മന്ത്രകോടി – ഭാഗം 28, എഴുത്ത്: മിത്ര വിന്ദ

മോനേ….. നീ എന്താ ഈ പറഞ്ഞു വരുന്നത്… സരസ്വതി മകനെ തന്നെ സൂക്ഷിച്ചു നോക്കി…..

നന്ദൻ അമ്മയെ നോക്കി ഒന്ന് പുഞ്ചിരിച്ചു….

അവർക്കറിയാം മകൻ ഒരു കാര്യം തീരുമാനിച്ചാൽ അതിൽ നിന്ന് വ്യതിചലിക്കില്ലന്നു,,,

ഞാൻ മലയാളത്തിൽ തന്നെ ആണ് പറഞ്ഞത്.. അല്ലാതെ മറ്റൊരു ഭാഷയിലും അല്ല.. കേട്ടല്ലോ..

എടാ നീയ്,ഇതെന്താ മോനേ ഈ പറയുന്നേ… ഈ പാവംകുട്ടി എന്ത് തെറ്റ് ചെയ്തു മോനേ..

അമ്മ ഒരക്ഷരം പോലും മിണ്ടരുത് എന്നോട്….ഒരു പാവം കുട്ടി വന്നേക്കുന്നു…

മറ്റൊരുവനെ മനസ്സിൽ താലോലിച്ചു കൊണ്ട് നടന്നതും, നീയും ആയിട്ട് ഉള്ള വിവാഹത്തിൽ നിന്ന് പിന്മാറിയതും ഈ പാവം കുട്ടി അല്ല, ഇവളുടെ ലെച്ചു ചേച്ചി ആണ്….. അതിനു ഇവൾ എന്ത് പിഴച്ചു… നിനക്ക് എന്തെങ്കിലും ദേഷ്യം ഉണ്ടെങ്കിൽ അത് അവളോട് തീർക്കണം, അല്ലാതെ ഈ പാവം കുട്ടിയോട് അല്ലടാ..

അവർ മകനെ നോക്കി പറയുകയാണ്…

ഇവൾ ചെയ്ത ഒരേ ഒരു തെറ്റ് എന്താന്ന് നിനക്ക് അറിയാമോ നന്ദ..ഗുപ്തൻ നായർ മകനോട് ചോദിച്ചപ്പോൾ അവൻ അയാളെ നോക്കി….

സരസ്വതിയും ദേവുട്ടിയും ഒരുപോലെ അയാളെ നോക്കി..

നിന്റെ വാക്കുകൾ വിശ്വസിച്ചുകൊണ്ട്,നീ പറഞ്ഞത് എല്ലാം അപ്പാടെ കേട്ട് കൊണ്ട് നിന്റെ മുൻപിൽ കഴുത്തു നീട്ടി തന്നു, ആ ഒരു തെറ്റ് ആണ് അവൾ ചെയ്തത്… അതിനു നീയ് ഈ പാവം കുട്ടിയെ വേദനിപ്പിക്കരുത്,,,, ഈശ്വരൻ പോലും നിന്നോട് ക്ഷമിക്കില്ല മോനേ… അത്രയ്ക്ക് നന്മ ഉള്ളവൾ ആണ് ദേവു.
അച്ഛന്റെ വക്കുകൾ കേട്ടു നിൽക്കുകയാണ് നന്ദൻ….

കുറെ ഏറെ കാര്യങ്ങൾ ഒക്കെ അവർ രണ്ടാളും പറഞ്ഞെങ്കിലും നന്ദൻ അതൊന്നും ചെവികൊണ്ടില്ല…..

മാത്രമല്ല തനിക്ക് ഉറങ്ങണം എന്നും പറഞ്ഞുകൊണ്ട് നന്ദൻ അകത്തേക്ക് കയറി പോകുകയും ചെയ്തു…

തകർന്നു നിൽക്കുകയാണ് ദേവു….

അവളെ ആശ്വസിപ്പിക്കണം എന്നുണ്ട് സരസ്വതി അമ്മക്ക്, പക്ഷേ ഒരു വാക്കു പോലും ഉരിയാടാതെ അവളെ ഒന്നു ചേർത്ത് പിടിച്ച ശേഷം അവർ ഒന്നും പറയാതെ ഇറങ്ങി പോയി…

നന്ദൻ ഫോണിൽ നോക്കി കൊണ്ട് കിടക്കുകയാണ്…..

