ഞാനൊരു കാര്യം പറഞ്ഞാൽ ഏട്ടന് ദേഷ്യം തോന്നോ..മടിച്ചു മടിച്ചാണ് അവളത്രയും ചോദിച്ചത്…

എഴുത്ത്: ശിവ
===========

“ഒരാഴ്ച കഴിഞ്ഞാൽ മോൾടെ കല്യാണമല്ലേ. ചെക്കനും കൂട്ടർക്കും കൊടുക്കാമെന്ന് പറഞ്ഞ സ്വർണത്തിന്റെ പകുതി പോലും ശരിയാക്കാൻ നമ്മളെ കൊണ്ട് പറ്റിയില്ലല്ലോ മാധവേട്ടാ.”

“അത് തന്നെയാ സുനിതേ ഞാനും ആലോചിച്ചത്. കല്യാണം ഇങ്ങെത്തി. ബാങ്കിൽ നിന്ന് ലോൺ ശരിയാകുമെന്ന് ഉറപ്പ് കിട്ടിയത് കൊണ്ട ചെക്കന്റെ വീട്ടുകാർക്ക് അൻപതു പവൻ സ്വർണം തരാമെന്ന് ഞാൻ വാക്ക് കൊടുത്തത്.”

“പറഞ്ഞ സ്വർണം അത്രയും ശരിയായില്ലെന്ന് അറിഞ്ഞാൽ അവർ കല്യാണത്തിൽ നിന്ന് പിന്മാറോ.”

“വേറെ ഒന്ന് രണ്ട് ബാങ്കിൽ കൂടി ലോണിന് അപേക്ഷ കൊടുത്തിട്ടുണ്ട്. അതൊന്നും ശരിയായില്ലെങ്കി കല്യാണത്തിന് ഇടാൻ കുറച്ചു മുക്കുപണ്ടം മേടിക്കാം. താലികെട്ട് കഴിഞ്ഞിട്ട് പയ്യനോട് മാത്രം ഉള്ള കാര്യം പറഞ്ഞിട്ട് ലോൺ കിട്ടും വരെ കുറച്ചു സാവകാശം വേണമെന്ന് പറഞ്ഞു നോക്കാം നമുക്ക്.”

“മനു മോന്റെ വീട്ടുകാർ ഇക്കാര്യം അറിഞ്ഞാൽ സമ്മതിക്കുമോ? വാക്ക് പറഞ്ഞിട്ട് അവസാനം നമ്മൾ പറ്റിച്ചൂന്ന് പറയോ.”

“അവരെ അറിയിക്കരുതെന്ന് പറയാം നമുക്ക്. മരുമകൾ മുക്കുപണ്ടവും അണിഞ്ഞാണ് കയറി വന്നതെന്ന് അറിഞ്ഞാൽ ആകെ പ്രശ്നമാവില്ലേ.”

“എനിക്കെന്തോ പേടിയാവുന്നു മാധവേട്ടാ. സ്ത്രീധനത്തിന്റെ പേരിൽ അവളെ കല്യാണം മുടങ്ങിയാൽ എന്റെ കൊച്ചിനത് സഹിക്കാൻ പറ്റില്ല.”

“നീ വെറുതെ വേണ്ടാത്തതൊന്നും ചിന്തിക്കണ്ട.”

ഉമ്മറത്തിരുന്നുള്ള അച്ഛന്റേം അമ്മേടേം സംസാരം കേട്ട് വാതിൽക്കൽ മറഞ്ഞു നിന്ന പല്ലവിയുടെ കണ്ണുകൾ നിറഞ്ഞു. മനുവിന്റെ വീട്ടുകാർ ഇത്രയധികം സ്ത്രീധനം ചോദിച്ചിരുന്നു എന്നത് അവൾക്ക് പുതിയ അറിവായിരുന്നു. നിന്നെ മാത്രം മതിയെനിക്ക്…പൊന്നുവും പണവും ഒന്നും എനിക്ക് സ്ത്രീധനം വേണ്ട, ഒഴിഞ്ഞ കഴുത്തോടെ മണ്ഡപത്തിൽ വന്നാലും ഞാൻ നിന്നെ താലി കെട്ടി പൊന്നുപോലെ കൊണ്ടൊവുമെന്ന് മനു അവളോട് പറയാറുള്ളത് അവനോർത്തു. അവന്റെ വീട്ടുകാർ സ്ത്രീധനം ചോദിച്ചത് അവന്റെ അറിവോടെ അല്ലെന്ന് അവളൂഹിച്ചു.

