“ഹലോ..”
“ആ ഹലോ ഹലോ ഹലോ” അവൾ പറഞ്ഞു
“ഒരു ഹലോ മതി ” ചന്തു ചിരിച്ചു
“എങ്കിൽ ഒരു ഹലോ..എന്റെ നമ്പർ എങ്ങനെ കിട്ടി?”
“ഹോസ്പിറ്റലിൽ അവർക്ക് നമ്പർ കൊടുത്തില്ലേ? അപ്പൊ ഞാൻ അടുത്തുണ്ടായിരുന്നുല്ലോ “
“അപ്പൊ തന്നെ സേവ് ചെയ്തു?”
“മനസ്സിൽ..ഞാൻ പെട്ടെന്ന് മറക്കില്ല. ഒരിക്കൽ കേട്ടാൽ “
“അത് നല്ലതാ. പക്ഷെ പെൺപിള്ളേർടെ ഫോൺ നമ്പർ എന്ന്. കൂടി ചേർക്കണം “
മറുതലയ്ക്കൽ പൊട്ടിച്ചിരി
“അതിരിക്കട്ടെ എന്തിനാ വിളിച്ചത്?”
“മീരയോട് തനിച്ചു വരാൻ പറയണം. ഞാൻ വേറെ ഒരിടത്തു കുടുങ്ങി പോയി “
“മീരയുടെ ഫോണിൽ വിളിച്ചു കൂടെ മാഷേ?”
“അവൾ എടുക്കുന്നില്ല. ഇനി ഞാൻ ഓഫ് ചെയ്തു വെയ്ക്കാൻ പോവാ. പിന്നെ അവൾ ടെൻഷൻ ആവും. ഇന്ന് വന്നു കൂട്ടാൻ പറ്റില്ല. അതാണ് “
“ഞാൻ പറഞ്ഞോളാം..”
“അപ്പൊ ശരി “
ഫോൺ കട്ട് ആയി
ശോ ഓർത്തപ്പോൾ തന്നെ വിളിച്ചു
ഇങ്ങേര്..
കുറച്ചു നേരം കൂടി ഇരുന്നിട്ട് അവൾ ഡാൻസ് ക്ലാസ്സിലേക്ക് ചെന്നു. ക്ലാസ്സ് കഴിഞ്ഞു
“ഹലോ ശ്രീലക്ഷ്മി ” മീര അടുത്ത് വന്നു
“മീര ചേച്ചി, ചേച്ചിയുടെ ബ്രദർ വിളിച്ചിരുന്നു. കൂട്ടി കൊണ്ട് പോകാൻ വരാൻ പറ്റില്ല എന്ന് പറഞ്ഞു “
“ഉയ്യോ..തനിച്ചു ചെല്ലാൻ പറഞ്ഞൊ”
“yes. പിന്നെ മുഴുവൻ പേര് ശ്രീലക്ഷ്മി എന്ന് വിളിച്ചു ക്ഷീണിക്കണ്ട. ശ്രീക്കുട്ടി അല്ലെങ്കിൽ ശ്രീ മതി “
“ഓക്കേ. സത്യം പറയട്ടെ ശ്രീ. എനിക്ക് സന്ധ്യ കഴിഞ്ഞു ഓട്ടോയിൽ കേറാൻ പേടിയാ. ഞങ്ങൾ ഇത് വരെപല സ്റ്റേറ്റ്കളിൽ ആയിരുന്നു. ഞാനും ഏട്ടനും ആർമിയുടെ സ്കൂളിൽ തന്നെ ആണ് പഠിച്ചത്. പക്ഷെ കേരളം പോലെ ഒരു ബോറൻ സ്ഥലം ഇല്ല. ഒരു വർഷം കഴിഞ്ഞ് എന്റെ കല്യാണമാണ്. എന്റെ ആള് യൂ എസ് എ യിൽ നിന്നും വന്നിട്ട്. അപ്പൊ ഒരു വർഷം എനിക്ക് ഇഷ്ടം ഉള്ളത് ചെയ്യാൻ കിട്ടിയത് കൊണ്ട് ഞാനിങ്ങോട്ട് പോന്നു. ഡാൻസ് എനിക്ക് വലിയ ഇഷ്ടമാണ്. എന്റെ ചെക്കനും അതേ. അവന്റെ പേര് കാർത്തി കേട്ടോ…പക്ഷെ ഇവിടെ വന്നപ്പോൾ ആൾക്കാർ ഭയങ്കര ബോർ ആണെന്നെ. ഡ്രസ്സ് ഒക്കെ ഭയങ്കരമായി നോക്കും. എനിക്ക് ആകെ ഒരു വല്ലായ്മ ആണ്. ഞാൻ ഏട്ടന്റെ കൂടെയേ പോകുവുള്ളു അല്ലെങ്കിൽ അങ്കിളിനു ഫ്രീ ആകുമ്പോൾ. ഒറ്റയ്ക്ക് മടുപ്പാ “
“ഡോണ്ട് വറി ഞാൻ കൊണ്ട് വിടാം “
“are you sure?”
