ധ്വനി, അധ്യായം 12 – എഴുത്ത്: അമ്മു സന്തോഷ്

അവൻ തന്നെയാണ് അവളെ കൊണ്ട് വിട്ടത്.

“അച്ഛാ ഇത് “

“അങ്കിൾ ഞാൻ വിവേക്.. താമസം പൂജപ്പുരയിൽ.” കൃഷ്ണകുമാർ പുഞ്ചിരിച്ചു

“ഇരിക്ക് “

“വേണ്ട. ഇറങ്ങുകയാണ്.. വെറുതെ ശ്രീക്കൊപ്പം..”

“വിവേക് പഠിക്കുകയാണോ?”

“പഠിത്തം കഴിഞ്ഞു. പോസ്റ്റിങ്ങ്‌ കാത്തിരിക്കുന്നു.”

ശബ്ദം കേട്ടാണ് നന്ദന പുറത്തേക്ക് വന്നത്. വിവേക് സർ. ഇവിടെ എങ്ങനെ?

അവളുടെ നെഞ്ചിടിച്ചു

“അമ്മയെവിടെ?” അവൻ ചോദിച്ചു

“വീണ ധ്വനിയിലുണ്ട്..ഓ സോറി ഞങ്ങളുടെ ഡാൻസ് സ്കൂളിൽ.ഇതെന്റെ മൂത്ത മകളാണ് നന്ദന “

അവൻ ഒന്ന് തലയിളക്കി

“ശരി അങ്കിൾ. ഞാൻ ഇറങ്ങുകയാണ്..ശ്രീ ഒന്ന് വന്നേ “

അവൾ അവന്റെയൊപ്പം ഗേറ്റ് വരെ ചെന്നു

“ഇനി എങ്ങനെ പോകും?”അവൾ ചോദിച്ചു

“ഓട്ടോ..”

“ശൊ വീട്ടിൽ വിടാരുന്നു…”

“ഹേയ്.. പോട്ടെ..”

അവൻ മുന്നോട്ടാഞ്ഞ് അവളെ ഒന്ന് ചേർത്ത് പിടിച്ചു

“വിളിക്കാം. അമ്മയെ അന്വേഷിച്ചു എന്ന് പറ “

അവൾ ചിരിയോടെ തല കുലുക്കി. തിരിച്ചു വരുമ്പോൾ അച്ഛനും നന്ദനയും അവിടെ തന്നെ ഉണ്ട്

“ആ ചെക്കൻ എന്താ പഠിച്ചത് മോളെ?” അവൾ നന്ദനയെ ഒന്ന് നോക്കി

നന്ദന നെഞ്ചിൽ കൈ കെട്ടി അവളെ തന്നെ നോക്കി നിൽക്കുകയാണ്

“മെഡിസിൻ കഴിഞ്ഞു. ഇപ്പൊ ഐ എ എസ്.. എക്സാം പാസ്സായി. പോസ്റ്റിങ്ങ്‌ കാത്തിരിക്കുന്നു “

കൃഷ്ണകുമാറിന്റെ കണ്ണ് മിഴിഞ്ഞു

“കഴിഞ്ഞ വർഷത്തെ ഫസ്റ്റ് റാങ്ക് ഹോൾഡർ വിവേക് സുബ്രഹ്മണ്യം ആണോ ഇത്?”

“അതെങ്ങനെ അച്ഛന് അറിയാം?”

“പത്രത്തിൽ ഉണ്ടായിരുന്നു ല്ലോ. എനിക്ക് ഒരു ഛായ തോന്നി. പക്ഷെ ഇപ്പൊ മുടിയൊക്കെ കുറച്ചു നീട്ടി വളർത്തി. കളർ ഒക്കെ ചെയ്തപ്പോൾ മനസിലായില്ല. പത്രത്തിൽ വലിയ ന്യൂസ്‌ ആയിരുന്നു.”

