പ്രണയ പർവങ്ങൾ – ഭാഗം 59, എഴുത്ത്: അമ്മു സന്തോഷ്

സാറ പാല് കൊടുത്തിട്ട് വരുമ്പോൾ മുകളിൽ നോക്കി. ഇല്ല. പക്ഷെ ബുള്ളറ്റ് ഉണ്ട്. അവളുടെ ഉള്ളിൽ ഒരു തണുപ്പ് വീണു. ആള് വന്നിട്ടുണ്ട്. റോഡിൽ ഇറങ്ങിയതും ആള് മുന്നിൽ

അവൾ മുഖം വീർപ്പിച്ചു

“ച- ട്ടമ്പി “

അവൻ ചിരിച്ചു കൊണ്ട് ആ സൈക്കിളിൽ പിടിച്ചു

“വ- ഴക്കാളി, താ- ന്തോന്നി..”

അവൻ ആ കയ്യുടെ പുറത്ത് കൈ വെച്ചു. സാറയുടെ ശബ്ദം പെട്ടെന്ന് അടച്ചു. മുഖം ചുവന്നു തുടുത്തു

“വിളിക്കടി എന്താ നിർത്തിയത്?”

അവൾ ഉമിനീർ ഇറക്കി. അവൻ മെല്ലെ കൈ ഒന്ന് അമർത്തി

“വിളിച്ചേ എന്റെ പൊന്ന് ” സാറ ദയനീയമായി ഒന്ന് നോക്കി

അവൻ അടുത്ത് വന്നു മുഖത്ത് പതിയെ ഒന്ന് ഊതി

“വിളിക്ക്…”

സാറയുടെ മുഖം രക്തനിറമായി

“പെണ്ണിന്റ ഗ്യാസ് പോയി.. ഇത്രേ ഉള്ളു നീ?”

അവൾ വിയർക്കുന്നതവൻ കണ്ടു

“ഒരുമ്മ വേണമല്ലോ സാറക്കൊച്ചേ “

അവൾ കുനിഞ്ഞു നിന്നേയുള്ളു

“ശെടാ..ഒരു കുഞ്ഞി ഉമ്മ മതി. വൈകിട്ട് പള്ളിയിൽ വരട്ടോ..കുളിച്ചു സുന്ദരിക്കുട്ടിയായിട്ട് വരണം. കണ്ണെഴുതി പൊട്ട് തൊട്ട് തരാം “

അവൾ മെല്ലെ ചിരിച്ചു. അവൻ കൈ എടുത്തു പിന്നോട്ട് മാറി

“പോടാ തെ- മ്മാടി “

അങ്ങനെ പറഞ്ഞിട്ട് അവൾ സൈക്കിളിൽ കയറി പാഞ്ഞു പോയി. അവൻ പൊട്ടിച്ചിരിച്ചു കൊണ്ട് തിരിഞ്ഞു നോക്കിയത് സിന്ധുവിന്റെ മുഖത്തേക്ക്….അവൻ ഒന്ന് വിളറി

“പാല് തന്നിട്ട് കുപ്പി വാങ്ങിച്ചില്ല “

അവൻ എന്തോ ഒരു ശബ്ദം ഉണ്ടാക്കി
മെല്ലെ തിരിച്ചു നടന്നു

“അതേയ് വൈകുന്നേരം പള്ളിയിൽ പോകുമ്പോൾ ഈ കുപ്പി അങ്ങ് കൊടുത്തേക്ക് “

സിന്ധുവിന്റെ മുഖത്ത് കള്ളച്ചിരി. ചാർലി വിളറി

“കേട്ടല്ലെ?”

“മൊത്തം കേട്ടു..എത്ര നാളായി ഇത് തുടങ്ങിയിട്ട്?”

“ഒമ്പത് മാസം “

“അപ്പൊ. പ്രസവിക്കാറായി “

സിന്ധു ചിരിച്ചു

“എന്റെ പൊന്ന് ചേച്ചി ഓടി പോയി. അമ്മച്ചിയോട് പറയരുത്.. പ്ലീസ്.”

“എന്താ ഉദ്ദേശം?”

