കല്യാണം കഴിഞ്ഞു മാസമൊന്ന് കഴിഞ്ഞപ്പോൾ തന്നെ ആവണി ആകെ ക്ഷീണിച്ചു തുടങ്ങി…

എഴുത്ത്: ശിവ
============

“അച്ഛാ..എനിക്കിപ്പോ കല്യാണം വേണ്ട. എനിക്ക് കുറച്ചൂടെ പഠിക്കണം. ഒരു ജോലി കിട്ടിയിട്ട് മതി കല്യാണം.” അച്ഛന്റെ കാൽക്കൽ വീണ് ആവണി കെഞ്ചി.

“നിന്നെ ഡിഗ്രി വരെ പഠിപ്പിച്ചത് തന്നെ അധികമാ. അല്ലേലും പെൺപിള്ളേർ കൂടുതൽ പഠിച്ചിട്ട് എന്തിനാ? വല്ലവന്റേം വീട്ടിൽ പോയി ചോറും കറിയും വയ്ക്കാനും മക്കളെ നോക്കാനും പത്താം ക്ലാസ്സ്‌ വിദ്യാഭ്യാസം തന്നെ ധാരാളം. അതുകൊണ്ട് ഞാൻ പറയുന്നത് അനുസരിച്ചു അടങ്ങി ഒതുങ്ങി നിന്നാൽ അന്തസ്സോടെ മറ്റൊരു വീട്ടിൽ ചെന്ന് കേറാം.

പിന്നെ കെട്ടിച്ചു വിട്ട് കഴിഞ്ഞാൽ ഓരോ പൊല്ലാപ്പും കൊണ്ടു ഇങ്ങോട്ട് കയറി വന്നേക്കരുത്. നിന്നെ കെട്ടിച്ചു വിടുന്നത്തോടെ എന്റെ ബാധ്യത കഴിഞ്ഞു. പിന്നെ സ്വന്തം ജീവിതം നോക്കേണ്ടത് നിന്റെ മിടുക്ക് പോലെ ഇരിക്കും. ഇത്രേം കാലം ഒരു കുറവും വരുത്താതെ നോക്കി വളർത്തി. കെട്ടി പോയി കഴിഞ്ഞാൽ പിന്നെ വീണ്ടും ബാധ്യത ആവാൻ ഇങ്ങോട്ട് വരരുത്.

ബ്രോക്കർ രാമേട്ടൻ നിനക്ക് പറ്റിയൊരു ആലോചന കൊണ്ട് വന്നിട്ടുണ്ട്. നാളെ അവരോട് പെണ്ണ് കാണാൻ വരാൻ പറഞ്ഞിട്ടുണ്ട് ഞാൻ.”

അച്ഛൻ പറഞ്ഞത് കേട്ട് മിണ്ടാതെ നിൽക്കാനേ ആവണിക്ക് ആയുള്ളൂ.

ബിസിനസ്‌ കാരനായ ജയദേവന്റെയും വീട്ടമ്മയായ സുമലതയുടെയും മകളാണ് ആവണി. അവൾക്ക് മൂത്തതായി രണ്ട് ചേട്ടന്മാരാണ്. പൊതുവെ പെൺകുട്ടികളെ ഇഷ്ടമില്ലാത്ത പ്രകൃതക്കാരനാണ് ജയദേവൻ. പെൺപിള്ളേർ കുടുംബത്തിന് ഭാരമാണെന്ന പഴഞ്ചൻ ചിന്താഗതി വച്ച് പുലർത്തുന്ന അയാൾ മനസ്സില്ലാ മനസ്സോടെയാണ് ആവണിയെ ഡിഗ്രി വരെ പഠിക്കാനെങ്കിലും അനുവാദം നൽകിയത്.

കോഴ്സ് കംപ്ലീറ്റ് ആയതും അയാൾ മകൾക്കായി കല്യാണം നോക്കി തുടങ്ങി. അവൾക്ക് ഇനിയും പഠിക്കാനും സ്വന്തം കാലിൽ നിൽക്കാനുമുള്ള ആഗ്രഹം അതോടെ മനസ്സിൽ തന്നെ കുഴിച്ചു മൂടേണ്ടി വന്നു.

