവു, പതിയെ കാറിൽ നിന്നിറങ്ങി, വല്ലാത്തൊരു ജാള്യത പോലെ…ഈശ്വരാ ആരെങ്കിലും ഒന്ന് വന്നിരുന്നെങ്കിൽ എന്നവൾ ആഗ്രഹിച്ചു….
നന്ദൻ ആരെയോ ഫോൺ വിളിച്ചുകൊണ്ടു അല്പം മാറി നിൽക്കുന്നത് അവൾ കണ്ടു….എല്ലാ ദൃഷ്ടിയും തന്റെമേൽ തറഞ്ഞു നിൽക്കുന്നതായി അവൾക്ക് തോന്നി….
“മോളെ ദേവു…” അച്ഛൻ അവളുടെ അടുത്തേക്ക് വന്നു.
“ആകേ മടുത്തു ല്ലേ കുട്ടി.”
“ചെറുതായിട്ട്….”
സരസ്വതി അമ്മ കത്തിച്ചു വെച്ച നില വിളക്കുമായി ഇറങ്ങി വരുന്നുണ്ടായിരുന്നു..
അത് കണ്ടപ്പോൾ ദേവൂട്ടിക്ക് ഒരുപാട് ആശ്വാസം തോന്നി…
നിറ പുഞ്ചിരിയോട് കൂടി അമ്മ അവളെ സ്വീകരുക്കുവാൻ തയ്യാറായി ഉമ്മറത്തേ പടിയിൽ വന്നു നിന്നു.
നന്ദാ,,,, ഇവിടെ വാടാ… നേരം ആയിട്ടൊ..
ആരോ ഒരാൾ ഉറക്കെ വിളിച്ചപ്പോൾ നന്ദേട്ടൻ തന്റെ ചാരെ വന്നു നിന്നതായി അവളു കണ്ടു.ഏതോ ഒരു സ്ത്രീ വന്നു ഇരുവരുടെയും കാലുകൾ കഴുകി.
ഭവാനിച്ചേച്ചി ആരതി ഉഴിഞ്ഞോളു…. ഗുപ്തൻ നായർ നിർദ്ദേശം കൊടുത്തു…
രണ്ടുപേരും ചേർന്ന് നിൽക്ക് മക്കളെ…ആരതിയുമായി വന്ന സ്ത്രീ പറഞ്ഞു… ശേഷം അവര് അത് ഇരുവരുടെയും മേൽ മൂന്നു തവണ ഉഴിഞ്ഞു.
വലതുകാൽ എടുത്തു വെച്ച് സൂക്ഷിച്ചു കയറിവരു മോളെ…. സരസ്വതിയമ്മ അവരുടെ കൈയിലെ നിലവിളക്ക് ദേവൂട്ടിക്ക് കൈമാറി…
മുപ്പത്തിമുക്കോടി ദൈവങ്ങളെയും വിളിച്ചു പ്രാർത്ഥിച്ചു കൊണ്ടു അവൾ വിളക്കുമായി അകത്തേക്ക് വന്നു….
നല്ലോണം പ്രാർത്ഥിച്ചിട്ട് പൂജാമുറിയിൽ വെയ്കാം കെട്ടോ ദേവൂട്ടി….സരസ്വതി അമ്മ സ്നേഹത്തോടെ പറഞ്ഞു….
അമ്മ പറഞ്ഞതിന് പ്രകാരം ദേവൂട്ടി ഒക്കെ ചെയ്തു.
ഗുരുവായൂരപ്പന്റെ ചന്ദന വിഗ്രഹത്തിന്റെ സമീപത്തായി അവൾ വിളക്ക് കൊണ്ട് പോയി വെച്ച് തൊഴുതു പ്രാത്ഥിച്ചു. തിരിഞ്ഞു നോക്കിയപ്പോൾ നന്ദൻ അടുത്തെങ്ങും ഇല്ലായിരുന്നു.
അമ്മ വന്നു ആണ് അവളെ സ്വീകരണ മുറിയിലേക്ക്, കൂട്ടി കൊണ്ട് പോയി ഇരുത്തിയത്.
മധുരം വെയ്‌പു ചടങ്ങ് ആയിരുന്നു പിന്നീട്.
പാലട പ്രഥമൻ ഒരു ഗ്ലാസിൽ എടുത്തു കൊണ്ട് വന്നു അമ്മ യാണ് ആദ്യം തന്നത്. ശേഷം കുടുംബത്തിലെ ഓരോരോ സ്ത്രീകൾ ആയി കൊടുത്തു.