വീട്ടുകാർ സ്ത്രീധനം ചോദിച്ച വിവരം മനു അറിഞ്ഞാലും പ്രശ്നം അറിഞ്ഞില്ലെങ്കിലും പ്രശ്നം. ഇതിന്റെ പേരിൽ ഒരു പ്രശ്നം ഉണ്ടായാൽ തനിക്ക് പിന്നെ അവിടെ സമാധാനത്തോടെ ജീവിക്കാനും കഴിയില്ല.

കൂലിപ്പണിക്കാരനായ മാധവന്റെയും വീട്ടമ്മയായ സുനിതേടേം ഒരേയൊരു മകളാണ് പല്ലവി. ഡിഗ്രി കഴിഞ്ഞ അവൾ കമ്പ്യൂട്ടർ ക്ലാസിന് പോകുമ്പോഴാണ് അതിനടുത്തു സ്റ്റേഷനറി കടയിട്ടിരിക്കുന്ന മനു പല്ലവിയെ കണ്ട് ഇഷ്ടപ്പെട്ട് പെണ്ണ് ചോദിച്ചു ചെല്ലുന്നത്.

സാമ്പത്തികമായി കുറച്ചു ഉയർന്ന നിലയിലുള്ളവരാണ് മനുവിന്റെ വീട്ടുകാർ. മനുവിന് ഒരു ചേച്ചി കൂടി ഉണ്ടായിരുന്നു. കല്യാണം കഴിപ്പിച്ചു വിട്ടതാണ്.

പെണ്ണ് കാണാൻ വന്നപ്പോൾ ഇരുകൂട്ടർക്കും പരസ്പരം ഇഷ്ടപ്പെട്ടതിനെ തുടർന്ന് ചെക്കനും പെണ്ണും മാറി നിന്ന് സംസാരിക്കാൻ പോയപ്പോഴാണ് വീട്ടുകാർ തമ്മിൽ കല്യാണത്തിനെ കുറിച്ച് ഒരു ധാരണയിൽ എത്തിച്ചേർന്നത്.

“ഞങ്ങടെ മോളെ നൂറു പവൻ സ്ത്രീധനം കൊടുത്താണ് ഞങ്ങൾ കല്യാണം കഴിപ്പിച്ചു വിട്ടത്. ഞങ്ങളെ അത്ര സാമ്പത്തിക സ്ഥിതി നിങ്ങൾക്ക് ഇല്ലെന്ന് അറിയാവുന്നത് കൊണ്ട് അത്രയൊന്നും ഞങ്ങൾ ചോദിക്കുന്നില്ല. ചുരുങ്ങിയത് ഒരു അൻപതു പവൻ സ്വർണമെങ്കിലും ഇട്ട് വേണം പെണ്ണിനെ അങ്ങോട്ട്‌ വിടാൻ. ഇല്ലെങ്കിൽ അതിന്റെ നാണക്കേട് ഞങ്ങൾക്കാ.

ഒറ്റ മോളല്ലേ ഉള്ളൂ… ഈ വീട് പണയപ്പെടുത്തിയാൽ തന്നെ അൻപതു പവൻ സ്വർണം സുഖമായി ഒപ്പിക്കാലോ. ഞങ്ങളെ അത്ര സാമ്പത്തികമില്ലെങ്കിലും പെണ്ണിന് ഒരു കുറവും വരുത്താതെയാണ് കെട്ടിച്ചു വിട്ടതെന്ന് ബന്ധുക്കളോട് ഞങ്ങൾക്ക് പറയാലോ.”