ദേവുട്ടിയുടെ ഫോൺ കുറെ സമയം ആയി ചിലക്കാൻ തുടങ്ങിയിട്ട്,അവൾ വന്നു അത് എടുത്തു നോക്കിയപ്പോൾ ലെച്ചു ചേച്ചി ആണ് വിളിക്കുന്നത്….

ഹലോ ചേച്ചി,ഇല്ല കിടക്കാൻ തുടങ്ങുവായിരുന്നു, സുഖം ചേച്ചി, ആ ഏട്ടൻ കിടന്നു, നാളെ എപ്പോൾ ഇറങ്ങുമെന്ന് എനിക്ക് അറിയില്ല,,,, ഹ്മ്മ്..നാളെ കാണാം… ഗുഡ് നൈറ്റ്‌,, അവൾ ഫോൺ വെച്ചു…

വിവാഹം കഴിഞ്ഞിട്ടുള്ള നാലാം വിരുന്നാണ് നാളെ, ലെച്ചു ചേച്ചി താൻ എപ്പോൾ വരും എന്നറിയുവാനായി വിളിച്ചതാണ്,

എന്തൊക്കെ പ്രതീക്ഷകളുമായി ആണ് താൻ ഈ വീട്ടിലേക്ക് കയറി വന്നത്,,, നന്ദേട്ടനും ആയുള്ള വിവാഹജീവിതം സ്വപ്നം കണ്ട താൻ…….

തന്റെ കൂടപ്പിറപ്പ് അവളുടെ പ്രണയം വിജയിപ്പിക്കുവാനായി ശ്രമിച്ചപ്പോൾ തന്റെ ജീവിതം ആണ് പടുകുഴിയിലേക്ക് മുഖം പൂഴ്ത്തി വീണത്… ഒരുക്കലും കര കയറാൻ ആവാതെ കൊണ്ട്.

ഈശ്വരാ…. ആ പാവം ഹരിസാറിന്റെ ശാപം ആണോ തനിക്ക് ഇങ്ങനെ ഒരു വിധി നേടി തന്നത്…… അദ്ദേഹത്തെ ഞാൻ അറിഞ്ഞു കൊണ്ട് മോഹിപ്പിച്ചോ..സാറ് വന്ന ഇഷ്ടം തുറന്ന് പറഞ്ഞ നിമിഷം,,, തന്നെ ഹോസ്പിറ്റലിൽ കൊണ്ട് പോയതും, ആ സ്നേഹത്തോടെ ഉള്ള കരുതലും….. എത്ര പാവം ആയിരുന്നു സാറ്…. എന്നിട്ട് ഒടുവിൽ..ദേവൂട്ടി നിറഞ്ഞു തൂകിയ കണ്ണുകൾ തുടച്ചു….

എടി, വന്നു ലൈറ്റ് കെടുത്തിയിട്ട് കിടക്കെടി,പൂങ്കണ്ണീര് ഒലിപ്പിച്ചു കൊണ്ട് നിൽക്കാതെ…എനിക്ക് കാലത്തെ ജോലി ഉള്ളതാ.. അല്ലാതെ നിന്നേ പോലെ അല്ല..

നന്ദന്റെ ശബ്‌ദം കേട്ടപ്പോൾ ആണ് പാവം ദേവൂട്ടി ഓർമകളിൽ നിന്നു ഉണർന്നത്…..

അവൾ വേഗം കണ്ണുകൾ തുടച്ചിട്ട് വന്നു കിടന്നു,,,

കിടക്കയുടെ ഒരു വശത്തായി ഒതുങ്ങിക്കൂടി കിടന്നപ്പോൾ അവൾക്ക് തോന്നി തങ്ങൾ രണ്ടാളും ഇനി ഒരിക്കലും ഒന്നാകില്ലെന്ന്, അത്രമാത്രം നന്ദേട്ടന്റെ മനസ്സിൽ വെറുക്കപ്പെട്ട സ്ഥാനം ആണ് തനിക്കും തന്റെ കുടുംബത്തിനും ഉള്ളത്…

ഹോസ്പിറ്റലിൽ നിന്നുള്ള ഫോൺ കാൾ ആണ് നന്ദനെ ഉറക്കത്തിൽ നിന്നുണർത്തിയത്….

