ധ്വനി, അധ്യായം 11 – എഴുത്ത്: അമ്മു സന്തോഷ്

“അച്ചോയ് “

ഒരു വിളിയൊച്ച

ഞായറാഴ്ച ആയത് കൊണ്ട് സ്വസ്ഥം ആയി പത്രം വായിക്കുകയായിരുന്നു കൃഷ്ണകുമാർ

“എന്താ?”

“ഇങ്ങനെ ഒക്കെ നടന്നാ മതിയോ?”

ശ്രീക്കുട്ടി ആണ്

“എന്തോ ഒരു പണി എനിക്ക് വാങ്ങിച്ചു തരാനുള്ള ചോദ്യമല്ലേ മോളെ?”

“ഇതാണ് ആർക്കും ഒരുപകാരം ചെയ്യരുത്.. ചെയ്യുന്നതിനെ കുറിച്ച് ആലോചിക്കരുത്. സാരമില്ല എന്റെ ഫ്രണ്ട് മീനു കൊണ്ട് തന്ന റെഡ് വൈൻ ഞാൻ വേറെ ആർക്കെങ്കിലും കൊടുത്തോളം “

ഒറ്റ നിമിഷം കൊണ്ട് കൃഷ്ണകുമാർ ചാടിയെഴുനേറ്റു

“റെഡ് വൈനോ എവിടുന്ന്?”

“ഓ ഞാൻ പണി തരുന്ന ആളല്ലേ… എന്നെ വിശ്വസിക്കാൻ പാടില്ല “

അയാൾ ചുറ്റും നോക്കി

“ഇങ്ങനെ പേടിക്കല്ലേ “

“പേടിയൊന്നുല്ല ഒരു ഭയം. നി സാധനം എവിടെ നിന്ന് കിട്ടി എന്ന് പറ “

“മീനുവും ഫാമിലിയും യുകെയിൽ പോയിരുന്നു ടൂറിനു. അവൾ വാങ്ങി കൊണ്ട് തന്നതാ. എനിക്ക് അതിന്റെ ടേസ്റ്റ് അത്ര ഇഷ്ടപ്പെട്ടില്ല അച്ഛൻ വേണേൽ എടുത്തോ. നല്ല വെളുത്തു ചുമക്കും..”

“പോടീ.. നി സാധനം കൊണ്ട് താ… അല്ലെങ്കിൽ വേണ്ട എന്റെ അലമാരയിൽ വെച്ചേച്ചാ മതി.അല്ലെങ്കിൽ അവള് പ്രശ്നം ഉണ്ടാക്കും.”

“പകരം എനിക്ക് എന്ത് തരും?”

“ങ്ങേ?”

“ആ പകരം എനിക്ക് എന്തോ തരും?”

“എന്ത് വേണം?’

“അച്ഛന്റെ ബുള്ളറ്റിന്റെ ചാവി “

“എന്ത്? പോടീ… നി ഇവിടെ ഇട്ട് ഓടിക്കുന്നുന്നു കരുതി ഞാൻ തരില്ലേ അത്. വീണ എന്നെ കൊല്ലും “

“എന്നാ റെഡ് വൈൻ മറന്നേക്ക് “

അയാൾ ധർമ്മ സങ്കടത്തിൽ ആയി

“എന്റെ പൊന്നുമോളെ അച്ഛന് പേടിയായിട്ടാ…”

“പേടിക്കണ്ട. ഒരു റൗണ്ട്. ഒറ്റ റൗണ്ട് പോയിട്ട് വേഗം വരാം. ഇന്ന് വലിയ ട്രാഫിക് ഇല്ലല്ലോ.. പ്ലീസ് സൂക്ഷിച്ചു പോയിട്ട് വരാം “

“വേഗം വരണെ “

“ഉറപ്പല്ലേ…”

അവൾ ബുള്ളറ്റ് ഓടിച്ചു പോകുന്നത് അയാൾ ചങ്കിടിപ്പോടെ നോക്കി നിന്നു

ശ്രീക്കുട്ടി അയച്ചു കൊടുത്ത ഒരു തമാശ മൂവി കണ്ടിരിക്കുകയായിരുന്നു ചന്തു

അവളുടെ കാൾ വരുന്നത് കണ്ട് അവൻ സൗണ്ട് കുറച്ചിട്ട് കാൾ എടുത്തു

“എന്റെ ഒപ്പം ബുള്ളറ്റിൽ ഒരു റൗണ്ട് പോകാൻ പേടിയില്ലെങ്കിൽ പുറത്തേക്ക് ഗേറ്റിന്റെ അടുത്തേക്ക് പോരെ “
അവൻ അമ്പരപ്പോടെ ജനലിൽ കൂടി നോക്കി

ദേ നിൽക്കുന്നു. അല്ല ഇരിക്കുന്നു, എന്റെ ഈശ്വര ഈ പെണ്ണ്

അവൻ ഇറങ്ങി ചെന്നു

“നിനക്ക് ബുള്ളറ്റ് ഓടിക്കാൻ അറിയാമോ?”

