ധ്വനി, അധ്യായം 13 – എഴുത്ത്: അമ്മു സന്തോഷ്

ആ ഞായറാഴ്ച ദ്വാരകയിലേക്ക് ഒരു കുടുംബം വന്നു

“ആദി അച്ഛൻ അമ്മ “

ശ്രീലക്ഷ്മി ആക്‌സിഡന്റ്ൽ നിന്നും ജീവൻ രക്ഷിച്ച പയ്യനും കുടുംബവും

കൃഷ്ണകുമാറും വീണയും അവരെ സ്നേഹത്തോടെ സ്വീകരിച്ചു

“ഇരിക്ക് ഇരിക്ക്… സന്തോഷം കേട്ടോ.”

വീണ പറഞ്ഞു

“ഞാൻ നകുലൻ ഇത് എന്റെ ഭാര്യ പവിത്ര ഞങ്ങൾ രണ്ടു പേരും റെയിൽവേ ഡിപ്പാർട്മെന്റ്ലാണ്. മോൻ ആദി. ഇവിടെ എഞ്ചിനീറിങ്ങിനു പഠിക്കുന്നു. അന്ന് മോള് ആണ് എന്റെ മോനെ രക്ഷിച്ചത്. സത്യത്തിൽ ആ സമയമായിരുന്നു പ്രധാനം. കുറച്ചു വൈകിയിരുന്നുവെങ്കിൽ.. മോളെ വന്നു കാണണം നന്ദി പറയണം എന്ന് നേരെത്തെ വിചാരിച്ചു. ഇവൻ പറഞ്ഞു ഇവനും കൂടി യാത്ര ചെയ്യാറാകുമ്പോൾ പോകാമെന്ന്. ആലോചിച്ചു നോക്കിയപ്പോൾ ശരിയാ. ഇവനല്ലേ അത് പറയേണ്ടത് “

ശ്രീ പുഞ്ചിരിച്ചു

“ഞാൻ അന്ന് കൊണ്ട് പോകാൻ മുൻകൈ എടുത്തത് ശരിയാണ്. പക്ഷെ ചന്തുവേട്ടന്റെ കാർ ആ സമയം വന്നില്ലായിരുന്നു എങ്കിൽ, അല്ലെങ്കിൽ മറ്റൊരു വാഹനം താമസിച്ചു പോയിരുന്നു എങ്കിലും ഇതാകുമായിരുന്നില്ല അവസ്ഥ എന്നോട് നന്ദി പറയണ്ട.. ഞാൻ തനിച്ചായിരുന്നില്ല.”

പവിത്ര എഴുന്നേറ്റു അരികിൽ വന്നു. അവളുടെ മുഖം കൈയിൽ എടുത്തു

പിന്നെ വീണയെ നോക്കി

“ഭാഗ്യം ചെയ്ത അമ്മയാണ്… ഇത്രയും നല്ല ഒരു മകളെയാണല്ലോ ദൈവം നിങ്ങൾക്ക് തന്നത് “

വീണയുടെ കണ്ണ് ഒന്ന് നിറഞ്ഞു. ശ്രീലക്ഷ്മിയേ നോക്കിയിരിക്കുകയായിരുന്നു ആദി…

എവിടെയോ കണ്ടിട്ടുണ്ട്. കൃത്യമായി ഓർക്കുന്നില്ല

അത് ചോദിച്ചാൽ നമ്പർ ആണെന്ന് വിചാരിച്ചാൽ മോശമാകും

“ഇത് നന്ദന എന്റെ മൂത്ത മകളാണ് മെഡിസിൻ കഴിഞ്ഞു സിവിൽ സർവീസ് കോച്ചിങ്ങിനു പോകുന്നു “

ആ നേരം മുറിയിൽ  നിന്നിറങ്ങി വന്ന നന്ദനയെ നോക്കി കൃഷ്ണകുമാർ പറഞ്ഞു

“ആഹാ നല്ല സുന്ദരിക്കുട്ടി ആണല്ലോ. അനിയത്തിയേ പോലെ സോഷ്യൽ സർവീസ് തന്നെ തിരഞ്ഞെടുത്തു അല്ലെ?”

