ധ്വനി, അധ്യായം 09 – എഴുത്ത്: അമ്മു സന്തോഷ്

പകൽ വീട്

ഒരു പഴയ ഓടിട്ട വലിയ കെട്ടിടം നന്നായി ഫർണിഷ് ചെയ്തു എടുത്തു

അവളുടെ കോളേജിലെ കൂട്ടുകാർ ഉണ്ടായിരുന്നു

അവൾ അവരെ അവന് പരിചയപ്പെടുത്തി കൊടുത്തു
അപ്പോഴേക്കും പ്രോഗ്രാം തുടങ്ങാനുള്ള നേരമായി

ഏകദേശം പന്ത്രണ്ടോളം വയോധികരാണ് അന്ന് വന്നത്. വ്യവസായ മന്ത്രി ആയിരുന്നു ഉത്‌ഘാടനം. ഫങ്ക്ഷൻ ഏകദേശം രണ്ടു മണിക്കൂർ നീണ്ടു. അവർ ഏറ്റവും പിന്നിൽ നിൽക്കുകയായിരുന്നു

“ഇനി ലഞ്ച് ടൈം ആണ്. വിളമ്പാൻ സഹായിക്കാൻ ബുദ്ധിമുട്ട് ഉണ്ടൊ?”

“ഹേയ്..”

“അതേയ് സദ്യ ആണ്. കാറ്ററിംഗ്കാർക്ക് ഇന്ന് തന്നെ നാലിടങ്ങളിൽ പ്രോഗ്രാം ഉണ്ട്. ഇവിടെ ആള് കുറവല്ലേ? അത് കൊണ്ട് ഞങ്ങൾ വിളമ്പാമോ എന്ന് ചോദിച്ചു. ഞങ്ങൾ സമ്മതിച്ചു. അറിയാമോ വല്ലോം?”

“ഇങ്ങനെ അല്ലെ ഓരോന്ന് പഠിക്കുന്നത്?”

അവൾ ചിരിയോട് ചിരി

“ജോലി കിട്ടിയില്ലെങ്കി സാരമില്ല. നമുക്ക് ഈ പരിപാടി തുടങ്ങാം ഞാനും കൂടാം “

അവൻ വാ പൊത്തി ചിരി അടക്കി അവിടെ നിന്നിറങ്ങി

അവന്റെ കയ്യിൽ അവൾ പരിപ്പുകറിയാണ് കൊടുത്തത്

“ഒരു തവി… കേട്ടോ “

“ആ “

“ആരെങ്കിലും ചോദിച്ചാൽ കുറച്ചു കൊടുത്തോ ചോദിച്ചാ മാത്രം “

“ഓക്കേ “

അവൻ അതുമായി പോകുന്നത് കണ്ട് അവൾക്ക് ചിരി വന്നു

സദ്യ കഴിഞ്ഞു ക്ലീനിങ് കഴിഞ്ഞപ്പോൾ മൂന്ന് മണിയായി. അവസാനം ആയപ്പോ ആർക്കും തികഞ്ഞില്ല. പിന്നെ വോലന്റിയർമാർ അവരുടെ പങ്ക് ചേർത്ത് വിളമ്പി

പകൽ വീട് ജോസഫ് എന്ന ജോസഫ് അച്ചായന്റേതാണ്

അദ്ദേഹം അവർക്ക് നന്ദി പറഞ്ഞു. എല്ലാവർക്കും ബിരിയാണി വാങ്ങി കൊടുക്കുകയും ചെയ്തു

അവർ അത് അവിടെയിരുന്നു കഴിച്ചു. ബാക്കി എല്ലായിടവും ക്‌ളീൻ ചെയ്തിട്ട് അവിടെ നിന്നിറങ്ങി

“മേലനങ്ങി ശീലമുണ്ടോ സക്കീർ ഭായിക്ക്?”

തിരിച്ചു വരുമ്പോൾ അവൾ ചോദിച്ചു

അവൻ ചിരിച്ചതേയുള്ളു

“നേരെത്തെ പറയാമെന്നു പറഞ്ഞ കഥ പറ “

അവൾ പെട്ടെന്ന് ചോദിച്ചു”അത് ഇങ്ങനെ ഡ്രൈവു ചെയ്യുമ്പോൾ പറയാൻ പറ്റില്ല. സമയം എടുക്കും “

