ധ്വനി, അധ്യായം 10 – എഴുത്ത്: അമ്മു സന്തോഷ്

ശ്രീലക്ഷ്മി ഓട്ടോയിൽ വന്നിറങ്ങുമ്പോൾ വീണ മുറ്റത്തെ പൂന്തോട്ടത്തിൽ വെള്ളം നനച്ചു കൊണ്ട്  നിൽക്കുകയായിരുന്നു.

“ആ ചെക്കൻ രക്ഷപെട്ടു ഓടിയോ? അതോ നി അവനെ പാതി വഴിക്ക് കളഞ്ഞേച്ചു വന്നോ?”

“അമ്മ വെള്ളമടി നിർത്തിട്ടു വന്നേ. ഒരു കാര്യം ഉണ്ടെന്ന് “

“എന്തോന്നാ?”

“ഇങ്ങോട്ട് വരാൻ “

അവൾ പൈപ്പ് ഓഫ്‌ ചെയ്തു  വീണയെ പിടിച്ചു വലിച്ചു കൊണ്ട് പോയി

“എന്റെ അമ്മേ ആ ചെക്കൻ ഐ എ എസുകാരൻ ആണെന്ന്. ഉടനെ തിരുവനന്തപുരം അസിസ്റ്റന്റ് കളക്ടർ ആയി ചാർജ് എടുക്കുമെന്ന്…”

“ആഹാ മിടുക്കൻ.. അതിന് എന്താ പ്രോബ്ലം?”

“എന്റെ പൊന്ന് അമ്മേ… ഇവിടെ ചേച്ചിയേ കൊണ്ട് തന്നെ നാട്ടുകാർ എനിക്ക് സ്വര്യം തരുന്നില്ല. ഇനി ഞാൻ ചന്തുവേട്ടന്റെ ഒപ്പം നടക്കുന്നത് വലിയ പ്രശ്നം ആണെന്ന്.. അങ്ങേർക്ക് എന്നെ ഇഷ്ടം ആണെന്നാ… തോന്നുന്നേ…”

വീണ ചിരിച്ചു പോയി

“അതിന്?”

“അതൊന്നും വേണ്ട.. ഒടുക്കത്തെ താരതമ്യം വരും.. ഇത് വരെ ചേച്ചിയേ വെച്ചായിരുന്നു ഇനി പുള്ളിയെ വെച്ചായിരിക്കും. അങ്ങേര് അങ്ങേരുടെ വഴിക്ക് പോട്ടെ. എനിക്ക് വല്ല ഡാൻസ്കാരോ പാവം ടീച്ചർ മാരോ ഓക്കേ മതി…ഐ എ എസ് വേണ്ട… ഞാൻ ജസ്റ്റ്‌ മിസ്സാ.. ഇത് അറിയാതെ ഇരുന്നെങ്കിൽ പ്രേമിച്ചു പോയേനെ. ഹൂ “

വീണ അൽപനേരം നോക്കി നിന്നു

“ഇപ്പൊ നിനക്ക് അവനോട് പ്രേമം ഇല്ല?”

“ഇല്ല…”ഒരു കള്ളലക്ഷണം

“ഉറപ്പാണല്ലോ അല്ലെ?”

വീണ ചുഴിഞ്ഞു നോക്കി

“ആാാ “

അവൾ തിരിഞ്ഞു മുറിയിൽ പോയി

ചന്തു കുളിച്ചു വന്നപ്പോഴേക്കും മീര മുന്നിൽ

“പതിവില്ലാതെ പല കാര്യങ്ങളും നടക്കുന്നുണ്ടല്ലോ “

“എന്ത് കാര്യം?”

അവൻ മൊബൈൽ ടേബിളിൽ വെച്ചു

“അല്ല ശ്രീക്കുട്ടിക്കൊപ്പം കറങ്ങാൻ പോയത് “

“അതിനെന്താ?”

“അതോനൊന്നുമില്ല. ശ്രീക്കുട്ടി നല്ല കുട്ടിയ പക്ഷെ ഏട്ടൻ അങ്ങനെ പെൺപിള്ളേരെ എന്റർടൈൻ ചെയ്യുന്ന ആളല്ലല്ലോ..”