“അത് പത്രം വായിക്കുന്നവർക്കല്ലേ അറിയൂ അച്ഛാ?” നന്ദനയുടെ വക

ശ്രീ ചമ്മി ഒന്ന് ചിരിച്ചു

“നിങ്ങൾ എങ്ങനെയാ പരിചയം?”

“അന്നൊരു ആക്‌സിഡന്റ് കേസ്‌..അത് ചന്തുവേട്ടന്റെ കാറിലാ കൊണ്ട് പോയത്. അമ്മയ്ക്ക് അറിയാം. ഇവിടെ ഇതിനു മുന്നേ വന്നിട്ടുണ്ട് “

“ചന്തുവേട്ടൻ?”

“അത് വീട്ടിൽ വിളിക്കുന്ന പേരാണ്. ആദ്യം പരിചയപ്പെട്ടപ്പോ എന്നോട് ഈ പേരാ പറഞ്ഞത്. ക്വാളിഫിക്കേഷൻ ഒന്നും പറഞ്ഞുമില്ല. ഈയിടെ ആണ് ഞാനും അറിഞ്ഞത് “

“ആഹാ.. ചില ആൾക്കാർ അങ്ങനെ ആണ്.സ്വന്തം മിടുക്ക് വിളിച്ചു പറയില്ല. അതാണ് ക്വാളിറ്റി “

നന്ദന പെട്ടെന്ന് വെട്ടിതിരിഞ്ഞു അകത്തേക്ക് പോയി. അവൾ മുറിയിൽ കടന്ന് വാതിൽ അടച്ചു. അവൾ പറയുന്നത് മുഴുവൻ കള്ളമാണ്. പിന്നെ അറിഞ്ഞില്ല പോലും. എന്നാലും ഇയാൾ എങ്ങനെ? വെറുതെ അല്ല കമ്മിറ്റഡ് എന്ന് പറഞ്ഞത്. എന്നാലും ഈ മണ്ടി ക്ണാപ്പിയെ എങ്ങനെ ഇയാൾക്ക്? കഷ്ടം…

അവൾക്ക് അറിയാമായിരുന്നു തനിക്ക് ഇഷ്ടം ഉണ്ടെന്ന്. കള്ളി പറഞ്ഞില്ല. അയാൾ ഇവളെ കല്യാണം കഴിച്ച് ഈ വീട്ടിൽ… ദൈവമേ നാട് വിടുന്നതാ നല്ലത്. ഇയാൾക്ക് ഇത്രയും വിവരം ഇല്ലാതെ പോയോ?

നന്ദനയ്ക്ക് നല്ല ദേഷ്യം ഉണ്ടെന്ന് അവൾക്ക് മനസിലായി. പക്ഷെ താൻ തെറ്റൊന്നും ചെയ്തില്ലല്ലോ എന്ന് അവൾ ഓർത്തു

എന്നെങ്കിലും ഇവൾ അറിയും. പോകാൻ പറ. അവൾ മൂളിപ്പാട്ടും പാടി മുറ്റത്തോട്ട് നോക്കിയിരുന്നു

കൃഷ്ണകുമാർ അവളെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. പതിവിൽ നിന്നും വലിയ മാറ്റമൊന്നും പ്രത്യക്ഷത്തിൽ ഇല്ല. പക്ഷെ എന്തോ ഒരു കള്ളത്തരം

“ശ്രീക്കുട്ടിയേ…”

“എന്താ അച്ഛാ?”

“അച്ഛന്റെ പൊന്ന് ഇങ്ങ് വന്നേ “

“ഞാനും ചന്തുവേട്ടനും തമ്മിൽ പ്രേമം ഇല്ലച്ഛാ. ഫ്രണ്ട് എന്നെ ഉള്ളു സത്യം. ഇത് ചോദിക്കാൻ അല്ലെ അടുത്തോട്ടു വിളിക്കുന്നെ.. കാള വാല് പൊക്കുമ്പോ അറിയാം… ക്‌ളീഷേ ഐറ്റംസ് ഒക്കെ മാറ്റിപ്പിടിക്ക് “

