ധ്വനി, അധ്യായം 08 – എഴുത്ത്: അമ്മു സന്തോഷ്

“നി ഇന്ന് കോളേജിൽ പോണില്ലേ?”

വെറുതെ ഫോണിൽ കളിച്ചു കൊണ്ട് ഇരിക്കുന്ന ശ്രീകുട്ടിയോടു നന്ദന ചോദിച്ചു

“ഇല്ല ചേച്ചി. ഇന്ന് ഒരു ഉത്‌ഘാടനം ഉണ്ട് “

നന്ദനയുടെ കണ്ണുകൾ മിഴിഞ്ഞു

“നിന്നേ ഉത്ഘടനത്തിന് വിളിച്ചു തുടങ്ങിയോ?”

ശ്രീ ഒരു നിമിഷം അവളെ നോക്കിയിരുന്നു

“നാക്ക് പൊന്നാകട്ടെ.. ഇതേ ഒരു പ്രൊജക്റ്റ്‌ ന്റെ inaugration ആണ്
ഓൾഡ് ഏജ് ഹോം പോലെ..”

“നിനക്ക്  വേറെ ഒരു പണിയുമില്ലേ കൊച്ചേ. വല്ലോം പഠിച്ചു പാസ്സായി. psc എങ്കിലും എഴുതി ജോലി വാങ്ങിക്കാൻ നോക്ക് “

“എനിക്ക് ഗവണ്മെന്റ് ജോലി വേണ്ട “അവൾ കൈകാണിച്ചു

“ബെസ്റ്റ്. അല്ലേൽ ഇപ്പൊ ഇവിടെ എടുത്തു വെച്ചേക്കുവല്ലേ. എടി മോളെ.. ഒരു എൽ ഡി ക്ലാർക്ക് എങ്കിലും ആയില്ലേ കെട്ടുന്നവന്റെ വീട്ടിൽ ചെന്നു പാത്രം കഴുകി അവന്റെ ചവിട്ടും കൊണ്ട് കിടക്കേണ്ടി വരും “

“അതൊക്കെ ഭാവന മാത്രം. റിയാലിറ്റി അതൊന്നുമല്ല, ഞാൻ ഒരു സോഷ്യൽ വർക്കർ ആവും. കൂട്ടത്തിൽ ഡാൻസും. ഇതിലൊക്കെ താല്പര്യമുള്ള ഒരു ചെക്കനെ പ്രേമിച്ചു കെട്ടും.. എന്നെ തൊട്ടാൽ തൊടുന്നവന്റെ കൈ ഞാൻ വെട്ടും. മൂന്ന് തരം “

“നിന്നോട് വർത്താനം പറഞ്ഞിരുന്നലെ എനിക്ക് എന്റെ ക്ലാസ്സ്‌ മിസ്സ്‌ ചെയ്യും. ഇന്ന് വിവേക് സാറിന്റെ ക്ലാസ്സ്‌ ഉണ്ട് “

“അതാരാ പുതിയ ആളാ?”

“അവിടുത്തെ സ്റ്റാഫ്‌ ഒന്നുമല്ല.  എം ബി ബി എസ് ഫസ്റ്റ് റാങ്ക്, സിവിൽ സർവീസ് ഫസ്റ്റ് ചാൻസിൽ ഫസ്റ്റ് റാങ്ക് ഒക്കെ വാങ്ങിയ ഒരു ജീനിയസ് ആണ് വിവേക് സർ. ആഴ്ചയിൽ ഒരു ദിവസം ഞങ്ങൾക്ക് ക്ലാസ്സ്‌ എടുക്കാൻ വരുന്നുണ്ട്.. എന്നാ ക്ലാസ്സ്‌ ആണെന്നോ.. കിടിലൻ ക്ലാസ്സ്‌ ആണ് “

“ഹോ ഈ സീസൺ തെറ്റി മഴ ഒക്കെ പെയ്യുന്നത് വെറുതെ അല്ല നന്ദേച്ചി ജീവിതത്തിൽ ആദ്യമായിട്ടാ ഒരാളെ കുറിച്ച് നല്ലത് പറഞ്ഞു ഞാൻ കാണുന്നത്
അപ്പൊ ആ സർ പുലി അല്ല ഒരു സിംഹം തന്നെ ആയിരിക്കും “

“പോടീ..” നന്ദനയുടെ മുഖത്ത് ഒരു നാണം വന്നു

“വല്ല പ്രേമോം ഉണ്ടോടി ചേച്ചി?”

