അവൻ്റെ അടുത്തേയ്ക്ക് ചെല്ലാനും അവനോടൊന്ന് മിണ്ടാനും രാധികയുടെ മനസ്സ് വെമ്പൽ കൊണ്ടു

Story written by Saji Thaiparambu
=====================

ഭർത്താവ് മരിച്ചതിന് ശേഷം ആദ്യമായാണ് രാധിക ബീച്ചിൽ വരുന്നത്. നീണ്ട പന്ത്രണ്ട് വർഷം ദാമ്പത്യ ജീവിതം നയിച്ചെങ്കിലും അവർക്ക് കുട്ടികളൊന്നുമുണ്ടായിരുന്നില്ല.

അത് കൊണ്ട് തന്നെ ഭർത്താവിൻ്റെ അകാലത്തിലുള്ള മരണം അവളുടെ ജീവിതത്തിൽ വലിയ ശൂന്യതയാണ് ഉണ്ടാക്കിയത്. ഏകാന്തതയും മാസങ്ങളായി വീട്ടിൽ തന്നെ കഴിച്ച് കൂട്ടിയപ്പോഴുണ്ടായ വിരസതയും ഒഴിവാക്കാനാണ് അവളന്ന് ബീച്ചിലെത്തിയത്

കടലിനഭിമുഖമായി ചൊരിമണലിൽ ഇരുന്നിട്ട് അവൾ ചുറ്റിനും കണ്ണോടിച്ചു

പെട്ടെന്നവളുടെ മുഖം വിവർണ്ണമായി. കുറച്ചകലെയായി കടലിലേക്ക് ഉറ്റ് നോക്കിയിരിക്കുന്ന പുരുഷനെ ആദ്യനോട്ടത്തിൽ തന്നെ അവൾ തിരിച്ചറിഞ്ഞു

രഞ്ജീഷ്….

അവന് ഇപ്പോഴും ഒരു മാറ്റവുമില്ല

അവളുടെ അധരം പിറുപിറുത്തു

രാധികയുടെ കാമുകനായിരുന്നു രഞ്ജിഷ്. ജോലിയും കൂലിയും കുടുംബ മഹിമയും ഒന്നുമില്ലെന്ന് പറഞ്ഞാണ് രാധികയുടെ വീട്ടുകാർ അവൾക്ക് നിർബന്ധപൂർവ്വം മറ്റൊരു വിവാഹം നടത്തിയത്

ചെറുക്കന് വിദേശത്ത് ബിസിനസ്സാണെന്നും കല്യാണം കഴിഞ്ഞാൽ ലോകം ചുറ്റി കറങ്ങാമെന്നുമൊക്കെ വീട്ടുകാരും ബന്ധുക്കളുമൊക്കെ അവളെ ക്യാൻവാസ് ചെയ്തപ്പോൾ അവളും മൗനം പാലിച്ചു

പക്ഷേ ഒരിക്കൽ മാത്രം ദുബായി ഫെസ്റ്റിന് കൊണ്ട് പോയതൊഴിച്ചാൽ ബാക്കിയുള്ള മുഴുവൻ സമയവും അവൾ സ്വന്തം വീട്ടിൽ തന്നെയായിരുന്നു.

മൂന്ന് മാസത്തിലൊരിക്കൽ നാട്ടിൽ വരുന്ന ഭർത്താവും ഒരുമിച്ച് ഔട്ടിങ്ങിന് പോകുന്നതും ബന്ധുവീടുകളിൽ വിശേഷങ്ങൾക്ക് പങ്കെടുക്കുന്നതുമൊക്കെയായി
അവളുടെ ജീവിതം ചുരുങ്ങി

രഞ്ജിഷ് തന്നെ കണ്ട് കാണുമോ? പഴയ വൈരാഗ്യം വച്ച് കണ്ടിട്ടും മൈൻഡ് ചെയ്യാതിരിക്കുന്നതാണോ ?

അവൻ്റെ അടുത്തേയ്ക്ക് ചെല്ലാനും അവനോടൊന്ന് മിണ്ടാനും രാധികയുടെ മനസ്സ് വെമ്പൽ കൊണ്ടു

അവൾ മെല്ലെയെഴുന്നേറ്റ് രഞ്ജിഷിൻ്റെ അരികിലേക്ക് ചെന്നു

രഞ്ജിഷ്….

