ധ്വനി, അധ്യായം 14 – എഴുത്ത്: അമ്മു സന്തോഷ്

“രണ്ടു ബിരിയാണി ” ചന്തു ശ്രീയെ നോക്കി.ചിരി പൊട്ടിവന്നതടക്കി

ഓർഡർ എടുക്കാൻ വന്നയാളോട് അവൻ രണ്ടു ബിരിയാണി പറഞ്ഞു

“ചേട്ടാ മൂന്നെണ്ണം വേണം രണ്ടെണ്ണം എനിക്കാ. ഒന്ന് ഈ സാമദ്രോഹിക്ക് “

അയാൾ വാ പൊത്തി ചിരിച്ചു കൊണ്ട് പോയി

“രണ്ടെണ്ണം മതിയൊ?”

“കഴിച്ചു കഴിഞ്ഞു പറയാം.. അല്ല എനിക്ക് അറിയാൻ വയ്യാഞ്ഞിട്ട് ചോദിക്കുവാ
ഇങ്ങേരെന്താ ട്രയൽ നടത്തുകാ? അസിസ്റ്റന്റ് കളക്ടർ ഇങ്ങേര് അല്ലെ. ഞാൻ എന്തോന്ന്?”

“ഓർഡർ ആയി…”

അവൾ കണ്ണ് മിഴിച്ചു

“ഉം ഓർഡർ ആയിട്ടുണ്ട്. ഇപ്പൊ ഉള്ളവർ ട്രാൻസ്ഫർ ആയിട്ട് ജോയിൻ ചെയ്യും. ഒരു one week..”

“അത് ശരി ചുമ്മാതല്ല പ്രശ്നം ഒക്കെ സോൾവ് ചെയ്തിട്ട് ചാർജ് എടുക്കുവാ അല്ലെ… കൊള്ളാല്ലോ ആള്.. ഞാൻ ഇന്ന് വലിയ കാര്യത്തിൽ സംസാരിച്ചില്ലേ ഒരു ചേട്ടൻ.. ആ ചേട്ടൻ ഗുണ്ടയാണെന്ന്.. ക്രിമിനൽ. എന്റെ നമ്പറും വാങ്ങിച്ചു കക്ഷി. ആ പൈപ്പ് ചെയ്തില്ലെങ്കിൽ എനിക്ക് അങ്ങേര് സെൽഫ് കൊട്ടേഷൻ കൊടുത്തു സ്വന്തം ആയിട്ട് ചെയ്യും.. വല്ലോം നടക്കുമോടെ?”

“ഞാൻ ചാർജ് എടുത്താൽ എന്റെ ഫസ്റ്റ് priority ഇതിനാവും. പ്രോമിസ്…”

“നടത്തണെ എനിക്ക് എന്നെ തന്നെ കുറച്ചു കാലം കൂടി കണ്ടോണ്ടിരിക്കാനാ..”

“എനിക്കും ” അവൻ ആ കണ്ണുകളിലേക്ക് നോക്കി പറഞ്ഞു

ശ്രീക്കുട്ടി ഒന്ന് നോക്കിയിട്ട് നോട്ടം മാറ്റി

“ഇങ്ങോട്ട് നോക്ക് “

അവൻ മെല്ലെ പറഞ്ഞു

“അങ്ങനെ ഇപ്പൊ നോക്കുന്നില്ല. ഇങ്ങേര് സുന്ദരൻ ആയത് കൊണ്ട് നോക്കിയ ഏത് പെണ്ണും വീണു പോകും.. പക്ഷെ ഞാൻ വീഴില്ല “

അവൻ ചിരിച്ചു പോയി

“ഇങ്ങോട്ട് നോക്ക് ശ്രീ..” അവൻ അവളുടെ മുഖം പിടിച്ചു തിരിച്ചു

“നമുക്കെ ഒരു ട്രിപ്പ്‌ പോയാലോ?”

