ധ്വനി, അധ്യായം 20 – എഴുത്ത്: അമ്മു സന്തോഷ്

കിടക്കുകയായിരുന്നു രാജഗോപാൽ. അയാൾ ഉറങ്ങിയിട്ടില്ലെന്ന് വിമലയ്ക്ക് അറിയാമായിരുന്നു

“രാജേട്ടാ?”

“my mistake… my mistake..അവനെ ഇങ്ങോട്ട് ഒറ്റയ്ക്ക് അയയ്ക്കരുതായിരുന്നു.. എൻഗേജ്മെന്റ് നടത്തിയിട്ട് വിട്ടാൽ മതിയായിരുന്നു. How can I face prakash and family? we discussed the marriage of vivek and divya. ഞാൻ ഇനി എന്ത് പറയും? എന്റെ മകൻ ഒരു സാധാരണ പെണ്ണിനെ സ്നേഹിക്കുന്നുവെന്ന് അവളെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നുവെന്ന് ഞാൻ എങ്ങനെ പറയും? അവർ രണ്ടാഴ്ച കഴിഞ്ഞു ഇങ്ങോട്ട് വരും. നീ എങ്ങനെ എങ്കിലും അവനെ പറഞ്ഞു മനസിലാക്കണം. its an infatuation.. അത് അവന് അറിയാഞ്ഞിട്ടാ.”

“ഞാൻ പറഞ്ഞു മനസ്സിലാക്കം പക്ഷെ അവനെ എതിർത്തു ഒന്നും പറയരുത്. അത് ചിലപ്പോൾ… അവനെ നമുക്ക് നഷ്ടപ്പെടുത്തരുത് രാജേട്ടാ. എന്റെ മോനില്ലാതെ…”

അവരുടെ തൊണ്ട ഒന്ന് അടച്ചു

“ഞാൻ ആയിട്ട് ഒന്നും പറയില്ല. പക്ഷെ ഇത് നടക്കില്ല. എന്റെ മോന്റെ ജീവിതം ഞാൻ ഡിസൈൻ ചെയ്തിട്ടുണ്ട്. അത് പോലെ മതി.. എന്റെ മോനാ അവൻ. എന്റെ മോൻ. ഒരു ചാവാലി പട്ടിക്കും കൊടുക്കില്ല ഞാൻ അവനെ… “

വിമല തെല്ല് ഭീതിയോടെ അയാളെ നോക്കി. ചന്തു രാജേട്ടന്റെ ദൗർബല്യമാണ്. അത് ഉള്ളിന്റെ ഉള്ളിൽ കൊണ്ട് നടക്കുന്നുണ്ട്. എന്റെ മോൻ എന്ന് പറയുന്ന ആ സ്നേഹം മീരയെ കുറിച്ച് പറയുമ്പോൾ പോലും ഇല്ല. ഭാവിക്കില്ല എന്നേയുള്ളു

ഓരോ ക്ലാസ്സിലും ഒന്നാമനായി അവൻ ജയിക്കുമ്പോൾ സന്തോഷം കൊണ്ട് ആ കണ്ണ് നിറയുന്നത് താൻ കണ്ടിട്ടുണ്ട്. മറ്റുള്ളവരെ പരിചയപ്പെടുത്തുമ്പോഴും

“Here is my son vivek “

അത് കേൾക്കുമ്പോ ഉള്ളു നിറഞ്ഞു പോകും. അവൻ ഈ ഒറ്റ വർഷം ആണ് ഇങ്ങോട്ട് വന്നത്

ഇതിനു മുൻപ് അവൻ തമാശക്ക് പോലും ഒരു പെണ്ണിനെ കുറിച്ച് പറഞ്ഞിട്ടില്ല. പ്രകാശിന്റെ മകൾ ദിവ്യ വിവേകിന്റെ കൂടെ തന്നെ സിവിൽ സർവീസ് പാസ്സായി. അവർ തമ്മിൽ നല്ല സൗഹൃദം ഉണ്ടെന്നും തോന്നിട്ടുണ്ട്. ദിവ്യ പലപ്പോഴും അവനെ തേടി വരാറുമുണ്ട്. അവർ ഒന്നിച്ചിരുന്നു പഠിക്കുന്നത് കണ്ടിട്ടുമുണ്ട്. പക്ഷെ അവനവളോട് അടുപ്പം ഉണ്ടായിരുന്നില്ല. അത് ദിവ്യ ഒരിക്കൽ പറഞ്ഞിട്ടിമുണ്ട്

“എന്റെ ആന്റി വിവേകിനെ കല്യാണം കഴിക്കുന്ന പെണ്ണിന്റെ കഷ്ടകാലമാണ്. ഇങ്ങനെ ഒരു ബുദ്ധിജീവി. റൊമാൻസ് എന്തെന്ന് പോലും കക്ഷിക്ക് അറിഞ്ഞൂടാ. ശരിക്കും bookworm.”