“വേണേൽ പ്ലെയിൻ ഓടിക്കും അല്ല പിന്നെ. കേറിക്കോ ഒരു റൗണ്ട് പോയിട്ട് വരാം “

“ഞാൻ ഈ ഡ്രസ്സ്‌ ഒന്ന് മാറീട്ട്..?

“ഈ ഡ്രെസ്സിനെന്താ കുഴപ്പം. ഷോർട്സ് അടിപൊളി അല്ലെ വെളുത്തു ചുവന്ന കാലൊക്കെ പത്ത് പേര് കാണട്ടെന്ന് “

“ശീ.. ഈ പെണ്ണ്..”

“വേണേൽ കേറ്. ഇല്ലെങ്കിൽ ഞാൻ ഇപ്പൊ പോകും “

അവൻ കയറി

മെല്ലെ തിരിഞ്ഞു വീട്ടിലേക്ക് ഒന്ന് നോക്കി

മീര സിടൗട്ടിൽ നിൽക്കുന്നുണ്ട്. അവൻ പെട്ടെന്ന് മുഖം തിരിച്ചു

“വിട്ടോ “

“പേടി ഉണ്ടെങ്കിൽ എന്നെ പിടിച്ചോ. advantage എടുക്കരുത്. പേടി ഉണ്ടെങ്കിൽ മാത്രം “

“പോടീ… എനിക്ക് എന്നാ പേടിയാ.. പോയ രണ്ടു പേരും പോകും… അതല്ലേ അതിന്റെ ഒരിത്..,

അവളതു കേട്ടതായി ഭാവിച്ചില്ല

നല്ല സ്പീഡിൽ ആയിരുന്നു അവൾ ഓടിച്ചിരുന്നത്

ചന്തു സ്വയമറിയാതെ അവളോട് ചേർന്ന് ഇരുന്നു. കൈകൾ ഉദരത്തിലൂടെ വളച്ചിട്ട് പിടിച്ചു. കടന്നു പോകുന്നവർ നോക്കുന്നുണ്ടായിരുന്നു

“തിരിച്ചു കൊണ്ട് വിടട്ടെ?”

“നി ഇങ്ങോട്ട് ഇറങ്ങിക്കെ. ശരിക്കും ഉള്ള സ്പീഡ് ഞാൻ കാണിച്ചു തരാം.”

അവൾ ഇറങ്ങി പിന്നിൽ ഇരുന്നു

കാറ്റ് തോൽക്കുന്ന വേഗതയായിരുന്നു പിന്നെ

ശ്രീക്കുട്ടി വിസിൽ അടിക്കുന്നത് അവൻ കേട്ടു

“wow കിടുവെ…”

അവൾ കൈ രണ്ട് വശത്തേക്കും വിടർത്തി..പിന്നെ അവനെ ചുറ്റി പിടിച്ചു

“എന്റെ ചന്തുവേട്ടൻ സൂപ്പറാ “

ചന്തു ചിരിച്ചു

“ഉയ്യോ പോലീസ്..” പോലീസ് കൈ കാണിച്ചു

“പെട്ടു ” അവൾ പിറുപിറുത്തു

“ഹെൽമെറ്റ്‌? പോലീസ് അവന്റെ മുഖത്ത് നോക്കി

“എടുത്തില്ല “

“ലൈസൻസ്?”

“വീട്ടിൽ ആണ്.”

“കൊള്ളാം. നീയോ കൊച്ചേ.. നിന്റെ തലയിൽ ഹെൽമെറ്റ്‌ ഉണ്ടല്ലോ. ഒന്ന് ഇവന്റെ തലയിലും വെച്ചു കൊടുത്തൂഡാരുന്നോ?”

“അത് സാറെ ആക്ച്വലി ഞാൻ ആണ് വണ്ടിയൊടിച്ചത്.”

“ങ്ങേ..”

അയാൾ വിശ്വസിക്കാൻ വയ്യാതെ അവളെ ഒന്ന് നോക്കി

“സത്യം.. ഞാനാ. ചന്തുവേട്ടൻ ഇച്ചിരി ദൂരം ദോ അവിടെ നിന്നും ഇങ്ങോട്ട് ഇച്ചിരി ദൂരമേ ഓടിച്ചുള്ളൂ “

“അതൊന്നും പറഞ്ഞിട്ട് കാര്യമില്ല fine അടയ്ക്കണം,

“സർ പേഴ്സ് എടുത്തില്ല. റെസിപ്റ്റ് തന്നാൽ ഞാൻ ഓഫീസിൽ വന്നു അടച്ചോളാം..”