അച്ഛൻ വളരെ സ്ട്രിക്ട് ആയിരുന്നതിനാൽ വിഷമങ്ങൾ തുറന്നു പറയാൻ അടുപ്പമുള്ള ഒരു സുഹൃത്ത് പോലുമില്ലായിരുന്നു അവൾക്ക്….

പിറ്റേന്ന് പെണ്ണ് കാണാൻ ബ്രോക്കർ ആളെ കൊണ്ട് വന്നു. പയ്യൻ വില്ലേജ് ഓഫീസിൽ ക്ലാർക്ക് ആണ്. നൂറു പവനും അഞ്ചു ലക്ഷം രൂപയും ഒരു കാറുമാണ് സ്ത്രീധനം ചോദിച്ചത്. ജയദേവന് അത് നൂറുവട്ടം സമ്മതമായിരുന്നു.

“നിങ്ങൾ ചോദിച്ച സ്ത്രീധനം തരുന്നതിൽ എനിക്കൊരു കുഴപ്പവുമില്ല. പക്ഷേ കെട്ടിച്ചു തന്ന് കഴിഞ്ഞാൽ പിന്നെയും ഓരോ ആവശ്യം പറഞ്ഞു വരാമെന്ന ചിന്ത വേണ്ട. അവളുടെ കാര്യത്തിൽ നിങ്ങൾക്കായിരിക്കും പൂർണ ഉത്തരവാദിത്തം. കല്യാണത്തോടെ ഒരു അച്ഛന്റെ കടമ കഴിയും. എന്റെ മോൾക്ക് നിങ്ങൾ ആവശ്യപ്പെടുന്ന അത്രയും പൊന്നും പണവും തന്ന് അന്തസ്സോടെ തന്നെ ഞാനാ വീട്ടിലേക്ക് അയക്കും. പിന്നീട് നിങ്ങളായി നിങ്ങടെ പാടായി.”

ജയദേവൻ പറഞ്ഞതിനോട് ചെക്കനും വീട്ടുകാർക്കും പൂർണ സമ്മതമായിരുന്നു.

“അച്ഛാ…അച്ഛൻ കല്യാണത്തിന് എനിക്ക് ചിലവാക്കുന്ന പണത്തിന്റെ നാലിലൊന്ന് പോലും വേണ്ട എന്റെ പഠിപ്പിന്.”

ആവണി അവസാന അപേക്ഷ പോലെ പറഞ്ഞു.

“നിന്നോട് അഭിപ്രായം ചോദിച്ചില്ല ഞാൻ. നിനക്ക് വേണ്ടി ഒരു ഗവണ്മെന്റ് ജോലിക്കാരനെയാണ് ഞാൻ കൊണ്ട് വന്നിരിക്കുന്നത്. അവനെയും കെട്ടി അടങ്ങി ഒതുങ്ങി ജീവിക്കാൻ നോക്ക്. അല്ലാതെ പഠിക്കാനെന്നും പറഞ്ഞ് ആടാൻ നടന്ന് കൈവന്ന ഭാഗ്യം കളഞ്ഞു കുളിക്കണ്ട. ഇനി ഇതുപോലെ എന്തെങ്കിലും പറഞ്ഞോണ്ട് എന്റെ മുന്നിൽ വന്നാൽ അടിച്ചു കരണം പുകയ്ക്കും അ- സത്തെ.”

ആവണിയുടെ ഇഷ്ടമോ താല്പര്യമോ കൂടാതെ തന്നെ വിനയനുമായുള്ള അവളുടെ വിവാഹം ആർഭാട പൂർവ്വം കഴിഞ്ഞു.