കൃഷ്ണകുമാർ മിണ്ടിയില്ല

“എന്നാലും..എന്തെങ്കിലും… പോയപ്പോൾ hug  ചെയ്തു കണ്ടത് കൊണ്ട് ചോദിച്ചതാ “

“അച്ചോയ് ഫ്രണ്ട്സ് ഒക്കെ അങ്ങനെയാ ഇപ്പൊ “

“ആണോ? നാളെ ബാങ്കിലെ ആ സുധയെ ഒന്ന് hug ചെയ്താലോ എന്റെ ബെസ്റ്റ് ഫ്രണ്ട് ആണ് “

“സുധ ആന്റി സമ്മതിക്കുമെങ്കിൽ ചെയ്തോ.. ഇതൊക്കെ അല്ലെ അച്ഛാ ഒരു കുളിരോരു പുളകം.. എന്നും ഒരാളെ തന്നെ കെട്ടിപിടിച്ചു കൊണ്ട് ഇരുന്നാൽ ബോർ അടി… ക്കി…. ല്ല… ബോർ അടിക്കില്ല. അച്ഛൻ ചെയ്യരുത് ട്ടോ നമ്മുടെ അമ്മ പാവല്ലേ “

അവൾ കണ്ണ് കൊണ്ട് പുറകിൽ അമ്മ അമ്മ എന്ന് ആംഗ്യം കാണിച്ചു. പുറകിൽ ഭ- ദ്രകാളി ആയി വീണ.

ശ്രീ പതിയെ മുറ്റത്തോട്ട് ഇറങ്ങി

“ഊഞ്ഞാലാ എന്ന പാട്ട് കൃഷ്ണകുമാറിന് വേണ്ടി ഡെഡിക്കേറ്റ് ചെയ്യുന്നത് ഭാര്യ veena”

വീണയുടെ കത്തുന്ന മുഖത്ത് നോക്കിയപ്പോൾ കൃഷ്ണകുമാറിന്റെ തൊണ്ടയിൽ ഉമിനീർ വറ്റി

“അകത്തോട്ടു വാ “

“വേണ്ട.. ഞാനെ അമ്പലത്തിൽ വരെ ഒന്ന് പോയിട്ട് വരാം. മോളെ നി വരുന്നോ?”അയാൾ ശ്രീയുടെ മുഖത്ത് നോക്കി

“എന്ത് കാര്യത്തിന്?”

“ഒരു കൂട്ടിന് “

“ഒറ്റയ്ക്ക് പോയ മതി “

അയാൾ ഗേറ്റ് കടന്നു പോകുന്നത് നോക്കി നിൽക്കെ അവൾക്ക് ചിരി വന്നു

“ആഹാ എന്റെ വീണമോൾ ഇവിടെ നിൽക്കുന്നുണ്ടായിരുന്നോ. എപ്പോ വന്നെടി ചക്കരെ? ” ശ്രീ അമ്മയുടെ കവിളിൽ നുള്ളി

“നി ഒറ്റ ഒരുത്തിയാ അങ്ങേരെ വേണ്ടാതീനം പഠിപ്പിക്കുന്നെ. റെഡ് വൈൻ കുടിച്ചിട്ട് ഓഫ്‌ ആയി പോയി ഉച്ചക്ക് “

“ശേ.. അതൊരു വെറും വൈൻ അല്ലെ?”

“എടി ഒരു ഫുൾ ബോട്ടിൽ കുടിച്ചെന്ന് “

“എന്റെ ഈശ്വര ലിവർ അടിച്ചു പോയി കാണുമോ?”

“നിനക്ക് വല്ല കാര്യോം ഉണ്ടൊ ശ്രീക്കുട്ടി?”

“അതിനവൾക്ക് വിവരം വേണ്ടേ? എന്നാണോ ക്യുവിൽ പോയി നിന്ന് ജവാൻ മേടിച്ചു കൊടുക്കുന്നത്?”നന്ദന

“ആഹാ പേരോക്കെ അറിയാമല്ലോ. സാധാരണ ഇതല്ലല്ലോ നിങ്ങളുടെ ബ്രാൻഡ് വൈറ്റ് റം അല്ലെ? അടിച്ചു കോൺ തെറ്റി ഹോസ്റ്റലിൽ കിടന്നത് ആരും അറിഞ്ഞില്ല എന്ന് കരുതിയോ?”