“ചേച്ചി എന്നേക്കാൾ ആക്റ്റീവ് ആണ്. സോഷ്യൽ സർവിസിൽ. ചേച്ചി ആണ് എന്റെ റോൾ മോഡൽ “

നന്ദന അവളെയൊന്നു നോക്കി

ശ്രീക്കുട്ടി അത് കാണാത്ത ഭാവത്തിൽ തിരിഞ്ഞു

“അത് നന്നായി രണ്ടു മക്കളും സോഷ്യൽ സർവീസ് ചെയ്യുന്നത് അപൂർവമാണ് കേട്ടോ. മോളും സിവിൽ സർവീസ് കോച്ചിങ്ങിനു പോകുന്നുണ്ടോ?”

“അയ്യോ എന്റെ പൊന്ന് ആന്റി… ഞാൻ അത്രയും വലിയ പബ്ലിക് സർവീസ് ചെയ്യുന്ന ആളല്ല കുറച്ചു, കുഞ്ഞായിട്ട് ഇത് പോലെ അത്രേ ഉള്ളു “

എല്ലവരും ചിരിച്ചു പോയി

“മോൾ എന്താ ചെയ്യണേ?”

“അവളെന്തും ചെയ്യും.. ഇല്ലെടി മോളെ.. എന്ത് എപ്പോ ചെയ്യുമെന്ന് മാത്രം നമുക്ക് അറിയില്ല എന്നേയുള്ളു “കൃഷ്ണ കുമാർ പറഞ്ഞു

“ശരിക്കും എന്താ ചെയ്യുന്നത്? ഞാൻ ശ്രീലക്ഷ്മിയേ എവിടെയോ കണ്ടിട്ടുണ്ട് “ആദി ചോദിച്ചു

“ഞാൻ സൈക്കോളജിയാ ചെയ്യുന്നേ ഡിഗ്രി രണ്ടാം വർഷം. പിന്നെ ചേട്ടൻ എന്നെ കണ്ട് കാണും. ഞാൻ ചേട്ടന്റെ കോളേജിൽഒത്തിരി തവണ പ്രോഗ്രാം ചെയ്തിട്ടുണ്ട്.. ഡാൻസ്..”

“ആഹാ ഡാൻസ് ഒക്കെ ചെയ്‌യുമോ?”പവിത്രയുടെ കണ്ണുകൾ വിടർന്നു

“പിന്നല്ല.. അമ്മ എന്നേക്കാൾ നന്നായി ചെയ്യും. ഞങ്ങൾക്ക് ഒരു ഡാൻസ് സ്കൂളുമുണ്ട് “

“എനിക്ക് വലിയ ഇഷ്ടമായിരുന്നു ഡാൻസും പാട്ടുമൊക്കെ വീട്ടിൽ ആരും സമ്മതിച്ചില്ല “

അവർ ദീർഘമായി ഒന്ന് നിശ്വസിച്ചു

“ഇനി വേണേൽ ചെയ്യാല്ലോ. ഇവിടെ വീട്ടമ്മമാരും ഓഫീസിൽ ജോലി ചെയ്യുന്ന ആന്റിമാരും വരുന്നുണ്ട്. കലയ്ക്ക് പ്രായമാവില്ലല്ലോ “

വീണ പറഞ്ഞു

“ആദി നന്നായി ഡാൻസ് ചെയ്യും ക്ലാസിക്കൽ അല്ല. വേറെ ഏതാണ്ട്.. പക്ഷെ നന്നായി ചെയ്യും പഠിച്ചിട്ടൊന്നുമില്ല “

ആദി ശ്രീലക്ഷ്മിയേ തന്നെ നോക്കിയിരിക്കുകയായിരുന്നു

അർധബോധത്തിൽ ഒരു കാഴ്ച ഉണ്ട്. തന്നെ മടിയിൽ ചേർത്ത് വെച്ച് ഒരു പെൺകുട്ടി

അവൾ അലിവോടെ ഒലിച്ചിറങ്ങുന്ന രക്തം തുടച്ച് എടുക്കുന്നു

അവളുടെ ആകുലത നിറഞ്ഞ കണ്ണുകൾ

തന്നെ മരണത്തിൽ നിന്നും പിടിച്ചു വാങ്ങിയൾ

അവൻ നോക്കിയിരിക്കുന്നത് അവൾ കാണുന്നുണ്ടായിരുന്നു. പക്ഷെ മുഖം തിരിച്ചു കളഞ്ഞു

ശ്രീക്കുട്ടിക്ക് ഒരു സ്വർണമാല അവർ കൊണ്ട് വന്നിരുന്നു

“ഒന്നും തോന്നരുത് സ്വർണം എനിക്ക് അലർജിയ അല്ലെ അമ്മേ..
അമ്മയ്ക്കും അതേ പാരമ്പര്യമായിട്ട് അലർജി ഉള്ളവരാ.. വേണ്ടാഞ്ഞിട്ടാ “