പരുക്കൻ സ്വഭാവക്കാരനായിരുന്നു വിനയൻ. അധികം സംസാരമൊന്നുമില്ല. അയാൾക്കൊരു ചേച്ചിയുള്ളത് കല്യാണം കഴിഞ്ഞു. എങ്കിലും ഭർത്താവ് ഗൾഫിൽ ആയതുകൊണ്ട് അവിടെ തന്നെയാണ് താമസം. അമ്മായി അമ്മയും നാത്തൂനും അത്യാവശ്യം പോരൊക്കെ ഉണ്ട്.

കല്യാണം കഴിഞ്ഞന്ന് ആദ്യരാത്രി തന്നെ ചോദ്യമോ പറച്ചിലോ ഒന്നുമില്ലാതെ വിനയൻ അവളിൽ ആധിപത്യം സ്ഥാപിച്ചു. എല്ലാം തന്റെ വിധിയാണല്ലോ എന്നോർത്ത് സഹിക്കാനേ ആവണിക്ക് ആയുള്ളൂ.

ആവണി മരുമകളായി വന്ന് കയറിയതിന്റെ പിറ്റേന്ന് തന്നെ അമ്മായി അമ്മ വീട്ടിലെ ജോലിക്കാരിയെ പറഞ്ഞ് വിട്ടു. അവളെ എത്ര കഷ്ടപ്പെടുത്തിയാലും സ്വന്തം വീട്ടിൽ നിന്ന് ആരും ചോദിക്കാൻ വരില്ലെന്നുള്ള ധൈര്യമായിരുന്നു അവർക്കെല്ലാം. പെണ്മക്കളെ ഭാരമായി കാണുന്ന മാതാപിതാക്കൾ മകളെ കെട്ടിച്ചു വിട്ട് കഴിഞ്ഞാൽ ഉത്തരവാദിത്തം കഴിഞ്ഞുവെന്ന് ചിന്തിക്കുന്നവരാണ്.

രാവിലെ അഞ്ചു മണിക്ക് എഴുന്നേറ്റാൽ രാത്രി പത്തു മണി വരെ നടുവൊടിയുന്ന പണിയാണ്. ഒക്കെ കഴിഞ്ഞു ഒന്ന് കിടന്നാൽ മതിയെന്ന് കരുതി റൂമിൽ എത്തുമ്പോൾ ഭർത്താവിനെയും അവൾക്ക് തൃപ്തിപെടുത്തണം. അതും കഴിഞ്ഞു ഒന്ന് കണ്ണടയ്ക്കുമ്പോൾ മണി പതിനൊന്ന് കഴിയും.

കല്യാണം കഴിഞ്ഞു മാസമൊന്ന് കഴിഞ്ഞപ്പോൾ തന്നെ ആവണി ആകെ ക്ഷീണിച്ചു തുടങ്ങി. ഇരുപത്തി ഒന്നാം വയസ്സിൽ തന്നെ നടുവേദനയും കാലുവേദനയും അവൾക്ക് തുടങ്ങി. അത്രമാത്രം ജോലിയാണ് അമ്മായി അമ്മയും നാത്തൂനും അവളെ ചെയ്യിപ്പിക്കുന്നത്.

വീട്ടിലുള്ളവരുടെ വസ്ത്രങ്ങൾ മുഴുവനും കല്ലിൽ അടിച്ചു പിഴിഞ്ഞു കഴുകി എടുക്കണം. കറന്റ് ബില്ല് ലാഭിക്കാൻ വാഷിംഗ്‌ മെഷീൻ എടുക്കാൻ സമ്മതിക്കില്ല. വീട് മുഴുവനും എന്നും തൂത്ത് തുടക്കണം. മുറ്റം അടിച്ചു വാരൽ പാത്രം കഴുകൽ തുണി ഇസ്തിരി ഇടൽ പാചകം. ഒന്നൊഴിയാതെ പണി തന്നെ.

തന്റെ അവസ്ഥ ഓർത്ത് ആവണിക്ക് കരച്ചിൽ അടക്കാൻ കഴിഞ്ഞിരുന്നില്ല. തനിക്കിനിയും പഠിക്കാൻ ആഗ്രഹം ഉണ്ടെന്ന് പറഞ്ഞപ്പോൾ ഇവിടുത്തെ പണികൾ കഴിഞ്ഞു നീയിനി എപ്പോ പഠിക്കാനാണെന്ന് ചോദിച്ചപ്പോൾ ആവണിക്ക് ഉത്തരം ഇല്ലായിരുന്നു.

