“ഷെല്ലി ആരാണ്?”
ഷെല്ലി പെട്ടെന്ന് ഞെട്ടിയുണർന്നു. കസേരയിൽ ഇരുന്ന് ഒന്ന് മയങ്ങി പോയിരുന്നു അയാൾ. നഴ്സ് ഒന്നുടെ വിളിച്ചു
“ചാർളിയുടെ ബൈ സ്റ്റാൻഡേർ ” ഷെല്ലി ചാടിയെഴുനേറ്റു
“ഡോക്ടർ വിളിക്കുന്നു “
അയാൾ വേഗം ഡോക്ടറുടെ മുറിയിലേക്ക് ചെന്നു. ആ മുറിയിൽ മൂന്നാല് ഡോക്ടർമാർ ഉണ്ടായിരുന്നു
“ഇരിക്ക് ഷെല്ലി “
എല്ലാവരുടെയും മുഖത്ത് ഗൗരവം
“ഷെല്ലി ബ്രദർ ആണ്?”
“യെസ് “
“എന്ത് ചെയ്യുന്നു?”
“ബിസിനസ് ആണ് “
“ഓക്കേ..ചില കാര്യങ്ങൾ പറയാൻ ഞങ്ങൾ ഡോക്ടർമാർക്ക് പോലും ബുദ്ധിമുട്ട് ആണ് ഷെല്ലി “
ഷെല്ലിയുടെ നെഞ്ചിടിച്ചു
“ഈ ആക്സിഡന്റ്ൽ ഒറ്റ മുറിവേയുള്ളു. അത് പേടിക്കണ്ട എന്നാണ് ഞങ്ങളും കരുതിയത്. പക്ഷെ അത് സംഭവിച്ചിരിക്കുന്നത് ബ്രെയിനിന്റെ വലതു സൈഡിൽ ആണ്. അതായത് നമ്മുടെ ഓർമ്മകൾ സൂക്ഷിച്ചു വെച്ചിരിക്കുന്ന ഇടത്താണ് ആ ആഘാതം ഏറ്റിരിക്കുന്നത്. അതിശക്തമായ എന്തോ ഒന്ന് തലയ്ക്കു കൊണ്ടിട്ടുണ്ട്. വീഴ്ചയിൽ എവിടെ എങ്കിലും അടിച്ചതാകും.”
“അത് കൊണ്ട്?” ഷെല്ലിയുടെ ശബ്ദം വിറച്ചു
“അത് കൊണ്ട്..കുറച്ചു ഗൗരവം ഉള്ള കാര്യമാണ് ഷെല്ലി. ഇപ്പൊ ചാർലി കോമ സ്റ്റേജിൽ ആണ്. പക്ഷെ ഒരു കോമ സ്റ്റേജിലേക്ക് പോകാൻ മാത്രം ആ മുറിവ് അത്ര ആഴവുമില്ല. എന്താണെന്ന് ഞങ്ങൾക്കും ഇപ്പൊ പൂർണമായ ഒരു അറിവില്ല. കൂടുതൽ സ്കാൻ കൂടുതൽ ടെസ്റ്സ് ഒക്കെ വേണം. പ്രഗത്ഭരായ ഡോക്ടർമാർ ഉണ്ട്. പേടിക്കണ്ട. ജീവന് ഒരു അപകടവുമില്ല. പക്ഷെ..”
ഷെല്ലി പൊട്ടിക്കരഞ്ഞു കൊണ്ട് മേശയിൽ മുഖം അമർത്തി. അയാളെ ഒരു വിധം സമാധാനിപ്പിച്ചു മുറിയിലേക്ക് വിട്ടു അവർ.
സാറ അയാളുടെ അടുത്തേക്ക് ഓടി ചെന്നു
“എന്റെ മോളെ നിന്റെ വിധി ഇതായിപ്പോയല്ലോ ” ഷെല്ലി ഉറക്കെ കരഞ്ഞു കൊണ്ട് കസേരയിൽ ഇരുന്നു
സാറ ഭയത്തോടെ പിന്നിലേക്ക് മാറി. സ്റ്റാൻലി നിലവിളി കേട്ട് ഓടി വന്നു
“അപ്പാ നമ്മുടെ കൊച്ച് കോമയിൽ ആയി അപ്പാ..അവൻ..അവൻ “
സാറയുടെ കണ്ണിൽ ഇരുട്ട് കയറി. അവൾ നിലത്തേക്ക് ഇരുന്നു
എന്റെ ദൈവമേ എന്താ കേട്ടത്? കോമ?
