ധ്വനി, അധ്യായം 06 – എഴുത്ത്: അമ്മു സന്തോഷ്

സിവിൽ സർവീസ് കോച്ചിങ് ക്ലാസ്സിൽ ആയിരുന്നു നന്ദന

“ഇന്നലെ വിവേക് സാറിന്റെ ക്ലാസ്സ്‌ ഇല്ലാഞ്ഞത് എന്താണാവോ?”

നന്ദന അടുത്തിരുന്ന അനുവിനോട് ചോദിച്ചു

“അറിയില്ല. ആഴ്ചയിൽ ഒരിക്കൽ മാത്രം സർ വന്നു എടുക്കുന്നതല്ലേ? പേയ്‌മെന്റ്നല്ല. അല്ലെങ്കിലും ഈ വർഷത്തെ ഫസ്റ്റ് റാങ്ക് ഹോൾഡർ ക്ലാസ്സ്‌ എടുക്കുന്നു എന്ന് പറയുന്നത് തന്നെ അക്കാഡമിക്ക് ഒരു അഭിമാനം ആണ്. നമ്മുടെ ഓണർ ദീപു സാറിന്റെ ഫ്രണ്ട് ആണെന്ന കേട്ടത്..”

“എന്ത് നല്ല ക്ലാസാ? ശൊ ഇനി അടുത്ത ആഴ്ചയിൽ അല്ലെ ഉള്ളു?”

“നിനക്ക് ശരിക്കും ക്ലാസ്സ്‌ ആണോ അതോ സാറാണോ മുഖ്യമെന്നെനിക്ക് നല്ല സംശയം ഉണ്ട് “

“ശെടാ സാറിനെ ഇഷ്ടം അല്ലാത്തവർ ആരെങ്കിലും ഉണ്ടോ? എം ബി ബി എസ് ഫസ്റ്റ് റാങ്ക്, സിവിൽ സർവീസ് ഫസ്റ്റ് റാങ്ക്..കാണാൻ സിനിമ നടൻ തോറ്റു പോകും. പേരും കിടു വിവേക്. പെർഫെക്ട് മാൻ ആണ്”

“അതൊക്കെ ശര്യാ. പക്ഷെ ഗേൾ ഫ്രണ്ട് ഉണ്ടാകുമെന്ന് ഉറപ്പാണ്. കമ്മിറ്റഡ് ആയിരിക്കും ” അനു പറഞ്ഞു

നന്ദനയ്ക്ക് ചെറിയ ഒരു നിരാശ തോന്നി

ഒരു ഐ എ എസ് കാരനെ ഭർത്താവായി വേണമെന്നുള്ളത് അവളുടെ ഏറ്റവും വലിയ ആഗ്രഹമാണ്. പദവികളോടും പവറിനോടും അവൾക്ക് ഒരു തരം ആരാധനയാണ്. വിവേകിനെ കാണുമ്പോൾ അദ്ദേഹം തന്റെ ഭർത്താവ് ആയി വന്നിരുന്നുവെങ്കിൽ എന്നവൾക്ക് തോന്നാറുണ്ട്. ഓരോ ആഴ്ചയിലും വരുന്ന ആ ഒരു ക്ലാസ്സിനായി കാത്തിരിക്കാറുണ്ട്. സർ പക്ഷെ ഒരു പെൺകുട്ടികളെയും ശ്രദ്ധിക്കുന്നതായി തോന്നിയിട്ടില്ല. വരുന്നു ക്ലാസ്സ്‌ എടുക്കുന്നു സംശയങ്ങൾ പറഞ്ഞു കൊടുക്കുന്നു. പോകുന്നു.