നന്ദന ഞെട്ടി പോയി

“എടി…”അവൾ ചീറി

“പോടീ “

അവൾ പുച്ഛത്തോടെ പറഞ്ഞിട്ട് അമ്മയെ കൂട്ടി അകത്തേക്ക് നടന്നു

“മോളെ അവള് ശരിക്കും വെള്ളമടിച്ച?”

“റാങ്ക് കിട്ടിയപ്പോ കൂട്ടുകാർക്കു പാർട്ടി നടത്തിയതാ കക്ഷി അടിച്ച് ഫിറ്റ്‌ ആയപ്പോൾ കൂട്ടുകാർ ഹോസ്റ്റലിൽ കിടത്തി.. എനിക്ക് ന്യൂസ്‌ കിട്ടി. കൂട്ടത്തിൽ വീഡിയോ യും.”

അവൾ ചിരിച്ചു

“അതൊക്കെ ഫൺ അല്ലെ അമ്മേ? ഇപ്പോഴത്തെ കാലത്ത് വെള്ളമടി ഇല്ലാത്തവർ കുറവാ “

“നീ?”

“അയ്യേ ഞാൻ അടിക്കില്ല. ടേസ്റ്റ് കൊള്ളത്തില്ല എനിക്ക് ഇഷ്ടപ്പെട്ടില്ല “

വീണ ചിരിച്ചു കൊണ്ട്  കൈ ഓങ്ങി. അവൾ സ്ലാബിന്റെ മുകളിൽ കയറി ഇരുന്നു

“ചന്തുവേട്ടൻ വന്നിരുന്നു. അച്ഛനെ പരിചയപ്പെട്ടു. പിന്നെ നന്ദേച്ചിയുടെ അക്കാദമിയിൽ പുള്ളി ക്ലാസ്സ്‌ എടുക്കുന്നുണ്ടായിരുന്നു. അപ്പൊ ചേച്ചിക്ക് ഒരു ചെറിയ ഊം അറിയാല്ലോ.. പക്ഷെ ആ വിവേക് ഈ കക്ഷി ആണെന്ന് സത്യം ആയിട്ടും എനിക്ക് അറിഞ്ഞൂടാരുന്നു. ഇന്ന് നന്ദേച്ചി അറിഞ്ഞിട്ടുണ്ട്. എന്നെ വിശ്വസിച്ച മട്ടില്ല. കട്ട കലിപ്പിലാ..”

“ഓ അത് സാരമില്ല. അവൾക്ക് കുറെയുണ്ടായിരുന്നല്ലോ ഇങ്ങനെ.. അവള് സീരിയസ് ആയിട്ടൊന്നും എടുക്കില്ല”

“അല്ല എടുത്താലും കാര്യമില്ല. ആ ആൾക്ക് കൂടെ തോന്നണ്ടേ ഇഷ്ടം?”

വീണ അവളുടെ മുഖത്ത് ഒന്ന് സൂക്ഷിച്ചു നോക്കി

“ആ ആൾക്ക് ആരെയാണാവോ ഇഷ്ടം?”

ശ്രീയുടെ മുഖം രക്തനിറമായി

“അത് എനിക്ക് എങ്ങനെ അറിയാം?”

“നിനക്ക് അറിയില്ല?”

“എന്റെ അമ്മേ.. കക്ഷിക്ക് എന്നോട് മുടിഞ്ഞ പ്രേമമാ. എനിക്ക് പേടിയാ അത് കണ്ടിട്ട്.. ഞാൻ ആരാ അമ്മേ… എനിക്ക് എന്ത് യോഗ്യത ആണ് ഉള്ളത്?”