എല്ലാവരും ഒരുപാട് തമാശകൾ ഒക്കെ പറഞ്ഞു പൊട്ടി ചിരിക്കുകയാണ്.
ദേവൂവും ഒരു മന്ദ സ്മിതം പൂണ്ടു അവിടെ ഇരുന്നു. ഫോട്ടോഷൂട്ടിങു പിന്നെയും കുറെ സമയം കൂടി നീണ്ടു. എല്ലാം കൂടി കഴിഞ്ഞപ്പോൾ ദേവു ആകെ മടുത്തു.സമയം അപ്പോൾ ആറു മണി ഒക്കെ കഴിഞ്ഞു.
ഇനി കുട്ടികൾ രണ്ടുപേരും റസ്റ്റ് എടുക്കട്ടേ, രാത്രിയിലെ ഫങ്ക്ഷന് കൂടി കഴിയുമ്പോൾ മടുക്കും കേട്ടോ…. അച്ഛൻ വന്നു അമ്മയോട് പറയുന്നതായി ദേവു കേട്ടു.
നന്ദാ, മോളെയും കൂട്ടി റൂമിലേക്ക് ചെല്ല്… അര മണിക്കൂർ കഴിയുമ്പോൾ ബ്യുട്ടീഷൻ വരും, അതുവരെ ഒന്നു റസ്റ്റ് എടുക്കാം…സരസ്വതി പറഞ്ഞപ്പോൾ നന്ദൻ ആയിരുന്നു ആദ്യം എഴുനേറ്റത്.
ചെല്ല് മോളെ,,,,കുറച്ചു സമയം പോയി ഒന്നു കിടക്കുവോ മറ്റൊ ചെയ്യൂ..
സരസ്വതി പറഞ്ഞു..
ദേവുവും ഒരു യന്ത്രം കണക്കെ പതിയെ അവന്റെ പിന്നാലെ കയറി പോയി…
വിശാലമായ നവീകരിച്ച ഒരു മുറിയായിരുന്നു അവന്റേത്.വളരെ അടുക്കിലും ചിട്ടയിലും ഒക്കെ എല്ലാം ക്രമീകരിച്ചിരിക്കുന്നു..നന്ദൻ ഒന്നു പിന്തിരിഞ്ഞു പോലും നോക്കാതെ കയറി പോയപ്പോൾ ദേവൂന്റെ നെഞ്ച് നീറി.എങ്കിലും ഒന്നും പറയാതെ കൊണ്ട് അവൾ അകത്തേക്ക് ചെന്നു.
ആ വലിയ മുറിയിൽ തികച്ചു ഒറ്റപ്പെട്ടത് പോലെ ദേവു പകച്ചു നിന്നു.
നന്ദൻ ഡ്രസ്സ് മാറി വന്നപ്പോൾ, റൂമിന്റെ ഇടത് വശത്തായി കിടന്നിരുന്ന ഒരു മേശയുടെ കോണിൽ പിടിച്ചു കൊണ്ട് നിൽക്കുന്ന ദേവൂനെ കണ്ടു…..
പാവം ദേവു, അവൾ നന്ദനെ നോക്കി….. ഒന്നു പുഞ്ചിരിക്കാൻ ശ്രെമിച്ചു.
അവൻ പക്ഷെ, അവളെ ഒന്നു നോക്കുക പോലും ചെയ്യാതെ ഒരു വാക്കു പോലും മിണ്ടാതെ കൊണ്ട് മുറിയിൽ നിന്നും ഇറങ്ങി പോയി….
നന്ദേട്ടന് എന്താ പറ്റിയേ..ഇങ്ങനെ ഒന്നും ആയിരുന്നില്ലലോ ആള്. ഒരുപാട് സംസാരിക്കുകയും തമാശകൾ പറയുകയും ചെയ്തിരുന്ന നന്ദേട്ടൻ… ലച്ചു ചേച്ചിയുമായുള്ള വിവാഹം മാറി പോയപ്പോൾ, തന്നോട് ഇങ്ങോട്ട് വന്നു, നന്ദേട്ടനെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. എന്നിട്ട് ഇപ്പോൾ എന്താണ് പറ്റിയത്
.തന്റെ ഭാഗത്തു നിന്നു ഇനി എന്തെങ്കിലും തെറ്റ് സംഭവിച്ചോ..ഒരു വാക്ക് പറഞ്ഞിരുന്നു എങ്കിൽ തനിക്ക് ഒരുപാട് ആശ്വാസം ആയിരുന്നു.
