നിന്നെയും കാത്ത്, ഭാഗം 11 – എഴുത്ത്: മിത്ര വിന്ദ

വാതിൽ തുറന്ന് കൊണ്ട് പുറത്തേക്ക് ഇറങ്ങിയ ഭദ്രൻ ഞെട്ടി തരിച്ചു നിന്നു.

രാജൻ അമ്മാവനും ശേഖരൻ ചിറ്റപ്പനും, പിന്നെ അയൽ വീട്ടിലെ ദാസൻ ചേട്ടനും ഉണ്ണി ചേട്ടനും,അതൊക്കെ സഹിയ്ക്കാം പക്ഷെ അല്പം മാറി നിൽക്കുന്ന തന്റെ അമ്മയെ കണ്ടപ്പോൾ അവനു നെഞ്ചിൽ ഒരു പിടപ്പ് പോലെ…

“ഭദ്രാ.. നീയെന്താ ഇവിടെ,രണ്ട് മൂന്നു ദിവസം അയിട്ട് വീട്ടിലേക്ക് വന്നില്ലന്നു ചേച്ചി പറഞ്ഞല്ലോ “

അമ്മയുടെ നേരെ ഇളയ ആങ്ങളയായ രാജൻ അമ്മാവൻ അവനെ നോക്കി കടുപ്പത്തിൽ ചോദിച്ചു.

അച്ചായൻ പറഞ്ഞിട്ട് കോയമ്പത്തൂരു ലോഡ് ആയിട്ട് പോയത് ആയിരുന്നു,അച്ചായന്റെ ഡ്രൈവർ ലീവ് എടുത്തു പോയിട്ട് തിരികെ വന്നില്ല…

അവൻ അയാളെ നോക്കി പറഞ്ഞു.

എന്നിട്ട് അങ്ങനെ അല്ലാലോടാ ഭദ്ര, ഞങ്ങളൊക്കെ അറിഞ്ഞത്,,നീ ഏതോ പെ…

അയാൾ അത്രയും പറഞ്ഞപ്പോളേക്കും ഗീതമ്മ അയാളെ കൈ എടുത്തു വിലക്കി.

രാജാ, നീ ഇനി കൂടുതൽ ഒന്നും പറയണ്ട, ഞാൻ ഒന്നു കേറി നോക്കിയാൽ തീരാവുന്ന സംശയം അല്ലെഒള്ളു….

വാതിലിന്റെ ഒത്ത നടുവിലായി ആരെയും അകത്തേക്ക് കേറ്റാതെ കൊണ്ട് തടസമായി നിൽക്കുന്ന മകനെ അടിമുടി നോക്കി കൊണ്ട് ഗീതമ്മ പറഞ്ഞു.

അമ്മ എന്തോന്നാ ഈ പറയുന്നത് ഒക്കെ, ഇവിടെ ആര് ഇരുപ്പുണ്ടെന്നാ…. ചുമ്മാ വേണ്ടാത്ത വർത്താനം പറയാതെ കൊണ്ട് വീടിലേക്കുപോകാൻ നോക്ക്, ഞാനും വന്നേക്കാം.. അപ്പോൾ പ്രശ്നം തീരുല്ലോ..

അങ്ങനെ തീരണം എങ്കിൽ എനിക്ക് ഈ വീടൊന്നു പരിശോധിക്കണം….
മകനെ തള്ളി മാറ്റിയ ശേഷം അകത്തേക്ക് കയറിയ ഗീത നടുങ്ങി തരിച്ചു നിന്നു.

ഒരു പെൺകുട്ടി.

പത്തിരുപതു വയസ് കഴ്ഞ്ഞത് ആണ്..

അവൾ ചുവരിൽ ചാരി നിൽക്കുകയാണ്.ഗീതയെ കണ്ടതും അവൾ പേടിയോടെ ഭദ്രനെ നോക്കി.

ഭദ്രാ…….

അവരുടെ അലർച്ചയിൽ തന്നെ വെളിയിൽ നിന്നവർക്ക് കാര്യം മനസിലായി. അകത്തു ആളുണ്ട് എന്നത് വ്യക്തവുമായി.

ആരാടാ ഇവള്….

ഗീത മകന്റെ തോളിൽ പിടിച്ചു കുലുക്കി.

അത് പിന്നെ അമ്മേ…..ഇത്

പറഞ്ഞു മുഴുവപ്പിക്കും മുന്നേ അവർ അവന്റെ കരണത്തു ആഞ്ഞു അടിച്ചു.

അമ്മേ……. ഞാനൊന്ന് പറയട്ടെ..

അവൻ അവരോട് പറയാൻ ശ്രമിക്കുന്നുണ്ട്.. പക്ഷെ എവിടുന്നു, അവർ ഒന്നു കേൾക്കാൻ പോലും തയ്യാറാവുന്നില്ല.

തലങ്ങും വിലങ്ങും അടിച്ചു.

വെളിയിൽ നിന്ന ആളുകൾ ഒക്കെ അകത്തേക്ക് കയറി വന്നപ്പോൾ അവരും കണ്ടു ഒരു പെൺകുട്ടിയെ.ചുവരിലേക്ക് ചേർന്ന് നിന്നു കരയുകയാണ്.