“സത്യമായിട്ടും കെട്ടും.അവളുടെ ചേച്ചിയുടെ കല്യാണം കഴിഞ്ഞു കെട്ട്..അപ്പന് അറിയാം. അമ്മ ഇച്ചിരി കൂടി കഴിഞ്ഞു അറിഞ്ഞ മതി “

“അതെന്താ കൊച്ചേ അങ്ങനെ? അമ്മ അറിഞ്ഞ എന്താ?”

“ഒന്നുല്ല.പെട്ടെന്ന് ഒരു..വല്ലായ്മ അപ്പ പറഞ്ഞു അറിയട്ടെ. അത് മതി “

“ആ കൊച്ചു ഒരു പാവമാ കേട്ടോ. ഇതിന്റെ ചട്ടമ്പിതരമൊന്നും അതിനോട് കാണിക്കരുത് “

“ശേ നോ നോ.”

സിന്ധു വീട്ടിലേക്ക് നടന്നു പോയി

“അതേയ് ന്യൂസ്‌ പേപ്പറിൽ കൊടുക്കുന്ന പോലെ ആവരുത്..”

“നോക്കട്ട് ചിലവുണ്ട് “

സിന്ധു ഉറക്കെ വിളിച്ചു പറഞ്ഞു

അവൻ ഒന്ന് ചിരിച്ചു

പള്ളിയിൽ പ്രാർത്ഥിക്കുമ്പോൾ താൻ കാരണം അവൾക്ക്. സങ്കടങ്ങൾ ഒന്നും ഉണ്ടാകരുതേ എന്ന് മാത്രം അവൻ പ്രാർത്ഥിച്ചു. പ്രാർത്ഥന കഴിഞ്ഞു എഴുനേറ്റു വിരലിൽ വിരൽ കോർത്തു അവൾ പള്ളിയിൽ നിന്ന് പുറത്തിറങ്ങി. തണൽ തരുന്ന വാകമരത്തിന്റെ വേരുകളിൽ ഇരുന്നു. നല്ല ഉയരത്തിലാണ് പള്ളി. ചുറ്റുപാടും മുഴുവൻ കാണാൻ നല്ല ഭംഗിയാണ്

സാറയെ അവൻ തന്റെ തോളിലേക്ക് ചായ്ച്ചു. പിന്നെ മനോഹരം ആയ കണ്ണുകളിൽ മഷിയെഴുതി കൊടുത്തു. നെറ്റിയിൽ കുഞ്ഞി ഒരു പൊട്ട്. സാറ ആ കണ്ണുകളിലേക്ക് നോക്കി. അവൻ ചുറ്റുമോന്ന് നോക്കിയിട്ട് കവിളിൽ അമർത്തി ഒരു ഉമ്മ കൊടുത്തു

“ആ ഭാഗമങ്ങ് ചുവന്നു ” അവൻ മന്ത്രിച്ചു

അവൾ പുഞ്ചിരിച്ചു. പിന്നെ കൈകൾ എടുത്തു മടിയിൽ വെച്ചു. വെറുതെ ദൂരേക്ക് നോക്കിയിരുന്നു

“നാളെ പുതിയ അപ്പോയ്ന്റ്മെന്റ്സ് നടക്കും. നീ രാവിലെ എത്താൻ മറക്കരുത്. ഡോക്യുമെന്റ്സ് എല്ലാം എടുക്കണം. സ്കൂൾ കെട്ടിടം എന്റെ പേരിലാണെന്നെ ഉള്ളു. അഡ്മിനിസ്ട്രേറ്റീവ് ബോഡിയിൽ അപ്പ, ആന്റണി സർ, അദേഹത്തിന്റെ മകൻ ജെയിംസ്, പിന്നെ സുമലത എന്നൊരു ടീച്ചർ. റിട്ടയർ ആകാറായി. സ്കൂൾ തുടങ്ങിയ കാലം മുതൽ ഉള്ളതാ. ഇത്രയും പേരുണ്ട്. ഇന്റർവ്യൂ ഉണ്ടാകും. ഡെമോ ക്ലാസ്സ്‌ അതുമുണ്ടാകും. പെർഫോമൻസ് നല്ലതാണെങ്കിൽ എടുക്കും “

