ധ്വനി, അധ്യായം 18 – എഴുത്ത്: അമ്മു സന്തോഷ്

തിരിച്ചു വരുമ്പോൾ സന്ധ്യയായി. ചന്തു അവൾക്കൊപ്പം ദ്വാരകയിൽ ചെന്നു. കൃഷ്ണകുമാറും വീണയും പൂമുഖത്ത് ഉണ്ടായിരുന്നു

“സത്യത്തിൽ കുറച്ചു കൂടി നേരെത്തെ എത്തണം എന്ന് തന്നെ ആണ് കരുതിയത്. വണ്ടി കുറച്ചു സ്ലോ ആയിട്ടാ ഓടിച്ചത്. അത് കൊണ്ടാണ് വൈകിയത്. സോറി “

അവൻ പറഞ്ഞപ്പോൾ കൃഷ്ണകുമാർ നേർത്ത ഒരു പുഞ്ചിരിയോടെ അവന്റെ തോളിൽ തട്ടി

“ചായ എടുക്കട്ടെ മോനെ” വീണ ചോദിച്ചു

“വരുന്ന വഴിക്ക് കുടിച്ചു. ശ്രീക്ക് ക്ഷീണം ഉണ്ട്.. കുറേ നടന്നു..”

ശ്രീ ഒന്ന് ചിരിച്ചു

“പറയുന്ന ആള് പിന്നെ നല്ല എനർജിയിലാ. ചന്തുവേട്ടൻ ഇപ്പൊ താഴെ പോകും എന്ന മട്ടാ. മുഖം നോക്ക്. ചുവന്നു “

“ഞാൻ പോട്ടെ അച്ഛാ.. ഇന്ന് അച്ഛനും അമ്മയും വരുന്ന ദിവസമാണ്. എത്തിയിട്ടുണ്ടാവും “

കൃഷ്ണകുമാർ ഗേറ്റ് വരെ അനുഗമിച്ചു

“വിവേക്.. ശ്രീ ഒരു പൊട്ടകുട്ടിയാണ്… പക്ഷെ ഇത് വരെ ആർക്കൊപ്പവും യാത്ര പോകണമെന്ന് വാശി പിടിച്ചിട്ടില്ല. അങ്ങനെ നിർബന്ധം ഉള്ള ആളുമല്ല. നിങ്ങളുടെ സൗഹൃദം എനിക്ക് അറിയാം. അത് എന്റെ മോളെ വേദനിപ്പിക്കുന്ന ഒന്നാകരുത് “

വിവേക് ദൂരെ പൂമുഖത് നിൽക്കുന്ന ശ്രീയെ നോക്കി

“ശ്രീയെ  വിവാഹം കഴിക്കാൻ ആഗ്രഹം ഉണ്ടെനിക്ക്. ഞാൻ പറഞ്ഞിട്ടുമുണ്ട്. ശ്രീ സമ്മതിച്ചിട്ടില്ല. സമയം എടുക്കും. പക്ഷെ അച്ഛൻ അറിയാൻ പറയുകയാണ്. ഞാൻ ഒരു പ്ലേ ബോയ് ടൈപ്പ് അല്ല. ശ്രീയെ ഇഷ്ടമാണ്. അത് കൊണ്ട് തന്നെ ഏറ്റവും കെയർ കൊടുത്തു മാത്രേ ഞാൻ ഈ റിലേഷൻ സൂക്ഷിക്കുകയുള്ളു.. എനിക്ക് ലൈഫ് ലോങ്ങ്‌ വേണ്ടേ ഇത്? അച്ഛൻ പേടിക്കണ്ട. അച്ഛന്റെ മോള് നല്ല കുട്ടിയാണ്.ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല കുട്ടി. എന്റെ ജീവനാണ് “

അവന്റെ കണ്ണ് നിറഞ്ഞത് ആ ഇരുട്ടിലും കൃഷ്ണകുമാർ കണ്ടു. അവൻ പെട്ടെന്ന് തിരിഞ്ഞു ബുള്ളറ്റിൽ കയറി ഓടിച്ചു പോയി

