ധ്വനി, അധ്യായം 22 – എഴുത്ത്: അമ്മു സന്തോഷ്

യാത്രയിലുടനീളം ചന്തു മൂകനായിരുന്നു. അവൻ ഡ്രൈവ് ചെയ്യുന്നതിൽ മാത്രം ശ്രദ്ധിച്ചു. ഇടക്ക് ഭക്ഷണം കഴിക്കാൻ നിർത്തിയപ്പോൾ ഒരു കാപ്പിയിലൊതുക്കി. രാജഗോപാൽ അവനെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. വിമലയും.

തറവാട്ടിൽ  രാജഗോപാലിന്റെ അച്ഛനും അമ്മയും ഉണ്ട്

രാഘവൻ നായരും സുമിത്രയും

ഏറെ നാളുകൾക്ക് ശേഷം കാണുന്നതിന്റെ സന്തോഷം അവരുടെ മുഖത്ത് ഉണ്ടായിരുന്നു

“നാട്ടിൽ വന്നിട്ട് ചന്തു ഇങ്ങോട്ട് വന്നതേയില്ല.” അവൻ ഒന്ന് ചിരിക്കുന്നതായി ഭാവിച്ചു

“മീരാ മോളെ സുഖമാണോ?”

“അതേ അച്ഛമ്മേ ” മീരാ അവരെ കെട്ടിപിടിച്ചു

“രണ്ടു മൂന്ന് ദിവസം നിന്നിട്ട് പൊ രാജാ എത്ര നാളുകൾ കൂടിയ വരവ്?”
ഭക്ഷണം കഴിച്ചു കൊണ്ട് ഇരിക്കുമ്പോൾ സുമിത്ര പറഞ്ഞു

“വിവേകിന് monday ജോയിൻ ചെയ്യണം. ഞങ്ങൾ ഒരു മാസം ഉണ്ടല്ലോ വരാം അമ്മേ “

“ചന്തു പോട്ടെ.. നിങ്ങൾ ഇവിടെ നിൽക്ക് പ്ലീസ് “

“ഇല്ല.. പോകണം മീര നിൽക്കും.. ഞങ്ങൾ വന്നു തിരിച്ചു കൂട്ടിക്കൊള്ളാം “

മീരയ്ക്ക് സമ്മതമായിരുന്നു

വൈകുന്നേരം ആയപ്പോൾ ചന്തു വെറുതെ പറമ്പിൽ ഒക്കെ ചുറ്റി നടന്നു. കുറച്ചു ഫോട്ടോസ് എടുത്തു.. ശ്രീക്ക് അയച്ചു കൊടുത്തു. അവൾ ഓൺലൈൻ ഇല്ല. ധ്വനിയിൽ ക്ലാസ്സ്‌ ഉള്ള സമയം ആണ്.

അവളെ കുറിച്ച് അത്ഭുതത്തോടെ അവൻ ഓർക്കുന്ന ഒരു കാര്യം ഉണ്ട്. അധ്വാനിക്കാൻ അവൾക്ക് മടിയില്ല എന്നത്. ധ്വനിയിൽ ശനിയും ഞായറും ഏഴു മണിക്കൂറോളം ശ്രീയുടെ ക്ലാസ്സ് ഉണ്ടാവും. അത് കഴിഞ്ഞു അവിടെയൊക്കെ തുടച്ചു വൃത്തിയാക്കി മാത്രേ അവൾ വീട്ടിൽ പോകുകയുള്ളു.

ഏത് കാര്യത്തിലും ഡെഡിക്കേറ്റട് ആണ്. ചെയ്യുന്നത് നീറ്റ് ആയിട്ട് ചെയ്യും

“നീ എന്താ ആരോടും മിണ്ടാതെ ഇവിടെ?”

അമ്മ

അവൻ ഒന്നുല്ല എന്ന് തലയാട്ടി

“ആ കുട്ടിയുടെ ഫോട്ടോ ഉണ്ടോ?”