അവൾ തലയാട്ടി

“വേറെയും ആപ്ലിക്കേഷൻസ് ഉണ്ട്. എന്റെ കൊച്ച് ഒന്ന് prepare ചെയ്തു വന്നോ “

“ശരി “

“നീ മാത്രം ആയിരിക്കും ഫ്രഷ് ഹാൻഡ്. ബാക്കിയുള്ള ആൾക്കാർ എക്സ്പീരിയൻസ് ഉള്ളവരാ..”

“ഉവ്വോ?”

“അതെ. പക്ഷെ അത് സാരമില്ല. നന്നായി ജോലി ചെയ്യുക. അത്ര തന്നെ “

അവൾ ചിരിച്ചു “ഭാവിയിൽ അതിന്റെ മുഴുവൻ കാര്യങ്ങളും നോക്കേണ്ട ആളാണ് നീ “

അവൾ കണ്ണ് മിഴിച്ചു

“എന്റെ ഭാര്യ ആകുമ്പോൾ..”

അവൾ കുസൃതിയിൽ ചിരിച്ചു കൊണ്ട് കുനിഞ്ഞിരുന്നു

“ഇന്നെന്താ മിണ്ടാട്ടം കുറവാണല്ലോ.”

“ഇച്ചാ..?”

“ഉം “

“എനിക്കു ചിലപ്പോൾ ഇങ്ങനെ വെറുതെ ഇരിക്കാൻ തോന്നും. അസ്തമയസൂര്യന്റെ ചുവപ്പ് കാണുമ്പോൾ ഉള്ളിലെന്തോ സങ്കടം നിറയുന്ന പോലെ..പക്ഷെ ആ ഭംഗി കാണുമ്പോൾ നോക്കിയിരിക്കാൻ തോന്നും. എന്റെ ഇച്ചന്റെ കൂടെ ഇങ്ങനെ ഇരിക്കുമ്പോൾ മിണ്ടണ്ട..ഹൃദയം മിണ്ടിക്കൊള്ളും. നമ്മൾ ഇനിയൊരിക്കലും പിരിയില്ല ഇച്ചാ.. കഴിഞ്ഞ ജന്മം ഉണ്ടോന്ന് എനിക്ക് അറിഞ്ഞൂടാ. ഉണ്ടായിരുന്നു എങ്കിൽ ഇത് പോലെ. തന്നെ ആയിരുന്നു നമ്മൾ..എന്റെ ഇച്ചാൻ ഞാൻ..നമ്മുടെ പ്രണയം ഇത് പോലെ തന്നെ…”

അവൻ അത് കേട്ടിരുന്നു

“മരണത്തിനു പോലും പിരിക്കാനാവില്ല ഇച്ചാ നമ്മളെ “

അവൾ മുഖം തിരിച്ചു ആ കവിളിൽ ചുണ്ട് ചേർത്ത് വെച്ചു

“ഞാൻ മരിച്ചാൽ ഇച്ചാൻ എന്റെ കൂടെ പോരണേ..തിരിച്ചു സംഭവിച്ച ഞാനും..ആ- ത്മഹത്യ പാപമാ. പക്ഷെ ഒറ്റയ്ക്ക് നമുക്ക് ജീവിക്കണ്ട..എത്ര വയസ്സായാലും നമുക്ക് ഒറ്റയ്ക്ക് ജീവിക്കണ്ട കേട്ടോ ഇച്ചാ.”

