Story written by Ammu Santhosh
====================
“ഇതാണ് പ്ലാൻ. മുകളിലെ നില നമുക്ക് പിന്നെ ചെയ്യാം. പക്ഷെ ഇതിന്റെ കൂടെ തന്നെ അപ്പ്രൂവൽ വാങ്ങിച്ചു വെച്ചേക്കാം “
ആനന്ദ് ക്ളയന്റിനോട് സംസാരിക്കുകയായിരുന്നു
സിവിൽ എഞ്ചിനീയർ ആണ് ആനന്ദ്
ഒരു പാട് തവണ ടെസ്റ്റ് ഓക്കേ എഴുതിയെങ്കിലും പല കാരണങ്ങൾ കൊണ്ട് ഗവണ്മെന്റ് ജോലി കിട്ടിയില്ല
ഒടുവിൽ ഒരു സ്ഥാപനം സ്വന്തം ആയിട്ട് തുടങ്ങിയതേയുള്ളു
തുടങ്ങി ഉടനെ തന്നെ വീട്ടുകാർ അവനെ കല്യാണവും കഴിപ്പിച്ചു
അവന് തീരെ താല്പര്യമില്ലായിരുന്നു. അത് പെൺകുട്ടിയെ ഇഷ്ടം അല്ലാഞ്ഞിട്ടല്ല. ഒന്ന് സെറ്റിൽ ആയിട്ട് മാത്രം മതി എന്നായിരുന്നു. ജാതകത്തിന്റെ പേര് പറഞ്ഞു അമ്മ അതങ്ങു നടത്തി
സത്യത്തിൽ പെൺകുട്ടിയുടെ പേര് ദിവ്യ എന്നാണെന്നും അവൾ ഒരു ബാങ്കുദ്യോഗസ്ഥ ആണെന്നും. അല്ലാതെ കൂടുതൽ ഒന്നും അറിയുകയുമില്ല. തിരക്കിയതുമില്ല
കണ്ടപ്പോ. ഇഷ്ടം ആയി. വീട്ടുകാർ നടത്തി
എങ്ങനെ എങ്കിലും സ്ഥാപനം ഒന്ന് മെച്ചപ്പെടുത്താൻ ഉള്ള ഓട്ടത്തിൽ ആയിരുന്നു അവൻ
മുന്നിൽ നിൽക്കുന്ന ക്ളയന്റ് പോയപ്പോ അവൻ സൈലന്റ് ആയിരുന്ന മൊബൈൽ എടുത്തു നോക്കി
പതിനാലു മിസ്സ്ഡ് കാൾ…
ദിവ്യ
അവന്റെ നെഞ്ചിൽ കൂടി ഒരു ഇടിമിന്നൽ പാഞ്ഞു പോയി
ദൈവമേ അച്ഛനോ അമ്മയ്ക്കൊ വല്ലോം പറ്റിയോ
അവൻ വേഗം തിരിച്ചു വിളിച്ചു
“ഹലോ ദിവ്യ?”
“ഹലോ. ആനന്ദ് ചേട്ടാ “
“എന്താ ദിവ്യ വിളിച്ചത്? പ്രോബ്ലം ഒന്നുമില്ലല്ലോ.”
“എന്ത് പ്രോബ്ലം. ചേട്ടൻ കഴിക്കാതെയല്ലേ പോയത്? കഴിച്ചോ എന്ന് ചോദിക്കാൻ വിളിച്ചത”
അവൻ വിശ്വാസം വരാതെ ഫോണിൽ നോക്കി
“ഈ പതിനാലു കാൾസും? “
“അതെ.. വിശന്നിരിക്കല്ലേ എന്ന് പറയാൻ വിളിച്ചതാട്ടോ കഴിച്ചോ?”