താൻ ചിരിച്ചു പോയി

പക്ഷെ ദിവ്യക്ക് അവനെയിഷ്ടമാണ്. അവനെ ഏത് പെൺകുട്ടിക്കാണ് ഇഷ്ടം ആവാതെ ഇരിക്കുക?

സുന്ദരനാണ്

ആർമിയുടെ പാർട്ടികളിൽ വിവേക് സെന്റർ ഓഫ് അട്ട്രാക്ഷൻ ആയിരുന്നു.

കുറെയധികം പേർക്ക് അവൻ മരുമകൻ ആയി വരണം എന്നാഗ്രഹം ഉണ്ട്. പലരും അത് സൂചിപ്പിച്ചിട്ടുമുണ്ട്

പക്ഷെ രാജേട്ടൻ തിരഞ്ഞെടുത്തത് ദിവ്യയെയാണ്.

പക്ഷെ?

അവർ കിടന്നു എങ്കിലും ഉറങ്ങിയില്ല.

ചന്തു രാവിലെ ഉണർന്നു. ഫ്രഷ് ആയി നടക്കാൻ ഇറങ്ങി.

“അച്ഛൻ വരുന്നുണ്ടോ?”

ഷൂ കെട്ടുന്നതിനിടയിൽ അവൻ ചോദിച്ചു

രാജഗോപാൽ അവനെയൊന്നു നോക്കി. തലേന്ന് നടന്നതൊന്നും അവന്റെ മുഖത്തില്ല. നേർത്ത ഒരു ചിരി. തന്നെ വീഴ്ത്തുന്ന ആ സുന്ദരൻ ചിരി

“ഉം വെയിറ്റ് “

അയാൾ പോയി റെഡി ആയി വന്നു

അവർ ഒന്നിച്ചു പോകുന്നത് വിമല നോക്കിനിന്നു. അവൻ വേറെ ഒരാളുടെ മകനായിരുന്നുവെന്ന് ആരും പറയില്ല. രാജേട്ടന്റെ നിറവും ഭംഗിയും അവന് കിട്ടിയത് പോലെയാണ്. അവർ ഒന്നിച്ചു നടന്നാൽ അച്ഛനും മകനും തന്നെ.

“അച്ഛാ ഇവിടെ ക്ലീൻ അല്ല.നോക്ക് എത്രയാ വേസ്റ്റ് വലിച്ചെറിഞ്ഞിരിക്കുന്നത്?”

“you can change the system… now you are the authority..”

അവൻ ഒന്ന് ചിരിച്ചു

“അസിസ്റ്റന്റ് കളക്ടർ ആയിട്ടേയുള്ളു.. മുകളിൽ ആളുണ്ട് “

“അത് സാരമില്ല. മുകളിൽ ഇരിക്കുന്ന ദീപ മേത്ത നമ്മുടെ പൃഥ്വിയുടെ മകളല്ലേ? നീ പരിചയപ്പെട്ടോ?”

“ഇല്ല. ഞാൻ ഇപ്പൊ കുറച്ചു യാത്ര ഒക്കെ ആയിട്ട്..പിന്നെ കുറേ ബുക്സ് കിട്ടി അതൊക്കെ വായിച്ചു സമയം പോയി. തിങ്കൾ പോകുമ്പോൾ പരിചയപ്പെടാം. അച്ഛൻ കൂടി വരൂ പ്ലീസ് “

അയാളുടെ ഹൃദയത്തിൽ എന്തോ ഒന്ന് നിറഞ്ഞു. ഓരോ ക്ലാസ്സിലും ആദ്യത്തെ ദിവസം പോകുമ്പോൾ വിവേക് പറയും

