എന്റെ ദൈവമേ എന്ന് പറഞ്ഞ് ഓടുന്ന ശ്രീക്കുട്ടിയേ പിടിച്ചു നിർത്തി നന്ദന
“ഇതെങ്ങോട്ടാ?”
“എന്റെ ചേച്ചി ഒരാള് വണ്ടിയിടിച്ചു വീണത് കണ്ടില്ലേ?”
“അതിനിപ്പോ എന്താ? നീ മര്യാദക്ക് വണ്ടിയിൽ കയറിക്കോ എനിക്ക് ക്ലാസ്സ് ഉണ്ട് “
“ചേച്ചി നീയൊരു ഡോക്ടർ അല്ലെ? ഇപ്പൊ ദേ സിവിൽ സർവീസ് കോച്ചിങ്. ഇത് പൊതു ജനങ്ങളെ സേവിക്കുന്ന ജോലിയല്ലേ? ഒരു ട്രെയിനിങ്ങ് ആയിക്കോട്ടെ…വാ “
“അതൊക്കെ കിട്ടിയിട്ട് ചെയ്തോളാം നിനക്ക് പിന്നെ ഇത് തന്നെ ആണല്ലോ പണി. എവിടെ ആക്‌സിഡന്റ് കണ്ടാലും പൊക്കിക്കൊണ്ട് പോകുക. ആരെങ്കിലും 108 വിളിച്ചാൽ മതി. അവര് വന്നു കൊണ്ട് പൊക്കോളും “
ബാക്കി കേൾക്കാൻ നിന്നില്ല ശ്രീക്കുട്ടി. അവളോടി അവിടെ ചെന്നു
“ആരെങ്കിലും ഒന്ന് ഹെല്പ് ചെയ്താൽ നമുക്ക് എത്തിക്കാം. ഇതിപ്പോ ബ്ലഡ് ഒത്തിരി പോയി. ആംബുലൻസ് വിളിച്ചോ ചേട്ടാ “
അടുത്ത് നിന്ന ആളോട് അവൾ ചോദിച്ചു
“കിട്ടുന്നില്ല..”
“ശോ..ഞാൻ മൊബൈലും എടുത്തില്ല. ആരെങ്കിലും ഒന്ന് സഹായിക്കു “
എല്ലാവരും വീഡിയോ എടുക്കുന്നതല്ലാതെ ആരും മൈൻഡ് ചെയ്യുന്നില്ല
അവൾ നന്ദന നിന്നിടത്തേക്ക് നോക്കി
പോയിക്കഴിഞ്ഞു
ബെസ്റ്റ്. ഒരു ഡോക്ടർ ആണ് എന്നിട്ടാ
കുറേ വാഹനങ്ങൾക്ക് കൈ കാണിച്ചെങ്കിലും ആരും നിർത്തുന്നില്ല
ഒടുവിൽ ഒരു കാർ വന്നപ്പോൾ. അവൾ രണ്ടും കല്പ്പിച്ചു നടുക്ക് കേറി നിന്നു
ഡ്രൈവിംഗ് സീറ്റിൽ ഒരു ചെറുപ്പക്കാരനായിരുന്നു. അടുത്തൊരു വൃദ്ധൻ
“ചേട്ടാ പ്ലീസ് ചേട്ടാ ആക്‌സിഡന്റ് ആണ്. ആശുപത്രിയിൽ എത്തിക്കാൻ സഹായിക്കാമോ?
ചെറുപ്പക്കാരൻ പെട്ടെന്ന് കാറിൽ നിന്നിറങ്ങി
“അങ്കിളേ അങ്കിൾ ഒരു ഓട്ടോ വിളിച്ചു പോകാമോ?
അവൻ കൂടെയുള്ള വൃദ്ധനോട് ചോദിച്ചു
അദ്ദേഹം തലകുലുക്കി
“മോനെ ചന്തു. ഞാൻ ഷോപ്പിൽ നിന്ന് തിരിച്ചു വീട്ടിലേക്ക് പോകും. നീ വീട്ടിൽ എത്തിയമതി “
ചന്തു എന്ന ചെറുപ്പക്കാരൻ തല കുലുക്കുന്നുണ്ട്. വീണു കിടക്കുന്നവനെ കാറിൽ കയറ്റാൻ ആൾക്കാർ സഹായിച്ചു കുറെയധികം രക്തം പോയിട്ടുണ്ട്
ശ്രീക്കുട്ടി അവളുടെ ഷാള് കൊണ്ട് തല നന്നായി പൊതിഞ്ഞു വെച്ചു
അവന്റെ ശരീരം കാറിലേക്ക് കയറ്റുമ്പോൾ ശ്രീക്കുട്ടി കുറച്ചു നിർദേശങ്ങൾ ഒക്കെ കൊടുക്കുന്നുണ്ടായിരുന്നു.