അവനുള്ളിൽ ഉയർന്നു വന്ന രോഷം കണ്ട്രോൾ ചെയ്തു
“ആ കഴിച്ചു “
വെറുതെ പറഞ്ഞതായിരുന്നു അവൻ
“ഉച്ചക്ക് എവിടെ നിന്ന കഴിക്കുക? നാളെ ഞാൻ ലഞ്ച് തന്നു വിടാം. ഹോട്ടൽ ഭക്ഷണം ഇനി വേണ്ട “
അവൻ തലയിൽ കൈ വെച്ചു പോയി
“ആയിക്കോട്ടേ “
കല്യാണം കഴിഞ്ഞു അഞ്ചു ദിവസം ആയേയുള്ളു. വെറുപ്പിക്കല്ലേ പെണ്ണെ എന്നുറക്കെ പറയാൻ തോന്നി അവന്
ഇവള് പൈങ്കിളി ആണല്ലോ
“അതെ ഇടക്ക് ഇങ്ങോട്ട് വിളിക്ക് ട്ടോ
സമയം കിട്ടിയ മെസ്സേജ് ഇടണേ “
“ആ ശരി “
അവൻ കാൾ കട്ട് ആക്കി
ജോലി തിരക്കിനിടയിൽ അവൻ പിന്നെ ഫോൺ നോക്കാൻ മറന്നു. തിരക്ക് ഒഴിഞ്ഞപ്പോ രാത്രി പത്തു മണി. ഓഫീസ് പൂട്ടി വീട്ടിൽ എത്തുമ്പോ വാതിൽക്കൽ ഉണ്ട് കക്ഷി
“എത്ര വിളിച്ചു.. ഫോൺ എടുത്തില്ലല്ലോ ഞാൻ പേടിച്ചു പോയി “
അമ്മ പുറകിൽ നിൽപ്പുണ്ട്
“ഞാൻ പറഞ്ഞതല്ലേ മോളെ അവൻ ഈ ഫോൺ ഉപയോഗം കുറവാ. ഞാൻ വിളിച്ചാ എന്നെയും വഴക്ക് പറയും “
“എന്നാലും ഇടക്ക് ഒരു തവണ ഒക്കെ വിളിക്കാം “
അവൻ ഒന്ന് ചിരിക്കുന്നതായി ഭാവിച്ചു
“കഴിക്കാൻ എടുത്തു വെയ്ക്കട്ടെ “
“ഞാൻ കുറച്ചു മുന്നേ തട്ടുകടയിൽ നിന്ന് രണ്ട് ദോശ കഴിച്ചു. ദിവ്യ കഴിച്ചില്ലേ?”
“ഇല്ല “
“ഇനി മുതൽ എന്നെ അങ്ങനെ കാത്തിരിക്കണ്ട. ഓഫീസിൽ നല്ല തിരക്കാ. നല്ല കോമ്പറ്റിഷൻ ഉള്ള ഫീൽഡ് ആണ്. ഞാൻ തുടങ്ങിയെ ഉള്ളു. അത് കൊണ്ട “
അവൾ ചിരിച്ചു
“അതിനെന്താ എനിക്ക് മനസിലാകും അതൊക്കെ…ഫ്രീ ടൈം കിട്ടിയ ഇടക്ക് വിളിച്ച മതി. ഞാൻ വിളിച്ചോളാം “
അവൻ തലയാട്ടി
കിടന്നതേ കണ്ണുകൾ അടഞ്ഞു പോകുകയും ചെയ്തു
ജോലി സമയത്തു സ്ഥിരമായി ദിവ്യയുടെ കാളുകൾ മെസ്സേജ്കൾ ഒക്കെ വരും. നല്ല ഫ്രീ ആണെങ്കി അവൻ എടുക്കും
