ധ്വനി, അധ്യായം 16 – എഴുത്ത്: അമ്മു സന്തോഷ്

അവർ ഉച്ചഭക്ഷണം കഴിക്കുകയായിരുന്നു. വഴിവക്കിൽ ഒരു ടെന്റ് പോലെ കെട്ടിയ താത്കാലിക ഉച്ചഭക്ഷണക്കട എന്നെഴുതിയ ഒരു കടയായിരുന്നു അത്

ഒരു പ്രായമുള്ള സ്ത്രീയും അവരുടെ മകനും നടത്തുന്നത്. നല്ല ഊണ് അവിടെ കിട്ടുമെന്ന് ശ്രീയാണ് പറഞ്ഞത്

“ശരിക്കും കൊള്ളാമോ?” അവൻ ചുറ്റുമോന്നു നോക്കി

“ഈ കഴ്ഞ്ഞ പ്രാവശ്യം വരെ ഉഗ്രൻ ഭക്ഷണം ആയിരുന്നു. ഇനിപ്പോ വയറ്റ് ഭാഗ്യം പോലിരിക്കും.” അവൾ ഒരു ചിരി ചിരിച്ചു

“ഹിൽ ടോപ്പിൽ നല്ല ഹോട്ടൽ ഉണ്ടായിരുന്നു നീ കാരണം ആണ് ഇവിടെ. ദേ എനിക്ക് വിശക്കുന്നു ണ്ട്. എങ്ങാനും കൊള്ളില്ലെങ്കി നല്ല ഇടി ഞാൻ തരും “

അവൻ പറഞ്ഞത് കേട്ട് അവൾ പൊട്ടിച്ചിരിച്ചു

“എന്റെ ദൈവമേ വിശന്നാൽ ഭ്രാന്തനാവുമോ?”

“ആ ബെസ്റ്റ് നീ കണ്ടിട്ടില്ലാത്ത കൊണ്ടാ… എനിക്ക് വേറെയൊരു മുഖം ഉണ്ട്.. ഭ്രാന്തന്റെ… ഭക്ഷണം കിട്ടിയില്ലെങ്കിൽ അത് കാണാം. നിന്നേ കൂടി പിടിച്ചു തിന്നു കളയും “

“ഞാനും “

അവളും സമ്മതിച്ചു

“വിശന്ന ഭക്ഷണം കിട്ടിയില്ലെങ്കിൽ ദേഷ്യം വരും സത്യം.. പക്ഷെ അമ്മ എപ്പോഴും സ്റ്റോക് ചെയ്യും. എപ്പോഴാ ചോദിക്കുക എന്ന് അറിയില്ലല്ലോ “

” എന്റെ അമ്മ മിക്കവാറും ബിസിയാണ്. അത് കൊണ്ട് ഇത്തരം കാര്യങ്ങൾ അങ്ങനെ ശ്രദ്ധിക്കില്ല. പിന്നെ സെർവന്റ്സ് ഉണ്ട്. അവരാണ് കുക്കിംഗ്‌. അമ്മ കുക്ക് ചെയ്യുന്നത് അപൂർവമാണ്.”

“അച്ഛൻ എങ്ങനെ?”

“കുക്കിംഗ്‌ ആണോ?”

“അല്ല മൊത്തത്തിൽ “

“മൊത്തത്തിൽ ഭയങ്കര സ്ട്രിക്ട് ആണ്. അമ്മയ്ക്ക് പോലും കുറച്ചു പേടിയാ. ഞങ്ങൾ മക്കൾക്കും ഒരു പേടിയുണ്ട്. എല്ലാത്തിനും നല്ല ചിട്ട ഉള്ള ഒരാൾ. പെട്ടെന്ന് ദേഷ്യം വരും. പിന്നെ വീട്ടിൽ സൈലെൻസ് ആണ്.”

“തീർന്ന്..ഞാനവരൂ പോകുന്ന വരെ അങ്ങോട്ട് വരില്ലട്ടോ “

അവൻ അവളുടെ കണ്ണിലെ വല്ലായ്മയിലേക്ക് ഒന്ന് നോക്കി

“എനിക്കെ നിങ്ങളുടെ മാതിരി ഫോർമാലിറ്റി സോഷ്യൽ ഡിസിപ്ലിൻ ഒന്നും അറിഞ്ഞൂടാ. വെറുതെ എന്തിനാ വന്നു കലാപമുണ്ടക്കുന്നത് “

അവൻ ആ കൈയിൽ ഒന്ന് പിടിച്ചു

“നീ വരണം. വീട് എന്നത് പട്ടാള ക്യാമ്പ് അല്ലെന്നു അവർക്ക് തോന്നണം. അവിടെ നിറങ്ങൾ ഉണ്ടെന്ന്. രസങ്ങൾ ഉണ്ടെന്ന്. ഹാർമണി ഉണ്ടെന്ന് ഒക്കെ തോന്നണം. നിനക്ക് പറ്റും  “

“വേണ്ടന്നെ..അവർക്ക് ഇഷ്ടാവില്ല. ഞാൻ വല്ല പൊട്ടത്തരവും പറയും..”