ഇപ്പോഴത്തെ ക്ലാസ്സ്‌ അഭിരാമി ടീച്ചർന്റേതാണ്. അവൾ ടീച്ചർ വരുന്നത് നോക്കിയിരുന്നു

സുന്ദരി ടീച്ചർ ആണ്

മൂന്ന് തവണ സിവിൽ സർവീസ് ഇന്റർവ്യൂ വരെ ചെന്നിട്ടും കിട്ടിയില്ല എന്ന് കേട്ടിട്ടുണ്ട്. വളരെ പ്രയാസമുള്ള പരീക്ഷ ആണ്. വിവേക് സർ ആദ്യത്തെ തവണ തന്നെ ഫസ്റ്റ് റാങ്ക് വാങ്ങിയത് എങ്ങനെ ആവോ?

അഭിരാമി ക്ലാസ്സ്‌ എടുത്തു തുടങ്ങിയപ്പോൾ വേറെയെല്ലാം മറന്ന് അവൾ ക്ലാസ്സിൽ ശ്രദ്ധിച്ചു

മീരയുടെ വീട്

“ചന്തുവേട്ടാ, ശ്രീക്കുട്ടിയേ പരിചയപ്പെട്ടു അല്ലെ?”

ചന്തു ഒരു പുസ്തകം വായിച്ച് കൊണ്ട് ഇരിക്കുകയായിരുന്നു

“ഞാൻ നിന്നോട്  പറഞ്ഞില്ലായിരുന്നോ?”

“ഇല്ല ശ്രീ പറഞ്ഞു “

“ആണോ? ഞാൻ ഇന്നലെ ഒത്തിരി ലേറ്റ് ആയി അതാവും..”

“ഇന്നലെ എവിടെ പോയി?”

“സത്യത്തിൽ ഒന്ന് കറങ്ങാൻ പോയതാ..ഡ്രൈവ് ചെയ്തു പോയപ്പോൾ കുറച്ചു ദൂരമങ്ങ് പോയി. പിന്നെ ഒരു സിനിമക്ക് പോയി. അതാണ് ഞാൻ മൊബൈൽ ഓഫ്‌ ചെയ്തു വെച്ചത് “

“എന്നെ കൂട്ടാതെ സിനിമക്ക് പോയോ?”

“ചിലപ്പോൾ എനിക്ക് ഒറ്റയ്ക്ക് ഇരിക്കാനാ ഇഷ്ടം. ഒറ്റയ്ക്ക് പോകാൻ..ഒറ്റയ്ക്ക് ആവാൻ ഒക്കെ “

അവൻ മെല്ലെ ഒന്ന് പുഞ്ചിരിച്ചു

“ഏട്ടൻ ഇപ്പോഴും ചിലത് മറന്നിട്ടില്ല അതാ..നോക്ക് നമ്മൾ എത്ര ഹാപ്പിയാ. ഇങ്ങനെ ഒക്കെ മൂഡ് ഓഫ്‌ ആകുന്നുണ്ട് എന്ന് അറിഞ്ഞാൽ അച്ഛനും അമ്മയും വിഷമിക്കും “

“നീ പറയണ്ട…ഞാൻ നിന്നോടായത് കൊണ്ട് പറഞ്ഞൂന്നേയുള്ളു “

മീര ഏട്ടന്റെ തലയിൽ തലോടി
പിന്നെ മുഖം ചേർത്ത് വെച്ചു

“അത് പോട്ടെ ശ്രീ എന്തൊക്കെ പറഞ്ഞു?” അവൻ പെട്ടെന്ന് ചോദിച്ചു

“ആക്‌സിഡന്റ്..ഏട്ടനെ കണ്ട കാര്യം, കൊണ്ട് വിട്ട കാര്യം അത്രേയുള്ളൂ. വേറെ എന്തെങ്കിലും ഉണ്ടോ?”