അവൾ ശബ്ദം താഴ്ത്തി അവൻ മാത്രം കേൾക്കത്തക്ക രീതിയിൽ വിളിച്ചു

തല ഉയർത്തി നോക്കിയ രഞ്ജിഷ് അമ്പരപ്പോടെ അവളെ നോക്കി

രാധികേ നീയെന്താ ഇവിടെ? നിൻ്റെ ഹസ്ബൻ്റ് വന്നില്ലേ?

അവൻ്റെ സ്‌നേഹാന്വേഷണത്തിൽ അവൾക്ക് സന്തോഷം തോന്നി.

ഭാഗ്യം അവന് തന്നോട് വൈരാഗ്യമൊന്നുമില്ല. ആശങ്കയില്ലാതെ അവൾ അവൻ്റെ അരികിലായിരുന്നു

ഞാനിപ്പോൾ വിധവയാണ് രഞ്ജിഷ്….

പ്രത്യേകിച്ച് ഭാവവ്യത്യാസമൊന്നുമില്ലതെ അവളത് പറഞ്ഞപ്പോൾ, ഒരു നിമിഷം അവർക്കിടയിൽ നിശബ്ദത പരന്നു

അത് പോട്ടെ, നിൻ്റെ വിശേഷങ്ങൾ പറ. ഭാര്യ? കുട്ടികൾ?

എനിക്ക് ഭാര്യയും രണ്ട് കുട്ടികളുമുണ്ട്.

എന്നിട്ട് അവരെ എന്താ കൊണ്ട് വരാതിരുന്നത് ?

കുട്ടികൾക്ക് ട്യൂഷനുണ്ട്, അവരെ ക്ളാസ്സിൽ വിട്ടിട്ടാണ് ഞാനിങ്ങോട്ട് വന്നത്.

അപ്പോൾ ഭാര്യയെ എന്താ കൊണ്ട് വരാതിരുന്നത് ?

അവൾക്ക് വരാൻ കഴിയില്ല. രണ്ട് മൂന്ന് വർഷമായി അവൾ കിടപ്പിലാണ്. സംസാരിക്കാനൊന്നും കഴിയില്ല. എന്നാലും ഞാൻ പറയുന്നതൊക്കെ അവൾ താത്പര്യത്തോടെ കേൾക്കാറുണ്ട്. അവളുടെ മുഖഭാവങ്ങളിൽ നിന്നും എനിക്കത് മനസ്സിലാകുന്നുണ്ട്.

ഓഹ് ഗോഡ്. എനിക്കറിയില്ലായിരുന്നു.

അവൾ അവൻ്റെ ഇടത് കരം പിടിച്ച് തൻ്റെ കൈവിരലുകൾ കോർത്ത് അവനോട് ക്ഷമ ചോദിച്ചു.

ഹേയ്, അതൊക്കെ ഇപ്പോൾ ശീലമാണ്…

അവൻ ചിരിക്കാൻ പാട് പെടുന്നുണ്ടെന്ന് അവൾക്ക് തോന്നി.

എങ്കിൽ ഞാൻ ചെല്ലട്ടെ, കുട്ടികളുടെ ക്ളാസ്സ് കഴിയാൻ നേരമായി.

അയാൾ പോകാനായി എഴുന്നേറ്റു.

നീ നാളെയും വരുമോ?

ജിജ്ഞാസയോടെ അവൾ ചോദിച്ചു

അങ്ങനെ ഉറപ്പൊന്നുമില്ല. ഇന്നിപ്പോൾ ഞാൻ കുട്ടികളുമായി ഇറങ്ങുമ്പോൾ, അവൾ നല്ല ഉറക്കത്തിലായിരുന്നു. രണ്ട് മൂന്ന് മണിക്കൂർ അങ്ങനെ ഉറങ്ങാറുണ്ട്. അത് കൊണ്ടാണ് ഞാനിന്ന് ഇങ്ങോട്ട് വന്നത്…