ഇത് വളരെയധികം അവജ്ഞയോട് കൂടി, പുച്ഛത്തോടു കൂടി തന്നെ നോക്കിയ നന്ദേട്ടന്റെ മുഖം ആയിരുന്നു അവളുടെ ഉള്ളിൽ തെളിഞ്ഞു നിന്നത്.
വല്ലാത്തൊരു ശൂന്യത തന്നേ വന്നു കീഴ്പ്പെടുത്തും പോലെ അവൾക്ക് തോന്നി..
ഒപ്പം തന്റെ ജീവിതത്തിൽ എന്തൊക്കെയോ അത്യാപത്തുകൾ സംഭവിക്കാൻ പോകുകയാണ് എന്ന് അവളുടെ മനസ്സിൽ ആരോ മന്ത്രിക്കും പോലെ ദേവൂട്ടിക്ക് തോന്നി..
ഈശ്വരാ… എന്താ ഇത്.. അവൾക്ക് മിഴികൾ നിറഞ്ഞു തൂവി.
പിന്നീട് മനസിനെ പാകപ്പെടുത്തി കൊണ്ട് അവൾ ഒരു നെടുവീർപ്പോടുകൂടി, കബോർഡ് തുറന്നു. ഈ വേഷമൊക്കെ ഒന്നു മാറ്റണം, ശേഷം ഒന്ന് കുളിച്ച് ഫ്രഷായാൽ, അല്പം ആശ്വാസം കിട്ടും എന്ന് അവൾ ഓർത്തു.
പെട്ടെന്നായിരുന്നു ഡോറിൽ ആരോ മുട്ടിയത്.
ദേവൂട്ടി ചെന്ന് വാതിൽ തുറന്നപ്പോൾ രണ്ടുമൂന്ന് സ്ത്രീകൾ പുഞ്ചിരിയോടു കൂടി നിൽക്കുന്നത് കണ്ടു.
ഹായ് ദേവു… ബോറടിച്ചുല്ലേ ഒറ്റയ്ക്ക് ഇരുന്നു..ഈ ദിവസം നമ്മൾ ആകെ മടുത്തു പോകുടോ. അതിലൊരുവൾ അകത്തേക്ക് കയറിയതും ദേവൂട്ടിയെ നോക്കി പറഞ്ഞു.
മറുപടിയായി ദേവൂട്ടി ഒന്ന് പുഞ്ചിരിക്കുക മാത്രമാണ് ചെയ്തത്.
” അതിരിക്കട്ടെ ഞങ്ങളെ മനസ്സിലായോ ദേവൂന് “
“ഇല്ല ചേച്ചി…. എനിക്ക് സത്യം പറഞ്ഞാൽ പിടി കിട്ടിയില്ല “
“ഹ്മ്മ്… ഞങ്ങൾക്ക് തോന്നി ട്ടൊ…..എന്റെ പേര് ധന്യ.. നന്ദന്റെ വല്യച്ഛന്റെ മരുമകൾ ആണ്….” വെളുത്തു സുന്ദരിയായ ഒരു യുവതി പറഞ്ഞു…
ഞാൻ നന്ദന്റെ കസിൻ ആണ് കെട്ടോ, എന്റെ പേര് പൂജ.. ഞങ്ങളൊക്കെ ഈ ചുറ്റുവട്ടത്ത് തന്നെയാണ് താമസം.. കൂടെ വന്ന മറ്റേ യുവതിയും avlod പറഞ്ഞു….
അവർ രണ്ടുപേരും കൂടി ദേവൂട്ടിയെ മുല്ലപ്പൂവ് അഴിച്ചുമാറ്റുവാനും സാരിയും ഓർണമെൻസും ഒക്കെ മാറുവാനും സഹായിച്ചത്.
അതൊക്കെ ഊരി മാറ്റിയപ്പോൾ തന്നെ ദേവൂട്ടിക്ക് വളരെയധികം ആശ്വാസമായിരുന്നു…
” എന്നാല് ഇനി ദേവു ഒന്ന് കുളിച്ച് ഫ്രഷ് ആവു, അപ്പോഴേക്കും ബ്യൂട്ടീഷൻ വരുമായിരിക്കും കേട്ടോ, ഞങ്ങളും പുറത്തേക്കൊന്നു ചെല്ലട്ടെ. റിസപ്ഷന് പോകുവാൻ റെഡിയാവണ്ടേ “
അതും പറഞ്ഞുകൊണ്ട് ധന്യയും പൂജയും കൂടി വെളിയിലേക്ക് ഇറങ്ങിപ്പോയി..
തുടരും….