രണ്ടാം വരവ്…
എഴുത്ത്: ഗിരീഷ് കാവാലം
====================
“ലച്ചു…നീ……..”
മാളിലെ ആൾതിരക്കിനിടയിൽ അവൾ തിരിഞ്ഞു നോക്കിയതും അപ്രതീക്ഷിതമായി തന്റെ പിന്നിൽ നിൽക്കുവായിരുന്ന ക്ലാസ്സ്‌മെറ്റ് എബിയെ കണ്ട അവൾ അതിശയിച്ചു നിന്നുപോയി
എബി നീ ഇവിടെ…?
“ഞാൻ ഒറ്റക്കല്ല കുടുംബവും ഉണ്ട്. അവര് താഴെ ഫ്ലോറിൽ ഉണ്ട്. ഒരു ഐറ്റം വിട്ടുപോയി, അത് വാങ്ങുവാൻ മുകളിലോട്ട് വന്നതാ. മൂന്ന് വർഷത്തിന് ശേഷം ഓസ്ട്രേലിയയിൽ നിന്നുള്ള വരവാ”
ഡീ..നിന്റെ ലൈഫ്….??
മുഴുമിപ്പിക്കാതെയുള്ള അവന്റെ ചോദ്യത്തിനു അവൾ മറുപടി പറഞ്ഞു
“ഉം..ട്രാജെഡി….പുതിയ ഒരു ജീവിതം..ഹാപ്പിയായി പോകുന്നു “
“അപ്പൊ നിന്റെ രണ്ടാം വിവാഹം കഴിഞ്ഞോ…”
ഉം…
“ഒരു കുട്ടിയും ഉണ്ട്…”
“ഏതായാലും നീ നിന്റെ അച്ഛനമ്മമാരുടെയും ബന്ധുക്കളുടെയും വാക്കുകൾ കേട്ടതുകൊണ്ട് രെക്ഷപെട്ടു “
“അല്ലാതെ നീ നിന്റെ സ്റ്റാൻഡിൽ അന്ന് ഉറച്ചു നിന്നിരുന്നെങ്കിൽ..ഇപ്പോൾ എന്താകുമായിരുന്നു നിന്റെ അവസ്ഥ “
“എനിക്ക് തെറ്റ് പറ്റി പോയേനെ…ഇപ്പൊ വിചാരിക്കുന്നു ഞാൻ ചെയ്തത് തന്നെ നല്ലതായി എന്ന് “
“അല്ലെങ്കിൽ തന്നെ നീ എന്ത് മണ്ടിയാ. ആരെങ്കിലും നീ അന്ന് പറഞ്ഞതുപോലെ പറയുമോ “
ലച്ചുവിന്റെ ചിന്തകൾ ഒരു നിമിഷം പുറകോട്ടു പോയി
“വിവാഹം കഴിഞ്ഞു ആറ് മാസം കഴിഞ്ഞതേ ഉള്ളൂ…നാലാള് കൂടുന്നിടത്തെല്ലാം ഒരേ ഒരു ചോദ്യം, വിശേഷം ഒന്നും ആയില്ലേ? ആർക്കാ കുഴപ്പം?”