“സമയം ഉണ്ട്.. വണ്ടി നിർത്തിക്കോ എന്നിട്ട് പറ “

അവൻ വണ്ടി ഒതുക്കി

“പറ “

അവൻ കുറച്ചു നേരം നിശബ്ദമായിരുന്നു

“എനിക്ക് മൂന്ന് വയസുള്ളപ്പോഴാണ് എന്റെ അമ്മ എന്നെ ഉപേക്ഷിച്ചു പോകുന്നത്.എന്റെ അച്ഛൻ ഒരു മിലിറ്ററി ഓഫീസർ ആയിരുന്നു.ഞങ്ങൾ മിലിറ്ററി കോർട്ടേഴ്സിലും.അമ്മ പോയി കഴിഞ്ഞു അച്ഛൻ ജോലിക്ക് പോയിട്ടില്ല.കുടിച്ച് കുടിച്ച് ഏകദേശം ഒരു മാസം കഴിഞ്ഞപ്പോൾ അച്ഛൻ മരിച്ചു പോയി.എന്റെ അച്ഛന്റെ സുഹൃത്തായിരുന്നു ഡോക്ടർ രാജഗോപാൽ ഞാനിപ്പോ അച്ഛൻ എന്ന് വിളിക്കുന്ന ആൾ.അന്ന് അവർക്ക് കുട്ടികൾ ഇല്ല.ഡോക്ടർ രാജാഗോപാലിനും ഡോക്ടർ വിമലയ്ക്കും അങ്ങനെ ഞാൻ മകനായി.ശരിക്കും ഞാൻ അനാഥൻ ആണ്.adopted… മൂന്ന് വയസ്സിൽ ഉപേക്ഷിച്ചു പോകുമ്പോ ആ സ്ത്രീയുടെ മനസിലെന്തായിരുന്നിരിക്കും? പിന്നെ ഒരിക്കൽ വളർന്നപ്പോ ഞാൻ അവരെ കുറിച്ച് അച്ഛനോട് ചോദിച്ചു. അവർ വേറെ വിവാഹം കഴിച്ചുവെന്നും കുട്ടികൾ ഉണ്ടെന്നും ഞാൻ അറിഞ്ഞു. പിന്നെ ഞാൻ അതേ കുറിച്ച് ചോദിച്ചിട്ടില്ല. ഒരിക്കലും എന്റെ അമ്മ എന്നെ തേടി വന്നില്ല….  എന്റെ അച്ഛനെ കല്യാണം കഴിക്കുന്നതിനു മുൻപ് അവർ സ്നേഹിച്ച ആൾക്കൊപ്പമാണ് ഇന്ന് അവർ ജീവിക്കുന്നത്.. എന്തിനാ ഒരാളെ ചതിച്ചത്.. ഒരു കുഞ്ഞിനെ ജനിപ്പിച്ചിട്ട്….”

അവൻ കിതച്ചു.

“എന്റെ അമ്മയെയും അനിയത്തിയെയും ഒഴിച്ചുള്ള പെണ്ണിനെ എനിക്ക് ഭയമാണ്, , വിശ്വാസം ഇല്ലെനിക്ക്…അത് കൊണ്ടാണ് ആരെയും സ്നേഹിക്കാഞ്ഞത്…”

ശ്രീയുടെ കണ്ണ് നിറഞ്ഞു പോയി

“അപ്പൊ ഞാനോ? എന്നോടും വെറുപ്പാണോ “

അറിയാതെ ചോദിച്ചു പോയതായിരുന്നു അവളത്

ചന്തു ഒരു ഞെട്ടലോടെ അവളെ നോക്കി

“ശ്രീ…. നിന്നേ എനിക്ക് ഇഷ്ടമാണ്  ശ്രീ .  വിശ്വാസം ആണ്.. ഇല്ലെങ്കിൽ നമ്മൾ ഒരുമിച്ചു യാത്ര ചെയ്യില്ല.”

ശ്രീയുടെ ഉള്ളൂലഞ്ഞു പോയിരുന്നു

അവൾ ദയനീയമായി അവനെ നോക്കി

“എന്നോട് വെറുപ്പ് തോന്നുന്നുണ്ടോ? ഞാൻ ഒരു നല്ല കുടുംബത്തിൽ നല്ല മാതാപിതാക്കൾക്ക് ജനിച്ച മകനല്ല.. I am an orphan.. sorry I was… Now adopted.. an adopted son “

ഏറെ നാളുകൾക്ക് ശേഷം ശ്രീലക്ഷ്മിയുടെ കണ്ണ് നിറഞ്ഞു. അവൻ ആ കണ്ണീർ തുടച്ചു കളഞ്ഞു

“നി മിടുക്കിക്കുട്ടിയല്ലേ? ചാറ്റർ ബോക്സ്‌. അങ്ങനെ തന്നെ വേണം. ഞാൻ ഇത് വരെ പറയാത്തത് ഒന്നുടെ ഉണ്ട് ശ്രീ… എന്റെ റിയൽ ഐഡന്റിറ്റി.എന്റെ പേര് വിവേക്. വിവേക് സുബ്രഹ്മണ്യം. അടുത്ത് തന്നെ അസിസ്റ്റന്റ് കളക്ടർ ആയി ചാർജ് എടുക്കും. മിക്കവാറും ട്രിവാൻഡ്രം തന്നെ..”