അങ്ങനെ വലിച്ചു പോക്കരുത്
നട്ടെല്ലിന് പരുക്ക് ഉണ്ടെങ്കിൽ കുഴപ്പമ
ഇങ്ങനെ ഉയർത്തി എടുക്കു
“അടുത്ത് മെഡിസിറ്റി ഉണ്ട് ചേട്ടാ. അങ്ങട്ട് വിട്ടോളു “
അവൻ വണ്ടി വേഗം ഓടിച്ചു
“ഹസ്ബൻഡ് ആണോ?”
അവൾ ഞെട്ടി നോക്കി
“ങ്ങേ?”
“അല്ല…ഇതേ ഭർത്താവ് ആണോന്ന്?”
“എന്റെയല്ല. ഇനിയാരുടെയെങ്കിലും ആണോന്ന് ബോധം വരുമ്പോൾ ചോദിച്ചു നോക്കാം ” ചെറുപ്പക്കാരൻ പൊട്ടിച്ചിരിച്ചു പോയി
“സോറി ” പെട്ടെന്ന് അവൻ പറഞ്ഞു
“ഓ ചിരിച്ചോ സോറിയൊന്നും വേണ്ട. പൈസയും തരേണ്ട “
അവന് പിന്നെയും ചിരി പൊട്ടി
“ദേ അവിടെ നിന്ന് വലത്തോട്ട്. രണ്ടാമത്തെ വളവിൽ ആണ് ഹോസ്പിറ്റൽ “
“ഡോക്ടർ ആണോ. എല്ലാം കൃത്യമായി അറിയാമല്ലോ. അയാളെ എടുക്കണ്ട രീതി ഒക്കെ കറക്റ്റ് ആണ് “
“ഞാൻ ഇഷ്ടം പോലെ യൂട്യൂബ് വീഡിയോസ് കാണും അതില് നിർദേശം ഒക്കെ ഉണ്ടല്ലോ. പിന്നെ ഞാൻ ഇതാദ്യമല്ല ഇങ്ങനെ ആൾക്കാരെയും കൊണ്ട് പോകുന്നത്. മിക്കവാറും ഇത് തന്നെ എന്റെ പണി. അത് ആക്‌സിഡന്റ് സോൺ ആണ്. സ്ഥിരം ആക്‌സിഡന്റ് ആണ് “
അവൻ കണ്ണാടിയിൽ കൂടി അവളെ ഒന്ന് നോക്കി. അവൾ അയാളുടെ മുഖത്ത് കൂടി ഒഴുകുന്ന രക്തം ഒപ്പിയെടുക്കുന്നു
പരിചയം ഇല്ലാത്ത ഒരാളിനെ അത്രമേൽ കരുതുന്ന ആ പെൺകുട്ടിയോട് അവന് ബഹുമാനം തോന്നി. ഹോസ്പിറ്റലിലേക്ക് വണ്ടി കയറി
“ദേ ഇവിടെ നിർത്തിയ മതി ” അവൾ അവനോട് പറഞ്ഞു
“ഒന്ന് ചെന്നു പറയുമോ കാഷ്വാലിറ്റിയിൽ”
അവൻ അവൾ പറയുന്നതിന് മുൻപ് തന്നെ നടന്ന് തുടങ്ങിയിരുന്നു
പിന്നെ എല്ലാം പെട്ടന്നായിരുന്നു
ആശുപത്രിയിൽ നിന്നു തന്നെ പോലീസിനെ അറിയിച്ചു
“ഹെഡ് ഇഞ്ചുറി ഉണ്ട്. സർജറി വേണം. പേരെന്റ്സിന്റ നമ്പർ ഉണ്ടോ ശ്രീക്കുട്ടി?”
ഡോക്ടർ വേണുഗോപാൽ അവളോട് വന്നു ചോദിച്ചു
“അയാളുടെ മൊബൈൽ ഒന്ന് കിട്ടിയിരുന്നെങ്കിൽ..”