അവൻ ഒന്ന് മൂളി

“നോക്കട്ടെ “

അവൻ അവളുടെ ഫോട്ടോ കാട്ടി കൊടുത്തു

പച്ച കളർ ഷർട്ടും ജീൻസും ഇട്ട് ഏതോ ഒരു ഭാവത്തിൽ കുസൃതി ചിരിയോടെ നിൽക്കുന്ന ശ്രീ

അവരാ ഫോട്ടോയിലേക്ക് നോക്കി

ഒരു സാധാരണ പെൺകുട്ടി. കണ്ണെഴുത്തില്ല. പൊട്ടില്ല. ചമയങ്ങളില്ല. നീണ്ട മുടിയോ വടിവോത്ത ശരീരമോ അല്ല. കുറച്ചു മുടി അത് ഉയർത്തി കെട്ടി വെച്ചിട്ടുണ്ട്. മെലിഞ്ഞിട്ടാണ്

കണ്ണുകൾ പ്രത്യേകത ഉള്ളതാണ്. ചിരിയും

എന്തോ ഒരു മാജിക് ഒളിപ്പിച്ച ചിരി

അവർ അത് ഒന്ന് swipe ചെയ്തു. അവർ ഒന്നിച്ചുള്ള ഫോട്ടോകൾ. കുറെയധികമുണ്ട്. എല്ലാത്തിലും അവനാണ് അവളെ ചേർത്ത് പിടിച്ചിരിക്കുന്നത്

അവൾ ചിരിച്ചു കൊണ്ട് നിൽക്കുകയാണ്. ഒരു ഫോട്ടോ അതിൽ മാത്രം അവർ കുറേ നേരം നോക്കി നിന്നു. ശ്രീ അവന്റെ കണ്ണിലേക്കു നോക്കി നിൽക്കുന്ന ഫോട്ടോ

അവളുടെ കണ്ണുകൾ നിറഞ്ഞിട്ടുണ്ട്

“ഇത് എപ്പോ എടുത്തതാ?”

“ഇന്നലെ…”

“ഇന്നലെയും കണ്ടോ?”

അവൻ ഒന്ന് മൂളി

“എന്തിനാ ആ കുട്ടി കരഞ്ഞത്?”

“എന്നെ ബോർ അടിക്കുമ്പോ വിട്ടു പൊയ്ക്കോളാൻ പറഞ്ഞതിന് “

അവന്റെ ശബ്ദം ഇടറി. അവൻ പെട്ടെന്ന് തിരിഞ്ഞു നിന്നു

“ചന്തു?”

“അമ്മ പൊയ്ക്കോ ഞാൻ ഒന്ന് തനിച്ചിരിക്കട്ടെ പ്ലീസ് “

വിമല അവിടെ നിന്നും പോരുന്നു

ഇത് രാജേട്ടൻ പറയും പോലെ ആകില്ല അവർക്ക് ഉറപ്പായിരുന്നുചന്തു ഇപ്പൊ ഒരു അഗ്നിപർവതം കണക്കെയാണ്. പൊട്ടിത്തെറി എപ്പോഴാണെന്ന് മാത്രം അറിയില്ല

അവളുടെ കാൾ വരുന്നു. അവൻ ഒരു മരത്തിന്റെ ചില്ലയിൽ ഇരുന്നിട്ട് കാൾ എടുത്തു

“ക്ലാസ്സിലായിരുന്നു ചന്തുവേട്ടാ. ധ്വനിയുടെ വാർഷികം വരുന്നു. അതിന്റെ പ്രാക്ടീസ് ആണ് “

“ക്ഷീണിച്ചോ?”

“കുറച്ച് “

“വീഡിയോ വാ “

അവൾ ഒഴിഞ്ഞു കിടന്ന ക്ലാസ്സ്‌ റൂമിൽ കയറി വാതിൽ അടച്ചു

“ആഹാ നല്ല ഭംഗിയുള്ള സ്ഥലം..”

“അച്ഛന്റെ സ്ഥലമാണ്..”

“ചിരിക്ക് ഒരു വോൾടേജ് ഇല്ലല്ലോ ” അവൻ വെറുതെ ചിരിച്ചു

അവളുടെ കഴുത്തിലൂടെ വിയർപ്പിന്റെ തുള്ളികൾ ഒഴുകുന്നു

“വിയർത്തു നനഞ്ഞല്ലോ “

“കുറേ നേരായി.. അതാ…”

“നല്ല ഭംഗി “

“വിയർത്തു നനഞ്ഞു വൃത്തികേടായി നിൽക്കുമ്പോഴോ “

“അത് കാണാൻ നല്ല ഭംഗിയാണ്. നാച്ചുറൽ അല്ലെ?”

“ആള് കൊള്ളാലോ..”

