ആ സമയത്ത് എന്റെ മനസ്സിൽ തെളിഞ്ഞു വന്നത് പഴയ ഗായത്രിയായിരുന്നു. മണിക്കുട്ടൻ എന്ന എന്റെ കളികൂട്ടുകാരി…

അകലെ…
എഴുത്ത്: ദേവാംശി ദേവ
==================

കതിർ മണ്ഡപത്തിൽ ഇരിക്കുമ്പോൾ കണ്ടു മല്ലികാമ്മയുടെ കൈയ്യും പിടിച്ച് വരുന്ന ഗായത്രിയെ. അവളെ നോക്കിയിരിക്കുമ്പോഴാണ് മാളു അടുത്തു വന്നിരുന്നത്. ഞാൻ അവളെയൊന്ന് നോക്കി..ഒരു കല്യാണ പെണ്ണിന്റെ നാണമോ ടെൻഷനോ ഒന്നും അവൾക്കുണ്ടായിരുന്നില്ല.

മണ്ഡപത്തിൽ എന്നെയും മാളുവിനെയും ഒരുമിച്ച് കണ്ടതും മല്ലികാമ്മയുടെ കൈ ബലമായി തട്ടിയെറിഞ്ഞ് ഗായത്രി എന്റെ അരികിലേക്ക് ഓടി വന്നു.

“കുട്ടേട്ടാ..ഇവളെന്തിനാ കുട്ടേട്ടന്റെ അടുത്ത് ഇരിക്കുന്നെ..കുട്ടേട്ടൻ ഇവളെ കല്യാണം കഴിക്കാൻ പോകുവാണോ..”

അവളുടെ ചോദ്യം കേട്ട് എല്ലാവരും ഞങ്ങളെ മാറി മാറി നോക്കി. അവൾക്ക് എന്ത് മറുപടി കൊടുക്കണമെന്ന് അറിയാതെ ഞാനവളെ നോക്കി.

“എന്താ ഇത്..എന്തിനാ ഇവളെ ഇപ്പോ ഇങ്ങോട്ടേക്ക് കയറ്റി വിട്ടത്.”

ദേഷ്യത്തോടെ ഏട്ടത്തി മല്ലികാമ്മയോട് ചോദിച്ചു.

“എന്റെ കൈ തട്ടി എറിഞ്ഞ് ഓടി വന്നതാ മോളെ..സുഖമില്ലാത്ത കുട്ടിയല്ലേ..”.

“സുഖമില്ലെങ്കിൽ വീട്ടിൽ ഇരുത്തി കൂടെ. എന്തിനാ ഇങ്ങനെകൊണ്ടു നടക്കുന്നത്. കൊണ്ടുപോയി എവിടെയെങ്കിലും ഇരുത്ത്..മുഹൂർത്തത്തിന് സമയമായി.”

ഗായത്രിയുടെ കൈയ്യും പിടിച്ച് മണ്ഡപത്തിന്റെ ഒരറ്റത്തേക്ക് നടക്കും മുൻപ് അവരെന്നെ ദയനീയമായൊന്ന് നോക്കി..ഞാൻ വേഗം അവരിൽ നിന്നും കണ്ണുകൾ പിൻവലിച്ചു.

“അമ്മേ..എന്നെ വിട്..ഞാൻ കുട്ടേട്ടനെ കല്യാണം കഴിക്കട്ടെ..ഇല്ലെങ്കിൽ അവളെന്റെ കുട്ടേട്ടനെ കല്യാണം കഴിക്കും.”

ഗായത്രിയുടെ കരച്ചിൽ ആ ഓഡിറ്റോറിയം മുഴുവൻ മുഴങ്ങി കേട്ടു. പലരും എന്നെയും അവളെയും മാറി മാറി നോക്കി..അഥിതികൾക്കിടയിൽ പല സംസാരങ്ങളുമുണ്ടായി.

ആ സമയത്ത് എന്റെ മനസ്സിൽ തെളിഞ്ഞു വന്നത് പഴയ ഗായത്രിയായിരുന്നു. മണിക്കുട്ടൻ എന്ന എന്റെ കളികൂട്ടുകാരി.

