ധ്വനി, അധ്യായം 07 – എഴുത്ത്: അമ്മു സന്തോഷ്

“ഞാൻ നോക്കി നിൽക്കുവാരുന്നു. ഇന്നാ പിടിച്ചോ മൂന്നുറ്റി അമ്പത് രൂപ. അന്നത്തെ ഊണിൻറെ കാശ്…നെയ്മീൻ ഫ്രൈ ക്ക് തന്നെ 250രൂപ ആയി. ഇച്ചിരി കത്തി ആയി പോയി. ഊണ്  ചേർത്ത് 350. അച്ഛൻ പറഞ്ഞു കൊടുക്കണം.ന്ന്.”

അവൻ കുറച്ചു നേരം ആ നീട്ടി പിടിച്ച നോട്ടിലേക്ക് നോക്കി

“വാങ്ങിക്കോ.”

അവൻ അത് വാങ്ങി

ഉള്ളിലെ ഉത്സാഹത്തിന്റെ കടൽ അടങ്ങിയിരുന്നു

“താങ്ക്സ് ” അവൻ പറഞ്ഞു

“ശരി മീര വിളിക്കാൻ വരാം ” അവൻ തിരിഞ്ഞു കാറിൽ കയറി

ശ്രീക്കുട്ടി അവന്റെ മുഖം മാറിയത് ശ്രദ്ധിച്ചുവെങ്കിലും അത് കണക്കിൽ എടുത്തില്ല. മീര അവളെ നോക്കി ഒന്ന് ചിരിച്ചിട്ട് ക്ലാസ്സിലേക്ക് പോയി.

കണക്കുകൾ കൃത്യമായിരിക്കണം എന്ന് അച്ഛനാണ് അവളെ പഠിപ്പിച്ചിട്ടുള്ളത്. ആരിൽ നിന്നും ഔദാര്യം പറ്റരുത്. അങ്ങനെ ഉണ്ടായാൽ എന്നെങ്കിലും നമുക്ക് അതിന്റെ കണക്ക് കേൾക്കേണ്ടി വരും. ആത്മാഭിമാനത്തോടെ ജീവിച്ചു മരിക്കുക. ചന്തുവേട്ടന് അത് വിഷമം ആയിട്ടുണ്ടെന്ന് അവൾക്ക് മനസിലായി. പക്ഷെ സാരമില്ല. താൻ ചെയ്തതാണ് ശരി. പക്ഷെ അവളുടെ ഉള്ളിൽ എവിടെയോ ഒരു കരട് വീണു

വൈകുന്നേരം ക്ലാസ്സ്‌ കഴിഞ്ഞു മീര പോകുമ്പോൾ അവൾ അവിടെ ഉണ്ടായിരുന്നു. ചന്തു അവളെ കണ്ടതായി ഭാവിച്ചില്ല. അവൻ കാറിൽ നിന്നും ഇറങ്ങിയുമില്ല. അവൾ മെല്ലെ വീട്ടിലേക്ക് തിരിച്ചു പോരുന്നു

രണ്ടു മൂന്ന് ദിവസം കഴിഞ്ഞു പോയി

“ഇന്ന് എന്താ ബഹളം ഒന്നുമില്ലേ?”

അവളുടെ മുറി നിശബ്ദമായിരിക്കുന്നത് കണ്ട് വീണ ചോദിച്ചു

“ടെസ്റ്റ്‌ പേപ്പർ ഉണ്ട് “

അവൾ ബുക്കിൽ നിന്നും മുഖം ഉയർത്തതെ പറഞ്ഞു

“കാക്ക മലർന്ന് പറക്കുമോ ഭഗവാനെ. കലികാലം തന്നെ എന്തൊക്കെ കാണണം “

“അമ്മ ചുമ്മാതെ ചളി അടിക്കാതെ പോയെ “

വീണ അവളുടെ ഗൗരവം കണ്ടു പോയി കളഞ്ഞു

ശെടാ ഇത് ഒരു അസ്വസ്ഥത ആയല്ലോ

അവൾ ബുക്ക്‌ അടച്ചു

ഇത് വരെ ഇങ്ങനെ ഒരു വല്ലായ്മ ഉണ്ടായിട്ടില്ല. പണ്ടാരം അന്ന് ഇവന്റെ കാർ കാണണ്ടായിരുന്നു. എന്റെ കുഴപ്പം ഇതാ