അവന്റെ മുഖത്ത് പതിവുള്ള ചിരിയോ സന്തോഷമോയില്ല.

ശ്രീക്കുട്ടി സ്നേഹത്തോടെ ചിരിച്ചു

“നാളെ വരില്ലേ?”

“ഉം “

“എപ്പോ വരും?”
“രാത്രി ആയേക്കും “

അവൾ ഒന്ന് ചിരിക്കുന്ന പോലെ ഭാവിച്ചെങ്കിലും ശരിയായില്ല

“എത്ര രാത്രി ആയാലും ഞാൻ വരും ശ്രീ “

ശ്രീയുടെ കണ്ണ് നിറഞ്ഞു

“നീ റെഡി ആയിട്ട് ഇരുന്നോ.. ഒരു സെക്കന്റ്‌ ഷോ.. പിന്നെ നിന്റെ മുട്ട പൊട്ടിത്തെറിച്ച പൊറോട്ട, ബുള്ളറ്റിൽ ഒരു കറക്കം. ഞാൻ വരും..”

അവൾ ചിരിച്ചു

“ഐ ആം വെയ്റ്റിംഗ് “അവൾ വിജയ് പറയുമ്പോലെ ആക്ഷൻ ഇട്ടു

ഒറ്റ നിമിഷം കൊണ്ട് ചന്തു ചാർജ് ആയി

അവൻ ഫോൺ കട്ട്‌ ചെയ്തു വീട്ടിലേക്ക് കയറി പോരുന്നു”അച്ഛൻ എന്തിയെ അമ്മേ?”

ഹാളിൽ ഇരിക്കുന്ന വിമലയോട് അവൻ ചോദിച്ചു

“അച്ഛൻ മുൻവശത്തുണ്ടല്ലോ അഭിയേട്ടന്റെ കൂടെ “

അഭിജിത് അമ്മയുടെ ഏട്ടനാണ്. തങ്ങൾ വന്നത് അറിഞ്ഞിട്ട് വന്നതാണ്

“ഹലോ അങ്കിൾ.. സുഖല്ലേ?”

അവൻ പുഞ്ചിരിച്ചു കൊണ്ട് അടുത്ത് ചെന്നു.അഭിജിത്ത് ഒന്ന് സംശയിച്ചു

വിവേക് ഇങ്ങനെ ഹെഡ് ചെയ്തു സംസാരിക്കുന്ന ആളല്ല

“സുഖം. എന്ന ജോയിൻ ചെയ്യുന്നത്?”

“തിങ്കൾ.. അച്ഛനു ജ്യൂസ്‌ വേണോ?”

അവൻ കയ്യിൽ ഇരുന്ന ജ്യൂസ്‌ ഗ്ലാസ്‌ നീട്ടി. രാജഗോപാൽ അത് വാങ്ങി. അവൻ പെട്ടെന്ന് ഉത്സാഹമുള്ളവനായി. അഭിജിത്തിനോട് നന്നായി സംസാരിച്ചു

“അങ്കിൾ ഇപ്പൊ എവിടെ ആണ്?”

“ഇവിടെ തന്നെ.. തൃശൂർ തന്നെ..” അയാൾ ബാങ്കിൽ ആണല്ലോ. എന്നവൻ പെട്ടെന്ന് ഓർത്തു

“അങ്കിൾ എസ് ബി ഐയിൽ അല്ലെ?”

“അതേ “

“തിരുവനന്തപുരം വെള്ളായമ്പലം ബ്രാഞ്ചിന്റെ മാനേജർ കൃഷ്ണകുമാറിനെ അറിയുമോ?”

“പിന്നെ കൃഷ്ണകുമാർ സാറിനെ അറിയാത്ത ആരുണ്ട്…”

“എന്റെ ഫ്രണ്ടിന്റെ അച്ഛനാണ് “

“ഉവ്വോ? നല്ല മനുഷ്യനാണ്. gem of a person ഞങ്ങൾ മീറ്റിംഗിന് കാണും.. നീ ചോദിച്ചാൽ മതി. അറിയാം. അസോസിയേഷൻ പ്രസിഡന്റ്‌ ആണ് പുള്ളി “

“ഞാൻ ചോദിക്കാം “

“അതിരിക്കട്ടെ രണ്ടു പെണ്മക്കൾ അല്ലെ കക്ഷിക്ക്? നന്ദനയും ശ്രീകുട്ടിയും
ടൂറിനൊക്കെ വരുമ്പോൾ സർ ഫാമിലിയെയും കൊണ്ട് വരും “

“yes “

“നന്ദനയാവും ഫ്രണ്ട്?”