അവളുടെ ശബ്ദം താഴ്ന്നു

“അവരുടെ വീട്ടുകാർ ഒക്കെ പ്രശ്നം ഉണ്ടാക്കും വലിയ ആൾക്കാരാ.. അത് കൊണ്ട് ഞാൻ അങ്ങനെ ഒന്നും ഇപ്പൊ ചിന്തിക്കുന്നില്ല “

“വേണ്ട.. ചിന്തിക്കേണ്ട. നീ പഠിക്ക് ലൈഫ് എൻജോയ് ചെയ്യ്.. പക്ഷെ ചന്തു നല്ല കുട്ടിയാ. നിനക്ക് ആണ് വിധിച്ചതെങ്കി നിനക്ക് തന്നെ കിട്ടും.. പക്ഷെ പ്രോത്സാഹിപ്പിക്കുന്ന ഒന്നും വേണ്ട “

അവൾ തലയാട്ടി

“ചോറ് വേണോ?”

“വേണ്ട പൊറോട്ടയും ചിക്കനും കഴിച്ചു “

“അപ്പൊ പോയിരുന്നു മൊബൈലിൽ കളിച്ചോ “

“അമ്മേ പോയിരുന്നു പഠിക്ക് എന്നല്ലേ പറയേണ്ടത്?”

“പറഞ്ഞാൽ കേൾക്കുമോ? “

അവൾ ചുമൽ ഉയർത്തി ചുണ്ട് കൊണ്ട് ഇല്ല എന്നൊരു ഒച്ച ഉണ്ടാക്കി

“എന്നാ പൊക്കോ “

അവൾ ഒന്ന് ചിരിച്ചു പിന്നെ മുറിയിലേക്ക് പോയി

ചന്തു മൊബൈൽ നോക്കിയിരിക്കുകയായിരുന്നു

അവർ ബുള്ളറ്റിൽ പോകുന്ന വീഡിയോ…പിന്നെ കുറച്ചു ഫോട്ടോസ്

“ഏട്ടാ?”

മീര വന്നപ്പോൾ പെട്ടെന്ന് അവൻ മൊബൈൽ ടേബിളിൽ വെച്ച് തിരിഞ്ഞു

“ഏട്ടന് ശ്രീയോട് ശരിക്കും ഇഷ്ടം ആണോ?”

അവൻ ഒരു നിമിഷം മിണ്ടാതെ ഇരുന്നു

“സ്നേഹം ഉണ്ടെങ്കിൽ ഉണ്ടെന്ന് പറ “

“yes…”

“ഏതിഷ്ടം?”

“define ചെയ്തിട്ടില്ല “

“എന്നാലും.. പെട്ടെന്ന് ഒരു ദിവസം വേണമെങ്കിൽ ഉപേക്ഷിച്ചു കളയാവുന്ന ഒരു ഫ്രണ്ട് ആണോ?”

“ഫ്രണ്ട്സിനെ ആരെങ്കിലും ഉപേക്ഷിച്ചു കളയുമോ?”

“അച്ഛൻ സമ്മതിച്ചു തരുമെന്ന് തോന്നുന്നുണ്ടോ?”

“അച്ഛൻ എന്തിനാ ഇതിൽ ഇടപെടുന്നത്?” അവന്റെ മുഖം മാറി

“ഏട്ടാ അച്ഛൻ ഏട്ടനെ കൊണ്ട്  സിവിൽ സർവീസ് പാസ്സായ ഒരു പെണ്ണിനെ കൊണ്ട് മാത്രേ വിവാഹം കഴിപ്പിക്കുകയുള്ളു.അത് ഏട്ടനും അറിയാം “

“അതിന് ഇനി എത്ര വർഷം കിടക്കുന്നു?”