അപ്പൊ മറ്റൊരു വീട്ടിൽ

ചന്തു ആ നോട്ടുകൾ മേശപ്പുറത്ത് വെച്ചു

അവൾ ചെയ്തതല്ലേ ശരി. ഒരു അപരിചിതനാണ് താൻ. തന്റെ ചിലവിൽ കഴിക്കുന്നത് ശരിയല്ലല്ലോ. അവോയ്ഡ് ചെയ്തപ്പോൾ വിഷമം ആയി കാണുമോ.?

നിനക്ക് എന്താ പറ്റിയത് ചന്തു?

അവൾക്ക് വിഷമം ആയെങ്കിൽ നിനിക്ക് എന്താ?

ഇങ്ങനെ അല്ലായിരുന്നല്ലോ നീ?

അവൻ ഫോൺ വെറുതെ ഒന്നെടുത്തു…അവളുടെ നമ്പറിൽ വിരൽ തൊട്ടു

അപ്പോൾ തന്നെ കാൾ വരുന്നു

ശ്രീ….കാളിംഗ്

“ഹലോ “

“ഒറ്റ ബെല്ലിനു കാൾ എടുത്തല്ലോ ഫോണിൽ കളിയായിരുന്നോ മാഷേ?”

മറുതലയ്ക്കൽ ആ സ്വരം

പക്ഷെ ഒരു എനർജി ഇല്ല

“ശ്രീ..ഐ ആം സോറി “

ശ്രീക്കുട്ടി ഒന്ന് നിശബ്ദയായി
ആ സോറി എന്തിനാ എന്ന് അവൾക്ക് മനസിലായി

“പെട്ടെന്ന് കാശ് തന്നപ്പോൾ ഞാൻ ഡിസ്റ്റർബ്ഡ് ആയി. തന്നെ നല്ല ഒരു ഫ്രണ്ട് ആയിട്ട് അപ്പൊ തോന്നിയിരുന്നു. പെട്ടെന്ന് ഒരു ഡിസ്റ്റൻസ് ഇട്ടത് പോലെ..അത് കൊണ്ടാണ് “

“അത് സാരോല്ല..നാളെ ഫ്രീ ആണെങ്കിൽ രാവിലെ പത്തു മണിക്ക് പട്ടത്ത് വാ “

“അവിടെ എന്താ?”

“ഒരു സംരഭം. പകൽവീട് എന്നാണ് പേര്. വീട്ടിൽ ഒറ്റയ്ക്ക് ആയി പോയ വൃദ്ധർക്ക് പകൽ പാർക്കാൻ ഉള്ള ഒരിടം. നാളെയാണ് ഉൽഘാടനം. ഞാൻ വോളന്റിയർ ആണ്. സഹായിക്കാൻ വായൊ. പ്രായമുള്ള ആൾക്കാരെ ഒരു കൈ പിടിച്ചു സഹായിക്കാൻ ആളെ ആവശ്യമുണ്ട്.”

“ഞാൻ വരാം. ഞാൻ വന്നു കൂട്ടിക്കൊണ്ട് പോകാം “

അവന്റെ ശബ്ദത്തിൽ ഒരു exitement ഉള്ളത് അവൾക്ക് മനസിലായി.