പതിവ് കഴിച്ചോ..എപ്പോ വരും അത്തരം ചോദ്യങ്ങൾ തന്നെ ആവും
അവന് മടുപ്പ് തോന്നി
രാത്രി അവൻ ചെന്നിട്ടെ അവൾ ഉറങ്ങുകയുള്ളു
“ദിവ്യ കിടന്നോ കേട്ടോ..രാവിലെ ബാങ്കിൽ പോകാനുള്ളതല്ലേ എന്നെ കാത്തു ഇരുന്നു ഉറക്കം കളയണ്ട “
അന്ന് അവൾ അതിനു മറുപടി പറഞ്ഞില്ല. കാത്തിരിക്കുന്നത്തിനു മുടക്കം വരുത്തിയുമില്ല
അവന്റെ ബൈക്ക് ഗേറ്റ്ലെത്തുമ്പോ തന്നെ ഓടി ചെന്ന് ഗേറ്റ് തുറന്നു കൊടുക്കും. ദിവ്യയോട് കുറച്ചു നേരം സംസാരിക്കാൻ അവൻ ആഗ്രഹിച്ചിരുന്നു. പക്ഷെ സമയം കിട്ടുന്നില്ല
ഒരു ദിവസം അത് അവളോട് അവൻ പറഞ്ഞു
“അതിനെന്താ ആനന്ദ് ചേട്ടാ തിരക്ക് ഒഴിഞ്ഞു മതി “
അവന് ഒരു സമാധാനം തോന്നി
അന്ന് അവൻ വരുമ്പോ ഗേറ്റിൽ അവളില്ല. അവൻ തന്നെ ഗേറ്റ് തുറന്നു അകത്തു കയറി വണ്ടി വെച്ച് കാളിംഗ് ബെൽ അടിച്ചു
അമ്മയാണ് വാതിൽ തുറന്നത്
“ദിവ്യ എവിടെ”
“ദിവ്യയുടെ അച്ഛന്റെ അനിയത്തി മരിച്ചു പോയി..നിന്നെ വിളിച്ചിരുന്നു “
“നല്ല തിരക്ക് ആയിരുന്നു അമ്മേ ഞാൻ ഫോൺ നോക്കിയില്ല. അവർ എവിടെയാണ്?”
“ചെന്നൈ ആണ്. കുറെ നാളായി സുഖമില്ലാതെ കിടക്കുകയായിരുന്നു..കല്യാണം ഒന്നും കഴിച്ചിട്ടില്ല..”
“ഇവിടെ നിന്ന് ആരെങ്കിലും പോകണ്ടേ? ഞാൻ..നാളെ എനിക്കു ഒരു അർജെന്റ് മീറ്റിംഗ് ഉണ്ടായിരുന്നു “
“മോനെ അത്രേ ദൂരം എനിക്കു അച്ഛനും വയ്യ. ദിവ്യ ചെല്ലണ്ട എന്നും പറഞ്ഞു. നീ പക്ഷെ ഒന്ന് പോകണം “
അവൻ അവളെ വിളിച്ചു. കാൾ എടുക്കുന്നില്ല. ഉറക്കം ആയി കാണും. രാവിലെ വീണ്ടും വിളിച്ചു
“ആ ദിവ്യ സോറി ഞാൻ ഇന്നലെ ബിസി ആയി. ചടങ്ങ് കഴിഞ്ഞോ?”
“ഇന്നലെ തന്നെ കഴിഞ്ഞു. ഞങ്ങളു നാട്ടിലേക്ക് വന്നു കൊണ്ടിരിക്കുന്നു “
“ഞാൻ വരാമെന്ന് കരുതി..”