“പോടീ പോയി പണി നോക്ക് “

“ഏട്ടോ സത്യം പറ. ആ കൊച്ചിനെ ഇഷ്ടം അല്ലെ?”

“നിനക്ക് ഇഷ്ടം അല്ലെ?”

“അതേ “

“അത് പോലെയുള്ളനിക്കും “

“ഓ..അത്രേയുള്ളൂ.. ജസ്റ്റ്‌ ഫ്രണ്ട് “

“yes…”

“വേറെയൊന്നുമില്ല “

“ഇല്ല “

“ആയിക്കോട്ടെ “

അവൾ മുറിയിൽ നിന്നും പോയി. അവൻ വെറുതെ മൊബൈൽ എടുത്തു ഫോട്ടോസ് നോക്കി. അന്നത്തെ ഫങ്ക്ഷൻ ഫോട്ടോസ് ആയിരുന്നു അത്

ശ്രീക്കുട്ടി…

അവൻ അവളുടെ ഫോട്ടോ സൂം ചെയ്തു. നിഷ്കളങ്കമായ മുഖം. കുസൃതി നിറഞ്ഞ കണ്ണുകൾ. ചിരിക്കുമ്പോൾ പ്രകാശമുള്ള പോലെ. എതിരിട്ടിലും അവൾ നിൽക്കുമ്പോൾ ഒരു പ്രകാശം ഉണ്ടാകും. ഒരു ലൈറ്റ്

ഇപ്പൊ തന്നിൽ നിന്നും പോയത് സ്നേഹം കൊണ്ട് തന്നെയാണ്. അതുമറിയാം. താൻ എന്തിനാ തന്നെ സംബന്ധിച്ച് ഉള്ള എല്ലാം അവളോട് പറഞ്ഞത്. ഇത് വരെ ആരോടും പറയാത്തത്

അതവൾ അറിയണം എന്ന് തോന്നിയതെന്തു കൊണ്ടാണ്?

ലോകത്തിന്റെ മുന്നിൽ താൻ രാജഗോപാൽ സുബ്രഹ്മണ്യത്തിന്റെ മകനാണ്. അച്ഛനും അമ്മയ്ക്കും താൻ കഴിഞ്ഞേയുള്ളു മീര പോലും.. ആ സ്നേഹം അറിയാം. പക്ഷെ ശ്രീ അറിയണം. എല്ലാം അറിയണം..

എന്നെങ്കിലും തന്റെ കൂട്ടായിട്ട് ശ്രീ വരുമോ?

അവൻ ആ ഫോട്ടോയോടു ചോദിച്ചു

നി വരാമോ എന്റെ ഒപ്പം?

എന്റെ കൂടെ?

ഇത് പോലെ ഒത്തിരി വർത്താനം പറഞ്ഞു കൊണ്ട് പൊട്ടിച്ചിരിച്ച്… എന്റെ ഒപ്പം എന്റെ ആയിട്ട്…

പക്ഷെ ഞാൻ ഇനി അങ്ങോട്ട് വിളിക്കില്ല ട്ടോ ശ്രീ

നിന്നേ വിഷമിപ്പിക്കില്ല

ശല്യം ചെയ്യില്ല

നി നല്ല കുട്ടിയാണ് സന്തോഷത്തോടെയിരിക്ക്. അവൻ ഫോൺ ടേബിളിൽ വെച്ച് കണ്ണുകൾ. അടച്ചു

ദിവസങ്ങൾ കഴിഞ്ഞു പൊയ്ക്കൊണ്ടിരുന്നു

ചന്തു മീരയെ കൊണ്ട് വിടുമ്പോഴും വിളിച്ചു കൊണ്ട് പോകാൻ വരുമ്പോഴും ശ്രീ അവിടെ എവിടെ എങ്കിലും ഉണ്ടാകും