“ഞാൻ സൈക്കിളിൽ വന്നോളാം. കാരണം വൈകുന്നേരം വരെ നിൽക്കേണ്ടി വരും. പ്രോഗ്രാം ശരിക്കും രണ്ടു മണിക്കൂർ ഉള്ളു പക്ഷെ പിന്നെ ക്ലീനിങ് ഒക്കെ ഉണ്ട്. അത് കൊണ്ട് ലേറ്റ് ആകും. ചന്തുവേട്ടൻ പ്രോഗ്രാം കഴിഞ്ഞു പൊയ്ക്കോ “

“വേണ്ടാന്ന്. എനിക്ക് പണിയൊന്നുമില്ലല്ലോ. ഞാൻ വരാം “

“അപ്പൊ മീര ചേച്ചിയെ കൂട്ടണ്ടേ? ക്ലാസ്സ്‌ കഴിഞ്?”

“അങ്കിളിനോട് പറയാം. അത് സാരമില്ല..ഞാൻ നാളെ രാവിലെ എപ്പോ വരണം?”

“ഒമ്പത് “

“ഓക്കേ കാണാം “

അവൻ ഫോൺ വെച്ചു

ശ്രീക്കുട്ടി മെല്ലെ എഴുന്നേറ്റു പൂമുഖത്ത് പോയിരുന്നു.

ഇയാൾ ശരിയല്ല. ഇത് ട്രാക് വേറെയാണ്. പക്ഷെ…

എനിക്കും സന്തോഷം ഉണ്ട് മിണ്ടുമ്പോൾ..

എന്ത് കഷ്ടം ആണ് ദൈവമേ….

അവൾ നഖം കടിച്ചു തുടങ്ങി

എത്ര പ്രൊപോസൽ വന്നിട്ടുണ്ട്

പോടാ പോയി പണി നോക്കെടാ എന്നും പറഞ്ഞു പോരും. ഇയാൾ എങ്ങാനും പ്രൊപ്പോസ് ചെയ്യുമോ ദൈവമേ. എന്റെ കൃഷ്ണ അങ്ങനെ ഒന്നുമുണ്ടാകരുത്

ഞാൻ ഒരു തുളസി മാല തന്നോളാം

ഹൂ

അവൾ ദീർഘ ശ്വാസം വിട്ടു

“അമ്മോ അമ്മേ..” അവൾ അടുക്കളയിൽ ചെന്നു

“അലറി വിളിക്കണ്ട. ചോറ് വേണം മീൻ വറുത്തത് കൂട്ടി. ദേ എടുത്തു വെച്ചേക്കുന്നു കഴിക്ക് “

“ശൊ ഈ അമ്മമാരുടെ മഹത്വം ഇതാ..മനസ്സിൽ വിചാരിക്കുമ്പോൾ പ്ലേറ്റിൽ വരും..അമ്പടി ജിഞ്ചിന്ന ക്കടി “

വീണ ചിരിച്ചു പോയി

“മണി അഞ്ചു കഴിഞ്ഞു. ഇപ്പോഴാണോ ചോറ് കഴിക്കുന്നത്? നിനക്ക് നേരവും കാലവുമൊന്നുമില്ലേ എന്റെ മോളെ?”

“എന്റെ അമ്മേ ടൈം വെച്ച് കഴിക്കരുത്. നന്നായി വിശക്കുമ്പോൾ കഴിക്കണം. നമ്മുടെ പൂർവികർ അതായത് അമ്മേടെ അച്ഛൻ…”

“വിളിക്കെടി എന്റെ അച്ഛന് തന്നെ വിളിക്ക് “

“ശേ ഗൺ ഉപയോഗിച്ച് തുടങ്ങും മുന്നേ മിഡിലിൽ കേറി ഷൂട്ട്‌ ചെയ്യല്ലേ അമ്മേടെ അച്ഛന്റെ അച്ഛൻ..”