അവൾ ഞെട്ടി അവനെ നോക്കി

“എന്താ?”

“yes “

“എന്തിനാ പിന്നെ കള്ളം പറഞ്ഞത്. ജോലി ഒന്നുല്ല ന്ന് “

“അത് സത്യാ.നമ്മൾ പരിചയപ്പെടുംമ്പോൾ എന്നോട് ജോലി ഉണ്ടോന്ന് അല്ലെ ചോദിച്ചത്. എനിക്ക് ഇപ്പൊ ജോലി ഇല്ലല്ലോ. പിന്നെ ഞാൻ പറയണോ ശ്രീ? ഞാൻ ഐ എ എസ് ആണ്.. എന്നൊക്കെ. എനിക്ക് അതൊക്കെ ചമ്മലാണ്.. സത്യത്തിൽ ഇപ്പോഴും എനിക്ക് അത് ഒക്കെ സ്വപ്നം പോലെയാ.. പക്ഷെ ഇനി ഇത് പറയാതെ വയ്യ. മിക്കവാറും ഉടനെ പോസ്റ്റിങ്ങ്‌ ഉണ്ടാകും. എനിക്ക് ഇപ്പൊ കുറച്ചു നാളുകൾ കൂടി കഴിഞ്ഞു മതി എന്ന ആഗ്രഹം. നിന്റെ കൂടെ കുറച്ചു കറങ്ങാമായിരുന്നു. നമ്മൾ മീറ്റ് ചെയ്തത് ലേറ്റ് ആയി “

ശ്രീ അപ്പോഴും നിശ്ചലയായിരിക്കുകയാണ്

“ശ്രീ?”

“എന്റെ പൊന്ന് മാഷേ.. ഒരു ഐ എ എസിനെ കൊണ്ട് തന്നെ എനിക്ക് ജീവിക്കാൻ മേലാത്ത അവസ്ഥയ വീട്ടിൽ. ഇനി ഇതും കൂടി ഞാൻ താങ്ങത്തില്ല.. നമുക്ക് ഈ കൂട്ട് ഇവിടെ അവസാനിപ്പിക്കാം.. വേണ്ട ” അവൻ കുറച്ചു നേരം അവളെ നോക്കിയിരുന്നു

“ശ്രീയുടെ ഇഷ്ടം.ഗുഡ് ബൈ ഇനി ഞാൻ ഡിസ്റ്റർബ് ചെയ്യില്ല. താങ്ക്സ് ഫോർ…every thing .”

“അതാണ് നല്ലത്. എന്റെ പൊന്ന് മാഷേ.. ഇനിയങ്ങോട്ടുള്ള എന്റെ ജീവിതം ഇങ്ങനെ ആണെങ്കിൽ സംഘർഷംഭരിതമായിരിക്കും. നിങ്ങൾക്ക് പെണ്ണുങ്ങളെ പേടിയുള്ള പോലെ തന്നെ ആണ് എനിക്ക് പഠിപ്പിസ്റ്റുകളെ, ബുദ്ധിജീവികളെയൊക്കെ പേടിയ .. അത് കൊണ്ട് നമുക്ക് കൂട്ടു വേണ്ട. ശ്രീ ഇങ്ങനെ സമാധാനം ആയിട്ട് ജീവിച്ചു പൊയ്ക്കോട്ടെ. മാഷ് ഈ ജില്ല ഒക്കെ ഭരിച്ച് അന്തസ്സായി ജീവിക്ക്,”

അവൻ നോക്കി നിൽക്കെ അവൾ കാറിന്റെ ഡോർ തുറന്നു ഇറങ്ങി

“ഒന്നും തോന്നരുത്. സ്നേഹം ഇല്ലാഞ്ഞിട്ടല്ല. ടെൻഷൻ വയ്യ. അതോണ്ടാ… ഞാൻ എവിടെയാ നിൽക്കുന്നതെന്ന് എനിക്ക് നന്നായിട്ടറിയാം. മാഷ് എന്താ എന്നും. ഞാൻ പോട്ടെ…”

അവൾ നടന്ന് നീങ്ങി ഒരു ഓട്ടോയ്ക്ക് കൈ കാണിച്ചു കയറി പോയി. ചന്തു അത് നോക്കിയിരുന്നു. അവളെ അവന് മനസിലായി

താൻ ഒന്നുമല്ലാത്തവൻ ആയിരുന്നു എങ്കിൽ അവൾ ഈ നിമിഷം ഒപ്പം കണ്ടേനെ..

താൻ ദരിദ്രനായിരുന്നുവെങ്കിൽ, ഒരു കഴിവുമില്ലാത്തവനായിരുന്നുവെങ്കിൽ

പക്ഷെ അങ്ങനെ പോകുകയൊന്നുമില്ല

അവൾ വരും

തീർച്ചയായും വരും

തുടരും…