“അത് സാരോല്ല ഓഫീസിൽ നല്ല തിരക്കുള്ള സമയം അല്ലേ? ഞാൻ വൈകുന്നേരം. എത്തും “
ആനന്ദ് പെട്ടെന്ന് വല്ലാതായി. പരിഭവം ഇല്ല. പരാതി ഇല്ല. അവന് ഉള്ളിൽ എന്തോ ഒരു സങ്കടം വന്നു
അവളെ കൂട്ടിക്കൊണ്ട് വന്നാലോ എന്ന് തീരുമാനിച്ചതാണ്. ഓഫീസിൽ നിന്ന് ഫോൺ വന്നപ്പോ അവൻ പക്ഷെ എല്ലാം മറന്നു അങ്ങോട്ടേക്ക് പോയി
വൈകുന്നേരം വരുമ്പോൾ ദിവ്യ വീട്ടിൽ ഉണ്ട്
“സോറി ദിവ്യ എനിക്ക് വിളിക്കാൻ പറ്റിയില്ല “
അവൾ ഒന്ന് ചിരിച്ചു അത്ര തന്നെ
രാത്രി ദിവ്യ ഉറങ്ങുന്നത് നോക്കി കിടന്നു ആനന്ദ്. അവൻ അവളെ ഒരു പുതപ്പ് എടുത്തു നന്നായി പുതപ്പിച്ചു. നെറ്റിയിൽ വീണു കിടക്കുന്ന മുടി ഒതുക്കി വെച്ചു മൃദുവായി ചുണ്ട് അമർത്തി
“ഈ തിരക്ക് ഒന്ന് ഒതുങ്ങിക്കോട്ടെ. തരാനുള്ള സ്നേഹം ഇരട്ടി ആയിട്ട് തരാം ” അവൻ മന്ത്രിച്ചു
പിറ്റേന്ന് പതിവ് പോലെ ഓഫീസിൽ തിരക്ക് വന്നപ്പോൾ അവൻ ദിവ്യയെ മറന്നു. ഉച്ചക്ക് ഭക്ഷണം കഴിക്കാൻ ഇരുന്നപ്പോ അവൻ ഫോൺ നോക്കി. മിസ്സ്ഡ് കാൾ ഇല്ല. മെസ്സേജ് ഇല്ല. അവൾക്ക് ചിലപ്പോൾ തിരക്കാവും. എന്നാലും ഒരു കരട് വീണവന്റെ ഉള്ളിൽ
പിന്നെ മീറ്റിംഗ്കളിലേക്കു പോകുമ്പോഴും ആ കരട് ഉള്ളിൽ കിടന്നു
എന്താ വിളിക്കാഞ്ഞത്?
മെസ്സേജ് ഒന്നും അയയ്ക്കാഞ്ഞത്? “
വൈകുന്നേരം വരുമ്പോൾ പതിവ് പോലെ ദിവ്യ ഉണർന്നു കാത്തിരിക്കുന്നുണ്ട്. മൊബൈൽ നോക്കിയിരിക്കുന്നു
അവനെ കണ്ടു അവൾ എഴുന്നേറ്റു
“ഞാൻ കഴിച്ചില്ല. ഭക്ഷണം എടുത്തു വെയ്ക്കാമോ.?”
“പിന്നെന്താ “
ദിവ്യ ചിരിച്ചു കൊണ്ട് അടുക്കളയിലേക്ക് പോയി
അവൻ ഭക്ഷണം കഴിഞ്ഞു വരുമ്പോൾ അവൾ ഉറങ്ങിപ്പോകുകയും ചെയ്തു. പിന്നെ ദിവസങ്ങൾ മൂന്നാല് കടന്ന് പോയി
ദിവ്യ വിളിക്കാറില്ല. അവന്റെ മനസ്സിന്റെ ബാലൻസ് പോയി
എന്താ വിളിക്കാത്തത് ഇപ്പോൾ..
ചോദിക്കാൻ മടി തോന്നി
ആനന്ദ് ചേട്ടന് എന്നെ വിളിച്ചു കൂടെ എന്ന് ചോദിച്ച മറുപടി ഇല്ല
അന്ന് ഓഫീസിൽ ഇരിക്കുമ്പോ പഴയ സുഹൃത്ത് ഋഷി വന്നു
“കൊള്ളാല്ലോടാ ഓഫീസ്..”
ആനന്ദ് ചിരിച്ചതേയുള്ളു
“പ്രൊജക്റ്റ്സ് കിട്ടി തുടങ്ങിയോ?”
“കുഴപ്പമില്ല “
“ഫാമിലി ലൈഫ് എങ്ങനെ?”