“ഇവളെയിന്നു ഞാൻ…”

“ഓക്കേ സ്റ്റോപ്പ്‌..അച്ഛന്റെ കുടുംബക്കാരെ പറയാം..അച്ഛന്റെ അച്ഛൻ..ആ അച്ഛന്റെ അച്ഛൻ..ഒക്കെ കൃഷിക്കാരായിരുന്നല്ലോ. അവരൊക്കെ ഓൾഡ് കഞ്ഞി കുടിക്കുന്നത് ബ്രേക്ക്‌ ഫാസ്റ്റ് ആയിട്ടല്ലേ…അതും ഉച്ചക്ക്
അവരൊക്കെ ഹെൽത്തിയല്ലേ..അപ്പൂപ്പൻ സെഞ്ച്വറി അടിച്ചിട്ടല്ലേ പോയത്?”

“അത് ശര്യാ “

“അച്ഛന്റെ അച്ഛന് വിളിച്ചപ്പോൾ കേൾക്കാൻ നല്ല സുഖം ഉണ്ടല്ലേ കൊച്ച് ഗള്ളി “

വീണ കയ്യിൽ ഇരിക്കുന്ന തവി കൊണ്ട് ഒന്ന് കൊടുത്തു

“ദേ വീണേ ഞാൻ പോലീസിൽ വിളിച്ചു പറയും. മാതാപിതാക്കൾ കുട്ടിയെ അടിച്ചാൽ ക്രൈം ആണെന്ന് “

“നിന്നേ ഞാൻ തല്ലി ശരിയാക്കുമെ…ഇരുന്ന് തിന്നിട്ട് പോയി പഠിക്ക് ഏതാണ്ട് പരീക്ഷ അല്ലെ?”

“എന്ത് പരീക്ഷ?” അവൾ കണ്ണ് മിഴിച്ചു

“നീയല്ലേ പറഞ്ഞത് ടെസ്റ്റ്‌ പേപ്പർ ആണെന്ന് “

“ആ അങ്ങനെ അതേയ് നാളെ ഞാൻ കോളേജിൽ പോകുന്നില്ല. ആ പകൽവീടിന്റ ഉത്‌ഘാടനം ആണ്. ഞാൻ പറഞ്ഞിട്ടില്ലേ?”

“ഓ പ്രായമുള്ളവരേ പകൽ ആക്കുന്ന സ്ഥലം “

“വേണേൽ വന്നോ കണ്ടിരിക്കാം. ഭാവിയിൽ കൊണ്ട് ആക്കും ഞാൻ “

“അയ്യടാ..പൊടി..എന്റെ നന്ദു എന്നെ നോക്കിക്കൊള്ളും “

ശ്രീക്കുട്ടി പൊട്ടിച്ചിരിച്ചു

“ഹൂ എന്റെ അമ്മോ ചിരിപ്പിക്കാൻ ആയിട്ട് ഓരോന്ന് പറഞ്ഞോളും..ഞാനെ കാണത്തുള്ളൂ. അതോർമ്മയിൽ വെച്ചോ..ദാ പ്ലേറ്റ്. കഴുകി വെച്ചേക്കെ “

ഒറ്റ ഓട്ടം ഓടുന്ന ശ്രീക്കുട്ടിയേ നോക്കി അവർ എന്തോ പറയാൻ ഭാവിച്ചു. പിന്നെ തന്നെ ചിരിച്ചു കൊണ്ട് അടുക്കളയിലേക്ക് പോയി

പെട്ടെന്ന് ശ്രീക്കുട്ടി തിരിച്ചു വന്നു

“അമ്മേ ഞാൻ നാളെ ചന്തുവേട്ടന്റെ ഒപ്പം ആണ് പോകുന്നത് കേട്ടോ. പുള്ളിയും വരുന്നുണ്ട് “

വീണ അവളെയൊന്ന് സൂക്ഷിച്ചു നോക്കി

“കാറിൽ?”