അവൻ നിറഞ്ഞ കണ്ണുകൾ മറയ്ക്കാൻ അവളുടെ തോളിൽ മുഖം അമർത്തി

“എനിക്ക് എന്തിഷ്ടാണെന്നോ എന്റെ ഇച്ചായനെ “

അവൾ വിരലുകൾ ആ തലമുടിയിൽ മെല്ലെ തലോടി

“ജീവനേക്കാൾ ഇഷ്ടാ..” സാറ പുഞ്ചിരിച്ചു. അവൻ അവളെ ചേർത്ത് പിടിച്ചു കൊണ്ട് അങ്ങനെ ഇരുന്നു

രാത്രി ആയപ്പോൾ എഴുന്നേറ്റു

“ഈ പള്ളിയും പള്ളി മുറ്റവും..ഒക്കെ നമ്മുടെ സ്നേഹത്തിന് സാക്ഷിയ..നമുക്ക് മക്കൾ ഉണ്ടാവുമ്പോ അവരോടു പറയാൻ എന്തെല്ലാം കാര്യങ്ങളാണ് നമുക്ക്?”

അവൾ പടിയിറങ്ങി പോരുമ്പോൾ പറഞ്ഞു

“ഞാൻ പോട്ടെ “

“എനിക്ക് ഇപ്പൊ കാണാതിരിക്കാൻ പറ്റുന്നില്ലടി. ഈ രാത്രി ഉറങ്ങാനും വയ്യ. ഒരു മാതിരി. ഞാൻ കുറെ വരയ്ക്കും നിന്നെ. എന്റെ മുറിയിൽ ഒരു അലമാര ഉണ്ട്. അതിൽ നിറയെ നിന്റെ ചിത്രങ്ങൾ ആണ്..രാത്രി ഉറക്കം ഇല്ലാത് വരച്ചു കൂട്ടുന്നത് “

“ആരെങ്കിലും കണ്ടാലോ.?”

“ഹേയ് അതിന്റെ താക്കോൽ എന്റെ ബുള്ളറ്റിന്റെ കൂടെയാ. ആർക്കും കിട്ടില്ല. പിന്നെ ഒരു കാര്യം പറയാൻ മറന്ന് പോയി. ചേട്ടനോടും ചേച്ചിയോടും ഞാൻ ഇന്നലെ പറഞ്ഞു കുറച്ചു സീരിയസ് ആയിട്ട്. അവർ വരാൻ ഇരിക്കുവാ. ഞാൻ നിന്റെ ചേച്ചിയുടെ കെട്ട് കഴിഞ്ഞു മതി എന്ന് പറഞ്ഞു. പേര് ഞാൻ പറഞ്ഞില്ല. എനിക്ക് എന്റെ ചേട്ടനെ പൂർണ വിശ്വാസം ആയിട്ടില്ല. കുഴപ്പമില്ലന്ന് തോന്നുന്നു. പക്ഷെ സമ്മതിച്ചു. അത് ആശ്വാസം. ഇനി അമ്മ? എന്റെ ദൈവമേ അപ്പ പറഞ്ഞു കാണുമോ ആവോ അറീല..പറയണം. നിന്റെ ചേച്ചിയുടെ കല്യാണം ഇല്ലായിരുന്നു എങ്കിൽ ഇപ്പൊ കെട്ട് നടന്നേനെ “

“അത് ഉടനെ ഉണ്ടല്ലോ. പറഞ്ഞു വെയ്ക്ക് ഇച്ചായാ. കല്യാണം പതുക്കെ മതി “

അത് നല്ല ഒരു ഐഡിയ ആണെന്ന് അവനും തോന്നി

“പറഞ്ഞു വെയ്ക്കാം. ഞാൻ അപ്പയോട് സംസാരിച്ചു നോക്കട്ട് “

അവൾ പുഞ്ചിരിച്ചു

“പിന്നെ സമാധാനം ആയിട്ട് ഇച്ചാൻ വിളിക്കുമ്പോ എനിക്ക് വരാം “

അവന്റെ ചുണ്ടിൽ ഒരു ചിരി വന്നു

“പിന്നെ എവിടെ വേണേലും വരുവോ?”

“അയ്യടാ.പോടാ..”

അവൻ ചുറ്റും ഒന്ന് നോക്കി. ആ കഴുത്തിൽ ഒരുമ്മ കൊടുത്തു. കുളിർന്നു പോയി സാറ

“പോവാ ട്ടോ “

അവൾ നടന്നു പോകുമ്പോൾ ഹൃദയം പറിഞ്ഞു പോകുന്ന പോലെ തോന്നിയവന്..

തുടരും….