എന്നാൽ ഞാൻ നാളെ ഉറപ്പായും വരും. നീയും കുട്ടികളെ ട്യൂഷന് വിട്ടിട്ട് വരണം. നമുക്കിത് പോലെ എന്തെങ്കിലുമൊക്കെ മിണ്ടിം പറഞ്ഞുമിരിക്കാം. ഇപ്പോൾ ഞാനും നീയും തുല്യ ദു:ഖിതരാണ്. എനിക്ക് ഭർത്താവില്ല. നിനക്ക് ഭാര്യയുണ്ടെങ്കിലും മരിച്ചതിന് തുല്യമാണ്. ദൈവമായിട്ടാണ് വീണ്ടും നമ്മൾ തമ്മിൽ കണ്ട് മുട്ടാൻ ഇടയാക്കിയത്. നമുക്ക് നഷ്ടപ്പെട്ട കുറെ വർഷങ്ങൾ, അത് നമ്മൾ വിചാരിച്ചാൽ തിരിച്ച് പിടിക്കാവുന്നതേയുള്ളു…നിനക്കിപ്പോഴും എന്നോടിഷ്ടം തന്നെയല്ലേ രഞ്ജിഷ്…?

അവൾ കാതരയായി അവനോട് ചേർന്ന് നിന്നു.

ഒരിക്കലുമില്ല. എനിക്കിപ്പോഴും എൻ്റെ ഭാര്യയോട് മാത്രമാണ് ഇഷ്ടം.

നിനക്ക് വട്ടാണോ രഞ്ജിഷ് ? ജീവിതത്തെ പോസിറ്റീവായി കാണാതെ മൂന്ന് വർഷമായി യാതൊരു പ്രയോജനവുമില്ലാതെ നിശ്ചലയായി കിടക്കുന്ന ഒരുവൾക്ക് വേണ്ടി എന്തിനാണ് നീ വെറുതെ കഷ്ടപ്പെടുന്നത്?ചീപ് സെൻ്റിമെൻസ് കൊണ്ട് നീ നഷ്ടപ്പെടുത്തുന്നത് നല്ലൊരു ജീവിതമാണ്…

മ്ഹും…ഞാൻ കഷ്ടപ്പെടാൻ തുടങ്ങിയിട്ട് വെറും മൂന്ന് വർഷം മാത്രമേ ആയിട്ടുള്ളു രാധികേ…അതിന് മുൻപ്, ഒൻപത് വർഷത്തോളം അവളെൻ്റെ വീട്ടിൽ ഒറ്റയ്ക്കാണ് കഷ്ടപ്പെട്ടത്. അന്നൊന്നും ഞാനൊന്നുമറിഞ്ഞിട്ടില്ല. എന്നിട്ടും, എൻ്റെ വീട്ടിലെ ദൈനംദിന കാര്യങ്ങൾ ഒരു മുടക്കവും കൂടാതെ മുറപോലെ നടന്നു. ഒരു പരാതിയും പരിഭവുമില്ലാതെ അവൾ എൻ്റെ കൂടെ സന്തോഷത്തോടെ ജീവിച്ചു.

അവളൊന്ന് വീണ് കഴിഞ്ഞപ്പോഴാണ് എൻ്റെ കുടുംബം മുന്നോട്ട് കൊണ്ട് പോകാൻ അവൾ എത്രമാത്രം കഷ്ടപ്പാടുകൾ സഹിച്ചിരുന്നു എന്നെനിക്ക് ബോധ്യമായത്. ദാമ്പത്യ ജീവിതത്തിൽ സുഖവും ദു:ഖവുമുണ്ടാകും, അത് ഭാര്യയും ഭർത്താവും ഒരു പോലെ തന്നെ അനുഭവിക്കണം. എന്നാലേ അതിനൊരു പൂർണ്ണതയുണ്ടാകു…അവളിനി പഴയത് പോലെ ആരോഗ്യവതിയായി എന്നെഴുന്നേല്ക്കുമോയെന്ന് എനിക്കറിയില്ല. പക്ഷെ അവളെഴുന്നേല്ക്കുന്നത് വരെ എത്ര കഷ്ടപ്പാട് സഹിക്കാനും ഞാനൊരുക്കമാണ്. അല്ലാതെ അക്കരപ്പച്ച തേടി പോകുന്നവനല്ല ഞാൻ, അത് നീ മനസ്സിലാക്കിക്കോ?

തൻ്റെ കരം ഗ്രഹിച്ചിരുന്ന അവളുടെ കൈ ശക്തിയായി കുടഞ്ഞെറിഞ്ഞിട്ട് ചൊരിമണലിനെ ചവിട്ടി ഞെരിച്ച് കൊണ്ട് ഇരുള് വീഴാൻ തുടങ്ങിയ വഴിയിലൂടെ അയാൾ വേഗം നടന്നു…