“പിന്നല്ല. നിങ്ങളുടെ ഏട്ടൻ അല്ലെ ഇന്ന് എന്നെ കൊണ്ട് വിട്ടത്. പകരത്തിനു പകരം ആയിക്കോട്ടെ..കം ഓൺ… ഞാൻ പോയി അച്ഛന്റെ കയ്യിൽ നിന്നും കീ വാങ്ങി വരാമേ “
അവൾ ഓടിയപ്പോൾ മീര അന്തം വിട്ടു
ഏട്ടൻ കൊണ്ട് വിട്ടെന്നോ എപ്പോ?
എന്നിട്ട് പറഞ്ഞില്ലല്ലോ
ഏട്ടനെങ്ങനെ ശ്രീയെ അറിയാം?
ശ്രീലക്ഷ്മി കാറുമായി എത്തിയപ്പോ അവൾ കയറി
“അതേയ് ഏട്ടനെ മുൻപ് പരിചയം ഉണ്ടൊ”
“ഇല്ലന്നെ ഇന്ന് ഒരു ആക്‌സിഡന്റ് നടന്നു റോഡിൽ അങ്ങനെ പരിചയപ്പെട്ടതാ “
“അയ്യോ ആക്‌സിഡന്റോ എപ്പോ? ഏട്ടന് വല്ലോം പറ്റിയോ?”
“കുന്തം. അങ്ങനെ ഉണ്ടെങ്കിൽ ചേച്ചിയോട് അല്ലെ ഞാൻ ആദ്യം പറയുക. ശ്രദ്ധിച്ച് കേൾക്ക് “
പിന്നെ അവൾ അന്ന് നടന്നത് മുഴുവൻ പറഞ്ഞു
“ഞാനങ്ങു പേടിച്ചു പോയി “
മീര നെഞ്ചിൽ കൈ വെച്ചു
“ഏട്ടനെ ഭയങ്കര ഇഷ്ടമാണല്ലോ “
ശ്രീക്കുട്ടി ചിരിച്ചു
“ജീവനാണ് ‘”
മീരയുടെ കണ്ണ് നിറഞ്ഞ പോലെ
“എനിക്കും കുഞ്ഞിലേ വലിയ ആഗ്രഹം ആയിരുന്നു ഏട്ടന്മാർ. എന്ത് രസാരിക്കും. നമ്മളോട് എന്ത് സ്നേഹം ആയിരിക്കും..”
“ശരിയാ. ഏട്ടന് എന്നോട് എന്ത് ഇഷ്ടം ആണെന്നോ. ഞങ്ങൾ ഇങ്ങോട്ട് പോരുമ്പോൾ ഏട്ടൻ ആദ്യം പ്ലാൻ ചെയ്തത് എന്നെ കൂടെ കൊണ്ട് പോരാനാ. അച്ഛനും അമ്മയും മിലിറ്ററി ആയത് കൊണ്ട് ഭയങ്കര സ്ട്രിക്ട് ആണ് പിന്നെ കാർത്തി പറഞ്ഞു സമ്മതിപ്പിച്ചു. എനിക്ക് ഏട്ടനെ കാണാതെ സങ്കടം ആണ് “
“അപ്പൊ അമേരിക്കയിൽ പോയാലോ “
“അതാ ഒരു വിഷമം..ഏട്ടനോട് അങ്ങോട്ട് വരാൻ പറഞ്ഞാൽ കേൾക്കില്ല. ആൾക്ക് കേരളമാണ് ഏറ്റവും ഇഷ്ടം “
കാർ ഓടിക്കൊണ്ടിരുന്നു
“നന്നായി ഡ്രൈവു ചെയ്യുന്നുണ്ട് ട്ടോ.”