“അങ്ങേര് കമ്മിറ്റഡ് ആണ്..” നന്ദന പറഞ്ഞു

“അത് ശരി. അപ്പൊ വിട്ടേക്ക് വേറെ ആരേലും വരും. അല്ല സ്കൂളിൽ ഒരുത്തൻ.. പിന്നെ കോളേജിൽ ഒരുത്തൻ. സർവ്വ അവന്മാരേം തേച്ചു. ഇപ്പൊ ദേ സർ “

“അതൊക്കെ ഊ- ളകൾ ആയിരുന്നു ശ്രീക്കുട്ടി.. ഇത് കിടു ആയിരുന്നു. പക്ഷെ എന്താ ചെയ്ക. പെണ്ണിന്റ മുഖത്ത് നോക്കാത്ത തെ- ണ്ടി സർ “

ശ്രീക്കുട്ടി പൊട്ടിച്ചിരിച്ചു. നന്ദന അകത്തേക്ക് പോയി

കഴിഞ്ഞ ദിവസം പ്രിയ പറഞ്ഞതാണ് അത്

ഏതോ കുട്ടി കേറി കക്ഷിയെ propse ചെയ്തുവത്രേ. അപ്പോ കക്ഷി തന്നെ നേരിട്ട് പറഞ്ഞതാണ് കമ്മിറ്റഡ് ആണെന്ന്. ക്ലാസ്സിൽ എത്ര ഹൃദയങ്ങളാണ് ഒരു നിമിഷം കൊണ്ട് ഉടഞ്ഞു പോയത്?

വേറെ ഒരാളുടെ സ്വന്തം ആണെങ്കിലും ആ ആളെ കാണുമ്പോൾ മനസ്സ് ഇളകി പോകുന്നുണ്ട്. അവൾ കണ്ണാടിയിൽ നോക്കി.

അതിസുന്ദരിയാണെന്നാണ് കൂട്ടുകാർ പറയുന്നത്. കോളേജ് ബ്യൂട്ടി ആയിരുന്നു. ബ്യൂട്ടി വിത്ത്‌ ബ്രെയിൻ എന്നാണ് എല്ലാവരും വിളിക്കുക

വിവേക് സാറിന് ഇഷ്ടം തോന്നിയ ആൾ എത്ര മികച്ച ആളായിരിക്കും?

അവൾ ബാഗ് എടുത്തു. പിന്നെ ആക്ടിവയുടെ താക്കോലും

അവളുടെ വാഹനം കടന്നു പോയ അതേ സമയം തന്നെയാണ് ചന്തുവിന്റെ കാർ അവിടേക്ക് വന്നതും

“അമ്മേ ഞാൻ പോയിട്ടു വരാമേ “

എന്നൊന്ന് ഉറക്കെ പറഞ്ഞിട്ട് അവൾ ബാഗ് എടുത്തു കാറിന്റെ ഡോർ തുറന്നു. വീണ വന്നപ്പോഴേക്കും കാറിൽ കയറി ഇരുന്നു കഴിഞ്ഞു

“ചന്തുവിന്റെ ജാതകം ഒന്ന് നോക്കിക്കാൻ അമ്മയോട് പറയണേ ” വീണ ഡ്രൈവിംഗ് സീറ്റിനരികിൽ വന്നു

ചന്തു ഒന്നും മനസിലാകാതെ ശ്രീയെ നോക്കി. അവളാകട്ടെ വിളറി വെളുത്തു

“അല്ല കണ്ടകശനിയായിയിരിക്കും ഇപ്പൊ. അല്ലെങ്കിൽ മോന് ദേ ഇവളോട് ഫ്രണ്ട് ആവാൻ തോന്നില്ല. അത് കൊണ്ട് പറഞ്ഞതാ ” ചന്തുവിന് ചിരി പൊട്ടി