എല്ലാവരും പൊട്ടിച്ചിരിച്ചു

“വേണേൽ ഒരു ഉമ്മ തന്നോ “

ശ്രീക്കുട്ടി അവരുടെ നേരേ കവിൾ തിരിച്ചു

അവർ അവളെ കെട്ടിപിടിച്ചു ഉമ്മ കൊടുത്തു

“ഞങ്ങളുടെ വീട്ടിലേക്ക് വരണം ഒരു ദിവസം “

“ആ വഴി വരുമ്പോൾ വരാം “കൃഷ്ണ കുമാർ പറഞ്ഞു

“ഞാൻ കുറച്ചു നാളുകൾ ലീവ് എടുത്തു. കോളേജിന്റെ അടുത്ത് ഒരു വീട് വാടകയ്ക്ക് എടുത്തു. മോന് ഒരു ആറു മാസം കൂടി നന്നായി ശ്രദ്ധിക്കണം ആഹാരകാര്യത്തിൽ പ്രത്യേകിച്ച്. അത് കൊണ്ട് ഇതേ വഴിയുള്ളു. ഇടക്ക് അങ്ങട്ട് വരണം. ഞാൻ ഒറ്റയ്ക്കാ അവിടെ “അവർ വീണയെ നോക്കി

“ഇങ്ങോട്ടും പോന്നോളൂ.. ഇവളെ പ്രതീക്ഷിക്കണ്ട… ഞാൻ ഉണ്ടാകും എപ്പോഴും “
വീണ പുഞ്ചിരിച്ചു

അവരെ യാത്രയാക്കിയിട്ട് ശ്രീക്കുട്ടി മുറിയിലേക്ക് പോയി.

ചന്തുവിന്റെ മിസ്സ്ഡ് കാൾസ്

“അതേയ് ഞാനെ…”

“ശ്രീ നീ  നാളെ ഫ്രീ ആണോ?”

“എന്താ?”

“നീ ഇന്ന് ന്യൂസ്‌ കണ്ടോ?”

“ഇല്ല “

“പത്രം വായിച്ചോ?”

“എനിക്ക് interest ഉള്ളത് വല്ലോം പറ “

“എടി തിരുവനന്തപുരത്ത് ഒരു കോളനി ഉണ്ട്. കുറച്ചു ഫേമസ് ആണ്. പേര് മരിയൻ കോളനി “

“ആ അറിയാം. എന്താ പ്രശ്നം “

“അവിടെ കുടി വെള്ളം ഇല്ലാതായിട്ട് ഇന്ന് അഞ്ചാം ദിവസം ആണ്. പൈപ്പ് എന്തോ പൊട്ടിയതാണ്. നന്നാക്കുന്നുണ്ട് വീണ്ടും പൊട്ടുന്നു നന്നാക്കുന്നു “

“അതിന്?”

“അതിന്..അവർക്ക് കുടിവെള്ളം വേണം. സർക്കാർ എത്തിക്കാൻ തയ്യാറാണ്. പക്ഷെ അവർക്ക് അത് വേണ്ട. പൈപ്പ് നന്നാക്കി അതിലൂടെ വന്നാ മാത്രം മതി.അത് വൈകും. നിന്റെ പിള്ളാരേം കൂട്ടി ഒന്ന് പോയി നോക്ക്.. വലിയ പ്രശ്നം ആണ് അവിടെ. പക്ഷെ നിനക്ക് പറ്റും “

“എന്റെ പൊന്നിന്റെ മുഖം ഒന്ന് കാണട്ടെ.. ഓ ഫോണിൽ ആണല്ലോ.. എടാ ദുഷ്ട ഞാൻ കോളനിക്കാരുടെ തല്ലു മേടിച്ചു ചത്തോളാൻ അല്ലെ?ഒന്ന് പറഞ്ഞു രണ്ടാമത്തേതിന് പിച്ചാത്തി എടുക്കുന്ന ടീംസ് ആണ്… ഇത്രയും വൈരാഗ്യം വരാൻ ഞാൻ ഞാൻ നിന്റെ കാമുകിയൊന്നുമല്ലല്ലോ മനുഷ്യാ “
അവൻ പൊട്ടിച്ചിരിച്ചു

“എന്റെ ശ്രീ.. ഞാൻ വരും കൂടെ… നീ നിന്റെ കൂട്ടുകാരെ മൊത്തം വിളി..പിള്ളേരെ അവരൊന്നും ചെയ്യില്ല. ഞാൻ അവിടെ ഉണ്ടാകും!