അവൻ അങ്ങോട്ട്‌ നോക്കാറില്ല

അകന്ന് പോകാൻ ആഗ്രഹം ഉള്ളവരെ വിട്ടു കളയുന്നതാണ് നല്ലത്

പിന്നെ പിന്നെ ശ്രീ അവിടെ നിൽക്കാതെയായി

ചന്തു നോക്കും… ഏതെങ്കിലും കർട്ടന് പിന്നിൽ… ക്ലാസ്സ്‌ റൂമിൽ. ചിലപ്പോൾ അവൾ ഉണ്ടായേക്കാം. അങ്ങനെ കുറച്ചു ദിവസം കഴിഞ്ഞപ്പോൾ ചന്തുവിന് അത് പറ്റാതെയായി. പെട്ടെന്ന് ഹൃദയത്തിൽ ഒരു ഇരുട്ട് വീണത് പോലെ..മീരയെ വിളിക്കാൻ വരുമ്പോൾ അന്ന് അവൻ അവിടെ ഇറങ്ങി

കുട്ടികൾക്ക്  ക്ലാസ്സ്‌ എടുത്തു കഴിഞ്ഞു മുറി വൃത്തിയാക്കുകയായിരുന്നു ശ്രീലക്ഷ്മി

പച്ചയും ഓറഞ്ചും കലർന്ന യൂണിഫോം. ഓറഞ്ചു പാന്റിനു മുകളിൽ കൂടി പച്ചസാരി ചുറ്റിയിരിക്കുന്നു. അവൾ തറ തുടച്ച് നിവർന്നപ്പോൾ മുന്നിൽ ചന്തു

അവളൊന്നു ചിരിക്കാൻ ശ്രമിച്ചു

“സുഖമല്ലേ ശ്രീ?”

അവൾ മെല്ലെ തലയാട്ടി. കണ്ണ് നിറഞ്ഞു പോകുന്നുവെന്ന് തോന്നിട്ട് കുനിഞ്ഞു നിലത്തിരുന്നു വൃത്തിയാക്കുന്നത് തുടർന്നു

അവൻ തൊട്ട് മുന്നിൽ വന്നപ്പോൾ അവളത് നിർത്തി

“ശ്രീ?” അവൾ കുനിഞ്ഞിരുന്നതേയുള്ളു

ഉള്ളിൽ എന്തൊക്കെയോ ആർത്തലച്ചു വരുന്നുണ്ട്. പൊട്ടിത്തെറിച്ചു ചോദിക്കണമെന്നുണ്ട്. എന്തിനാ എന്നെ അവോയ്ഡ് ചെയ്യുന്നത് എന്ന്. എന്തിനാ കാണാത്ത പോലെ നടക്കുന്നതെന്ന്

“ശ്രീ ഇങ്ങോട്ട് ഒന്ന് നോക്ക് “

അവൾ മൗനമായി ഇരുന്നതേയുള്ളു

“ശ്രീ “

അവൻ കുനിഞ്ഞു ആ കൈ പിടിച്ചു എഴുനേൽപ്പിച്ചു

ഒഴുകി പരക്കുന്ന കണ്ണുനീർ കണ്ട് അവൻ പകച്ചു പോയി

“ശ്രീ പ്ലീസ് കരയല്ലേ “അവനാ മുഖം തുടച്ചു കൊടുത്തു

“ചന്തുവേട്ടൻ പൊയ്ക്കോ “

അവൾ ഇടറുന്ന ശബ്ദത്തിൽ പറഞ്ഞു

“എനിക്ക് പറ്റുന്നില്ല ശ്രീ… ഞാൻ ശ്രമിച്ചു നോക്കി പിണങ്ങി ഇരിക്കാൻ. കഴിയുന്നില്ല.. എന്നോട് മിണ്ടാമോ?”