“അമ്മയാണത്രേ അമ്മ. വന്നിട്ട് തരാം ഇപ്പൊ സമയം ഇല്ല… ഡ്രൈവർ വണ്ടി എടുക്കു “

അവൻ ചിരിയോടെ വണ്ടി സ്റ്റാർട്ട്‌ ചെയ്തു

“മോനെ നിന്നേ നി തന്നെ നോക്കിക്കോണേ “

അവർ കൈ വീശി

ഇക്കുറി ചന്തു പൊട്ടിച്ചിരിച്ചു പോയി

“എന്താത്ര കിണിക്കാൻ? ഒരു മോട്ടിവേഷൻ ഇല്ലാത്ത വീടാ. പിന്നെ ഇങ്ങേരെ പോലെ തന്നെ ജോലിയും കൂലിയും ഇല്ലാത്തത് കൊണ്ട് അപമാനം സഹിച്ചു കഴിയുന്നു “

അവൻ വണ്ടി നിർത്തി

ചിരിച്ചു കൊണ്ട് അവളെ നോക്കി

“അവിടെ എത്തും വരെ ഇനി മിണ്ടരുത്..കേട്ടല്ലോ “

“ഓ ഇങ്ങേരും പ്രതിപക്ഷമായോ.. ഞാൻ മിണ്ടുന്നില്ല. പോരെ “

അവന് ചിരി സഹിക്കാൻ ആവുന്നില്ലായിരുന്നു

“ഹലോ.. ചന്തുവേട്ടൻ തമാശ മൂവി ഒന്നും കാണാറില്ല അല്ലെ? കോമഡി സ്കിട്, trolls അങ്ങനെ ഒന്നും?”

“ഞാൻ മൂവി കാണും. ഇംഗ്ലീഷ് movies….”

അവൾ ഒറ്റ ചിരി

“ചുമ്മാതല്ല കോമഡി കേൾക്കുമ്പോൾ ഇങ്ങനെ ചിരിക്കുന്നത് “

“ഹിന്ദി കാണും ട്ടോ. മലയാളം അങ്ങനെ കണ്ടിട്ടില്ല.. ആർമി സ്കൂളിൽ ആയിരുന്നു. മലയാളം അത് കൊണ്ട് തന്നെ കുറവാ..”

“ഓ.. കൂട്ടുകാരൊക്ക?”

“ഋഷി എന്നൊരു ഫ്രണ്ട് ഉണ്ട് പഞ്ചാബി. പിന്നെ കാർത്തി മീരയുടെ വുഡ് ബീ. പിന്നെ ഒരു സന്ദീപ് ഡൽഹിയിൽ ആണ്. ഇത്രേ ഉള്ളു.”

“introvert ആണ്?”

“extrovert അല്ല “

അവൾ ഒരു നോട്ടം നോക്കി

“നമുക്കിട്ടു തന്നെ വെച്ചോണം ” അവൻ ഒരു ചിരി പാസ്സാക്കി

“ശ്രീയുടെ ബെസ്റ്റ് ഫ്രണ്ട് ആരാ?”

“അമ്മ ” ഒറ്റ നിമിഷം പോലുമില്ലായിരുന്നു മറുപടിക്ക്

“എന്റെ അമ്മയ്ക്കാ എന്നെ ഏറ്റവും അറിയുക.എന്റെ സന്തോഷം, എന്റെ സങ്കടം, എന്റെ എല്ലാം. അച്ഛനെന്നെ വലിയ ഇഷ്ടാ. ചേച്ചി എന്നെ എന്തെങ്കിലും പറയാൻ സമ്മതിക്കില്ല അച്ഛൻ “

“ഓ ചേച്ചി ഉണ്ടൊ?”