“എന്തോന്ന്… എന്തോന്ന്..അമ്മാതിരി ഊളക്കളിക്കൊന്നും എന്നെ കിട്ടൂല “

“ഹോ.. ദൈവമേ.. ശ്രീ look… ഒന്നിനുമല്ല.. വെറുതെ പൊന്മുടി വരെ… just ഒരു ഡ്രൈവ്.. എന്റെ ബുള്ളറ്റിൽ പോകാം.എങ്ങും സ്റ്റേ വേണ്ട. വൈകുന്നേരം തിരിച്ചു വരാം. ജോയിന് ചെയ്തു കഴിഞ്ഞാൽ ഒന്നും പറ്റില്ല ഡി.. പ്ലീസ്.. ഫ്രണ്ട്സ് ടൂർ പോവില്ലേ?നീ പോയിട്ടില്ലേ?”

” അയ്യടാ അത് ഫ്രണ്ട്സ്… അത് കുഴപ്പമില്ല “

“അപ്പൊ ഞാനോ?”

അവൾക്ക് ഉത്തരം മുട്ടി

“പറയ് ഞാൻ ഫ്രണ്ട് അല്ലെ?”

“അത് പിന്നെ..ഫ്രണ്ട് എന്ന് പറയുമ്പോൾ കൂടെ പഠിക്കുന്നവര്.. ഇത് ചേട്ടൻ അല്ലെ…?”

“ആരുടെ ചേട്ടൻ?”

“ഹോ മീരച്ചേച്ചിയുടെ ചേട്ടൻ…”

“നിന്റെയല്ലല്ലോ.. ഇനി പറ ഞാൻ ഫ്രണ്ട് അല്ലെ?”

“ആ അത്… പിന്നെ.. ഈ ഫ്രണ്ട്നെ ഒന്നും വീട്ടിൽ സമ്മതിക്കില്ല ടൂർ പോകാൻ “

“ഞാൻ നിന്റെ അച്ഛനോട് ചോദിക്കാം “

“അയ്യേ.. നാണമില്ലേ മനുഷ്യാ? അല്ലെങ്കിൽ തന്നെ അച്ഛന് ഡൗട്ടാ “

അവൾ പിറുപിറുത്തു

“ഡൌട്ട് ഞാൻ ക്ലിയർ ആക്കി കൊടുക്കാം..”

“എന്തെന്ന്..ഒന്ന് പോയെ… അതൊന്നും വർക്ക്‌ ആവൂല..”

“നീ ആദ്യം എവിടെ എങ്കിലും ഉറച്ചു നിൽക്ക് ശ്രീ. ഞാൻ നിന്റെ ഫ്രണ്ടോ അതോ?”

അവൻ നേർത്ത ചിരിയോടെ അവളെ നോക്കിയിരുന്നു

“കണ്ണ് ഞാൻ കുത്തിപ്പൊട്ടിക്കും. ഇങ്ങനെ നോക്കിയാൽ… ബിരിയാണി എവിടെ? ചെമ്പ് അടുപ്പത്തു വെച്ചിട്ട് ഉള്ളോ.. ഹലോ,

“ഒരു അഞ്ചു മിനിറ്റ് ഇപ്പൊ തരാം ” അകത്തു നിന്നും ആരോ വിളിച്ചു പറഞ്ഞു

“ഇങ്ങനെ നോക്കികൊണ്ട് ഇരിക്കേണ്ട ഞാൻ വരാം.. പോരെ?” അവൻ ചിരിച്ചു

“മതി. അപ്പൊ നാളെ?”

“നാളെ കോളേജ് ഉണ്ട് “

“കോളേജിൽ കൃത്യമായി പോകുന്ന ഒരു സാധനം.. നാളെ പോകാം ശ്രീ.. പ്ലീസ് “

“നോക്കട്ടെ.. അമ്മയോട് പറഞ്ഞു നോക്കാം ഉറപ്പില്ല പെർമിഷൻ കിട്ടിയാലേ വരു”