അവൾ ഇണങ്ങാൻ മടിച്ച പോലെ പിന്നിലേക്ക് നടന്നു

“ഞാൻ നിന്നേ കണ്ടു പോയില്ലേ ശ്രീ? അറിഞ്ഞു പോയില്ലേ? നിന്റെ ഒപ്പം കുറച്ചു സമയം സന്തോഷം ആയിട്ട് കഴിഞ്ഞു പോയില്ലേ?ഇപ്പൊ എനിക്ക് പഴയ പോലെ പറ്റുന്നില്ല.. “

ശ്രീ അവനെ നോക്കിക്കൊണ്ട് നിന്നു

“നമുക്ക് പഴയ പോലെ ആകാം.. ഞാൻ  സിവിൽ സർവീസ് പരീക്ഷ പാസ്സായി പോയത് എന്റെ തെറ്റാണോ?.. നി എന്തിനാ അതിന്റെ പേരില് എന്നെ ഉപേക്ഷിച്ചു പോയത്? അതല്ലേ എനിക്ക് ദേഷ്യം വന്നത്?”

“ദേഷ്യം വന്നാ ഇങ്ങനെ ആണോ പെരുമാറുക? ഞാൻ എത്ര തവണ വിളിച്ചു? എത്ര ദിവസം ഇവിടെ നിന്നു? കണ്ട മട്ടില്ല.. ഞാൻ അനുഭവിച്ചത് എനിക്കെ അറിയൂ. നന്ദേച്ചി കാരണം എനിക്ക് പുറത്ത് ഇറങ്ങി നടക്കാൻ വയ്യ. കാണുന്നൊരു മുഴുവൻ ചോദിക്കും ചേച്ചി ഇങ്ങനെ അല്ലെ മോളെ? മോൾക്ക് മിനിമം ഡോക്ടർ എങ്കിലും ആയിക്കൂടെ ന്ന്. ഇവരുടെ ഒക്കെ വിചാരം ഇത് കടയിൽ മേടിക്കാൻ കിട്ടുന്ന എന്തോ ആണെന്നാ. എല്ലാവരും ഡോക്ടർ ആയാൽ പിന്നെ മറ്റ് ജോലിക്ക് ആളെ കിട്ടുമോ?”

അവന് ചിരി പൊട്ടി

“എന്റെ ചന്തുവേട്ടാ ഇനി നമ്മൾ ഒന്നിച്ചു നടന്നാൽ… അല്ല കാറിൽ പോകുകേ വരികെ ഒക്കെ ഒന്നിച്ചു കണ്ടാൽ പ്രേമം ആണെന്ന് പറയും പിന്നെ അടുത്ത ചോദ്യം.. ശൊ എന്റെ ശ്രീക്കുട്ടി നിന്റെ ആള് ഐ എ എസ് ഒക്കെ ആയിട്ട് നി ഇങ്ങനെ ഡാൻസ് കളിച്ചു നടക്കുന്നത് മോശല്ലേ… നിനക്ക് സിവിൽ സർവീസ് നോക്കിക്കൂടെ… സമാധാനം പോയിക്കിട്ടും “

അവൻ അടുത്ത് ചെന്നു നിലം തുടയ്ക്കുന്ന തുണി പിടിച്ചു വാങ്ങി നിലത്തിട്ടു പോക്കറ്റിൽ നിന്നും  തൂവാല എടുത്തു നന്നായി കൈ തുടച്ചു കൊടുത്തു

“നിനക്ക് ഞാൻ മിണ്ടിയില്ലെങ്കിൽ ഒന്നുമില്ലേ?”

അവൾ ചന്തുവിനെ നോക്കി

“പിന്നില്ലാതെ? വിഷമം വരും.. അപ്പൊ ഞാൻ കുറച്ചു ചോറ് കൂടി ഉണ്ണും.. അല്ലാതെ ഇപ്പൊ എന്ത് ചെയ്യാനാ?”

അവൻ ഉറക്കെ ചിരിച്ചു പോയി

“എന്റെ കൊച്ചേ നിന്നേ ഞാൻ എന്ത് ചെയ്യും?”

അവൾ നിഷ്കളങ്കമായി ചിരിച്ചു

“ഇത് തന്നെ ആണ് അമ്മയും ചോദിക്കുന്നത്”

“എന്നോട് ദേഷ്യം ഉണ്ട് അല്ലെ?”