എമർജൻസി ആയിട്ട് സർജറി ഉണ്ട് സാർ, വേഗം വരണം…….. ഡോക്ടർ ദേവ് വിളിച്ചപ്പോൾ നന്ദൻ കിടക്ക വിട്ടെഴുന്നേറ്റു..

കുളിച്ചു റെഡി ആയി അവൻ താഴെ വന്നപ്പോൾ അമ്മയെ അവിടെയൊന്നും കണ്ടില്ല…

അവൻ അടുക്കളയിൽ ചെന്നപ്പോൾ ദേവു മാത്രം ആണ് അവിടെ ഉള്ളത്…

കുളികഴിഞ്ഞു ഈറൻ മുടി തോർത്ത്‌ കൊണ്ട് ചുറ്റികെട്ടി വെച്ചിരിക്കുക ആണ്, അനുസരണ ഇല്ലാത്ത വെള്ളത്തുള്ളികൾ അവളുടെ പിന്കഴുത്തിലൂടെ ഒലിച്ചിറങ്ങുന്നുണ്ട്,

അമ്മ എവിടെ…… നന്ദന്റെ ശബ്ദം കേട്ടതും ദേവിക ഞെട്ടി തിരിഞ്ഞു നോക്കി…

അമ്മയോട് ഞാൻ ഹോസ്പിറ്റലിൽ പോയിന്നു പറഞ്ഞേക്ക്.. നന്ദൻ തിരിഞ്ഞു നടന്നു…

കോഫി എടുക്കട്ടേ ഏട്ടാ,,,,,, ദേവു പെട്ടന്ന് ചോദിച്ചു..

അവൻ പക്ഷെ അത് കേട്ടതായി പോലും ഭാവിച്ചില്ല……

അയ്യോ…. മോൻ കാലത്തെ പോയോ,,,, അപ്പോൾ ഇന്ന് മോൾടെ വീട്ടിൽ പോകണ്ടേ,,,, നന്ദൻ പോയന്ന് പറഞ്ഞപ്പോൾ സരസ്വതി അന്താളിച്ചു….

കുറച്ചു കഴിഞ്ഞിട്ട് ഞാൻ അവനെ വിളിക്കാം….. അവർ ദേവുട്ടിയോട് പറഞ്ഞു..

മോൾ വിഷമിക്കേണ്ട കേട്ടോ, ഇന്നലെ അവൻ പറഞ്ഞത് ഒന്നും കാര്യമാക്കേണ്ട കുട്ടി, കുഞ്ഞിലേ മുതൽ അവൻ ഇങ്ങനെ ആണ്,,,, പിടിവാശി കൂടുതലാണ്, കുറച്ചു കഴിഞ്ഞാൽ അതൊക്കെ അവൻ മറക്കും, അതുപോലെ ആണ് ഇതും… ആളൊരു പാവം ആണ് കുട്ടി…..സരസ്വതി സമാധാനവാക്കുകൾ ഒരുപാട് പറഞ്ഞെങ്കിലും ദേവൂട്ടിക്ക് അറിയാം നന്ദന് അവളെ കണ്ടുകൂടെന്നു….. അവനു അവളോട് വെറുപ്പ് ആണെന്ന്,

എങ്ങനെ എങ്കിലും വീടെത്തിയാൽ മതിയെന്ന് അവൾ ഓർത്തു… തന്റെ അച്ഛന്റെ അടുത്തേക്ക് ഓടി ചെല്ലാൻ അവളുടെ ഉള്ളം വെമ്പി.

ഈ വീട്ടിൽ ശ്വാസംമുട്ടി കഴിയുകയാണ് താൻ….. ഇങ്ങനെ തുടർന്നാൽ താൻ മരിച്ചു പോകും എന്ന് പോലും ദേവു ഓർത്തു.

പതിനൊന്നു മണി മുതൽ മാറി മാറി സരസ്വതിയും, ഗുപ്തൻ നായരും വിളിച്ചിട്ടും, നന്ദനോട് സംസാരിക്കുവാൻ അവർക്ക് കഴിഞ്ഞില്ല… അവൻ ബിസി ആണെന്ന് ഇടയ്ക്ക് ആരോ എടുത്തു അവർക്ക് മറുപടി നൽകി.