“അച്ഛാ please come with me “

ഇക്കുറി അവൻ അത് പറയുമെന്ന് അയാൾ ഓർത്തില്ല

“you are my lucky charm “

വിവേക് മനോഹരമായ ഒരു പുഞ്ചിരി കൊടുത്തു

വളരെ ചെറുതെങ്കിലും തിരിച്ചൊരു ചിരി കൊടുക്കാതിരിക്കാൻ ആയില്ല രാജാഗോപാലിന്

എന്റെ മോൻ…അയാളുടെ ഉള്ളിൽ അതൊരു ലഹരിയായി നിറഞ്ഞു

ആർക്കും കൊടുക്കില്ല ഞാൻ ഇവനെ. ഞാൻ വളർത്തിയതാണ് പൊന്ന് പോലെ…ഞാൻ ആഗ്രഹിക്കുന്ന പോലെ നല്ല ഒരു ജീവിതം ഉയർന്ന സ്റ്റാറ്റസിലുള്ള ജീവിതം അത് മതി എന്റെ മോന്…

അവർ അഞ്ചു കിലോമീറ്റർ നടന്നു തിരിച്ചു വന്നു

“ഇന്നെന്താ വിവേകിന്റെ പ്രോഗ്രാം?”

ബ്രേക്ക്‌ ഫാസ്റ്റ് കഴിക്കുമ്പോൾ രാജഗോപാൽ ചോദിച്ചു

“ഉച്ച വരെ ഫ്രീ ആണ്. ഉച്ചക്ക് പുറത്ത് പോകും. “

“തറവാട്ടിൽ ഒന്ന് പോകണം തൃശൂരിൽ.. അച്ഛൻ വിളിച്ചിരുന്നു. നീ ഫ്രീ ആണെങ്കിൽ ഇന്ന് പോകാം “

“നാളെ പോകാം.. വൈകുന്നേരം തന്നെ വരില്ലേ?”

“എന്തിന്?”

“എനിക്ക് ഇനി  നാലു ദിവസയുള്ളു ജോയിൻ ചെയ്യാൻ “

“അത് കൊണ്ട് എന്താ?”

“ഒന്നുല്ല..”

അവൻ അസ്വസ്ഥനായത് അയാളുടെ ശ്രദ്ധയിൽ പെട്ടു

“രണ്ടു ദിവസം നിന്നിട്ട് വരാം..” അവൻ ഒന്ന് മൂളി

മീര അമ്മയെ ഒന്ന് നോക്കി. അമ്മ അവളെയും

ശ്രീയെയും കൊണ്ട് നഗരത്തിൽ കൂടി ഡ്രൈവ് ചെയ്യുകയായിരുന്നു വിവേക്

“എന്താ വേണ്ടത് മോൾക്ക്?”

“ഭക്ഷണം എന്റെ കയ്യിൽ ഉണ്ട്. ഒരു സർപ്രൈസ്. എവിടെ എങ്കിലും ആളില്ലാത്ത ഒരു സ്ഥലത്ത് നിർത്തണം “

“റിയലി?” അവന്റെ കണ്ണ് വിടർന്നു

“അയ്യടാ.. ചോറ് ഉണ്ണാനാ… ഒരു റിയലി “

“ഓ “

അവൻ ചിരിച്ചു. പിന്നെ കാർ ശംഖ്‌ മുഖം റോഡിൽ തീരെ തിരക്കില്ലാത്ത ഒരിടത്തു നിർത്തി

“വാ ആ പാർക്കിലെ ബെഞ്ചിൽ പോയിരിക്കാം “

“ഓക്കേ “

അവർ കാർ പൂട്ടി ഇറങ്ങി. ഉച്ച ആയത് കൊണ്ട് അവിടം വിജനമാണ്

“ഇതെന്താ?”

“പൊതിച്ചോറ് “

“what?”

“ആ വാട്ടിയ ഇലയിൽ പൊതിഞ്ഞ ചോറ് ” അവൾ ചിരിച്ചു

“ആക്ച്വലി… ഇതെന്താ?”അവൻ പൊതി ചൂണ്ടി

“എന്റെ കൃഷ്ണ!!  “

അവൾ മുകളിലേക്ക് നോക്കി തൊഴുതു

“മോനെ ഐ എ എസേ. ഇത് കേരളത്തിൽ ഉള്ള ജനങ്ങളുടെ ഒരു വികാരമാണ്. സ്കൂളിൽ പോകുമ്പോൾ, കോളേജിൽ പോകുമ്പോൾ അമ്മമാർ പറമ്പിൽ നിൽക്കുന്ന വാഴയിൽ നിന്ന് ഒരു ഇല അങ്ങോട്ട് മുറിക്കും. എന്നിട്ട് അതിനെ കഴുകി അടുപ്പിൽ വെച്ചു വാട്ടും.”

“വാട്ടും മീൻസ്?”