സ്വന്തം വീട്ടിൽ പോലും ആർക്കും അവളെ വേണ്ട. അമ്മ എന്നും വിളിച്ചു അവളോട് വിശേഷം ചോദിക്കും. തന്റെ അതേ അവസ്ഥ തന്നെയാണ് മകളും അനുഭവിക്കുന്നത് എന്നോർത്ത് ആ അമ്മയ്ക്കും കണ്ണീർ വാർക്കാനേ കഴിഞ്ഞുള്ളൂ.

ചേട്ടന്മാർ രണ്ട് പേരും എഞ്ചിനീയറിംഗ് കഴിഞ്ഞു വിദേശത്ത് ഉയർന്ന ജോലി കിട്ടി യാത്ര ആയപ്പോൾ ആവണിയിൽ നിരാശ നിറഞ്ഞു. താൻ മാത്രം ഒന്നുമായില്ല…എങ്ങും എത്തിയില്ല. നന്നായി പഠിക്കുമായിരുന്നിട്ടും അച്ഛൻ അവളെ പ്രോത്സാഹിപ്പിച്ചില്ല. പഴഞ്ചൻ ചിന്താഗതികാരനായ അച്ഛനെ മാറ്റുവാനും കഴിയില്ലെന്ന സത്യം ആവണി ഉൾക്കൊണ്ടു. രണ്ട് ഏട്ടന്മാരും അച്ഛന്റെ തനി പകർപ്പ് ആയതിൽ ആയിരുന്നു ആവണി ഏറെ ദുഃഖിച്ചത്.

മാസങ്ങൾ കടന്ന് പോയി…..

ആവണിയുടെയും വിനയന്റെയും വിവാഹം കഴിഞ്ഞു വർഷം രണ്ട് കഴിഞ്ഞു. കുട്ടികൾ ഉടനെ വേണ്ടെന്ന് വിനയൻ നേരത്തെ പറഞ്ഞിരുന്നത് കൊണ്ട് വിശേഷം ആയില്ലേ എന്നുള്ള ചോദ്യം ആരിൽ നിന്നും ഉണ്ടായില്ല. തന്റെ കഷ്ടപ്പാടിനിടയിൽ ഒരു കുഞ്ഞ് കൂടെ വേണമെന്ന് അവൾക്കും ആഗ്രഹം ഇല്ലായിരുന്നു.

അന്ന് രാത്രി എന്നത്തതിനെക്കാളും നേരത്തെ അടുക്കള പണികൾ എല്ലാം തീർത്ത് റൂമിലേക്ക് പോവുകയായിരുന്നു ആവണി. അപ്പോഴാണ് ബാൽക്കണിയുടെ ഒരു കോർണറിൽ ഇരുന്ന് വിനയൻ ആരോടോ കൊഞ്ചി കുഴഞ്ഞു സംസാരിക്കുന്നത് ആവണി കാണാനിടയായത്.

ജനൽ അടച്ചിട്ടിരുന്നതിനാൽ വിനയന്റെ സംസാരം അവൾക്ക് ക്ലിയർ ആയി കേൾക്കുന്നില്ലായിരുന്നു. പെട്ടെന്ന് ആവണിക്ക് ഒരു ബുദ്ധി തോന്നി. അവൾ വേഗം തന്റെ ഫോണിൽ വോയിസ്‌ റെക്കോർഡ് ഓൺ ചെയ്ത് ശബ്ദമുണ്ടാക്കാതെ ജനാല തുറന്ന് ബാൽക്കണിയിലേക്ക് വച്ചു. പുറം തിരിഞ്ഞു നിന്നതിനാൽ വിനയൻ അത് കണ്ടില്ല.