“നന്നായി പോണെടാ “
“നിന്റെ മുഖത്ത് ഒരു തെളിച്ചമില്ലല്ലോ “
“ഹേയ് നിന്റെ വിശേഷം പറ. വൈഫ് എന്ത് പറയുന്നു?”
“ആർക്കറിയാം “
“ങേ?”
“ഞങ്ങളുടെ ഡിവോഴ്സ് കഴിഞ്ഞു. അവളുടെ കല്യാണവും കഴിഞ്ഞു. എക്സ് ബോയ് ഫ്രണ്ട്”
ആനന്ദിന്റെ കണ്ണുകൾ മിഴിഞ്ഞു. ഇവനെത്ര സിമ്പിൾ ആയിട്ടാണ് പറയുന്നത്
“എടാ നീ സീരിയസ് ആണോ?” ആനന്ദ് അവിശ്വസനീയതയോടെ ചോദിച്ചു പോയി
“അല്ല പിന്നെ. ഞാനും ഒരു റിലേഷനിലാണ്..കുറച്ചു കഴിഞ്ഞു കല്യാണം “
“എന്തോന്നെടാ ഇത് സിനിമയോ?”
“എടാ അവളുടെ ബ്രേക്ക് അപ്പിന്റെ സമയം ആണ് എന്റെ പ്രൊപോസൽ വന്നത്. അവൾ അവനോടുള്ള വാശിക്ക് എന്നെ കെട്ടി. അവൻ കരഞ്ഞു വിളിച്ചു മെസ്സേജ് ഇട്ടിട്ട് അവളുടെ മനസ്സ് മാറ്റി. ഫോൺ വിളിയായി മെസ്സേജ് ആയി. ഞാൻ കണ്ടു പിടിച്ചു. ഞാൻ പറഞ്ഞു പോകണേൽ പൊക്കോണം രണ്ടും കൂടെ പറ്റത്തില്ല.അവള് പോയി….ഹൊ പെണ്ണ് ഒരു സംഭവം ആണെടാ. എന്തൊരു ഒലിപ്പീരു ആയിരുന്നു. ദിവസം പത്തു തവണ വിളിക്കും. കഴിച്ചോ എപ്പോ വരും..അവൻ തിരിച്ചു വന്നേ പിന്നെ ങേഹേ മെസ്സേജ് ഇല്ല ഫോൺ ഇല്ല…ഞാൻ പൊട്ടൻ ആയത് കൊണ്ട് ആദ്യം അറിഞ്ഞില്ല കേട്ടോ. പിന്നെ ഒരു ദിവസം ടൗണിൽ വെച്ചു ഇവരെ കണ്ടു. എന്നിട്ടും അങ്ങോട്ട് വിശ്വാസം വന്നില്ല. പിന്നെ ഫോൺ ഒന്ന് ചെക്ക് ചെയ്തു. ദേ കിടക്കുന്നു മെസ്സേജ്, ചാറ്റ്..അന്ന് തന്നെ പറഞ്ഞു വീട്ടിൽ വിട്ടു…അല്ല പിന്നെ “
ആനന്ദ് വിളറി ചിരിച്ചു. അവന്റെ സമാധാനം പോയി
ഋഷി പോയി കഴിഞ്ഞവൻ ബൈക്ക് എടുത്തു. അവളുടെ ബാങ്കിലേക്ക് പോയതാണ്. ഒരു സൈക്കിൾകാരൻ വട്ടം ചാടി. ബോധം വരുമ്പോൾ ആശുപത്രിയിൽ…കരഞ്ഞു കലങ്ങിയ കണ്ണുകളോടെ അവൾ…അമ്മ…അച്ഛൻ…അവളുടെ വീട്ടുകാർ
“കൈക്ക് പൊട്ടലുണ്ട്..കാലിനു ചെറിയ ഒരു ഒടിവും “
അച്ഛൻ പറഞ്ഞു
അവന്റെ തിരക്കുകൾ അവസാനിച്ചു