“കൊച്ചിന്റെ കയ്യിൽ ഉണ്ടൊ പൈസ?”

“ഞാനും പേഴ്സ് എടുത്തിട്ടില്ല “

“എന്നാ പിന്നെ വണ്ടി ഇവിടെ ഇരിക്കട്ടെ. മക്കൾ ഒരു ഓട്ടോ പിടിച്ചു പോയി കാശ് എടുത്തു വാ..”

“സർ പ്ലീസ് സർ.. അവള് പൊയ്ക്കോട്ടെ. ഞാനടയ്ക്കാം.”

“എന്ത് ഉറപ്പ് തരാൻ പറ്റും?”

“സർ ഇപ്പൊ ക്യാമെറയിൽ കുടുങ്ങുന്ന വാഹനങ്ങൾക്ക് നോട്ടീസ് അയയ്ക്കുകയല്ലേ പതിവ്? സർ അത് പോലെ ചെയ്തോളു. കാശ് ഞാനടച്ചോളാം “

“ആഹാ നിയമം ഒക്കെ അറിയാവുന്ന ആളാണല്ലോ. രാജേഷ് സാറെ ഇത് കേട്ടോ..”

എസ് ഐ രാജേഷ് അങ്ങോട്ട് വന്നു

“ആ എന്താ കാര്യം?”

“സാറെ നോക്ക് ലൈസൻസ് ഇല്ല. ഹെൽമെറ്റ്‌ ഇല്ല. ഇവനാണ് ഓടിച്ചത്.. ചോദിച്ചപ്പോ റൂൾസ്‌ പറയുന്നു “

“എന്താടാ ഫൈൻ അടച്ചിട്ടു പോയമതി “

“അടച്ചോളാം ഇപ്പോഴല്ല കോടതിയിൽ. സർ റെസിപ്റ്റ് തന്നേക്ക് “

അവന്റെ കൂസലില്ലായ്മ കണ്ടയാളുടെ ഉള്ളു പുകഞ്ഞു

“അത് ശരി എന്ന വണ്ടി നി കൊണ്ട് പോകുന്നത് എനിക്ക് കാണണം. പോലീസിനോടണോ നിന്റെ കളി? കൂടുതൽ കളിച്ചാല് നിന്നേം ഇവളേം കൂട്ടി അകത്തിടാനുള്ള വകുപ്പ് അറിയാം കേട്ടോടാ. ഇമ്മോറൽ ട്രാഫിക് എന്ന് കേട്ടിട്ടുണ്ടോ നീ “

“shut up… just shut up your dirty mouth.. ra-skal..മര്യാദക്ക് സംസാരിക്ക്. മര്യാദക്ക് “

അവൻ അയാളുടെ കണ്ണിനു നേരേ വിരൽ ചൂണ്ടി

“കാശ് ഞാനടയ്ക്കും. കോടതിയില്… പിന്നെ ഇജ്ജാതി ഉമ്മാക്കി കാണിച്ച് സാധാരണ ജനങ്ങളെ പേടിപ്പിക്കാൻ പറ്റും.ഒരു ഐ എ എസ് കാരനെ പേടിപ്പിക്കാൻ വരരുത്. നിയമം നല്ലോണം പഠിച്ചു തന്നെ ആണ് ഈ പണിക്ക് ഇറങ്ങിയത്.immoral traffic എന്ന് വെച്ചാ എന്തെന്ന് അറിയാമോടോ?അതാദ്യം പഠിക്ക്. എന്നിട്ട് ഒണ്ടാക്ക് “

“എന്റെ പേര് വിവേക് സുബ്രഹ്മണ്യം..ഐ എ എസ്. ഫൈൻ ഞാൻ അടയ്ക്കും. അതിന് നിങ്ങളുടെ ഭീഷണിയുടെ സ്വരം വേണ്ട. മൈൻഡ് ഇറ്റ് “

അവർ വിരണ്ടു പോയി

“സർ ” അവർ അവനെ സല്യൂട്ട് ചെയ്തു

“സല്യൂട്ട് ഒക്കെ ജോയിൻ ചെയ്തിട്ട് മതി. ഇവിടെ തന്നെ ഭാവിയിൽ നമ്മൾ കാണും. അന്നേരം മറക്കാതെ ചെയ്തോണം. രണ്ടു പേരും. രാജേഷ് ആൻഡ് റഫിക്. ഓർമ്മയിൽ ഉണ്ട് പേരും മുഖവും..അവസരം കിട്ടിയാൽ രണ്ടിനേം കുറച്ചു നാളുകൾ വീട്ടിൽ ഇരുത്താനുള്ള പണി ഞാൻ തരും. വിവേകാ പറയുന്നത്. ഓർത്തു വെച്ചോ “