“കുന്തം… പിന്നേ ദേഷ്യം വരില്ലേ? ഞാൻ എന്തെങ്കിലും പറഞ്ഞുന്ന് വെച്ച് ഉടനെ ഗുഡ് ബൈ പറഞ്ഞു പോവാനിരിക്കുവാ അല്ലെ? അല്ലാതെ ബുദ്ധി ഇല്ലാത്ത ഒരു കൊച്ച് പറയുന്നതാണെന്ന് വിചാരിച്ചു ക്ഷമിച്ചു കൂടെ ദുഷ്ട..”
അവൾ ചീറി

പൊടുന്നനെ സർവവും മറന്നു ചന്തു പൊട്ടിച്ചിരിച്ചു കൊണ്ട് അവളെ ഹഗ് ചെയ്തു

“ദേ നൊ ബോഡി ടച്ചിങ്‌…”അവൾ പിടഞ്ഞു മാറി

“ഉയ്യോ സോറി സോറി.. “

“സിറ്റുവേഷൻ മൊതലെടുക്കല്ലേ സജി…”

“അതാരാ?”

“എന്റെ അമ്മൂമ്മയുടെ നായര്.. പോയി malayalam പടം കാണു മാഷേ… ഈശ്വര…!!!”

“അതേതു സിനിമയാ? ഉണ്ടെങ്കിൽ ടെലിഗ്രാമിൽ അയച്ചു താ “

“വീട്ടിൽ ചെന്നിട് പോരെ?”

പെട്ടെന്ന് എന്തോ ഓർമ്മ വന്ന പോലെ അവനെ അവൾ നോക്കി

“അതേയ് ഇവിടെ സിവിൽ സർവീസ് അക്കാദമിയിൽ ക്ലാസ്സ്‌ എടുക്കുന്നുണ്ടോ?”

“yes. എന്താ?”

“എന്റെ ചേച്ചി അവിടെ പഠിക്കുന്നുണ്ട് “

“ഓ “

“ഓ അല്ല ഔ..അവളുൾപ്പെടെ അവിടെയുള്ള പെണ്ണുങ്ങൾക്ക് ക്രഷ് ഉള്ളത് അറിയാമോ?”

“കാണും “

“ആരോടെങ്കിലും കമ്മിറ്റഡ് ആണെന്ന് പറഞ്ഞോ?”

“ഒരു കുട്ടി പ്രൊപ്പോസ് ചെയ്തപ്പോൾ രക്ഷപെട്ടു പോകാൻ പറഞ്ഞതാ “

“ബെസ്റ്റ്. ഇനി അതും എന്റെ തലയിലാകുമല്ലോ ദൈവമേ… ഇങ്ങേരെന്തിനാ ഈ കള്ളം ഒക്കെ പറയുന്നേ?”

“അത് സാരമില്ല ശ്രീ. അത് ഒരു സേഫ് സോൺ ആണ്. ലവർ ഉണ്ടെന്ന് പറഞ്ഞാൽ സേഫ് ആണ് പിന്നെ പ്രൊപോസൽ വരില്ലല്ലോ “

ശ്രീ കുറച്ചു നേരം മിണ്ടാതെയിരുന്നു

“പിന്നെ എന്നോട് എന്താ അത് പറയാഞ്ഞത്?”

“ഒരു ചാൻസ് ഉണ്ടെങ്കി മിസ്സ്‌ ആക്കണ്ടല്ലോ “

ഒരു നിമിഷം കഴിഞ്ഞാണ് അവൾക്ക് അതിന്റെ അർത്ഥം മനസിലായത്

“അയ്യടാ ഞാൻ അങ്ങനെ ഉള്ള ആൾ നഹി ഹേയ്…”

“പിന്നെ എങ്ങനെ ഉള്ള ആളാ?”

“പൊ ചന്തുവേട്ടാ” അവൾ ചിരിച്ചു

പിന്നെ അവന്റെ കയ്യിൽ കൈ കോർത്തു പിടിച്ചു

“ധ്വനി കണ്ടിട്ടില്ലല്ലോ മുഴുവൻ?”

“ഇല്ല..”

“വാ കാണിച്ചു തരാം “

ഒന്ന് ഒന്നരയേക്കറിൽ വലിയ ഒരു സ്ഥാപനം ആയിരുന്നു അത്.