മനുവിന്റെ വീട്ടുകാരെ അഭിപ്രായം കേട്ടപ്പോൾ മറുത്തൊന്നും പറയാതെ പല്ലവിയുടെ വീട്ടുകാർ എല്ലാത്തിനും തലയാട്ടി സമ്മതം മൂളി.

രാത്രി കട പൂട്ടി വന്ന ശേഷം എന്നത്തേയും പോലെ പല്ലവിയെ വിളിച്ചു വിശേഷം ചോദിക്കുകയായിരുന്നു മനു. അന്ന് അവന്റെ ചോദ്യങ്ങളൊക്കെ മുക്കിയും മൂളിയുമാണ് അവൾ മറുപടി നൽകിയിരുന്നത്. തന്റെ കല്യാണം നല്ലപോലെ നടത്താൻ വേണ്ടി അച്ഛൻ അനുഭവിക്കുന്ന വിഷമം കണ്ടപ്പോൾ മുതൽ പല്ലവി മൂഡോഫ് ആണ്.

“എന്താ പല്ലവി? എന്ത് പറ്റി നിനക്ക്. ഇന്നെന്താ നിനക്കൊരു സങ്കടം പോലെ. എന്നോട് നേരെചൊവ്വേ സംസാരിക്കുന്നത് പോലുമില്ലല്ലോ നീ.”

“ഞാനൊരു കാര്യം പറഞ്ഞാൽ ഏട്ടന് ദേഷ്യം തോന്നോ?” മടിച്ചു മടിച്ചാണ് അവളത്രയും ചോദിച്ചത്.

“നീ എന്താ കാര്യമെന്ന് പറയ്യ്. കാര്യമായ എന്തോ പ്രശ്നം നിനക്കുണ്ട്. അല്ലെങ്കിൽ നീയിങ്ങനെ സങ്കടപ്പെട്ട് ഇരിക്കില്ലല്ലോ.”

“നമ്മുടെ വിവാഹം നടക്കില്ല ഏട്ടാ..”

“ഏഹ്…നിനക്കെന്താ പ്രാന്ത് പിടിച്ചോ. കല്യാണത്തിന് ഇനി കഷ്ടിച്ച് ഒരാഴ്ച ഉള്ളപ്പോഴാണോ നിന്റെ ഈ ഭ്രാന്ത് പറച്ചിൽ.” മനുവിന് ആകെ ദേഷ്യവും സങ്കടവും കൊണ്ട് വിറച്ചു.

“നമ്മുടെ വിവാഹം നടക്കാതിരിക്കുന്നതാണ് എന്ത് കൊണ്ടും നല്ലത്. അഥവാ നടന്നാൽ തന്നെ ഏട്ടന്റെ വീട്ടിൽ എനിക്ക് സമാധാനത്തോടെ ജീവിക്കാനും കഴിയില്ല.”

“നീയിപ്പോഴും പ്രശ്നം എന്താണെന്ന് പറയുന്നില്ല പല്ലവി.”

“ഏട്ടന്റെ വീട്ടുകാർ അച്ഛനോട് സ്ത്രീധനം ചോദിച്ചിരുന്നു. അൻപതു പവൻ വേണമെന്നാ പറഞ്ഞിരിക്കുന്നത്. അത്ര പോലും ഇല്ലെങ്കിൽ ബന്ധുക്കളെ മുന്നിൽ അത് കുറച്ചിലാണ് പോലും. വീട് പണയപ്പെടുത്തി പൈസ ഒപ്പിക്കാൻ ശ്രമിച്ചിട്ട് നടന്നില്ല. അച്ഛൻ ആകെ സങ്കടത്തിൽ ആണ്.