“അത് കേൾക്കുമ്പോ എനിക്ക് ഉള്ളിൽ തമാശയാ തോന്നിയിട്ടുള്ളത്. ഈ ആളുകൾക്ക് എന്താ കുഴപ്പം…ആദ്യമേ നെഗറ്റീവ് മാത്രമേ മനസ്സിൽ വരുവുള്ളോ “
“പക്ഷേ ജീവിതം സീരിയസ് ആയി മാറുവാൻ തുടങ്ങുകയായിരുന്നു എന്ന് അറിയില്ലായിരുന്നു “
“പ്രഗ്നൻസി ആകുന്നതിന്റെ തടസ്സം ഉള്ളത് വിനുവേട്ടന്റെ ചെറിയ കുഴപ്പം ആണെന്ന് അറിഞ്ഞത് കാര്യമാക്കിയില്ല “
“പക്ഷേ തുടർന്നു വിനുവേട്ടന് വന്ന ചില ആരോഗ്യപ്രശ്നങ്ങളെ തുടർന്നു നടന്ന ചെക്കപ്പിന്റെ റിസൾട്ട് വന്നത് യാഥാർഥ്യമാണെന്ന് വിശ്വസിക്കാൻ കഴിയാതെ പകച്ചു നിന്നുപോയ ദിവസങ്ങൾ “
“ഏട്ടന്റെ രണ്ട് കിഡ്നിയും ഡാമേജ് ആയിരിക്കുന്നു എന്ന യാഥാർഥ്യം ഉൾകൊള്ളാനോ അംഗീകരിക്കാനോ കഴിയാതെപോയ ആ ഇരുണ്ട ദിനങ്ങൾ “
“അവസാനം എന്റെ കിഡ്നി മാച്ച് ആകുമെന്ന് അറിഞ്ഞതും കിഡ്നി ഡോണേറ്റ് ചെയ്യുവാൻ ഞാൻ തീരുമാനിച്ചു “
“പക്ഷേ എന്റെ കുടുംബത്തിൽ അത് ഒരു പൊട്ടിതെറിയിലേക്ക് വഴി തെളിച്ചു “
“ഇനി ഒരു പ്രതീക്ഷയില്ലാത്ത ജീവിതം..അതും നിന്റെ ജീവിതം തുടങ്ങിയതേ ഉള്ളൂ എന്ന് പറഞ്ഞുള്ള എന്റെ തീരുമാനത്തിനെതിരെ ഉള്ള എല്ലാവരുടെയും കുത്തുവാക്കുകൾ “
“നിനക്ക് വട്ടാണ്..അല്ലാതെ ആരെങ്കിലും ഇങ്ങനെ ഒന്ന് ചിന്തിക്കുവോ എന്ന് പറഞ്ഞു എന്നെ പിന്തിരിപ്പിക്കാൻ നോക്കിയ ഉറ്റവരായ ബന്ധുക്കൾ “
“ലെച്ചു നീ വിഷമിക്കണ്ട ജീവിതം അങ്ങനെയാണ്. നമ്മൾ പ്രതീക്ഷിക്കുന്നപോലെയല്ല ജീവിതം..എല്ലാം ഈശ്വര നിശ്ചയം പോലെയേ നടക്കൂ “
ലെച്ചുവിന്റെ ഇരുണ്ട മുഖം ശ്രദ്ധിച്ച എബി പറഞ്ഞു
പെട്ടന്ന് ലെച്ചു ചിന്തയിൽ നിന്ന് ഉണർന്നു
ദൂരേക്ക് കണ്ണ് പായിച്ച ലെച്ചുവിന്റെ മുഖം വിടരാൻ തുടങ്ങി.അത് ശ്രദ്ധിച്ച എബിയുടെ കണ്ണുകളും അങ്ങോട്ട് പോയി
കുഞ്ഞിനേയും എടുത്തുകൊണ്ട് വരുന്ന ഒരു ചെറുപ്പക്കാരൻ
എബിക്ക് തന്റെ കണ്ണുകളെ വിശ്വസിക്കാൻ ആയില്ല
“ലെച്ചുവിന്റെ ഭർത്താവ് അർജുൻ, വിവാഹം കഴിഞ്ഞു ഒരു പ്രാവശ്യം മാത്രം കണ്ട ആ ചെറുപ്പക്കാരൻ അന്നത്തേതിലും വളരെ സ്മാർട്ട് ആയിരിക്കുന്നു “
തന്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിയാതെ എബി, ആപത്തു ഘട്ടത്തിൽ തന്റെ ഭർത്താവിനെ കൈവിടാതെ നിന്ന ലെച്ചുവിനെയും, അർജുനെയും മാറി മാറി നോക്കി
“അതേ എബി, എന്റെ ജീവന്റെ പാതി എന്ന് പറഞ്ഞുകൊണ്ടൊക്കെ ചിലർ തന്റെ പാർട്ണർക്ക് ബർത്ത്ഡേ ആശംസകൾ ഒക്കെ പോസ്റ്റ് ചെയ്യാറില്ലേ. ഞങ്ങളുടെ ജീവിതത്തിൽ അത് പ്രാക്ടിക്കൽ ആയി മാറി എന്ന് മാത്രം.”
മറുപടി ഒന്നും ഇല്ലാതെ സ്തംഭിച്ചു നിന്നുപോയ എബിക്കു നേരെ ഹെലോ എന്ന് പറഞ്ഞു കൈ നീട്ടുന്നുണ്ടായിരുന്നു അർജുൻ അപ്പോൾ….
NB : പതിനായിരങ്ങൾക്കിടയിൽ ഒരു മാലാഖ തീർച്ചയായും കാണും
~ഗിരീഷ് കാവാലം