അവൾ നഖം കടിച്ചു

“വാട്ടുകാ എന്നതിന്റെ ഇംഗ്ലീഷ് ഞാൻ എങ്ങനെ ഈ സായിപ്പ് കുഞ്ഞിനോട് പറഞ്ഞു കൊടുക്കും. അതേയ്.. എന്ന് വെച്ചാ നമ്മളിതിനെ തീയുടെ മുകളിൽ വെയ്ക്കും കരിയുന്നതിനു മുന്നേ എടുക്കും.”

“ഓ.. fired “

“തേങ്ങ..ഹാഫ് ഫയർഡ്… കത്തിക്കില്ല കാണിക്കുകയേയുള്ളു. ഈശ്വര ഞാൻ അതല്ലല്ലോ പറയാൻ വന്നത്.. കുഞ്ഞേ ഇല അങ്ങനെ ചെയ്തില്ലെങ്കിൽ പൊട്ടി പോകും. സോഫ്റ്റ്‌ ആകാനാ ചെയ്യണേ “

“ഓക്കേ then?”

“എന്നിട്ടോ… ഇങ്ങോട്ട് നോക്കെടാ “

അവൾ പൊതി തുറന്നു

“എന്താ സ്മെല്.. mouth watering smell “

“അത് തന്നെ വായിൽ വെള്ളം വരുന്ന മണം ” അവൻ നോക്കി

“ഇത് കല്ലിൽ അരച്ച ചമ്മന്തി..”

“ങ്ങേ?”

അവൾ നിസഹായതയോടെ ചുറ്റും നോക്കി

“ചട്ണി.. അതറിയുമോ?”

“yea.. ഇഡലിക്ക് ഉണ്ടാക്കുന്നത് “

“അവിടെ നിൽക്ക്.. അവിടെ.. ആ  ചട്ണി വെള്ളം ചേർക്കും ലിക്വിഡ് ആക്കും. ഇത് സോളിഡ്. വെള്ളം ചേർക്കില്ല. മിക്സിയിൽ അല്ല.നാച്ചുറൽ
കല്ലിൽ അരയ്ക്കും “

“ഓക്കേ.. which stone?”

“എവിടെ കല്ല്? അവൾ ചുറ്റും നോക്കി. ദേ ചെറുക്കാ കല്ല് പെറുക്കി എറിയും കേട്ടോ
.ഒരു stone ഉണ്ട് വീട്ടിൽ. ഇനി വരുമ്പോൾ കാണിച്ചു തരാം “

“ഓക്കേ “

“ഇനി ഇത് ഓംലറ്റ്, ഇത് ഫിഷ് ഫ്രൈ. ഇത് പിക്കിൾ.. പിന്നെ ഇത് തൈര്..പൊട്ടറ്റോ ഫ്രൈ. ചീര തോരൻ..”

“കുറെയുണ്ടല്ലോ… “

“yes വെയിറ്റ് “

അവൾ അത് നന്നായി കുഴച്ച് ഉരുളയാക്കി

“വാവ വാ പൊളിച്ചേ..”അവൾ കളിയിൽ ചിരിച്ചു

അവൻ അത് കണ്ണടച്ച് മെല്ലെ കഴിക്കുന്നത് നോക്കിയിരുന്നു ശ്രീ

“കൊള്ളാമോ “

“ഉഗ്രൻ…”

“ഞാൻ ഉണ്ടാക്കിയതാ “

അവന്റെ കണ്ണുകൾ മിഴിഞ്ഞു

“ഇത്രയും?”

“ഉം. അമ്മയോട് ചോദിച്ചു നോക്കിക്കോ. രാവിലെ എണീറ്റു ഞാൻ ഉണ്ടാക്കിയതാ ഇത് “

അവന്റെ കണ്ണ് ഒന്ന് നിറഞ്ഞു

“ചന്തുവേട്ടൻ ഇതൊന്നും കഴിച്ചിട്ടില്ല എന്നെനിക്ക് അറിയാം.. അതോണ്ട് ഉണ്ടാക്കിയതാ “

അവൾ ഒരു ഉരുള കൂടി വായിൽ വെച്ചു കൊടുത്തു

“കഴിക്കു..”

“നീ കഴിക്ക്..” അവളും കഴിച്ചു തുടങ്ങി

അവനവളെ ഇമ വെട്ടാതെ നോക്കിയിരുന്നു

ഇവളെയാണ് മറക്കാൻ…ഇവളെയാണ് ഉപേക്ഷിച്ചു കളയാൻ പറയുന്നത്. ഇവളെ ഉപേക്ഷിച്ചിട്ട് എങ്ങോട്ടാ പോകുക. ഇതിലും വലിയ ഏത് സ്വർഗത്തിലേക്ക്?