“ഉണ്ട് മോനെ ഉണ്ട്. ഒരു ഒന്ന് ഒന്നര ചേച്ചി ആണ് എന്റെ.. സ്കൂളിൽ മുഴുവൻ ഫസ്റ്റ് റാങ്ക് മേടിച്ചത് പോരാഞ്ഞിട്ട് മെഡിസിനും മേടിച്ചു ഫസ്റ്റ് റാങ്ക്. ഇപ്പൊ സിവിൽ സർവീസ് കോച്ചിങ്ങിനു പഠിക്കുവാ. അവൾക്ക് അതിനും റാങ്ക് കിട്ടും. അതോടെ ഞാൻ നാട് വിടേണ്ടി വരും “

അവൻ ഉറക്കെ ചിരിച്ചു പോയി

“ചിരിച്ചോ.. മാഷേ ഈ രണ്ടു മക്കളിൽ ഒരാള് പെർഫെക്ട് മറ്റെയാൾ വെറും ഇസ്‌പേർഡ് ഏഴാം കൂലി. എങ്ങനെ ഇരിക്കും?”

“എല്ലാവരും ഒരു പോലെ ഇരിക്കുമോ?”

“അത് നാട്ടുകാരോട് ആര് പറഞ്ഞു കൊടുക്കും? നന്ദനയെ കണ്ടു പഠി എന്ന് കേട്ട് കേട്ട് ഞാൻ മടുത്തു. അല്ല എനിക്ക് മാത്രം അല്ലാട്ടോ നാട്ടിലെ മുഴുവൻ പിള്ളേരുടെ അവസ്ഥ ഇത് തന്നെ ആണ്.. എന്ന് കരുതി അവളോട് എനിക്ക് ദേഷ്യം ഒന്നുല്ല ട്ടോ. അല്പം കുശുമ്പ് അല്പം സ്വാർത്ഥത അല്പം മനസാക്ഷി ഇല്ലായ്മ ഒക്കെ ഒഴിച്ചു നിർത്തി യാ ആള് പാവാ “

അവന്റെ ചിരി കണ്ട് അവൾ ചിരിച്ചു

“എന്ന് വെച്ച് എനിക്ക് നൊ ഫീൽ. ഞാൻ ഇങ്ങനെ സോഷ്യൽ വർക്ക്‌ ഡാൻസ്…”

“ഡാൻസ് അറിയാമോ?”

“ശേ… എന്തോന്ന് നിങ്ങൾ…? എന്റെ ഡാൻസ് സ്കൂൾ എനിക്ക് ഡാൻസ് അറിയാമോന്നോ… പിന്നെ ക്ലാസിക്കൽനേക്കാളും ഫ്യൂഷൻ ആണ് ഇഷ്ടം. മിക്സിങ്.. ക്ലാസിക്കൽ കോമ്പറ്റിഷൻ ഐറ്റംസ് മാത്രം ആണ് എനിക്ക്. ബാക്കി എപ്പോഴും സിനിമറ്റിക് അല്ലെങ്കിൽ ഫ്യൂഷൻ..”

അവനങ്ങനെ കേട്ടിരുന്നു

നല്ല രസമായിരുന്നു അത് കേൾക്കാൻ

നല്ല രസമായിരുന്നു അവളെ കാണാൻ. അവനിടയ്ക്ക് നോക്കുന്നുണ്ടായിരുന്നു

“chatter box ” അവൻ മെല്ലെ പറഞ്ഞു

“അത് ശരി മിണ്ടുന്നില്ല പോരെ?”

“മിണ്ടെടോ.. ഞാൻ വെറുതെ പറഞ്ഞതല്ലേ? നല്ല രസമാ തന്നെ കേൾക്കാൻ “

അവളൊന്ന് നോക്കി

അവന്റെ മുഖത്ത് ചിരി നിറയുന്നു

“എനിക്കിട്ട് ഇടയ്ക്ക് താങ്ങുന്നുണ്ടോ എന്നൊരു ഡൌട്ട്?”

“ഇല്ല “

“ഇല്ലെങ്കിൽ ചന്തുവേട്ടന് കൊള്ളാം “

അവളുടെ ഫോൺ ബെൽ അടിച്ചപ്പോൾ അവൾ എടുത്തു

ഒരു പുരുഷന്റെ സ്വരം

“ഹലോ “

“ഹലോ ആരാ?”

“ശ്രീലക്ഷ്മി?”