കല്യാണത്തിന്റെ തലേന്ന് വരെ ലോൺ ശരിയായില്ലെങ്കി മുക്കുപണ്ടം ഇട്ട് കല്യാണം നടത്തിയിട്ട് ഏട്ടനോട് സത്യം പറയാമെന്ന് അച്ഛൻ അമ്മയോട് പറയുന്ന കേട്ടു. ഏട്ടന് ഇതൊന്നും പ്രശ്നമാവില്ല എന്നെനിക്ക് അറിയാം. പക്ഷേ കല്യാണം കഴിഞ്ഞു ഞാൻ അവിടെ വന്ന് കേറുമ്പോ തന്നെ ബന്ധുക്കൾ എല്ലാർക്കും പെണ്ണ് ഇട്ട് വന്ന സ്വർണം കാണാനാകും തിടുക്കം. എന്റെ അമ്മേടെ ചേച്ചിടേ മോൻ കെട്ടികൊണ്ട് വന്നപ്പോൾ അങ്ങനെ ഞാൻ കണ്ടിട്ടുണ്ട്. ആ സമയം ഞാൻ അണിഞ്ഞിരുന്നത് സ്വർണം അല്ലെന്ന് എല്ലാവരും അറിയും. ആകെ നാണക്കേടാവും. പിന്നെ ആ വീട്ടിൽ ഞാൻ എങ്ങനെ ജീവിക്കും. അതൊക്കെ ഓർത്തിട്ട് എനിക്ക് പേടിയാവാ.” അവൾ പൊട്ടിക്കരഞ്ഞു.

“പല്ലവീ…എന്റെ വീട്ടുകാർ ഇങ്ങനെയൊരു ഡിമാൻഡ് വച്ചത് സ്വപ്നത്തിൽ പോലും ഞാൻ അറിഞ്ഞിരുന്നില്ല. പെണ്ണ് കാണൽ കഴിഞ്ഞു ഇവിടെ വന്നപ്പോൾ നിന്റെ അച്ഛൻ നിനക്ക് അൻപതു പവൻ സ്വർണമേ തരാനുള്ളു എന്ന് പറഞ്ഞപ്പോൾ ഒന്നും ഇല്ലേലും എന്റെ മോന് പ്രശ്നമല്ല എന്നാ ഞങ്ങൾ പറഞ്ഞതെന്നാ ഇവരെന്നോട് പറഞ്ഞത്. നീ ഇത്രേം പറയുന്നത് വരെ ഞാൻ അത് വിശ്വസിച്ചു.

നിന്റെ അച്ഛൻ നിനക്ക് എന്ത് തന്നാലും ഇല്ലെങ്കിലും എനിക്കത് വിഷയമല്ല. പക്ഷേ ഈ വിവരം നേരത്തെ അറിഞ്ഞിരുന്നെങ്കിൽ എന്തെങ്കിലും ചെയ്യാമായിരുന്നു. ഇപ്പൊത്തന്നെ എല്ലാരോടും അമ്മ നീ അൻപതു പവൻ സ്വർണം ഇട്ടാണ് വരുന്നതെന്ന് വിളിച്ചു പറഞ്ഞു നടപ്പുണ്ട്.

ഉള്ളത് പറഞ്ഞാൽ കുറച്ചു പൈസ ഉള്ളോണ്ട് അതിന്റെ പൊങ്ങച്ചവും ജാടയും ഉള്ള കൂട്ടത്തിലാണ് അച്ഛനും അമ്മയും ചേച്ചിയുമൊക്കെ. അത് അറിയാവുന്നത് കൊണ്ടാണ് നിന്റെ വീട്ടിലെ അവസ്ഥ മനസ്സിലാക്കി അവിടെ പോകുമ്പോൾ സ്ത്രീധനം ഒന്നും ചോദിച്ചു നാണം കെടുത്തരുതെന്നും അങ്ങനെ ഉണ്ടായാൽ നിന്റെ രെജിസ്റ്റർ മാര്യേജ് ചെയ്തോണ്ട് വരുമെന്ന് ഭീഷണി പെടുത്തി വച്ചത് ഞാൻ. ഇനിയിപ്പോ ലെറ്റർ അടിച്ചു എല്ലാരേം വിളിച്ച സ്ഥിതിക്ക് രജിസ്റ്റർ മാര്യേജ് നടക്കില്ല.”