“ആയിക്കോട്ടെ. പക്ഷെ ശ്രീക്കുട്ടിയേ കല്യാണം കഴിക്കാമെന്ന് ഏട്ടൻ വിചാരിക്കണ്ട. അച്ഛൻ സമ്മതിക്കില്ല “

“എന്റെ ജീവിതം ആണ് മീര…. എന്റെ ലൈഫ്… എന്റെ പെണ്ണ് ആരാവണം എന്ന് അച്ഛൻ അല്ല തീരുമാനിക്കുക “

“അങ്ങനെ പറയരുത്.. അച്ഛൻ നല്ലത് മാത്രം ആണ് ചിന്തിക്കുക.. അച്ഛനെ എതിർക്കരുത്.. എന്റെ ജീവിതം എന്ന് ഏട്ടൻ പറയുന്ന ഈ ജീവിതം തന്നത് അച്ഛൻ അല്ലെ?”

“അല്ല. ദൈവമാണ്. എന്റെ വിധി തീരുമാനിച്ചത് ദൈവം ആണ്… എന്നെ വളർത്തിയതിനു വേണേൽ ഞാൻ എന്റെ ജീവൻ പകരം കൊടുക്കാം. പക്ഷെ എന്റെ ജീവിതത്തിൽ എനിക്ക് എന്റെ പെണ്ണ് ആയിട്ട് ഞാൻ ഒരാളെ തീരുമാനിച്ചു കഴിഞ്ഞാൽ അത് എതിർക്കാൻ ഈ ഭൂമിയിൽ അവൾക്ക് മാത്രേ അവകാശം ഉള്ളു. അവൾ എന്നോട് എനിക്ക് നിന്നേ ഇഷ്ടം അല്ല എന്ന് പറയുന്നിടത്ത് ഞാൻ അത് അവസാനിപ്പിക്കും. ഇല്ലെങ്കിൽ… she is my girl for ever “

“ആ ഗേൾ ശ്രീലക്ഷ്മി ആണോ എന്നാണ് എന്റെ ചോദ്യം “

” കല്യാണം ഒന്നും ഞാൻ ഇത് വരെ ചിന്തിച്ചിട്ടില്ല “അവൻ ഒഴിഞ്ഞു മാറി

“അപ്പൊ പ്രണയം ഉണ്ട്?” അവൻ മിണ്ടിയില്ല

“അച്ഛൻ സമ്മതിക്കില്ല ട്ടോ “

“നീ പറയണ്ട. തീർന്നില്ലേ?” അവൻ ചിരിച്ചു

“എന്റെ മോളെ അവൾക്ക് ഇത് അറിയുക പോലുമില്ല. ജസ്റ്റ്‌ ഫ്രണ്ട്സ് അതാണ് നിലവിലെ സ്റ്റാറ്റസ്.. അത് അങ്ങനെ തന്നെ ഇരിക്കട്ടെ “

“ഞാൻ പറഞ്ഞൂന്നേയുള്ളു “

“നീ പോയി ഒരു ചായ എടുത്തിട്ട് വന്നേ ഏട്ടന്… പൊ പൊ “

അവൾ പോയപ്പോൾ അവൻ ഒരു സി- ഗരറ്റ് കത്തിച്ച് പുക വിട്ടു. അങ്ങനെ വിട്ടു കളയാൻ പറ്റില്ലല്ലോ എന്റെ സന്തോഷത്തിനെ…അതിപ്പോ അച്ഛൻ അല്ല ആരു പറഞ്ഞാലും…ആര് പറഞ്ഞാലും…. അവന്റെ മുഖം ഇരുണ്ടു

അന്നിറങ്ങും വിവേക് ഈ വീട്ടിൽ നിന്ന്..അന്ന് തീരും എല്ലാ ബന്ധങ്ങളും

അവൻ മൊബൈൽ എടുത്തു വീണ്ടും അവളുടെ വീഡിയോ നോക്കി

ചന്തുവേട്ടാ… എന്ന വിളിയൊച്ച

ഉറക്കെയുള്ള ചിരി

തന്നെ ചേർത്ത് പിടിച്ചു കൊണ്ട് ഉറക്കെ ഉറക്കെ വിസിൽ അടിക്കുന്ന ശ്രീ…

അവൻ മതിമറന്ന വീഡിയോ കണ്ടിരുന്നു

തുടരും…

Leave a Reply

Your email address will not be published. Required fields are marked *