അവൻ വിളറിപ്പോയി

“വേറെ എന്ത്? ഒന്നുല്ല ആ കൊച്ചിന്റെ കൂടെ ഇരിക്കാൻ നല്ല രസാണ്. എപ്പോഴും കോമഡി..ചിരിച്ചു കൊണ്ട് ഇരിക്കാം..വെറുതെ ചളിയല്ല നല്ല ഹ്യൂമർ സെൻസ് ആണ്. പെൺകുട്ടികൾക്ക് കുറവാ അത്..നല്ല കുട്ടിയാണ്..വളരെ നല്ല കുട്ടി “

മീര അത്ഭുതം കൂറുന്ന മിഴികളോടെ ഏട്ടനെ നോക്കി

“എന്റെ ഈശ്വര ജീവിതത്തിൽ ആദ്യമായിട്ടാ ഒരു പെണ്ണിനെ കുറിച്ച് നല്ലത് പറയുന്നത് “

“പോടീ ഞാൻ നിന്നേ എപ്പോഴും പൊക്കി പറയാറുണ്ടല്ലോ “

“അത് ഞാൻ അനിയത്തി ആയിട്ടാ. അമ്മയെയും എന്നെയും അല്ലാതെ നല്ലപെണ്ണ് എന്ന് ജീവിതത്തിൽ ആദ്യമായിട്ടാ ഒരു പെണ്ണിനെ കുറിച്ച് ഏട്ടൻ പറയുന്നത് “

അവൻ അൽപനേരം നിശബ്ദനായി

“നല്ല പെണ്ണിനെ ഇപ്പോഴാ കാണുന്നത്. അത് കൊണ്ടാവും” അവന്റെ ശബ്ദം ഒന്ന് താണു

“ഏട്ടന്റെ പിന്നാലെ എത്ര പേര് നടന്ന് കോളേജിൽ..എന്റെ കൂട്ടുകാരിൽ എത്ര പേരുടെ ക്രഷ് ആയിരുന്നു? അപ്പോഴൊക്കെ എന്തായിരുന്നു? ഋഷ്യശ്രങ്കൻ എന്ന് പേര് പോലും വീണു. എന്റെ ഒരു കൂട്ടുകാരി ചോദിച്ചത് ഏട്ടൻ ഗേ ആണൊന്ന. ഞാൻ അങ്ങ് ഇല്ലാണ്ടായി പോയി “

അവൻ പൊട്ടിച്ചിരിച്ചു

“അതേതവള ചോദിച്ചത്? ബ്ല- ഡി ഫെലോ..സ്വന്തം ബ്രദർനെ കുറിച്ച്..ഇ- ഡിയറ്റ് “

“അല്ലേട്ടാ ശരിക്കും ഇനി അങ്ങനെ വല്ലോം..അല്ല വയസ്സ് ഇരുപത്തി അഞ്ചു കഴിഞ്ഞു…കന്യകൻ ആയി തുടരുന്നതിന്റെ കാരണം എന്താണാവോ “

അവൾ അവന്റെ കൈ അകലത്തിൽ നിന്ന് മാറി

“പോടീ…ഓടെടി “

അവൻ എഴുന്നേറ്റപ്പോൾ അവൾ ഓടിക്കളഞ്ഞു

അവൻ വായിച്ച് കൊണ്ടിരുന്ന ബുക്ക്‌ മടക്കി

എന്ത് കൊണ്ട് തോന്നുന്നില്ല?

ഒരു പെണ്ണിനേയും സ്നേഹിക്കാൻ കഴിയത്തത് പോലെ തന്റെ മനസ്സിന് മുറിവേറ്റത് എങ്ങനെ ആണ്?

അതേ അതൊരു വലിയ മുറിവാണ്. ഉള്ളു ഉണങ്ങാതെ ഇപ്പോഴും നോവുന്നുണ്ട് അത്. വല്ലാതെ നോവുമ്പോഴാണ് കാർ എടുത്തു ഇറങ്ങുന്നത്. ദീർഘ ദൂര യാത്രകൾ പോകുന്നത്. കുറച്ചു ആശ്വാസം കിട്ടും. അതിന് ഒരു സമയം ഉണ്ട്. അത് കഴിഞ്ഞു മുറിവ് വീണ്ടും വേദനിക്കും. ഇന്നലെ ആ സമയം ആയിരുന്നു

ആക്‌സിഡന്റ് ആയ ചെറുപ്പക്കാരന്റെ അമ്മ തന്നെ നോക്കി കരഞ്ഞു കൊണ്ട് കൈ കൂപ്പിയപ്പോൾ ഉള്ളിലെ മുറിവിൽ നിന്നും വീണ്ടും ചോര ഒലിച്ചു തുടങ്ങി

അമ്മ

അതാണോ അമ്മ?