ശ്രീലക്ഷ്മി ഒന്ന് പുഞ്ചിരിച്ചു
“ഇതാണ് വീട് “
മനോഹരമായ ഒരു ഇരുന്നിലക്കെട്ടിടം
“കയറിയിട്ട് പോകാം “
“ഇനി ഒരിക്കൽ വരാം. കണ്ടില്ലെങ്കിൽ അച്ഛൻ ചിലപ്പോൾ വിഷമിക്കും. പേടിക്കണ്ട. എന്നെ ഓർത്തല്ല. കാറിനെ ഓർത്ത്. ഞാൻ ഇത് എവിടെ എങ്കിലും കൊണ്ട് ഇടിച്ചെന്ന് വിചാരിച്ചു വിഷമിക്കും “
മീര പൊട്ടിച്ചിരിച്ചു
“ശ്രീക്കുട്ടിയേ എനിക്ക് ഇഷ്ടം ഈ തമാശ പറയുന്നത് കൊണ്ടാണ്. ക്ലാസ്സിൽ കുട്ടികൾ ഇത് തന്നെ ആണ് പറച്ചിൽ.. you are amazing “
“ഇതെന്റെ വീട്ടുകാർ കേൾക്കെ ഒന്ന് പറയണേ. അവർ എനിക്ക് ഒരു വിലയും തരില്ലന്നെ “
മീര ചിരിച്ചു “ഉറപ്പായിട്ടും പറയാം “
“അപ്പൊ ശരി “
ശ്രീലക്ഷ്മി യാത്ര പറഞ്ഞു
വീട്ടിൽ എത്തുമ്പോൾ അച്ഛൻ പൂമുഖത്തുണ്ട്
“ഒന്നും പറ്റിയില്ല എങ്ങും ഇടിച്ചിട്ടല്ല വന്നത് വേണേൽ പരിശോധിക്കാവുന്നതാണ് “
കീ കയ്യിൽ കൊടുത്തു ശ്രീക്കുട്ടി
“ഉറപ്പാണെ “
“അച്ഛനാണെ…”
“എടി മോളെ അച്ഛന് നിന്റെ കല്യാണം വരെ ജീവിക്കണം എന്നുണ്ട്. നീ ആണയിട്ട് ഇപ്പൊ എന്റെ തല പൊക്കാൻ മേല “
“ഇത് സത്യം സത്യം സത്യം “
അകത്തു നിന്നും ശബ്ദം ഉയർന്നു
അയാൾ പുഞ്ചിരിയോടെ മുറ്റത്തേക്ക് ഇറങ്ങി
“എന്താണ് മാഡം കഴിക്കുന്നത്?”
നന്ദന ഒരു പ്ലേറ്റിൽ എന്തോ കഴിക്കുന്നത് കണ്ട് അവൾ ചോദിച്ചു
“വെജിറ്റബിൾ സാൻഡ് വിച്ച് നിനക്ക് വേണോ?”
നന്ദന അവൾക്ക് നേരേ നീട്ടി
“അയ്യോ വേണ്ടായേ..മദർ…ചോർ തരൂ വിത്ത് ഫിഷ് ഫ്രൈ..പോരട്ടെ “
“അലറി വിളിക്കണ്ട വരുന്നു “
അകത്തു നിന്ന് വീണ വിളിച്ചു പറഞ്ഞു
“നിനക്ക് വേണോ നന്ദേച്ചി ചോറ്?”
“എന്നിട്ട് വേണം നാളെ രണ്ടു. കിലോ കൂടാൻ. നിനക്ക് പിന്നെ എന്ത് തിന്നാലും വണ്ണം വെയ്ക്കില്ലല്ലോ “
“അതേ ദേഹം അനങ്ങണം ഞാൻ ഡാൻസ് ചെയ്യുന്നത് കൊണ്ടാ..”
“അല്ലാതെ മനസ്സ് ചീത്തയായ കൊണ്ടല്ല “
നന്ദന കഴിച്ചു കഴിഞ്ഞു എഴുന്നേറ്റു
“അങ്ങനെ ആണെങ്കിൽ മെലിഞ്ഞു നീ ഈ ഭൂമിയിൽ നിന്നും എന്നെ മാഞ്ഞു പോയേനെ…”
അവൾ നന്ദനയുടെ അടിയിൽ നിന്ന് ഒഴിഞ്ഞു മാറി
“തുടങ്ങിയോ വീണ്ടും? എന്റെ നന്ദു നിനക്ക് ഇവളെക്കാൾ വിവരവും വിദ്യാഭ്യാസവും ഇല്ലേ? ഇവളോട് വഴക്കിടാൻ നിൽക്കാതെ പോയി പഠിക് “
നന്ദന ഒരു പോക്ക് പോയി
വീണ അകത്തേക്ക് പോകാനാഞ്ഞപ്പോൾ അവൾ പിടിച്ചു നിർത്തി
“അങ്ങനെ അങ്ങ് പോയാലോ…ഇപ്പൊ പറഞ്ഞു നിർത്തിയത് ഒന്നുടെ മുഖത്ത് നോക്കി പറഞ്ഞെ “
“എന്റെ കൊച്ചേ ഞാൻ അവളെ പറഞ്ഞു വിടാൻ ഒന്ന് വെറുതെ പറഞ്ഞതല്ലേ..നീ മിടുക്കിയല്ലേ? അമ്മേടെ സുന്ദരി വാവ. ക്ഷമി “
“തേങ്ങ.. മര്യാദക്ക് പോയി ഒരു ഓംലറ്റ് ഇട്ടിട്ട് കൊണ്ട് വാ. ക്ഷമിക്കണോ എന്ന് അപ്പൊ ആലോചിക്കാം “
“ഡബിളോ സിംഗിളോ?”
“ഡബിൾ “
“ഇപ്പൊ കൊണ്ട് തരാം “
അമ്മ പോയപ്പോൾ അവൾ തനിയെ ചിരിച്ചു
ശരിക്കും ആരാ പൊട്ടി?
അതോ ഇവിടെ ആർക്കും ബുദ്ധി ഇല്ലെ? എന്തായാലും എനിക്ക് ഓംലറ്റ് കിട്ടും അത് മതി…
തുടരും…..