“എന്തെങ്കിലും പറ്റിയ…എന്റെ അമ്മയ്ക്ക് ഞാനെ ഉള്ളു ട്ടോ.. ചേച്ചി ഒക്കെ കണക്കാ.. ഓക്കേ ബൈ വരുന്നു “

അവൻ ചിരിയോടെ ഫോൺ വെച്ചു

“അവളെ കൊണ്ട് പറ്റും..” അവൻ തനിയെ പറഞ്ഞു

ശ്രീലക്ഷ്മി അവളുടെ കൂട്ടുകാരെ മൊത്തം വിളിച്ചു

ജെന്നി നൂർജഹാൻ, മുനീർ, ഷാജി, ദേവസി ലയ അവൾ കൂടാതെ വേറെ കുറച്ചു പേര്..പിറ്റേന്ന്

ശ്രീ ചെല്ലുമ്പോൾ ഏത് സമയവും പൊട്ടിപ്പുറപ്പെടാൻ പാകത്തിന് ഒരു കലാപം അവിടെ മണക്കുന്നുണ്ടായിരുന്നു.

സ്ഥലത്ത് പോലീസ് ഉണ്ട്

അവൾ കൂട്ടുകാരോടു നിൽക്കാൻ പറഞ്ഞിട്ട് കോളനിയുടെ പിന്നിലൂടെ ഉള്ള വഴിയിൽ കൂടി ഏറ്റവും മുന്നിൽ നിൽക്കുന്ന ഒരു ആളുടെ അടുത്ത് ചെന്നു

“എന്താ ചേട്ടാ പ്രശ്നം?”

അയാൾ നോബിൾ

പോലീസ്കാര് പോലും ഭയക്കുന്ന ഒരു ക്രിമിനൽ

സാക്ഷാൽ ഗുണ്ട

അയാൾ ആ കോളനിക്കാരനാണെങ്കിലും അവിടെയുള്ളവർക്ക് പോലും അയാളെ ഭയമാണ്

നോബിൾ അവളെ സൂക്ഷിച്ചു ഒന്ന് നോക്കി

ഒരു ചെറിയ കുട്ടി

“ചേട്ടാ എന്താ വഴക്ക് ഇവിടെ?”

അയാൾക്ക് പെട്ടെന്ന് ഒരു അലിവ് വന്നു

“കുഞ്ഞേതാ?”

“ഞാൻ ശ്രീക്കുട്ടി. കോളേജിൽ പോവാരുന്നു അപ്പോഴാ വഴക്ക് കണ്ടത്
അപ്പുറത്തൊക്കെ പൊലീസാ. അവരോട് ചോദിക്കുന്നതിലും നല്ലത് ചേട്ടനോടാണെന്ന് തോന്നിയ കൊണ്ടാ. ചേട്ടൻ പാവം.. എന്താ ചേട്ടാ പ്രശ്നം?”

അയാൾക്ക് അറിയാതെ ഒരു ചിരി വന്നു

“ഇവിടെ വെള്ളം കിട്ടിയിട്ട് അഞ്ചു ദിവസം ആയി മോളെ. വാർത്ത ആയപ്പോൾ ലോറിയും കൊണ്ട് വന്നിരിക്കുകയാ ഏമാന്മാര്. ഈ പൈപ്പ് നന്നാക്കി അതിൽ കൂടെ കിട്ടുന്ന വെള്ളം മതി ഞങ്ങൾക്ക്. അല്ലെങ്കിൽ നാളെയും ഇത് ഇവന്മാർ നന്നാക്കില്ല. മറ്റവമ്മാർ വെള്ളം തരികയുമില്ല. ഞങ്ങളുടെ പിള്ളാർക്കും പഠിക്കാൻ പോകണം.ഞങ്ങൾക്ക് ജോലിക്ക് പോകണം. നായുടെ വില പോലും തരത്തില്ല മോളെ കോളനിക്കാർക്ക് ഇവര് “

അവളുടെ കണ്ണ് നിറഞ്ഞു

അവൾ പൈപ്പ് നന്നാക്കുന്നവരുടെ അടുത്ത് ചെന്നു

“ചേട്ടാ ഇത് വല്ലോം നടക്കുമോ?”