ഉച്ച ആയപ്പോൾ നന്ദന്റെ കാർ വന്നു നിന്നതും ഗുപ്തൻ നായരും സരസ്വതിയും എഴുനേറ്റു ഉമ്മറത്തേക്ക് ഇറങ്ങി ചെന്നു….

മോനേ നന്ദാ, നിന്നെ എത്ര നേരം ആയി വിളിക്കുന്നു, നീ എന്താ ഫോൺ എടുക്കാഞ്ഞത്…. ഞങ്ങൾ എത്രമാത്രം വിഷമിച്ചു.

അവൻ വണ്ടിയിൽ നിന്നിറങ്ങിയതും സരസ്വതി ചോദിച്ചു..

തിരക്കായിരുന്നു അമ്മേ,,,,,എമർജൻസി ഉണ്ടായിരുന്നു.. ആകെ മടുത്തു..

ദേവൂന്റെ വീട്ടിൽ പോകണ്ടേ മോനേ, അവർ ചോദിച്ചു

പോകാം അമ്മേ എന്ന് പറഞ്ഞുകൊണ്ട് അവൻ റൂമിലേക്ക് പോയി

നന്ദൻ റൂമിൽ എത്തിയപ്പോൾ ദേവൂട്ടി എല്ലാം പാക്ക് ചെയ്യുന്നതാണ് അവൻ കണ്ടത്..

കുളികഴിഞ്ഞു അവൻ ഇറങ്ങി വന്നപ്പോൾ അമ്മയിരുന്നു കരയുന്നു……

എന്ത് പറ്റി…… അമ്മ കരയുകയാണോ..എന്താ അമ്മയ്ക്ക്… നന്ദൻ അവർക്കരികിലേക്ക് വന്നു..

മോനേ….. ദേവൂട്ടി ഇവിടുന്നു പോകുകയാണ് എന്ന് പറയുവാ, ഇനി ഇങ്ങോട്ട് തിരികെ വരുന്നില്ലെന്ന്.. കണ്ടില്ലേ എല്ലാം പാക്ക് ചെയ്തു കഴിഞ്ഞു എന്റെ കുട്ടി….. ഇവളിവിടെ നിന്നു പോകുന്നത് എനിക്ക് ചിന്തിക്കാൻ പോലും കഴിയില്ല… അത്രക്ക് പ്രിയപ്പെട്ടവൾ ആണ് ഈ കുട്ടി സരസ്വതി അമ്മ വിതുമ്പി…

നന്ദനും പെട്ടന്നൊന്നു പകച്ചു… ഇത്ര പെട്ടന്നു ദേവു മടങ്ങാൻ തീരുമാനിക്കുമെന്ന് അവനും കരുതിയില്ല..

ഞാനും വരുന്നുണ്ട് നിങ്ങളുടെ കൂടെ തിരുവനതപുരത്തേക്ക് , ദേവുട്ടിയില്ലാതെ ഞാൻ ഇങ്ങോട്ട് തിരികെ വരില്ല എന്നും പറഞ്ഞു സരസ്വതി പുറത്തേക്ക് പോയി…

ദേവിക ഒന്നും മിണ്ടാതെ നിലത്തു മിഴികളൂന്നി നിന്നു..

നന്ദന്റെ കൂടെ നീ ഇവിടുന്നു ഇറങ്ങിയാൽ തിരിച്ചു കൊണ്ടുവരാനും ഈ എനിക്ക് അറിയാം…. അത്കൊണ്ട് വെറുതെ ഇവിടെയൊരു സീൻ ഉണ്ടാക്കേണ്ട… നന്ദൻ അതും പറഞ്ഞു നേരെ ഡ്രസിങ് റൂമിലേക്ക് പോയി…

ഞാൻ ഇന്നോളം എല്ലാവരെയും അനുസരിച്ചിട്ടേ ഒള്ളു, പക്ഷേ ഇന്ന് ഞാൻ നന്ദേട്ടൻ പറയുന്നത് കേൾക്കില്ല, കാരണം എനിക്ക് ഇനി ഇവിടെ തുടരാൻ കഴിയില്ല..ഏട്ടൻ എന്നോട് ക്ഷമിക്കണം.. ദേവുട്ടിയുടെ ശബ്ദം ആദ്യമായി കനത്തു

തുടരും….