“അതേ “

“ഞാൻ ആദി… എന്നെയാണ് ആക്‌സിഡന്റിൽ നിന്ന് സേവ് ചെയ്തത്. thanks “

“ആ ശരി. ഓക്കേ “

അവൾ ഫോൺ വെച്ച് കളഞ്ഞു

ഈ പണ്ടാരം എന്തിനാ എന്റെ അടുത്ത് നന്ദി പറയണേ. അതൊരിക്കൽ അവന്റെ അമ്മ പറഞ്ഞുല്ലോ

“അതേയ് ആ ചെക്കനാ. അന്ന് ആക്‌സിഡന്റ് പറ്റിയത്. നമ്മൾ രക്ഷിച്ചില്ലേ ആ ചെക്കൻ. താങ്ക്സ് പറയാൻ വിളിച്ചതാ “

അവൻ ഒന്ന് നോക്കി

“ഒരു പ്രേമത്തിന് സ്കോപ് ഉണ്ട് “

അവൻ പറഞ്ഞു

“ഹിന്ദി സിനിമ കാണുന്നത് കൊണ്ടുള്ള കുഴപ്പം… എന്റെ പോന്നു കുഞ്ഞേ ഞാൻ ശ്രീലക്ഷ്മി ആണ്. എനിക്ക് അങ്ങനെ ഇങ്ങനെ പ്രേമോം മാങ്ങാത്തൊലിയും ഒന്നും തോന്നില്ല. പ്രേമോം പറഞ്ഞു കൊണ്ട് ഇങ്ങോട്ട് വന്നാ അവന് തന്നെ ആണ് അതിന്റെ കേട് “

“അത്ര കുഴപ്പം ആണോ? അപ്പോ കമ്മിറ്റഡ് അല്ല “

“ബെസ്റ്റ്.. കമ്മിറ്റഡ് ആയാ തോന്നിയ പടി നടക്കാൻ പറ്റുമോ?ഉദാഹരണത്തിന് ദേ ഈ ഡ്രസ്സ്‌ മുട്ട് വരെയുള്ളു. പ്രേമിക്കുവെങ്ങാനം ചെയ്തിരുന്നെങ്കിൽ ആ തെ- ണ്ടി ഇതൊരു ചുരിദാർ ആക്കിയേനെ വിത്ത്‌ ഷാൾ. എന്റെ പ- ട്ടി പ്രേമിക്കും.”

“അങ്ങനെ അല്ലാതെ ഒരാൾ വന്നാൽ പ്രേമിച്ചു കൂടെ.. തന്റെ ഫ്രീഡം ഒക്കെ അങ്ങനെ തന്നെ… തന്റെ ലൈഫ് അങ്ങനെ തന്നെ.. അതിനിടയിൽ ഒരിഷ്ടം പറഞ്ഞു ഒരാൾ വന്നാൽ?”

“എന്ത് കാര്യത്തിന്? സത്യത്തിൽ എന്തിനാ പ്രേമിക്കുന്നെ…? ഞാൻ പ്രേമ വിരോധിയാ..അല്ല ഇങ്ങേർക്ക് പ്രേമം ഉണ്ടൊ?”

“ഇല്ല. never..”

“അത് ശരി എന്നിട്ടല്ലേ എന്നെ ഉപദേശിച്ചു നന്നാക്കാൻ നടക്കുന്നത്?അല്ല ഇത്രയും പ്രായത്തിനിടയ്ക്ക് പ്രേമം തോന്നീട്ടേയില്ല? അതും ഇത്രയും ഭംഗി ഉണ്ടായിട്ട്? ഒന്ന് പോയെ വെറുതെ പറയാ?”

“ഞാൻ എന്തിനാ തന്നോട് കള്ളം പറയുന്നത്? എനിക്ക് അത് കൊണ്ട് എന്ത് നേടാനാ?”

“അത് സത്യാ.. പക്ഷെ എന്താ പ്രേമിക്കാഞ്ഞത്?”

“അതൊരു വലിയ കഥയാണ് പിന്നെ പറയാം . താൻ പറഞ്ഞ സ്ഥലം എത്തി. ഇവിടെ ഇറങ്ങിക്കോ. ഞാൻ പാർക്ക്‌ ചെയ്തിട്ട് വരാം “

അവൾ ഇറങ്ങി

തുടരും…