“നടത്താൻ അല്ലെ കൊച്ചേ ഞങ്ങൾ വന്നേക്കുന്നെ?”

“നടത്തിക്കോ ഇല്ലെങ്കിൽ നിങ്ങൾ നടന്ന് പോകത്തില്ല അത്രേ ഉള്ളു. സത്യം പറ ശരിക്കും നന്നാകുമോ?”

“എന്റെ മോളെ ജാംമ്പവന്മാരുടെ കാലത്തെ പൈപ്പ് ആണ്. മൊത്തത്തിൽ മാറണം. ഞങ്ങൾ എന്താ ചെയ്ക?”

അവൾ തിരിച്ചു നോബിളിന്റ അടുത്ത് വന്നു

“ചേട്ടാ അവർ പറയുന്നത് മൊത്തം മാറിയില്ലെങ്കിൽ ഇനിം പൊട്ടുമെന്നാ. മൊത്തം മാറാൻ ദിവസം എടുക്കും പക്ഷെ പിന്നെ പൊട്ടത്തില്ല”

“അതൊക്കെ അടവാ കുഞ്ഞേ. അവർ പിന്നെ ഈ വഴിക്ക് വരില്ലാ. ഞങ്ങൾ ഇത് കുറേ കണ്ടതാ “

“ശരി ഞാൻ ഗ്യാരണ്ടി തരാം.ഇപ്പൊ ഈ പൈപ്പ് നന്നാക്കട്ടെ. പാവം ചേച്ചി മാരേം കുഞ്ഞുങ്ങളേയുമൊക്കെ കണ്ടില്ലേ? ഇപ്പൊ ഞങ്ങൾ വെള്ളം എത്തിക്കാം.ഞങ്ങൾ കോളേജ് പിള്ളേർ മൊത്തം ഇവിടെ വരും. പുതിയ പൈപ്പ് പണി തുടങ്ങിയില്ലെങ്കിൽ ഞങ്ങൾ സമരം ചെയ്യും. ചേട്ടന് അറിയാല്ലോ പിള്ളേർ ഇറങ്ങിയാൽ പിന്നെ കുഴപ്പമാ. അത് കൊണ്ട് സർക്കാർ വേണ്ടത് ചെയ്യും. പ്ലീസ് അവരുടെ വെള്ളം വേണ്ട. ഞങ്ങൾ കൊണ്ട് തരുന്ന വെള്ളം ഉപയോഗിച്ച് കൂടെ?”

അയാൾ കുറച്ചു നേരം ആലോചിച്ചു

കുഴപ്പമില്ല എന്ന് തോന്നി

കൊച്ച് പറയുന്നത് കാര്യമാണ്

അയാൾ അവിടെയുള്ള കുറച്ചു പേരോട് കൂടിയാലോചിച്ചു

ശരിയെന്ന് അവളോട് പറഞ്ഞു

അവൾ തിരിച്ചു കൂട്ടുകാരുടെ അടുത്തെത്തി

ദൂരെ കാറിൽ ചാരി അവൻ അവൾ ഓക്കേ. എന്നൊരു ആംഗ്യം കാണിച്ചു

അത് വളരെ വലിയ ഒരു വാർത്തയായി

തിരുവനന്തപുരം കളക്ടർ വിചാരിച്ചിട്ട് നടക്കാൻ കഴിയാതെ പോയ ആ കാര്യം നിഷ്പ്രയാസം നടത്തിയ ആ കൊച്ച് മിടുക്കിക്കായിരുന്നു. സോഷ്യൽ മീഡിയയുടെ കയ്യടി

ശ്രീലക്ഷ്മി കൃഷ്ണകുമാർ… അഭിനന്ദനങ്ങൾ ഹാഷ്ടാഗ് കൊണ്ട് സോഷ്യൽ മീഡിയ നിറഞ്ഞു നിറഞ്ഞു

തുടരും