രാവിലെ അവൾ പൊയ്ക്കഴിഞ്ഞാൽ അവൻ ജനാലയിലൂടെ നോക്കിയിരിക്കും. വൈകുന്നേരം അവളുടെ ബസ് കടന്ന് പോകുമ്പോ ഒരു തണുപ്പാണ്. ഗേറ്റ് കടന്ന് അവൾ നടന്നു വരുമ്പോൾ അവന്റെ മനസ്സ് നിറയും
പകൽ അവൻ വിളിക്കും. ഒരിക്കൽ അല്ല. കുറെ തവണ. മെസ്സേജ് അയയ്ക്കും. എല്ലാ കാളും അവൾ എടുക്കും. എല്ലാ മെസ്സേജ്നും റിപ്ലൈ ചെയ്യുകയും ചെയ്യും
വൈകുന്നേരം പതിവ് പോലെ അവൾ വരുന്നതും കാത്തിരുന്നു
ദിവ്യ വന്നു കുളിച്ചു വേഷം മാറി അവന്റെ അരികിൽ എത്തി അടുത്ത കസേരയിൽ ഇരുന്നു
ദിവ്യ പരിപ്പുവട കൊണ്ട് കൊടുത്തു
“കാന്റീനിലെയാ “
അവൾ അത് പൊട്ടിച്ചു കഷണങ്ങൾ ആക്കി
എന്നും എന്തെങ്കിലും വാങ്ങി വരും അവൾ. അവൻ ഒരിക്കൽ പോലും ചെയ്യാത്തതാണ് അത്. അവന് അത് തിന്നുമ്പോ ഉള്ളു നൊന്തു
“ദിവ്യാ?”
“ഉം “
“എന്റെ അടുത്തു വന്നിരിക്കാമോ?”
അവൾ എഴുന്നേറ്റു അരികിൽ ചെന്നിരുന്നു
“എന്നെ…എന്നോട്….സ്നേഹം ഉണ്ടോ ദിവ്യാ?”
ദിവ്യ അവന്റെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു
“ഞാൻ നിന്റെ ഫോൺ കാളുകൾ മെസ്സേജ് കൾ ഒക്കെ അവഗണിച്ചിട്ടുണ്ട്.പക്ഷെ അതൊരിക്കലും ഇഷ്ടം അല്ലാഞ്ഞിട്ടല്ല. എന്റെ നിവൃത്തികേട്…അങ്ങനെയ ഞാൻ കരുതി പോരുന്നത്.ഇപ്പോൾ ഒന്നും ചെയ്യാനില്ലാതെ നീ വരുന്നതും കാത്ത് ഇവിടെ കിടക്കുമ്പോ എനിക്ക് അറിയാം അത്. നിവൃത്തികേടായിരുന്നില്ല. എന്റെ അഹങ്കാരം ആയിരുന്നു എന്ന്..ക്ഷമിക്കണം “
ദിവ്യ പുഞ്ചിരിച്ചു
“എന്താ പറ്റിയെ ആനന്ദ് ചേട്ടന് “
‘നീ കുറച്ചു ദിവസം ആയിട്ട് എന്നെ വിളിക്കാറില്ല. മെസ്സേജ് അയയ്ക്കാറില്ല..എന്നെ ഇഷ്ടം അല്ലാതായി എന്ന് തോന്നി എനിക്ക് “
ദിവ്യയുടെ കണ്ണുകൾ മെല്ലെ നിറഞ്ഞു
“ഞാൻ കരുതിയത് ആനന്ദ് ചേട്ടന് എന്നെ ഇഷ്ടം അല്ലാഞ്ഞിട്ടാവും എന്റെ കാൾസ് എടുക്കാത്തത് എന്നാണ്…അതാണ് ഞാൻ ശല്യം ചെയ്യാഞ്ഞത് പിന്നെ..”