അച്ഛന്റെ കൂട്ടുകാരനായിരുന്നു സുരേന്ദ്രൻ മാമൻ. മാമനും ഭാര്യ മല്ലികാമ്മയും ഏക മകൾ ഗായത്രിയും ഞങ്ങളുടെ വീടിന്റെ തൊട്ടടുത്തായിരുന്നു താമസം.

കുട്ടികാലം മുതൽ ഒന്നിച്ചു കളിച്ചു വളർന്നവരായിരുന്നു ഞങ്ങൾ. വീട്ടിൽ ഞാനും ഏട്ടനുമായിരുന്നതുകൊണ്ട് പെൺകുഞ്ഞില്ലാത്ത കുറവ്‌ നികത്തിയിരുന്നത് ഗായത്രി ആയിരുന്നു. എപ്പോഴും പൊട്ടിച്ചിരിച്ചുകൊണ്ട് നടക്കുന്നൊരു വായാടി പെണ്ണ്. നൃത്തത്തിലും സംഗീതത്തിലും പഠിത്തത്തിലുമൊക്കെ ഒന്നാമത്.

വളരും തോറും പരസ്പരം ഞങ്ങൾ ഇഷ്ടപ്പെട്ടു തുടങ്ങി..കളികൂട്ടുകാരിൽ നിന്നും പ്രണയിതാക്കളായി മാറി.

കൂടുതൽ സമയവും ഗായത്രി എന്നോടൊപ്പം തന്നെ ആയിരുന്നു. ഞങ്ങളുടെ രണ്ടുപേരുടെയും വീട്ടുകാരും ഒരിക്കലും അത് ചോദ്യം ചെയ്തിരുന്നില്ല.

ഞങ്ങളുടെ പ്രണയം ആദ്യം കണ്ടു പിടിച്ചത് ഏട്ടത്തിയായിരുന്നു. ഏട്ടത്തിയിലൂടെ ഏട്ടനും അച്ഛനും അമ്മയുമൊക്കെ അറിഞ്ഞു. എല്ലാവർക്കും പൂർണ സമ്മതമായൊരുന്നു. അത്രക്കിഷ്ടമായിരുന്നു അവർക്കൊക്കെ ഗായത്രിയെ…

പിജിക്ക് അവൾക്ക് കുറച്ചു ദൂരെയുള്ള കോളേജിലാണ് അഡ്മിഷൻ കിട്ടിയത്. അതുകൊണ്ട് തന്നെ അവൾ ഹോസ്റ്റലിലേക്ക് മാറി.

അവളെ കൊണ്ടാക്കാനും അവധി ദിവസങ്ങളിൽ കൂട്ടികൊണ്ട് വരാനുമൊക്കെ ഞാൻ തന്നെയായിരുന്നു പോയിരുന്നത്.

ഒരു ദിവസം അവളുടെ അച്ഛൻ പറഞ്ഞതനുസരിച്ച് അവളെ കൂട്ടികൊണ്ട് വരുമ്പോൾ വീട്ടിൽ അവളെ പെണ്ണുകാണാൻ ആളുകളുണ്ടായിരുന്നു.

ഇനിയും വെച്ചു താമസിക്കുന്നത് ശരിയല്ലെന്ന് മനസ്സിലായതുകൊണ്ട് അവർ പോയി കഴിഞ്ഞതും ഞങ്ങളെല്ലാവരും കൂടി അവളുടെ വീട്ടിലേക്ക് പോയി അവളെ എനിക്കുവേണ്ടി ചോദിച്ചു.

ഞങ്ങൾ പ്രതീക്ഷിച്ചതുപോലെ ആയിരുന്നില്ല അവളുടെ അച്ഛന്റെയും അമ്മയുടെയും പ്രതികരണം.

അവർ തന്ന സ്വാതന്ത്ര്യം ഞാൻ മുതലാക്കുകയായിരുന്നു. അവൾക്ക് നല്ലോരു ആലോചന വന്നത് ഞങ്ങൾ നശിപ്പിക്കാൻ നോക്കുന്നു, എന്നൊക്കെ പറഞ്ഞ് ഒരുപാട് ദേഷ്യപ്പെട്ടു. ഞങ്ങളോട് വീട്ടിൽ നിന്നും ഇറങ്ങിപോകാൻ പറഞ്ഞു.