കൃഷ്ണകുമാറിന്റെ മനസ്സ് ഒന്ന് ഇളകി മറിഞ്ഞു. ആ ഹൃദയം അയാൾക്ക് മനസിലായി

“ചന്തുവേട്ടൻ എന്താ അച്ഛാ പറഞ്ഞത്?” തിരിച്ചു ചെന്നപ്പോൾ ശ്രീ ചോദിച്ചു

“യാത്ര നല്ല രസാരുന്നു എന്ന്…” അയാൾ മുറിയിലേക്ക് പോയി

വീണ ആ പോക്ക് നോക്കി കുറച്ചു നേരം നിന്നു

“മോള് പോയി കുളിച്ചു വേഷം മാറി വാ ചോറ് തരാം “

അവൾ ഉത്സാഹത്തിൽ തല കുലുക്കി

“എന്നാലും സമ്മതിച്ചു തന്നിരിക്കുന്നു. മോള് ഏതോ ഒരുത്തന്റെ കൂടെ കറങ്ങാൻ പോയിട്ട് വന്നപ്പോൾ എന്താ സ്വീകരണം ഒരു താലപ്പൊലിയുടെ കുറവ് ഉണ്ടായിരുന്നു.”നന്ദന അങ്ങോട്ടേക്ക് വന്നു

“എന്റെ നന്ദു നീ എത്ര തവണ പോയിരിക്കുന്നു. നിങ്ങൾ ഗോവ വരെ പോയില്ലേ ഫ്രണ്ട്സ്ന്റെ കൂടെ? ഇവിടെ ആരെങ്കിലും എതിർത്തോ? ഓരോ പെൺകുട്ടികൾക്ക് അവനവനെ സൂക്ഷിക്കാൻ കഴിയണം അല്ലാതെ ഒരു യാത്ര പോയിന്ന് വെച്ചു ആകാശം ഇടിഞ്ഞു വീഴത്തില്ല. കൂടെ പോയത് ചന്തുവാ. എനിക്ക് ആ കുട്ടിയെ നല്ല വിശ്വാസം ആണ്. നല്ല കുട്ടിയാ അത് “

“ചുളുവിൽ. ഒരു ഐ എസ് മരുമകനെ കിട്ടുന്നെങ്കിൽ പോരട്ടെ അല്ലെ?എന്റെ അമ്മേ അമ്മ അതും സ്വപ്നം കണ്ടു ഇരിക്കേണ്ട. അവനൊക്കെ കാര്യം കണ്ടിട്ട് കളഞ്ഞിട്ട് പോകും. ഇവള് വയറ്റിൽ ഉണ്ടാക്കി ഇവിടെ നിൽക്കും “

വീണയുടെ കൈ ഉയർന്നതാണ്

“ശേ ശേ പാടില്ല…”

ശ്രീലക്ഷ്മി വീണയുടെ കയ്യിൽ പിടിച്ചു

“അമ്മ പോയി ചോറ് എടുത്തു വയ്ക്ക്. ചെല്ല് “

എന്നിട്ട് അവൾക്ക് നേരേ തിരിഞ്ഞു

“ബെറ്റ്നൊവൈറ്റ്-സി ointment ചൊറിച്ചിലിന് ബെസ്റ്റാ… പിന്നെ രഹസ്യഭാഗത്തുള്ളതാണെങ്കിൽ candid മതി. എന്നാ ചൊറിച്ചിലാ എന്റെ നന്ദേച്ചി… പിന്നെ നേരെത്തെ പറഞ്ഞത് വയറ്റിൽ ഉ- ണ്ടാക്കുന്ന കാര്യം. precautions ഒക്കെ ഞങ്ങളുടെ കയ്യിൽ ഉണ്ടായിരുന്നു. ആന്ന്.. കാലമിത്ര മാറിയില്ലേ നന്ദേച്ചി “

അവൾ കണ്ണിറുക്കി

“ഐ എ എസ് കിടുവാ കേട്ടോ.. ഹോ ഭയങ്കര ക്ഷീണം. ഞാൻ പോയി കുളിക്കട്ടെ…”

ഒരു ചിരി പാസ്സാക്കിയിട്ട് അവൾ മുറിയിലേക്ക് പോയി. നന്ദന നിന്നു പുകഞ്ഞു. അവനെയിന്നു കണ്ടപ്പോൾ ഉള്ളിൽ വീണ്ടും മോഹങ്ങൾ..എത്ര സുന്ദരനാണ്. ഇപ്പോഴുള്ള ഒറ്റ സിനിമ നടൻ പോലും അവന്റെ സൗന്ദര്യത്തിന്റെ അരികിൽ പോലും വരില്ല..