ആനന്ദ് ആ കൈകൾ എടുത്തു കണ്ണുകൾക്ക് മുകളിൽ വെച്ചു
“നീ എന്റെ ഭാര്യയല്ലെടി..എനിക്ക് ഇഷ്ടമില്ലാതെ വരുമോ നിന്നെ?”
“വേറെ സ്നേഹം ഉണ്ടായിരുന്നു എന്ന് തോന്നി എനിക്ക് “
ദിവ്യ മെല്ലെ പറഞ്ഞു
ആനന്ദ് ഞെട്ടി നോക്കി
“എന്റെ ഓഫീസിൽ ഒരു പൂർണിമ ഉണ്ട്. അവളുടെ ഭർത്താവിന് അവൾ വിളിക്കുന്നത് മെസ്സേജ് അയയ്ക്കുന്നത് ഒക്കെ ഇറിട്ടേഷൻ ആയിരുന്നു. ഭയങ്കര ദേഷ്യം അയാൾക്ക്..പിന്നെ മനസിലായി
അയാൾക്ക് വേറെ റിലേഷൻ ഉണ്ട്. അവർ ഇപ്പോൾ ഡിവോഴ്സ് ആയി. ഒരു ദിവസം ഈ കഥ ഒക്കെ കേട്ടപ്പോ എനിക്ക് തോന്നി ഞാനും വിളിക്കുന്നത്..”
അവൻ ആ വാ പൊത്തി
“മറ്റുള്ളവരുടെ ജീവിതങ്ങൾ വെച്ചു നമ്മുടെ ജീവിതമളക്കണ്ട ദിവ്യ. നിന്നെ ഇഷ്ടം ആയത് കൊണ്ടാണ് കല്യാണം കഴിച്ചത്. പക്ഷെ ഓഫീസിൽ തിരക്ക്..അത് കൊണ്ട് കുറച്ചങ്ങനെ പോയി അപ്പൊ ദൈവം വിചാരിച്ചു ഇനിയിവൻ കുറച്ചു റസ്റ്റ് എടുക്കട്ടെ എന്ന് “
ദിവ്യ ആ നെഞ്ചിൽ മുഖം ചേർത്ത് കിടന്നു. അവളുടെ ഉടലിന്റെ ചൂട് അവനിലേക്ക് പടർന്നു
അവളുടെ ഗന്ധം…
അവളുടെ മൃദുവായ ഉടലിന്റെ ഭംഗി…
അവൻ ഇടതു കൈ കൊണ്ട് അവളെ തന്നോട് അടക്കി പിടിച്ചു ചുംബിച്ചു
“ഞാവൽ പ്പഴം പഴുക്കുമ്പോ കാക്കയ്ക്ക് വായ് പുണ്ണ് എന്ന് പറഞ്ഞത് പോലെയായി “
“എന്ന് വെച്ചാ?”
ദിവ്യയുടെ നിഷ്കളങ്കതയിലേക്ക് നോക്കുമ്പോ അരുതാത്തത് ഒന്നും നാവിൽ വന്നില്ല ആനന്ദിന്
“ഒരുമ്മ തരാമോ?”
ദിവ്യയുടെ മുഖം നാണം കൊണ്ട് ചുവന്നു. അവൾ തെല്ലു ഉയർന്ന കവിളിൽ അമർത്തി ചുംബിച്ചു
“താങ്ക്സ് കൊച്ചേ. ഇനി കയ്യും കാലുമൊക്കെ ശരിയായിട്ട് മതി “
ദിവ്യ പൊട്ടിച്ചിരിച്ചു.
അവൻ ആ ചിരിയുടെ ഭംഗിയിലേക്ക് നോക്കിയിരുന്നു
ഏറെ നേരം…
സ്വന്തം അഹങ്കാരം കൊണ്ട് നഷ്ടമാക്കുന്ന സുന്ദര നിമിഷങ്ങൾക്ക് ദൈവം നല്ല യമണ്ടൻ പണി തരും
ദേ ഇങ്ങനെ…..
അപ്പൊ പിന്നേ അനുഭവിക്കുക തന്നെ…