ഒരു പരിധി വരെ ക്ഷമിച്ചു നിന്നെങ്കിലും ഒടുവിൽ ഗായത്രിയെ എന്റെ കൂടെ വരാൻ വിളിച്ചു. അവൾ വരും എന്നു തന്നെയായിരുന്നു എന്റെ വിശ്വാസം.

എന്നാൽ അച്ഛനെയും അമ്മയെയും ധിക്കരിച്ച് വരാൻ കഴിയില്ലെന്ന് കൂപ്പുകൈകളോടെ അവൾ പറഞ്ഞു. നിറകണ്ണുകളാലെ അവിടുന്ന് ഇറങ്ങുമ്പോൾ ഞാൻ പൂർണമായി തകർന്നിരുന്നു.

ആരോടും മിണ്ടാതെ, സമയത്തിൻ ആഹാരം കഴിക്കാതെ, ജോലിയിലൊന്നും ശ്രെദ്ധിക്കാതെ ദിവസങ്ങൾ കടന്നുപോയി.

ഗായത്രിയുടെ വിവാഹ നിശ്ചയം ആഡംബരപൂർവം നടന്നു. അവൾക്കതിൽ ഇഷ്ടമില്ലെന്ന് എനിക്കറിയാം. പക്ഷെ അച്ഛനെയും അമ്മയെയും വിഷമിപ്പിക്കാൻ അവൾക്ക് കഴിയില്ല.

ആ സമയങ്ങളിൽ എന്നെ ചേർത്തുപിടിച്ച് എന്റെ വീട്ടുകാർ കൂടെ നിന്നു. അതിൽ എടുത്ത് പറയേണ്ടത് എന്റെ ഏട്ടത്തിയെ തന്നെ ആയിരുന്നു.

എനിക്കുവേണ്ടി ഉറങ്ങാതെ കാത്തിരുന്ന്, എനിക്ക് ആഹാരം വാരി തന്ന്, ഞാൻ ഉറങ്ങുന്നതുവരെ എന്റെ മുടിയിൽ തലോടി അടുത്തിരുന്ന് ആ ദിവസങ്ങളിൽ പൂർണമായും അവരെന്റെ അമ്മയായി മാറുകയായിരുന്നു.

ഏടത്തി തന്നെയാണ് ഒരു ഫ്രണ്ടിന്റെ ഭർത്താവിന്റെ ഓഫീസിൽ പുതിയൊരു ജോലി ശരിയാക്കി തന്നത്..

പുതിയ അന്തരീക്ഷവും പുതിയ കൂട്ടുകാരുമൊക്കെ ആയപ്പോൾ പതിയെ ഞാനും മാറി തുടങ്ങി.

“മണിക്കുട്ടാ…നിനക്ക് മായയുടെ അനിയത്തിയെ വിവാഹം കഴിച്ചൂടെ.” ഒരു ദിവസം ഏട്ടൻ എന്നോട് ചോദിച്ചു.

മാളവിക..ആറു വർഷം പ്രാണന് തുല്യം സ്നേഹിച്ചവൻ വിവാഹത്തിന് ദിവസങ്ങൾക്ക് മുൻപ് സ്ത്രീധനത്തിന്റെ കണക്കു പറഞ്ഞപ്പോൾ ആട്ടി പായിച്ചവൾ. അവളുടെ വിവാഹം മുടങ്ങിയപ്പോൾ ഏട്ടത്തിയുടെ സങ്കടം ഞാൻ കണ്ടതാണ്. ആ സങ്കടം മാറ്റാൻ എനിക്ക് കഴിയുമെങ്കിൽ ഒരു നോ പറയാൻ എനിക്ക് പറ്റില്ലായിരുന്നു.

ഞങ്ങളുടെ വിവാഹം ഉറപ്പിച്ചു.

മല്ലികാമ്മയുടെ നിലവിളി കേട്ടാണ് ഞാനും ഏട്ടനും അങ്ങോട്ടേക്ക് ഓടി പോയത്. അന്നത്തെ പ്രശ്നങ്ങൾക്ക് ശേഷം ആദ്യമായാണ് ഞങ്ങൾ ആ വീട്ടിൽ കാലുകുത്തുന്നത്.