“ഇത് നടന്നാൽ എന്റെ അച്ഛനും ഞാനുമൊക്കെ ഏട്ടന്റെ വീട്ടുകാരെ മുന്നിൽ നാണം കെടും.”

“അങ്ങനെ നിന്നേം വീട്ടുകാരേം നാണം കെടുത്താൻ ഞാൻ സമ്മതിക്കില്ല. എന്തെങ്കിലും പോംവഴി ഉണ്ടാക്കാൻ നോക്കാം ഞാൻ. ഈ വിവരം കുറച്ചു നേരത്തെ അറിയിക്കാമായിരുന്നു നിനക്ക്. എന്ത് പ്രശ്നം ആണെങ്കിലും നിന്നെ കൈവിടില്ലല്ലോ ഞാൻ. അതിന് പകരം എടുത്തടിച്ച പോലെ കല്യാണം വേണ്ടെന്ന് പറയാൻ നിനക്ക് എങ്ങനെ തോന്നി.”

“എന്റെ വിഷമം കൊണ്ട് പറഞ്ഞു പോയതാ ഏട്ടാ. പിന്നെ സ്ത്രീധനത്തിന്റെ കാര്യം ഇന്നാ ഞാൻ അറിയണേ.”

“സാരമില്ല വിഷമിക്കണ്ട…ഒക്കെ ശരിയാക്കാം നമുക്ക്.” മനു അവളെ സമാധാനിപ്പിച്ചു.

പിറ്റേന്ന് തന്നെ ബാങ്കിൽ നിന്ന് സ്വർണം എടുക്കാൻ ആവശ്യമായ മുഴുവൻ പണവും കൊണ്ടാണ് മനു പല്ലവിയുടെ അച്ഛനെ കാണാൻ എത്തിയത്.

“വീട് പണയപ്പെടുത്തി ഒന്നും മോളെ കെട്ടിക്കാൻ നിൽക്കരുത്. അച്ഛന് എന്നോടിത് നേരത്തെ പറയാമായിരുന്നു. എനിക്ക് പല്ലവിയെ മാത്രം മതി. കല്യാണത്തിന് അവൾക്ക് സ്വർണം എടുക്കാനുള്ള കാശ് മുഴുവൻ ഇതിലുണ്ട്. അച്ഛൻ ഒന്നുകൊണ്ടും വിഷമിക്കരുത്. ഞങ്ങൾക്ക് ജീവിക്കാനുള്ളത് ഞങ്ങൾ ജോലി ചെയ്ത് ഉണ്ടാക്കിക്കോളാം. നിറഞ്ഞ മനസ്സോടെ  മോളെ എനിക്ക് കൈപിടിച്ച് തന്നാൽ മതി.” 

മാധവന്റെ കൈപിടിച്ച് മനു അത് പറഞ്ഞപ്പോൾ ആ വൃദ്ധന്റെ മിഴികൾ നിറഞ്ഞു.

പറഞ്ഞുറപ്പിച്ച ദിവസം തന്നെ പല്ലവിയുടെയും മനുവിന്റെയും വിവാഹം നടന്നു. നിറഞ്ഞ മനസ്സോടെ മാധവൻ തന്റെ മകളെ മരുമകന് കന്യാധാനം നൽകി ആശീർവദിച്ചു.

സ്ത്രീതന്നെയാണ് ധനമെന്ന് മനസിലാക്കുന്നിടത്തു സ്വത്തിനും സ്വർണത്തിനും പ്രസക്തിയില്ലെന്ന് എല്ലാവരും മനസ്സിലാക്കിയാൽ എത്ര നന്നായേനെ.

-ശിവ