“അത് ലോക്കാണ് “
“അത് സാരമില്ല. ഇങ്ങു തന്ന മതി “
“എന്റെ കൊച്ചേ ഉടായിപ്പ് ഒന്നും കാണിക്കല്ലേ “
“ശോ ഡോക്ടർ അങ്കിളേ, ഒരു ജീവൻ രക്ഷിക്കാൻ അല്ലെ ആ മൊബൈൽ തരൂ “
ഡോക്ടർ നഴ്സിനോട് പറഞ്ഞു മൊബൈൽ കൊടുത്തു
അവൾ എന്താണ് ചെയ്തതെന്ന് ചന്തു കണ്ടില്ല. പക്ഷെ ലോക്ക് മാറി
അതിൽ നിന്നും അവൾ അമ്മയെയും അച്ഛനെയും വിളിച്ചു പറഞ്ഞു
അവർ കൊല്ലത്താണ് തിരുവനന്തപുരം വരെ വരാൻ എങ്ങനെ സ്പീഡിൽ പോയാലും ഒരു മണിക്കൂർ കഴിയും. അവർ സർജറിക്ക് അനുവാദം കൊടുത്തു.
“ഓ നെഗറ്റീവ് ബ്ലഡ് ആണ്. ശ്രീക്കുട്ടി ഹെല്പ് ചെയ്യണം “
നഴ്സ് ഷീന ചിരിച്ചു
“എന്റെ രക്തം ഊറ്റിയെടുക്കുന്ന വടയ- ക്ഷികൾ പാർക്കുന്ന സ്ഥലം “
അവർ ചിരിച്ചു പോയി
കേട്ടിരുന്ന ചന്തുവും ചിരിച്ചു
“ആഹാ ചേട്ടൻ ഇത് വരെ പോയില്ലേ? ചേട്ടൻ പൊയ്ക്കോ..ഞാൻ മിക്കവാറും അവരൊക്കെ വന്നിട്ടെ പോകു.. ഞാൻ പോയി ബ്ലഡ് കൊടുത്തിട്ട് വരാം “
അവൻ നോക്കി നിൽക്കെ അവൾ അവർക്കൊപ്പം പോയി. അവൻ തെല്ല് കൗതകത്തോടെ അത് നോക്കി നിന്നു പോയി. ഇങ്ങനെയും പെൺകുട്ടികൾ ഉണ്ടാവുമോ?
ബ്ലഡ് കൊടുത്തിട്ട് ക്യാന്റീനിൽ പോയി ഒരു ഫ്രൂട്ടി വാങ്ങി വന്നപ്പോഴും പയ്യൻ അവിടെ നിൽപ്പുണ്ട്
“ആഹാ പോയില്ലേ?”
“ഇല്ല തനിക്ക് ക്ഷീണം ഉണ്ടൊ? കുറച്ചു നേരം ഇരുന്നോ “
“ക്ഷീണം മാറാൻ അല്ലെ ഫ്രൂട്ടി? ഇതാണ് എന്റെ ജീവന്റോൻ “
അവൻ ചുണ്ട് കടിച്ചു ചിരി ഒതുക്കി
അവൾ അവിടെ കണ്ട ഒരു കസേരയിൽ ഇരുന്നു
“ചേട്ടന്റെ പേര് ചന്തു എന്നല്ലേ? ഞാൻ ശ്രീലക്ഷ്മി. എല്ലാവരും എന്നെ ശ്രീക്കുട്ടി എന്ന് വിളിക്കും. കാര്യവട്ടത്തു പഠിക്കുകയാണ് ഡിഗ്രിക്ക് “
“ആക്ച്വലി ചന്തു എന്റെ വിളിപ്പേരാണ് ശരിക്കുള്ള പേര്…”
അവള് കയ്യെടുത്ത് വിലക്കി
“വല്ല അനന്തപദ്മനാഭൻ എന്നോ നിരഞ്ജൻ മേനോൻ എന്നോ അക്ഷയ് ശിവരാമൻ എന്നോ ആയിരിക്കും പറയണ്ട. ചന്തു സിമ്പിൾ. അത് മതി..”
അവൻ ചിരിയോടെ അവളെ നോക്കിയിരുന്നു പോയി
“ഇവിടെ എങ്ങനെയാ കമ്മീഷൻ ഉണ്ടൊ? ആക്‌സിഡന്റ് കേസ് കൊണ്ട് കൊടുക്കുമ്പോ?”