ഗായത്രിക്ക് എന്തോ അപകടം പറ്റിയെന്ന് പറഞ്ഞു ഫോൺ വന്നിരുന്നത്രേ. രണ്ടുപേരെയും കൂട്ടി ഞങ്ങൾ വേഗം അവളുടെ ഹോസ്റ്റലിലേക്ക് പോയി. അവിടെ എത്തിയപ്പോൾ അവൾ ഹോസ്പിറ്റലിൽ ആണെന്നറിഞ്ഞു. അവിടെ ചെല്ലുമ്പോഴാണ് ആരൊക്കെയോ ചേർന്ന് അവളെ റേ- പ്പ് ചെയ്തതാണെന്ന് അറിയുന്നത്.

കോളേജിന്റെ പുറകിലെ ആളൊഴിഞ്ഞ കെട്ടിടത്തിൽ ബോധമില്ലാതെ കണ്ടെത്തുകയായിരുന്നത്രേ…

പ്രതികളൊക്കെ സമൂഹത്തിലെ ഉന്നതന്മാരുടെ മക്കളായതുകൊണ്ടും ബോധം വരുമ്പോൾ ഗായത്രിയുടെ സമനില പൂർണമായും തെറ്റിയിരുന്നതുകൊണ്ടും മറ്റു സാക്ഷികളൊന്നും ഇല്ലാത്തതുകൊണ്ടും
വലിയ വാർത്തയൊക്കെ ആയെങ്കിലും മറ്റ് നടപടികളൊന്നും ഉണ്ടായില്ല.

അതോടെ ഗായത്രിയുടെ വിവാഹം മുടങ്ങി.

ആ അവസ്ഥയിൽ  അവരെ തനിച്ചാക്കാതെ ഞാനും എന്റെ വീട്ടുകാരും അവരുടെ കൂടെ തന്നെ നിന്നു…

*****************

“മുഹൂർത്തമായി…താലികെട്ടിക്കോ.”

അച്ഛൻ പൂജിച്ച താലി എന്റെ നേർക്ക് നീട്ടി.

ഞാനത് വാങ്ങി മാളുവിന്റെ കഴുത്തിലേക്ക് ചേർക്കാൻ തുടങ്ങിയതും അവളെന്റെ കൈയ്യിൽ കയറി പിടിച്ചു.

“കുട്ടേട്ടാ…ഇനിയും താമസിച്ചിട്ടില്ല. ആരെന്ത് കരുതും എന്ന് ചിന്തിക്കാതെ ഏട്ടന്റെ ഇഷ്ടത്തിന് തീരുമാനം എടുക്കണം. എന്തിനും കൂടെ ഞാനുണ്ടാകും.”

ഒരു നിമിഷം ഞാനവളെ നോക്കിയിരുന്നു.

ഒട്ടും പതറാതെ ദൃഢമായി തന്നെയാണ് അവളത് പറഞ്ഞത്. നഷ്ടപ്രണയത്തിന്റെ വേദന അറിഞ്ഞവളുടെ വാക്കുകൾ.

അച്ഛനൂം അമ്മയും ഏടത്തിയും ഏട്ടനും എല്ലാം എന്നെ നോക്കി നിൽക്കുന്നു. മല്ലികാമ്മയുടെ കണ്ണുകളിൽ യാചനയോ പ്രതീക്ഷയോ എന്ന് തിരിച്ചറിയാൻ വയ്യ. തന്റെ കൈയ്യിൽ മുറുകെ പിടിച്ചിരിക്കുന്ന അമ്മയുടെ കൈ തട്ടി തെറിപ്പിക്കാൻ ശ്രെമിക്കുകയാണ് ഗായത്രി.

ഞാനെന്റെ കൈയ്യിലിരുന്ന് താലി മുറുകെ പിടിച്ചു. അടുത്ത നിമിഷം അത് മാളുവിന്റെ കഴുത്തിൽ അണിയിച്ചു.

എന്റെ തീരുമാനം ശരിയോ തെറ്റോ എന്നെനിക്കറിയില്ല..ഗായത്രിയെ തിരികെ ജീവിതത്തിലേക്ക് കൊണ്ടുവരാൻ അവളുടെ കൂടെയുണ്ടാകും ഞാൻ. എന്റെ കൂടെ എന്റെ മാളുവും. അവൾക്ക് തന്നെയാണ് എന്റെ നല്ല പാതിയാകാനുള്ള അർഹത.