എത്ര തരം അമ്മയുണ്ട് ഭൂമിയിൽ?

ഏത് തരം എടുത്താലും ഒക്കെയും സ്ത്രീ എന്നാ ഗണത്തിൽ ആണ്..അത് കൊണ്ടാണ് ഒരു പെണ്ണിനോടും മോഹം തോന്നാത്തത്. തനിക്കും ഉണ്ടായിരുന്നു ഒരു അമ്മ..മൂന്ന് വയസ്സിൽ ഉപേക്ഷിച്ചു പോയ ഒരമ്മ. രൂപം പോലും ഓർമ്മയില്ല
എവിടെ ആണെന്ന് അറിയുകയും വേണ്ട. വെറുപ്പാണ്. വെറുപ്പ്….

അവർ കാരണം സർവ്വ പെണ്ണുങ്ങളോടും വെറുപ്പാണ്

അവൻ കുറച്ചു നേരം നെറ്റിയിൽ കൈ താങ്ങി ഇരുന്നു

“ഏട്ടാ ക്ലാസിനു സമയം ആയി കൊണ്ട് വിടാമോ?”

മീരയുടെ ശബ്ദം കേട്ടപ്പോൾ അവൻ എഴുനേറ്റു

കാറിന്റെ കീ എടുത്തു

“നിനക്ക് സ്വയം ഓടിച്ചു പോയാൽ എന്താ?”

കാർ ഡ്രൈവ് ചെയ്തു കൊണ്ട് ഇരിക്കുമ്പോൾ അവൻ അവളെ നോക്കി

“ട്രാഫിക് കണ്ടോ ഏട്ടാ. ഇവിടെ ആൾക്കാർ സിഗ്നൽ ഒന്നും നോക്കില്ല ദേ തിരിച്ചു ഓട്ടോ. പെട്ടെന്ന് തിരിക്കും..എനിക്ക് പേടിയാ.. ഏട്ടന് ബുദ്ധിമുട്ട് ആണെങ്കിൽ ഞാൻ ഓട്ടോ അറേഞ്ച് ചെയ്യട്ടെ അല്ലെങ്കിൽ യൂബർ വിളിക്കാം “

“പൊ കൊച്ചേ..ഏട്ടൻ വെറുതെ ഇരിക്കുകയല്ലേ? ആകെയുള്ള പണി. രാവിലെ അങ്കിളിനെ ഷോപ്പിൽ എത്തിക്കുക. വൈകുന്നേരം നിന്നേ ക്ലാസ്സിൽ എത്തിക്കുക, വിളിച്ചു കൊണ്ട് വരിക. കൂട്ടത്തിൽ അങ്കിളിനെയും വിളിക്കുക. ഏട്ടന് സന്തോഷം അല്ലെ?”

മീര പുഞ്ചിരിച്ചു

അവൻ അവളെ ഡ്രോപ്പ് ചെയ്തു തിരിയുമ്പോൾ ശ്രീക്കുട്ടി മുന്നിൽ

പെട്ടെന്ന് അവന്റെ മനസിലേക്ക് ഒരു തിരയടിച്ചു. ഒരു ഉത്സാഹത്തിര..ഒരു ആനന്ദം…

അവൻ പെട്ടെന്ന് ഡോർ തുറന്നു പുറത്തിറങ്ങി

തുടരും….

Leave a Reply

Your email address will not be published. Required fields are marked *