ഇവളിൽ എന്ത് കണ്ടിട്ടാണാവോ?

ശ്രീ സുന്ദരിയാണ് പക്ഷെ തന്റെ സൗന്ദര്യം ഉണ്ടൊ അവൾക്ക്?

അവൾ കണ്ണാടിയുടെ മുന്നിൽ നിന്നു

തന്റെ കടഞ്ഞെടുത്ത ശരീരം. വെണ്ണ തോൽക്കുന്ന നിറം. ആരെയും മോഹിപ്പിക്കുന്ന എല്ലാം

എന്നിട്ടും…

ശ്രീ ഒരു ചെറിയ കുട്ടിയാണ്.. കൃത്യമായ ഉടലളവുകൾ ഇല്ലാത്ത സാധാരണ ഒരു പെൺകുട്ടി. തോളിൽ നിന്ന് കുറച്ചു മാത്രം നീണ്ട മുടിയും അധികം തടിക്കാത്ത ശരീരവും. ഇവളിൽ അയാളെ ആകർഷിച്ചത് എന്താവും?

താൻ ആഗ്രഹിച്ച എല്ലാ പുരുഷൻമാരും തന്റെ പിന്നാലെ വന്നിട്ടുണ്ട്

തന്റെ ഒരു നോട്ടം. ഒരു ചിരി. അതിനായ് കാത്തു നിന്നിട്ടുണ്ട്

ഇഷ്ടം ഉള്ളവർക്കൊപ്പം ഒരു ദിവസം കഴിയുന്നതും തെറ്റൊന്നുമല്ല. തനിക്ക് അതൊക്കെ ബയോളജിക്കൽ ആവശ്യങ്ങളായി മാത്രമേ തോന്നിയിട്ടുള്ളൂ. ഇതിപ്പോ അവർ തമ്മിൽ അതുണ്ടായി കാണുമോ?

അവൾ മേശയിൽ ഇരുന്ന ബുക്ക്‌ വലിച്ചു ഒരേറു കൊടുത്തു

ശ്രീക്കുട്ടി ഭക്ഷണം കഴിക്കുന്നത് കണ്ടു നോക്കിയിരുന്നു വീണ

ഇവിടെ നിന്ന് പോയപ്പോൾ തൊട്ടുള്ള ഓരോന്നും വിശദീകരിക്കുകയാണ് അവൾ

ഇടക്ക് ഉമ്മ വെച്ച ഭാഗം വന്നപ്പോൾ അവൾ ഒന്ന് നിർത്തി വെള്ളം കുടിച്ചു

“എന്നിട്ട് ഞങ്ങൾ വാട്ടർ ഫാള്സ് കാണാൻ പോയി “

“ഇപ്പൊ വെള്ളം കുടിച്ച കാര്യം പറ “

അവൾ വളിച്ച ഒരു ചിരി പാസ്സാക്കി

“അതേയ് ദേ ഇവിടെ ഒരുമ്മ തന്നു. കവിളിൽ. ഇനി ചെയ്യല്ലേ എന്ന് ഞാൻ പറഞ്ഞിട്ടുണ്ട്. ചെയ്യില്ല.. ആം “

വീണ പൊട്ടിച്ചിരിച്ചു

“എന്താ അമ്മേ?”

അവളുടെ നിഷ്കളങ്കമായ മുഖം കാണവേ അവരുടെ ഉള്ളിൽ വാത്സല്യത്തിന്റെ അമൃതകുംഭം നിറഞ്ഞു

അവർ അവളുടെ കവിളിൽ ഉമ്മ വെച്ചു

“ഇങ്ങനെ തന്നെ ആണ് ചന്തുവേട്ടനും… “

വീണ കുറച്ചു നേരം അവളെ നോക്കിയിരുന്നു

“അവന് നിന്നേ ഭയങ്കര ഇഷ്ടമാണ് ശ്രീക്കുട്ടി.. അത് ഒരു തമാശയല്ല. അവൻ സീരിയസ് ആണ്. അല്ലെങ്കിൽ ഇത്രയും ധൈര്യമായി വരില്ല അച്ഛന്റെ മുന്നിൽ.. അവൻ നിന്നേം കൊണ്ടേ പൊകൂ “

“അതിന് ഞാൻ സമ്മതിച്ചിട്ടൊന്നുമില്ല.. അയ്യടാ എനിക്ക് കുറേ കാലം ഫ്രീ ആയിട്ട് നടക്കണമെന്നുണ്ട്.. പ്രേമം വയ്യേ വയ്യ “

“അപ്പൊ ചന്തുവിനോട് പ്രണയം ഇല്ലേ?”