“താഴത്തെ നിലയിൽ ആണ് ഡാൻസ് സ്കൂൾ. മുകളിൽ ബാങ്കിന് റെന്റ് കൊടുത്തേക്കുകയാണ്.”

“പെൺകുട്ടികൾ മാത്രേയുള്ളോ?”

“ആം. അത് അമ്മയുടെ നിർബന്ധം ആണ്. അമ്മയ്ക്ക് കണ്ട്രോൾ ചെയ്യുവാൻ എളുപ്പമാണ് എന്ന പറയുക. അത് കൊണ്ട് എന്താ? മിക്കവാറും എല്ലാ പ്രോഗ്രാമിനും കൃഷ്ണൻ ഞാനാ..”

അവൻ ചിരിച്ചു

“ആൺവേഷം എനിക്കാണ്. എന്നെ കണ്ടാൽ ആൺകുട്ടിയെ പോലെയാണ് എന്നാ അമ്മ പറയുക. ഞാൻ ആൺകുട്ടികൾ ജനിക്കണ്ട ടൈമിൽ
ഉണ്ടായതാണെന്ന്..”

“ഹേയ്..നി നല്ല അസ്സല് പെൺകുട്ടിയാണല്ലോ “

അവൻ നേർത്ത ചിരിയോടെ പറഞ്ഞു

അവൾ ഒന്ന് ചുഴിഞ്ഞു നോക്കി

“എന്റെ പൊന്നെ തെറ്റിദ്ധരിക്കരുത്. ഞാൻ നല്ല മനസ്സോടെ പറഞ്ഞതാ “

അവൾ ചിരിച്ചു

“ഇനിയെന്നാ അന്നത്തെ പോലെ പ്രോഗ്രാം?”

“എന്തിനാ?”

“ഞാൻ വരാം… ഒന്നിച്ചു പോകാം. പാതിവഴിയിൽഎന്നെ ഇട്ടിട്ട് പോരതെയിരുന്നാൽ മതി “

“അങ്ങനെ പോന്നാൽ?”

“പോന്നാൽ…. ഞാൻ വല്ല നോർത്തിലോട്ടും ട്രാൻസ്ഫർ മേടിച്ചു പോകും… അത്ര തന്നെ “

ശ്രീ കുറച്ചു നേരം അവനെ ഇമ വെട്ടാതെ നോക്കി നിന്നു

അവളുടെ ഹൃദയം ഇളകി മറിഞ്ഞു കൊണ്ടിരുന്നു. ഇത് പ്രണയം ആണെന്ന് അവൾക്ക് മനസിലായി. സുഹൃത്ത് എന്ന് വെറുതെ പറയുകയാണ്

ചന്തു അവളുടെ തോളിലൂടെകയ്യിട്ട് ചേർത്ത് പിടിച്ചു

“അപ്പൊ ഇനി നമ്മൾ ഫ്രണ്ട്സ്?”

അവൾ തലയാട്ടി. ചന്തു അവളെ ഒന്ന് കെട്ടിപിടിച്ചു

ദൂരെ നിന്ന് മീര അത് കാണുന്നുണ്ടായിരുന്നു. അവൾക്ക് അത് വിശ്വസിക്കാൻ കഴിഞ്ഞില്ല. ഏട്ടൻ എത്ര സ്നേഹം വന്നാലും തന്നെ hug ചെയ്തിട്ടില്ല. ദേഹത്ത് തൊട്ട് സംസാരിക്കുക അപൂർവമാണ്. അമ്മയോടും അങ്ങനെ തന്നെ. ഉമ്മ കൊടുക്കുകയോ കെട്ടിപിടിച്ചു സംസാരിക്കുകയുയോ ചെയ്യാറില്ല. അച്ഛനോട് തീരെയില്ല. ഒരു അകലമുണ്ട് എല്ലാരോടും

ആദ്യമായാണ്….അവളുടെ ഉള്ളിൽ ഒരു പേടി നിറഞ്ഞു

തുടരും

Leave a Reply

Your email address will not be published. Required fields are marked *