അവൻ കളിയാക്കി
“മനുഷ്യത്വം ഇല്ലാത്ത ചന്തു മനുഷ്യാ ഇതൊരു പരോപകാരം മാത്രം. നോക്കിക്കേ എന്റെ ബ്ലഡും പോയി. ഫ്രൂട്ടി മേടിച്ചു എന്റെ കാശും പോയി. ഇനി പോലീസ് മാമൻമാര് വരുന്ന വരെ ഇവിടെ തന്നെ. വൈകുന്നേരം ആരെങ്കിലും വന്നു കൂട്ടിയില്ലെങ്കിൽ ഓട്ടോ കാശും പോകും.”
“അവർ എങ്ങനെ അറിയും മൊബൈൽ ഇല്ലല്ലോ എങ്ങനെ വിളിച്ചു പറയും?”
“ഞാൻ ചേട്ടന്റെ ഫോണിൽ നിന്നങ്ങ് വിളിക്കും. അത് പറഞ്ഞപ്പോഴാ ഓർത്തത്. അച്ഛനെ വിളിച്ചു പറഞ്ഞേക്കാം കക്ഷി ബാങ്കിലാ വൈകുന്നേരം പോകുമ്പോ എന്നെ കൂടെ കൊണ്ട് പോകാൻ പറഞ്ഞു നോക്കട്ടെ “
അവൾ കൈ നീട്ടി
“ലോക്ക് ഇല്ല “
അവൻ ചിരിച്ചു
“ആഹാ അപ്പൊ ഗേൾ ഫ്രണ്ട് ഇല്ല. മാരീടുമല്ല. ബാച്ചിലർ ആണ് അല്ലെ?”
“ക്രോണിക് ബാച്ചിലർ “
അവൾ പൊട്ടിച്ചിരിച്ചു
അച്ഛനെ വിളിച്ചു കാര്യങ്ങൾ പറഞ്ഞിട്ട് അവൾ ഫോൺ തിരിച്ചു കൊടുത്തു
“ആ പയ്യന്റെ ഫോൺ എങ്ങനെ അൺലോക്ക് ചെയ്തു?”
“സിമ്പിൾ. ദേ ഇങ്ങനെ സൂര്യ പ്രകാശത്തിലേക്ക് ഫോൺ ചരിച്ചു വെയ്ക്കുക. നേരത്തെ യൂസ് ചെയ്ത പാട്ടേൺ തെളിഞ്ഞു വരും. അത് പോലെ വരയ്ക്കുക..”
“ഇത് തന്നെ ആണോ പണി ഈ ഉടായിപ്പ്?”
“എല്ലാമുണ്ട് “
അവൾ കണ്ണിറുക്കി
“അല്ല ഞാൻ ബാച്ചിലർ ആണ് എന്നെങ്ങനെ മനസിലായി?”
“അതേയ് ഞാൻ സൈക്കോളജിയ്യാ പഠിക്കുന്നത് എനിക്ക് പെട്ടെന്ന് മനസിലാകും “
“ഓ ഓ “
അവൻ തലകുലുക്കി എന്നിട്ട് ചിരി വന്നിട്ട് കുനിഞ്ഞിരുന്നു. പയ്യന്റെ അച്ഛനും അമ്മയും വന്നപ്പോൾ അവൾ അവിടേക്ക് ചെന്നു
അമ്മ വല്ലാതെ കരയുന്നുണ്ടായിരുന്നു
“ഇതാണ് മോനെ ഇവിടെ കൊണ്ട് വന്ന പെൺകുട്ടി “
അവർ അവളെ നോക്കി
ഒരു ചെറിയ കുട്ടി
ചുരിദാർ നിറയെ ചോര
“ശ്രീക്കുട്ടി ആ സമയം എത്തിച്ചില്ലായിരുന്നു എങ്കിൽ കുറച്ചു പ്രയാസം വന്നേനെ. ഇപ്പൊ സ്റ്റേബിൾ ആണ് “
അവർ അവളെ നോക്കി കൈകൂപ്പി പിന്നെ വിങ്ങി പൊട്ടിക്കരഞ്ഞു കൊണ്ട് അവളെ കെട്ടിപ്പുണർന്നു
തുടരും…