അവൾ കള്ളച്ചിരി ചിരിച്ചു

“വയറ് നിറഞ്ഞു ഞാൻ പോയി കിടക്കട്ടെ ” ഒറ്റ ഓട്ടം വെച്ചു കൊടുത്തു ശ്രീ

അവർ ചിരിയോടെ അടുക്കളയിൽ ചെന്നു പാത്രം കഴുകി വെച്ചിട്ട് മുറിയിൽ പോയി

“എന്താ വലിയ ആലോചന?”

തുണികൾ മടക്കി വെച്ചു കൊണ്ട് വീണ കൃഷ്ണകുമാറിനോട് ചോദിച്ചു

“വിവേകിന് ശ്രീക്കുട്ടിയേ വിവാഹം കഴിക്കാൻ ആഗ്രഹം ഉണ്ടെന്ന് പറഞ്ഞു… ജീവനാണെന്നും.അത് കേട്ടപ്പോ എന്തോ മനസ്സ് ഒക്കെ വല്ലാത്ത ഒരു അവസ്ഥയിലായ പോലെ.. എല്ലാവർക്കും എന്റെ കുഞ്ഞിനെ പരിഹാസം ആണ്. ഒന്നുമാകാത്തവൾ,ഡാൻസ് കളിച്ചു നടക്കുന്നവൾ… അവൾക്ക് മൂല്യമുണ്ടെന്ന് അവന് മനസിലായി.”

“അങ്ങനെ പറഞ്ഞോ?”

“പറഞ്ഞു… ലൈഫ് ലോങ്ങ്‌ വേണ്ട റിലേഷൻ ആണെന്നും പറഞ്ഞു “

“ഈശ്വര!'”

“പക്ഷെ കക്ഷി സമ്മതിച്ചു കൊടുത്തിട്ടില്ല. ശ്രീക്കുട്ടി..”

“ആണോ?”

“ഉം കൊച്ചു കുട്ടിയല്ലേ അവള്.. ഇപ്പോഴേ സീരിയസ് ആകാൻ വയ്യ അത്രേയുള്ളൂ “

വീണ ദീർഘ നിശ്വാസത്തോടെ അയാൾക്ക് അരികിൽ ഇരുന്നു

“നന്ദന ഇന്ന് മോശമായി സംസാരിച്ചു കേട്ടോ “

“ഉം “

“അവളെന്താ കൃഷ്ണേട്ടാ ഇങ്ങനെ? ശ്രീക്കുട്ടിയോട് എന്താ ഇങ്ങനെ?”

“അതൊക്കെ മാറും..”

വീണ ഒന്നും മിണ്ടിയില്ല. മാറുമോ? ദൈവത്തിനറിയാം

ശ്രീ മൊബൈലിൽ അവൻ എടുത്ത ഫോട്ടോകൾ നോക്കി

“ഞാൻ നിന്റെയാ ശ്രീ “

ആ ശബ്ദം. കവിളിൽ അമർന്ന ചുണ്ടുകൾ. നിറഞ്ഞ രണ്ടു കണ്ണുകൾ. അവൾ തിരയടിക്കുന്ന ഹൃദയത്തോടെ അവന്റെ മുഖം നോക്കിയിരുന്നു

“എന്ത് കണ്ടിട്ടാ ചന്തുവേട്ടാ ഈ പൊട്ടിപ്പെണ്ണില്?”

അവൾ ചോദിച്ചു. പിന്നെ ആ മുഖം നെഞ്ചിൽ അമർത്തി പിടിച്ചു. പിന്നെയും നോക്കി

“ശ്രീക്ക് ഇഷ്ടായി.. ഭയങ്കര ഭയങ്കര ഇഷ്ടം “

അവൾ അവന്റെ മുഖം നോക്കിയിരുന്നു

തുടരും…