“നീ എന്ത് തോന്നുന്നോ അത് പറഞ്ഞോ.. അത് പ്രവർത്തിച്ചോ ഒരു കുഴപ്പവുമില്ല. നീ എന്താണോ അത് പോലെ പെരുമാറിക്കോ. അവർക്ക് ഇതാണ് മനുഷ്യർ എന്ന് മനസിലാകട്ടെ.”

“എന്ന് വെച്ചാ?”

“എന്ന് വെച്ചാൽ ജീവിതം എന്നത് ഭയങ്കര രസാണെന്ന് തോന്നണം. ഉദാഹരണത്തിന്  ഞാൻ ഒറ്റയ്ക്ക് ഇങ്ങനെ ഒക്കെ ഒരു വർഷം കിട്ടിയത് കൊണ്ടാണ് ഇങ്ങനെ അടിച്ചു പൊളിച്ച് യാത്ര ഒക്കെ ചെയ്തത്. ഇത് പോലെ ചെറിയ തട്ടുകടകൾ, ചെറിയ ഭക്ഷണശാലകൾ ഒക്കെ ഞാൻ ശരിക്കും കണ്ടിട്ട് മാത്രം ഉള്ളു. അച്ഛൻ കുറച്ചു superiority complex ഉള്ള ആളാണ്. സത്യത്തിൽ പാവമൊക്കെയാ ദുഷ്ടൻ ഒന്നുമല്ല. പക്ഷെ ശുദ്ധൻ ദുഷ്ടന്റെ ഫലം ചെയ്യും “

ഊണ് വന്നു

“അങ്ങനെ അല്ലാട്ടോ വെയിറ്റ്.. ഞാൻ കാണിച്ചു തരാം “അവൻ കഴിക്കാൻ ഭാവിച്ചപ്പോ അവൾ തടഞ്ഞു

പരിപ്പ് കറിയിലേക്ക് പപ്പടം പൊട്ടിച്ച് കുഴച്ച് കുറച്ചു മീൻ കറിയുടെ ചാറ് അതിൽ ചേർത്ത്. ഒരു കുഞ്ഞ് കഷ്ണം കപ്പ പുഴുങ്ങിയത് പൊട്ടിച്ച് ചേർത്ത് വറുത്ത ഒരു മീനിന്റെ മാംസവും വെച്ചു ഒരു ഉരുള കുഴച്ചു ശ്രീ

“വാ പൊളിച്ചേ”

അവൻ ചമ്മലോടെ ചുറ്റും നോക്കി

“ശേ ചമ്മണ്ട..”നാവിലേക്ക് രുചിയുടെ സമുദ്രം നിറയുന്നത് പോലെ. അവൻ കണ്ണുകൾ അടച്ച് അത് ആസ്വദിച്ചു. പതിയെ ചവച്ചിറക്കി

“oh my god.. its so delicious.. wow..”

അവന്റെ മുഖഭാവം കണ്ട് അവൾ പൊട്ടിച്ചിരിച്ചു പോയി

“എരിവ് കൂടുതൽ ഉണ്ടോ?”അവന്റെ കണ്ണ് നിറഞ്ഞത് കണ്ട് അവൾ ചോദിച്ചു

“ഇല്ല..എനിക്ക്.. എനിക്ക് ആദ്യായിട്ടാണ് ഒരാള് ഇങ്ങനെ വാരി തരുന്നത്.. ഒരു ഉരുള ചോറ്..”

അവൻ ചിരിക്കാൻ ശ്രമിച്ചു

“അത് ശരി അതിന് ഇമോഷണൽ ആകേണ്ട. പറഞ്ഞ പോരെ. ഞാൻ വാരി തരാല്ലോ.”