അവൾ വിറയ്ക്കുന്ന ശരീരം ഒതുക്കി പിടിച്ചു മുട്ടുകളിൽ തല ചേർത്ത് വേച്ചു. ഒരു കൂട്ടക്കരച്ചിൽ കേട്ടത് പോലെ. എല്ലാവരും ഉണ്ട്
മുറിയുടെ വാതിൽ ആരോ ചെന്നു അടച്ചു കളഞ്ഞു. ആർക്കും ആരെയും ആശ്വസിപ്പിക്കാൻ വയ്യ. എന്ത് പറഞ്ഞ്. എങ്ങനെ പറഞ്ഞ്…എല്ലാവരും വിദ്യാഭ്യാസമുള്ളവരാണ്. കാര്യങ്ങൾ അറിയാവുന്നവർ. ആരോടും കള്ളം പറയാൻ പറ്റില്ല
അമ്മച്ചിയെ ബിപി കൂടി ബോധം കെട്ട് വാർഡിലേക്ക് മാറ്റി. അപ്പൻ കിടക്കുകയാണ്. ഇടക്ക് ദീർഘശ്വാസം എടുക്കുന്നുണ്ട്. കണ്ണീർ ചെന്നിയിലൂടെ ഒഴുകുന്നു
ചേട്ടന്മാരുടെയും ചേച്ചിമാരുടെയും അവസ്ഥ വ്യത്യസ്ഥമല്ല. എല്ലാവരും കരഞ്ഞു തളർന്നു
സാറയ്ക്ക് കണ്ണീർ വറ്റിപ്പോയി. അവൾ നിശ്ചലമായ മിഴികൾ തുറന്നങ്ങനെ ഇരുന്നു. പ്രാർത്ഥിക്കാൻ അവൾക്ക് തോന്നിയില്ല. ഇത്രയും നാൾ പ്രാർത്ഥിച്ചതൊക്കെ ആർക്ക് വേണ്ടിയാണോ ആ ആള് ആണ് ഇപ്പൊ ഇങ്ങനെ. ഇനി പ്രാർത്ഥന ഇല്ല. ഒപ്പം പോകാൻ തയ്യാറെടുത്താൽ മാത്രം മതി. പറഞ്ഞിട്ടുണ്ട്….ഒരാൾ ഒരാളെ ഒറ്റയ്ക്ക് ആക്കരുത് എന്ന്
ഇച്ചാ…എന്റെ ഇച്ചാ അവൾ കരഞ്ഞു കൊണ്ടിരുന്നു
പിറ്റേന്ന്…അതിന്റെ പിറ്റേന്ന്….
ദിവസങ്ങൾ…
ആഴ്ചകൾ…
മാസങ്ങൾ….
കടന്ന് പോകുകയാണ്
ക്രിസ്റ്റിയും ഷെറിയും തിരിച്ചു പോയി. വിജയും ജെറിയും തിരിച്ചു പോയി. ഷെല്ലി പോയും വന്നും നിൽക്കും. സ്റ്റാൻലി ഉണ്ട്
എന്നും മാറാതെ അവൾ മാത്രം. സ്കൂളിൽ പഠിപ്പിക്കാൻ ഉള്ള മനസ്സ് എനിക്കിപ്പോ ഇല്ല അപ്പാ ഒരു ദിവസം അവൾ പൊട്ടിക്കരഞ്ഞു
സ്റ്റാൻലി അവളെ സമാധാനിപ്പിച്ചു
അവൾക്ക് എപ്പോ തോന്നുന്നു അപ്പൊ വന്ന മതി എന്ന് പറഞ്ഞു. അവൾക്ക് അവിടെ ഒരു മുറിയുണ്ട്. അവൾ വീട്ടിൽ പോകില്ല. ആ സമയം കണ്ണ് തുറന്നാൽ. ആദ്യം തന്നെ ആണ് ചോദിക്കുക. അത് അവൾക്ക് ഉറപ്പാണ്. മറ്റാരെ അവൻ തിരക്കുന്നതിലും മുന്നേ തന്നെ തിരക്കും. അപ്പൊ ഇവിടെ വേണം. അവൾ പിന്നെ പള്ളിയിൽ പോയിട്ടില്ല. പ്രാർത്ഥന ഒക്കെ നിർത്തി വെച്ചു. അതിരാവിലെ ഉണരും. ഉറക്കം ഇല്ല എന്ന് തന്നെ പറയാം. പേരിനു ഉറങ്ങും. അല്ല മയക്കം
വെളുപ്പിന് ഉണർന്നു കുളിച്ചു വേഷം മാറി അവിടെ അവന്റെ മുറിയിൽ ചെന്നു ഒരു കസേരയിൽ ഇരിക്കും
അവന് ഹോസ്പിറ്റലിൽ ഒരു മുറി പ്രത്യേകമായി സെറ്റ് ചെയ്തു. കൂടാതെ അവന് മാത്രം ആയി രണ്ടു നേഴ്സ് മാർ. ഡോക്ടർമാർ സദാസമയവും അവിടെ വന്നു പോകും. അവിടെ ഒരു കോണിൽ കസേരയിൽ അവൾ ഉണ്ടാകും
അവൻ ഉറങ്ങുന്ന പോലെ ആണ് തോന്നുക. എല്ലാം നോർമൽ ആണ്. സാധാരണ ഒരു മനുഷ്യന്റെ ആരോഗ്യം അവനുണ്ട്. ബോധമില്ല. ശരീരതിന്റെ ഏതെങ്കിലും ഒരു ഭാഗം അനങ്ങിയാൽ പ്രതീക്ഷ ഉണ്ട്. നേഴ്സ്മാർ ഭക്ഷണം കഴിക്കാൻ പോകുമ്പോൾ സാറയാണ് അടുത്തിരിക്കുക. സാറ അടുത്തിരുന്നു വെറുതെ സംസാരിക്കും ചിലപ്പോൾ. ആ ദേഹത്ത് തൊടും. കവിളിൽ ഉമ്മ കൊടുക്കും. കണ്ണീരോടെ ആ കാല് പിടിക്കും
എന്റെ ഇച്ചാ ഞാൻ തകർന്ന് പോയി ഇച്ചാ…ആൾക്കാർ ചിലരെങ്കിലും അവളെ കുറ്റപ്പെടുത്തി
ആ പെണ്ണിന്റെ ഐശ്വര്യത്തിന്റെ കൂടുതൽ…കല്യാണം നടക്കും മുന്നേ ചെറുക്കന്റെ അവസ്ഥ കണ്ടോ…ഇക്കണക്കിനു കല്യാണം നടന്നിരുന്നെങ്കിൽ അവൻ ഭൂമിയിൽ കാണത്തില്ലായിരുന്നു….