“മതിയോ?”

അവൻ ഒന്ന് മൂളി

“ദാ വെള്ളം “അവൾ ബോട്ടിൽ നീട്ടി

അവർ ദൂരെയുള്ള പൈപ്പിൽ പോയി കൈ കഴുകി വന്നു

“ശ്രീ?”

“ഉം “

“ഞാൻ നാളെ തൃശൂർ പോകും. അച്ഛന്റെ തറവാട്ടിൽ.. രണ്ടു ദിവസം കഴിഞ്ഞേ വരൂ.. വിളിക്കാം ട്ടോ “

അവൾ മെല്ലെ ഒന്ന് തലയാട്ടി. അവൻ ആ കവിളിൽ ഒന്ന് തൊട്ടു

“ഈ നഗരത്തിൽ നിന്ന് പോകാൻ ഇപ്പൊ എനിക്ക് ഇഷ്ടം അല്ല ശ്രീ… ഇവിടെ നീയുണ്ട്… കണ്ടില്ലെങ്കിലും നീ ഉണ്ട് “

ശ്രീ അവനെ നോക്കിയിരുന്നു. അവൻ ചിരിക്കാൻ ശ്രമിച്ചു

“സ്നേഹം വേദനയാ ശ്രീ “

ശ്രീ പെട്ടെന്ന് മുന്നോട്ടാഞ്ഞവനേ കെട്ടിപിടിച്ചു

“ഞാനില്ലേ ചന്തുവേട്ടന്… ഉം? എവിടെ പോയാലും ഞാൻ ഉണ്ടല്ലോ കൂടെ? പിന്നെ എന്താ?”

അപ്രതീക്ഷിതമായിരുന്നു അത്. അവൻ ഒന്ന് പതറി ചുറ്റും നോക്കി. ആരുമില്ല

അവനവളെ തന്റെ നെഞ്ചോട് ചേർത്ത് പിടിച്ചു

“എന്നെ വിട്ടിട്ട് പോകരുത് ട്ടോ “

അവൻ മെല്ലെ ആ കാതിൽ പറഞ്ഞു. ശ്രീ ചിരിയോടെ മുഖത്ത് നോക്കി

പിന്നെ അകന്നു മാറി കൈകൾ വിടർത്തി

“ആകാശം ഇടിഞ്ഞു വീണാലും.. ഈ ഭൂമി അതിന്റെ പ്രദക്ഷിണം നിർത്തിയാലും. സൂര്യൻ ഉദിക്കാതിരുന്നാലും. ഈ കടൽ വറ്റിപ്പോയാലും സത്യം സത്യമായി ഞാൻ പറയുന്നു

ശ്രീലക്ഷ്മി ചന്തുവിനെ ഉപേക്ഷിച്ചു പോകില്ല… ഒരിക്കലും പോകില്ല. ചന്തു പോയാലും… തിരിച്ചു വരുന്ന വരെ കാത്തിരിക്കും.സത്യം… ലോകനാർ കാവിലമ്മയാണേ കളരി പരമ്പര ദൈവങ്ങളാണേ “

“വെയിറ്റ് വെയിറ്റ് അതൊക്കെ ആരാ “

“ആ അതൊക്കെ സത്യം ചെയ്യുമ്പോൾ മലയാളീസ് കൂടെ കൂട്ടുന്ന ആൾക്കാരാ
കണ്ടിട്ടൊന്നുമില്ല എവിടെ എങ്കിലും കാണുമായിരിക്കും.. മൂഡ് കളയല്ലേ “

“ഇല്ലില്ല continue “

“അപ്പൊ നമ്മൾ എവിടെയാ നിർത്തിയത്?”

“ലാസ്റ്റ് ദൈവങ്ങൾ…”

“ഓക്കേ

“ദൈവങ്ങളാണെ ചന്തു നീ എവിടെ പോയാലും ഞാൻ ഇവിടെ വെയ്റ്റിംഗ്..കറക്റ്റ് അല്ലെ?”

വിവേക് സ്നേഹത്തോടെ അവളെ ചേർത്ത് പിടിച്ചു

“എന്റെ ചാറ്റർ ബോക്സ്‌…” അവൾ നിഷ്കളങ്കമായി ഒന്ന് ചിരിച്ചു

“അതേയ് ഒരു കാര്യം പറയാനുണ്ടായിരുന്നു. തിരക്ക് ഉണ്ടൊ?”

“ഇല്ല പറഞ്ഞോ “

അവൾ അവനെ ചാരിയിരുന്നു

തുടരും…