അവൻ ഈ പ്രപഞ്ചത്തിലെ മുഴുവൻ സ്നേഹവും ഹൃദയത്തിൽ നിറച്ചു കൊണ്ട് അവളുടെ കവിളിൽ ഒരു ഉമ്മ കൊടുത്തു

ശ്രീ ഞെട്ടിപ്പോയി. അവൾ ചുറ്റും നോക്കി. ആൾക്കാർ കണ്ടു കഴിഞ്ഞു. ഒന്ന് രണ്ടു ഫാമിലിയാണ്

അവൾ അവരെ നോക്കി ഒരു വിളർത്ത ചിരി പാസ്സാക്കി

“ദേ ഐ എ എസേ ഇത് നോർത്ത് ഇന്ത്യ അല്ല കേരളമാണ്. public kissing is injurious to health. note the point “

അവൻ പൊട്ടിച്ചിരിച്ചു

“കിണിക്കല്ലേ ഡോണ്ട് റിപീറ്റ് ദിസ്‌ ഓക്കേ?”

അവൻ വീണ്ടും ചിരിച്ചു

“ചിരിച്ചു ചിരിച്ചു ചോറ് മണ്ടയിൽ കേറി ചാകാൻ നിൽക്കണ്ട. കഴിക്ക് “

അവൻ സ്നേഹത്തോടെ അവളെയൊന്ന് നോക്കി

“ഇനിം ഉരുള വേണോ?”

അവൻ വേണ്ട എന്ന് തലയാട്ടി

“എന്നാ എന്നെ നോക്കിയിരിക്കാതെ കഴിക്കെടാ പൊട്ടാ..”

അവൻ ചിരിയോടെ കുനിഞ്ഞു

പിന്നെ അവൾ ചെയ്ത പോലെ കറികൾ കൂട്ടി കഴിച്ചു തുടങ്ങി

പക്ഷെ ആ രുചി കിട്ടുന്നില്ല

അത് വേറെയെതോ രുചി ആണ്. ഒരു പക്ഷെ ആ ഉരുളയിൽ അവൾ തന്നോടുള്ള സ്നേഹം നിറച്ചിട്ടുണ്ടാവണം. അവൾക്ക് തന്നോട് സ്നേഹം ഉണ്ട്

അത് പ്രണയം ആണോന്ന് അവൾക്ക് കൺഫ്യൂഷൻ ആണ്

വേറെയും കുറേ കൺഫ്യൂഷൻ ഉണ്ട്. ചെറിയ കുട്ടിയാണ്. ചെറിയ ലോകത്തു വളർന്ന കുട്ടി. അപ്പൊ അവൾ ചിന്തിക്കുന്ന കാര്യങ്ങൾ ഒക്കെ അങ്ങനെ തന്നെ ആവും

അവൻ മുടി പാറി വീണു കൊണ്ടിരിക്കുന്ന നെറ്റിത്തടത്തിലേക്ക് നോക്കി

നക്ഷത്രം പോലെ തിളങ്ങുന്ന വലിയ കണ്ണുകളിലേക്ക് ഉയർന്ന നാസികത്തുമ്പിലെ ആ ഭംഗിയുള്ള മറുകിലേക്ക്

പിന്നെ…

നേർത്ത ചുവപ്പ് രാശിയുള്ള ചുണ്ടുകളിലേക്ക്

“മതി സ്കെച്ച് എടുത്തത്… കഴിക്ക് ” അവൾ കള്ളച്ചിരി ചിരിച്ചു

“സൈക്കോളജി മെയിൻ എടുത്ത പെണ്ണിനെ പ്രേമിച്ചാലുള്ള കുഴപ്പം ഇതാണ്.”

അവനും കുസൃതി ചിരി ചിരിച്ചു

“ഇങ്ങേര് പ്രേമിക്കണ്ട. പ്രേമം ഒക്കെ ടെൻഷൻ ആണെന്ന്. ലൈറ്റ് റിലേഷൻ മതി. അപ്പൊ നല്ല രസാ “

“ആയിക്കോട്ടെ “

“നമുക്ക് കുറച്ചു കൂടി സ്ഥലങ്ങൾ കണ്ടിട്ട് തിരിച്ചു പോകാം. ഞാൻ കാണിച്ചു തരാം വാ “

അവൾ അവന്റെ കൈ പിടിച്ചു

“വായൊ “

അവൻ ആ കൈ പിടിച്ചു പിന്നാലെ നടന്നു. പിന്നെ ഓടി ഒപ്പം ചെന്നു നടന്നു

“ഊം?”

“എനിക്ക് നിന്റെ പിന്നാലെ നടക്കാനല്ല. ഒപ്പം നടക്കാനാ ഇഷ്ടം “

“ബാംഗ്ലൂർ ഡേയ്‌സ് എത്ര തവണ കണ്ടു?”

മൂന്ന് എന്ന് അവൻ വിരലുകൾ ഉയർത്തി

“അയ്യടാ ഇങ്ങട് വാ “

അവൾ പൊട്ടിച്ചിരിച്ചു കൊണ്ട് അവന്റെ കൈ പിടിച്ചു ഓടി തുടങ്ങി

തുടരും…