“മതി “

“വൈകുന്നേരം കോളേജ് വിടും മുന്നേ തിരിച്ചു കൊണ്ട് വിടണേ “

“done “

ബിരിയാണി വന്നു

“ഇതിൽ ലെഗ് പീസ് ഇല്ല.. ചേട്ടാ “

അവൻ അവളുടെ വാ പൊത്തി

“എന്റെ രണ്ടു പീസും നീ എടുത്തോ.. വിളിച്ചു കൂവരുത് പ്ലീസ് “

അവൾ മനോഹരമായ ഒരു ചിരി പാസ്സാക്കിയിട്ട് കഴിച്ചു തുടങ്ങി

“എന്റെ കൊച്ചേ… നിന്നേ ഞാൻ “അവൻ ആ ചെവിക്ക് പിടിച്ചു. പിന്നെ സ്വയമറിയാതെ കൈ കൊണ്ട് മുടി ഒന്നോതുക്കി വെച്ചു കൊടുത്തു

ശ്രീ അവനെ ഒന്ന് നോക്കി. കയ്യിലും. അവൻ വേഗം കൈ എടുത്തു

“അന്ത ഭയം ഇരിക്കട്ടും “

അവൻ ചിരിച്ചു കൊണ്ട് ഭക്ഷണം കഴിച്ചു തുടങ്ങി

അടുക്കളയിൽ പഴം പൊരി ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണ് വീണ.

“അടിപൊളി.. സൂപ്പർ ടേസ്റ്റ് ആണല്ലോ, അല്ലെങ്കിലും എന്റെ അമ്മ പോയിട്ടേയുള്ളു മറ്റാരും ഈ പാചകം പാചകം എന്ന് പറഞ്ഞാൽ…”

“നിർത്തിക്കെ വാചകം.. നീ കാര്യം പറ “

“എന്ത് കാര്യം?”

“നീ പറയാൻ വന്ന കാര്യം പറ ശ്രീക്കുട്ടി…”

“കണ്ട് പിടിച്ച് “

“കണ്ട് പിടിക്കും കൊറേ നാളായില്ലേ ഇങ്ങനെ കണ്ടോണ്ട് ഇരിക്കുന്നു “

“അതേയ് ചന്തുവേട്ടന് അസിസ്റ്റന്റ് കളക്ടർ ആയിട്ട് ഓർഡർ ആയി.. ഇവിടെ തന്നെ “

“ഗ്രേറ്റ്‌… പക്ഷെ അതല്ലല്ലോ നീ പറയാൻ വന്നത്. അത് പറ “

“അതേയ്…. ഞാനും ചന്തുവേട്ടനും കൂടെ ഒരു യാത്ര.ചുമ്മാതെ രാവിലെ പോയിട്ട് വൈകുന്നേരം വരുന്ന ഒരു യാത്ര.. എങ്ങും സ്റ്റേ ഇല്ല. ചുമ്മാ സ്ഥലം കാണാൻ… പോകുന്നതിനെ കുറിച്ച് അമ്മയുടെ അഭിപ്രായം എന്താ?”

“ഞാൻ ഈ ചൂട് ചട്ടുകം നിന്റെ ചന്തിയിൽ വെച്ചു പൊള്ളിക്കുന്നതിനെ കുറിച്ച് നിന്റെ അഭിപ്രായം എന്താ?”

“വളരെ നല്ല അഭിപ്രായം. അപ്പൊ 3ജി “

“ആ..,

“പക്ഷെ അമ്മേ… അമ്മ ഇങ്ങനെ പറഞ്ഞെന്ന് ഞാൻ ചന്തുവേട്ടനോട് പറഞ്ഞാൽ പുള്ളി വിചാരിക്കും എന്നെ അമ്മയ്ക്ക് വിശ്വാസം ഇല്ലന്ന്. ഞാൻ മുൻപും ഇത് പോലെ പോയി വല്ല ഉഡായിപ്പും കാണിച്ചു കാണും അത് കൊണ്ടാണ് പറയുന്നതെന്ന്. ചുരുക്കത്തിൽ എന്നെ കുറിച്ച് അത്ര നല്ലതല്ലാത്ത ഒരു അഭിപ്രായം അത് രൂപീകരിക്കാൻ ഇത് ഉപകരിക്കും. സ്വാഭാവികമായും ചിന്തിച്ചാൽ രണ്ടു ഫ്രണ്ട്സ് യാത്ര പോകുന്നതിനു കുഴപ്പമില്ല.. അപ്പൊ ഞങ്ങൾ ഫ്രണ്ട്സ് മാത്രം അല്ലെന്നു അമ്മ ധരിച്ചു എന്ന് പുള്ളി വിചാരിച്ചു പോകും. അത്…”