ഇതാ പറയുന്നേ വന്നു കേറുന്ന പെണ്ണിന്റെ യോഗം എന്ന്
അങ്ങനെ ഒരു പാട് അവൾ കേട്ടു
കാണാൻ വന്ന ബന്ധുക്കൾ ശത്രുവിനെ പോലെ ആണ് അവളെ നോക്കിയത്
“ഇവിടെ കൂടെ ഇരുന്ന് അവന്റെ ഉള്ള ജീവനും കൂടി കളയാതെ പൊയ്ക്കൂടേ “
സ്റ്റാൻലിയുടെ പെങ്ങളുടെ മകൾ മുഖത്ത് നോക്കി പറഞ്ഞു. ഷെല്ലിയാണ് അന്ന് വഴക്കുണ്ടാക്കിയത്.
മേലിൽ അവളെ ഒന്നും പറയരുത് എന്ന് അവൻ തീർത്തു പറഞ്ഞു
അന്ന് മുതൽ സന്ദർശകരെ വിലക്കി. വിജയും ജെറിയും അവളോട് മിണ്ടാറില്ല. ബെല്ലയും പേരിന് എന്തെങ്കിലും ചോദിച്ച ആയി. മാറ്റമില്ലാത്തത് മൂന്ന് പേർക്ക്
അപ്പ, അമ്മ, ഷെല്ലി
ബാക്കിയെല്ലാവർക്കും അവൾ ഒരു അശുഭമായിരുന്നു. അത് കൊണ്ട് തന്നെ ആരുടെയും കണ്ണിൽ പെടാതെ ഒരു മൂലയ്ക്ക് ഇരിക്കും സാറ. ആരൊക്ക എത്ര അധിഷേപിച്ചിട്ടും അവൾ അവനെ വിട്ട് പോയില്ല
അവനെ കാണാതെ ജീവിക്കാൻ പറ്റില്ല എന്ന തിരിച്ചറിവ് ഉള്ളത് കൊണ്ട് അവൾ അവിടെ തന്നെ കഴിഞ്ഞു കൂടി
ഇവിടെ നിന്നു പോകേണ്ടി വന്നാൽ മരണത്തിലേക്ക് മാത്രമെ പോകു എന്ന് അവൾ നിശ്ചയിച്ച ഡോക്ടർമാർക്കും നേഴ്സ് മാർക്കും അവൾ ഒരു അത്ഭുതം ആയിരുന്നു
രാവിലെ മുതൽ രാത്രി വരെ ഒരേ ഇരിപ്പ്. ഭക്ഷണം കഴിക്കുന്നുണ്ട്. ജീവൻ നില നിർത്താൻ മാത്രം
അവൾ ക്ഷീണിച്ചു. അവളുടെ പപ്പയും അമ്മയും വന്നു. അവർ ഒരു പാട് കരഞ്ഞു. നിർബന്ധിച്ചു. അവൾ ഒന്നും കേട്ടില്ല. ആരെയും കണ്ടില്ല
അവളുടെ ആള് അവിടെ കിടക്കുന്നു. എന്റെ പൊന്നെ എന്ന് വിളിച്ചു കൊണ്ട് ഉണരുമ്പോൾ അടുത്ത് വേണം. ഇല്ലെങ്കിൽ ചോദിക്കും ഞാൻ ചത്തു പോയെന്ന് വിചാരിച്ചോടി എന്ന്
അത് പാടില്ല, എനിക്ക് കാണണം. എന്റെ പൊന്നിനെ കണ്ടു കൊണ്ടിരിക്കണം
തുടരും…