അവൻ കീ വാങ്ങി

റെസിപ്റ്റും

” ഓഫീസിൽ വന്നടച്ചോളാം.. ഇനിം ഞാൻ തന്നെയാ വണ്ടി ഓടിക്കാൻ പോകുന്നത്. വേറെ ഫൈൻ വേണോ?”

അവർ മിണ്ടിയില്ല

“കേറടി “

ബുള്ളറ്റ് സ്റ്റാർട്ട്‌ ചെയ്തിട്ട് അന്തം വിട്ടു നിൽക്കുന്ന ശ്രീയോട് അവൻ പറഞ്ഞു

“ഈശ്വര…. മാസ്സ് ഡയലോഗ്… കിടുക്കി…”അവൾ കൈ അടിച്ചു “ഇങ്ങനെ ഒരു മുഖമുണ്ടോ ഐ എ എസിന്?”

“പോടീ.. എടി എന്തെങ്കിലും കഴിച്ചിട്ട് പോയാലോ വിശക്കുന്നു “അവൻ ചോദിച്ചു

“അയ്യോ അച്ഛൻ പേടിക്കും “

“നി വിളിച്ചു പറ. എന്റെ കൂടെയാണെന്ന് പറ. അച്ഛന് എന്നെ അറിയോ?”

“അമ്മയെ വിളിക്കാം… അച്ഛന് നമ്മൾ കൂട്ടാണെന്നൊന്നും അറിഞ്ഞൂടാ “

അവൾ അമ്മയെ വിളിച്ചു കാര്യം പറഞ്ഞു

“അപ്പോഴേ… കാശ് ഇല്ലാന്ന് പറഞ്ഞിട്ട്..?”അവൾ ചോദിച്ചു

“ഫോൺ ഇല്ലെ കഴുതേ..?gpay ചെയ്തൂടെ?”

“അപ്പൊ അവിടെയും ചെയ്തു കൂടായിരുന്നോ?കഴുതേ…”

“എന്ത് കാര്യത്തിന്? ഞാൻ ഓഫീസിൽ അടച്ചോളാം എന്ന് പറഞ്ഞല്ലോ പിന്നെ അവർ ഷോ കാണിച്ചത് കൊണ്ടല്ലേ.. അങ്ങനെ ഇപ്പൊ അടക്കുന്നില്ല എന്ന് ഞാൻ തീരുമാനിച്ചത് “

“അപ്പൊ ദേഷ്യം ഒക്കെ വരും “

“ദേഷ്യം വരാതിരിക്കാൻ ഞാൻ എന്താ മെഷിൻ ആണോ? ദേഷ്യം വരും. പെട്ടെന്ന് വരില്ല.വന്നാൽ പിന്നെ… അത് പോട്ടെ നിനക്ക് എന്ത് വേണം?”

“ഇപ്പൊ സമയം നാല് മണി.. ബിരിയാണി മതി “

“ങ്ങേ?”

“ആ “

“രണ്ടു ചിക്കൻ ബിരിയാണി…”

ഓർഡർ എടുക്കാൻ വന്ന ചെക്കൻ അന്തം വിട്ടു സമയം നോക്കുന്നു

“സർ ബിരിയാണി തീർന്നു. വേറെ എന്തെങ്കിലും?”

“പൊറോട്ടയും ചിക്കനും “അവൾക്ക് സംശയം ഒന്നുമില്ല

“ആ അത് രണ്ടു സെറ്റ്..” അവൻ പോയി

“നിന്നേ കൊണ്ട് തോറ്റു “

അവൾ ചിരിച്ചു

“എന്നെ കൊണ്ട് ജയിച്ചു എന്ന് പറയുന്ന ഒരു കാലം വരും “

അവൻ സ്നേഹത്തോടെ അവളെ നോക്കി

“അന്ന് എന്റെ കൂടെ ഉണ്ടാവില്ലേ?”

അവൾ ചോദിച്ചു

“ഉണ്ടാവാതെ പിന്നെ?”

അവന്റെ മുഖത്ത് നോക്കാതെ അവൾ നിരത്തിലൂടെ പോകുന്ന വാഹനങ്ങൾ നോക്കിയിരുന്നു

തുടരും…

Leave a Reply

Your email address will not be published. Required fields are marked *