“മതി നിർത്തിക്കോ… നീ രാഷ്ട്രീയത്തിൽ ഇറങ്ങിക്കോ മോളെ… എന്റെ ഈശ്വര.. നീ സൂക്ഷിച്ചു പോയിട്ട് വരുമോ അതോ അവന്റെ ബുള്ളറ്റ് നീ ഓടിക്കോ?”

“ഹേയ് ഞാൻ അങ്ങനെ ചെയ്യുമോ?”

“നീ അതേ ചെയ്യൂ..”

“വിശ്വാസം അതല്ലേ എല്ലാം “

അവൾ ഒറ്റ ഓട്ടത്തിന് മുറിയിൽ എത്തി ഫോൺ എടുത്തു

“ചന്തുവേട്ടാ success.. അമ്മ സമ്മതിച്ചു. രാവിലെ വീട്ടിൽ വന്നു കൂട്ടിക്കൊണ്ട് പൊയ്ക്കോ അമ്മയോട് പ്രത്യേക നന്ദി പറഞ്ഞിട്ട് “

“താങ്ക്യൂ ശ്രീ “

“ഒതളങ്ങ.. ഫോൺ വെച്ചേ.. അച്ഛനോട് പറയണം.. പ്ലാൻ ചെയ്യട്ടെ ബൈ “

അവൻ ചിരിയോടെ ഫോൺ വെച്ചു

രാത്രി

“ഏട്ടൻ എന്താ നാളെ എവിടെ എങ്കിലും പോകുന്നുണ്ടോ?”

അവനൊന്നു മൂളി. പിന്നെ അലമാരയിൽ നിന്ന് നീല ജീൻസും കടും മറൂൺ ടി ഷർട്ടും എടുത്തു വെച്ചു. കൂളിംഗ് ഗ്ലാസ്. ഒരു ഷാൾ

“എത്ര ദിവസം?”

“വൈകുന്നേരം വരും “

“അച്ഛനും അമ്മയും തിരിച്ചിട്ടുണ്ട് “

“ആ വിളിച്ചപ്പോൾ പറഞ്ഞല്ലോ?”

“അവർ വൈകുന്നേരം എത്തും “

“എത്തട്ടെ ഇനി ഒരു മാസം ഇവിടെ ഉണ്ടല്ലോ.. “

“ഏട്ടൻ എവിടെ പോയെന്ന് പറയണം “

“നിനക്ക് അറിയില്ല എന്ന് പറഞ്ഞേക്ക് “

“ഏട്ടൻ എവിടെ ആണ് പോകുന്നെ?”

അവൻ ചിരിച്ചു

“വെറുതെ ഒരു കറക്കം “

“ഒറ്റയ്ക്ക്?”

“അല്ല ശ്രീ ഉണ്ട് ” മീര ഒന്നും മിണ്ടിയില്ല

“മോള് പോയി കിടന്നുറങ്ങു.. നോക്കിക്കേ പത്തു മണി ആയി “

“ഏട്ടാ ശ്രീ പാവമാണ് ഏതെങ്കിലും കാരണത്താൽ ഏട്ടന് അവളെ ഉപേക്ഷിച്ചു കളയേണ്ടി വന്നാൽ അവൾക്ക് അത് സഹിക്കാൻ പറ്റില്ല..”

അവൻ കുറച്ചു നേരം അവളെ നോക്കി നിന്നു

“കാലം തെളിയിക്കും “

അവൻ തിരിഞ്ഞു മൊബൈൽ ചാർജിലിട്ട് ലൈറ്റ് അണച്ചു

തുടരും…