“ആ “

“ആ ചെക്കനോട് നിനക്ക് ഒരു സോഫ്റ്റ്‌ കോർണർ ഉണ്ടോന്ന് എനിക്ക് ഡൌട്ട് ഉണ്ട് ട്ടോ “

ശ്രീക്കുട്ടിയുടെ മുഖം ഒന്ന് ചുവന്നു

“ഉണ്ടൊ? അങ്ങനെ തോന്നിയോ “

“ചെറുതായിട്ട് “

“എന്നാ കാണും. എനിക്ക് നല്ല പ്രായമല്ലേ വീണ കൊച്ചേ…അത്യാവശ്യം പ്രേമം ഒക്കെ തോന്നിയാലും കുറ്റം പറയാൻ പറ്റില്ല.ആ ചെക്കൻ പാവാ..കൊള്ളാം.ഡീസെന്റാ….പക്ഷെ നിലവിൽ എനിക്ക് അങ്ങോട്ട് പ്രേമം ഇല്ല.”

“അപ്പൊ അവനുണ്ട് “

“ഉണ്ടോന്ന് ചോദിച്ചാൽ…കൺഫേമല്ല. ഒരു ഇളക്കം ഫീലിംഗ് ഉണ്ടെന്ന് തോന്നുന്നു..”

“എന്റെ ദൈവമേ എന്ത് നല്ല ഒരു ചെറുക്കൻ. ഏത് ഗതി കെട്ട നേരത്താണോ ഈ പെണ്ണിന്റെ കൂടെ കൂട്ട് കൂടാൻ തോന്നിയത്…?”

“അതെന്താ അങ്ങനെ ഒരു ടോക്…ഞാൻ സുന്ദരി അല്ലെ.?നസ്രിയയുടെ കട്ട്‌ ഉണ്ടെന്നാ ഫ്രണ്ട്സ് പറയുന്നത്?ചന്തുവേട്ടനെ വെച്ച് നോക്കുമ്പോൾ ഗ്ലാമർ കുറവാ. എന്നാലും കുറച്ചു കൂടി വളരുമ്പോൾ ഞാൻ കുറച്ചു കൂടി സുന്ദരി ആകും. പിന്നെ ആൾക്ക് ജോലിയൊന്നുമില്ല എന്നെ പോലെ തന്നെ മണ്ടനാ….”

വീണ പൊട്ടിച്ചിരിച്ചു പോയി

“അപ്പൊ നിനക്ക് ആ ചെക്കനോട് ഇഷ്ടം ഉണ്ട്”

“പ്രേമം ഇല്ല. ഉറപ്പ്
ഇഷ്ടം….ആ ഇഷ്ടം ഉണ്ട്..കൊള്ളാം കക്ഷി “

“അച്ഛനോട് പറയട്ടെ?”

“എന്തായിട്ട്? ഒന്നുമായിട്ടില്ലല്ലോ
അക്കരെയിക്കരെ നിക്കുന്നല്ലേയുള്ളു. വഞ്ചി അടുക്കുന്നൊന്നു നോക്കട്ടെ…”

“അടുത്താൽ ഇഷ്ടം ആണെന്ന് പറഞ്ഞാൽ..?”

“എനിക്ക് ധൃതി ഒന്നുല്ല. ചേച്ചിയുടെ കല്യാണം കഴിഞ്ഞു മതി “

അവൾ ഓടി

“അമ്പടി കള്ളി “

വീണ ചിരിച്ചു

മുറിയിൽ വന്നു ശ്രീക്കുട്ടി വീണ്ടും പ്രാർത്ഥിച്ചു

എന്റെ പൊന്ന് കൃഷ്ണ, അങ്ങേര് ഇഷ്ടം ആണെന്നൊന്നും പറഞ്ഞു കളയല്ലേ. എനിക്ക് ഫ്രീഡം വേണം ഫ്രീഡം..

ആരോടാ ഈ ശ്രീക്കുട്ടി ഇത് പറയുന്നതല്ലേ?

തുടരും…