“അല്ല ശ്രീ..”

അവൻ പുഞ്ചിരിച്ചു

“എന്റെ രാജേട്ടാ ഈ കൃഷ്ണകുമാർ സാറിന്റെ പെണ്മക്കൾ രണ്ടു പേരും മിടുക്കി കുട്ടികൾ ആണ്. മൂത്ത മകൾ നന്ദന മെഡിസിൻ കഴിഞ്ഞു ഫസ്റ്റ് റാങ്ക് ഉണ്ടായിരുന്നു ഇപ്പൊ സിവിൽ സർവീസ് കോച്ചിങ്. ഇളയത് ശ്രീക്കുട്ടി. സൈക്കോളജിയൊ മറ്റൊ ആണ് പഠിക്കുന്നത്. പക്ഷെ ആ കൊച്ചിനെ കണ്ടു പഠിക്കണം. പെൺപിള്ളേർ ആയാൽ ഇങ്ങനെ വേണം എന്ന് ഞാൻ എന്റെ മക്കളോട് പറഞ്ഞു കൊടുക്കാറുണ്ട്. മിടുമിടുക്കിയാണ്. പാട്ട്, ഡാൻസ് പ്രസംഗം എന്ത് വേണം.പിന്നെ സോഷ്യൽ സർവീസ്.. ഈയിടെയും സോഷ്യൽ മീഡിയയിൽ ഒക്കെ വൈറൽ ആയിരുന്നു. ഒരു ഫുൾ പാക്കേജ് ആണ് ആള്. ടൂർ പ്ലാൻ ചെയ്യുമ്പോൾ തന്നെ എല്ലാരും ചോദിക്കും ശ്രീക്കുട്ടി ഉണ്ടൊ എങ്കിലേ ഉള്ളു ഞങ്ങൾ എന്ന്..”

ചന്തു ചിരി അടക്കി ഇടക്കണ്ണിട്ട് രാജഗോപാലിനെ നോക്കുന്നുണ്ട്. ആൾക്ക് ദേഷ്യം വരുന്നുണ്ട്

എന്നാലും ശ്രദ്ധിക്കുന്നുണ്ട്

“ആട്ടെ മോന് എങ്ങനെ പരിചയപ്പെട്ടു?”

“ഒരു ചെറുപ്പക്കാരന് ആക്‌സിഡന്റ് ഉണ്ടായി. പക്ഷെ ആരും ഹോസ്പിറ്റലിൽ കൊണ്ട് പോകാൻ ഹെല്പ് ചെയ്തില്ല ഇക്കുട്ടിയ അന്ന് ഒറ്റയ്ക്ക്. അത് വഴി ആ സമയം എന്റെ കാർ വന്നതിൽ കയറ്റി ഹോസ്പിറ്റലിൽ എത്തിച്ചത്. അപ്പൊ എത്തിച്ചത് കൊണ്ട് അയാൾ രക്ഷപെട്ടു.. അന്ന് പരിചയപ്പെട്ടതാ..”

“നല്ല ഉഗ്രൻ കുട്ടിയാണ്..”

“ശരി അഭി. ഞാൻ ഒന്ന് കിടക്കട്ടെ..”രാജഗോപാൽ പോയി

“അപ്പൊ ഇനി നീ പറ നിന്റെ വിശേഷം?”

“എനിക്ക് എന്ത് വിശേഷം? ഒന്ന് സ്‌മോക്ക് ചെയ്യണം. എവിടെ പറ്റും?”

“അത്രേ ഉള്ളു. കം ഓൺ “

അവൻ ഒരു സി- ഗരറ്റ് കത്തിച്ച് പുക വിട്ടു.

ഈ ശീലം നിന്നതായിരുന്നു. ഇപ്പൊ വീണ്ടും തുടങ്ങി. അവളെ കാണാതിരിക്കുമ്പോൾ ഉള്ളിൽ ഒരു പിരിമുറുക്കമുണ്ട്

അവൻ കണ്ണടച്ച് സി- ഗരറ്റിന്റെ പുക ഉള്ളിലേക്ക് എടുത്തു…

തുടരും