സംസാരം അര മണിക്കൂറോളം നീണ്ടു നിന്നു. ആവണി മേൽ കഴുകി മുറിയിൽ എത്തുമ്പോൾ വിനയൻ മൊബൈലിൽ തോണ്ടി ബെഡിൽ കിടപ്പുണ്ട്. അവൾ ഒന്നുമറിയാത്ത ഭാവത്തിൽ ബാൽക്കണിയിൽ നിന്നും ആവണിയുടെ ഫോൺ എടുത്തു കൊണ്ട് വന്നു.

വിനയൻ ഉറക്കം പിടിച്ച ശേഷം ഹെഡ്സെറ്റ് എടുത്തു വച്ച് അവൾ വോയിസ്‌ റെക്കോർഡ് കേട്ട് നോക്കി.

എല്ലാം കേട്ട് കഴിഞ്ഞപ്പോൾ അവളിൽ ഒരു മരവിപ്പ് ബാക്കിയായി. വിനയന് വർഷങ്ങളായി മറ്റൊരു ബന്ധമുണ്ട്. കോളേജിൽ കൂടെ പഠിച്ച പെണ്ണാണ്. അവൾക്ക് എന്തോ പണത്തിനു ആവശ്യം വന്നിട്ട് ബാങ്ക് ലോക്കറിൽ ഉള്ള തന്റെ സ്വർണം എടുത്തു കൊടുക്കാമെന്ന് വിനയൻ പറയുകയാണ്.

അത്ര നാളും എല്ലാം ക്ഷമിച്ചു കഴിഞ്ഞിരുന്ന ആവണിക്ക് അയാളുടെ പരസ്ത്രീ ബന്ധം അംഗീകരിച്ചു കൊടുക്കാൻ കഴിയുമായിരുന്നില്ല.

രാത്രിക്ക് രാത്രി തന്നെ തന്റെ ഡ്രസ്സ്‌ എല്ലാം ബാഗിലാക്കി പാസ്സ് ബുക്കും മറ്റും ബാഗിൽ എടുത്തു വച്ച് ഒരു കത്തെഴുതി വച്ചിട്ട് എല്ലാരും ഉണരുന്നതിന് മുൻപ് അവൾ സ്വന്തം വീട്ടിലേക്ക് പോയി.

അവിടെ ചെന്നപ്പോ അച്ഛൻ അവളെ വീട്ടിൽ കേറ്റിയില്ല. ഭർത്താവിന് പരസ്ത്രീ ബന്ധം വന്നത് അവളെ കഴിവ് കേടാണ് എന്നയാൾ പറഞ്ഞു. പോയി അയാളുടെ കൂടെ ജീവിക്കാൻ പറഞ്ഞ് അച്ഛൻ മകളെ കയ്യൊഴിഞ്ഞു.

അതോടെ കൈയിലുള്ള സ്വർണം വിറ്റ് പൈസ ബാങ്കിലിട്ട ശേഷം അവൾ ഹോസ്റ്റലിൽ താമസമാക്കി. ഒരു ജോലിക്കും പോകാൻ തുടങ്ങി. ആവണി പോയതോടെ വീട്ടിലെ ജോലി ചെയ്യാൻ ആരുമില്ലാതായപ്പോ വിനയൻ ഒരു കോംപ്രമൈസ് ന് തയ്യാറായി വന്നെങ്കിലും അവൾ ഓടിച്ചു വിട്ടു. തന്റെ അച്ഛന്റെ കൈയ്യിൽ നിന്ന് സ്ത്രീധനം വാങ്ങിയ അഞ്ചു ലക്ഷം രൂപ തന്നില്ലെങ്കിൽ ഗാർഹിക പീ- ഡനത്തിന് കേസ് കൊടുക്കുമെന്ന് അവൾ അവനെ ഭീഷണിപെടുത്തി. അതോടെ അയാളൊന്ന് ഒതുങ്ങി.

ഒറ്റയ്ക്ക് പൊരുതി ജീവിക്കാൻ ഉറച്ച മനസ്സോടെ ആവണി ജീവിതത്തോട് പോരാടാൻ തുടങ്ങി. ആരെയും ഭയക്കാതെ…

-ശിവ