എടി….ഒരുമ്പട്ടോളെ, നിനക്ക് അപ്പനും അമ്മേം ഒക്കെ ഉള്ളത് അല്ലേ… അവരെ എല്ലാം ഉപേക്ഷിച്ചു കൊണ്ട് നീ ഇവന്റെ ഒപ്പം ഇറങ്ങി പോന്നു അല്ലേ, അല്ലേടി…..എന്നത് കണ്ടിട്ടാടി നീ ചാടി പോന്നത്.

ഗീഗമ്മ അവളെ കൈക്ക് പിടിച്ചു വലിച്ചു മാറ്റി നിറുത്തി.

എന്നിട്ട് അവൾക്കിട്ടും കൊടുത്തു കരണം നോക്കി ഒന്ന്..

രണ്ടാമത്തെ അടി അടിയ്ക്കാൻ വേണ്ടി കൈ ഓങ്ങിയതും ഭദ്രൻ അവരുടെ കൈയിൽ കയറി പിടിച്ചു.

അമ്മ എന്തിനാ വെറുതെ അവളെ ത-ല്ലുന്നത്….അവളൊരു തെറ്റും അമ്മയോട് ചെയ്തിട്ടില്ല….ഇവിടെ നിന്ന് സമയം കളയാതെ വീട്ടിലേക്ക് പോകാൻ നോക്ക്.

അവൻ അവരെ നോക്കി കടുപ്പത്തിൽ പറഞ്ഞു.

ഞാൻ എന്റെ വീട്ടിലേക്ക് പോകും, അല്ലാതെ ഇവിടെ നിന്നേം നിന്റെ പെണ്ണിനേം ആശിർവധിക്കാൻ വേണ്ടി വന്നത് ഒന്നും അല്ല, പിന്നെ നാട്ടുകാര് മൊത്തം പറഞ്ഞു ചിരിക്കുവാ ഭദ്രൻ ഏതോ ഒരുത്തിയെ കൊണ്ട് ജോസ് മുതലാളിടെ ഔട്ട്‌ ഹൌസിൽ താമസിക്കുവണന്നു… കുറെ നാളായി ഈ പരിപാടി തുടങ്ങീട്ട് എന്ന്… എനിക്കും ഇതുപോലെ രണ്ടു എണ്ണം ഉണ്ട്, അതുകൊണ്ട് ഞാൻ ഇവിടെ വരെയും വന്നത് ആണ്.. എല്ലാം കണ്ടു.. സമാധാനം ആയെടാ…. ഇനി പോയേക്കുവാ…

നെഞ്ചു തകർന്നു പറയുന്ന അമ്മയെ കണ്ടതും ഭദ്രന് സങ്കടം തോന്നി.

പക്ഷെ എന്ത് ചെയ്യാനാ…

വേറെ ഒരു നിവർത്തിയും ഇല്ല.

ഗീതേച്ചി…. കഴിഞ്ഞത് ഒക്കെ കഴിഞ്ഞു, ഇവന് ഈ പെണ്ണിനെ ഇഷ്ടം ആയത് കൊണ്ട് അല്ലേ, വിളിച്ചു ഇറക്കി കൊണ്ട് പോന്നത്…. ഇനി ബാക്കി കാര്യങ്ങൾ ഒക്കെ എങ്ങനെ ആണെന്ന് വെച്ചാൽ തീരുമാനം ഉണ്ടാക്കണ്ടെ…

എന്തോന്ന് തീരുമാനം ഉണ്ടാക്കാൻ ആണ് ശേഖരാ,, ഇവനിങ്ങനെ ഒക്കെ കാണിക്കും എന്ന് ഞാനോ എന്റെ പിള്ളേരോ സ്വപ്നത്തിൽ പോലും കരുതിയത് അല്ല…. ഞങ്ങളെ എല്ലാവരെയും ഇവൻ ചതിച്ചില്ലേ..എവിടെയോ കിടന്ന ഒരുത്തിയെ കണ്ടപ്പോൾ അവൻ വീട്ടിലുള്ള പിള്ളേരെ പോലും മറന്നു കളഞ്ഞു..

ഗീതമ്മ കണ്ണുനീർ തുടച്ചു കൊണ്ട് ഭദ്രനെ യും നന്ദനയെയും മാറി മാറി നോക്കി.

വാസു കൊച്ചേട്ടനോടു ഞാൻ ഇനി എന്ത് സമാധാനം പറയും, രശ്മി മോളെ കൊണ്ട് കെട്ടിക്കാൻ വേണ്ടി പൊന്നൊരുക്കി നോക്കി ഇരിക്കുവാ ആ പാവം..ആ പെങ്കൊച്ചിനെ ഇവൻ ചതിച്ചിട്ടു അല്ലേ ഈ നാശം പിടിച്ചവളെ കെട്ടി എടുത്തോണ്ട് വന്നേ..അത് പറഞ്ഞു കൊണ്ട് അവർ അവളുടെ തോളിൽ അടിക്കാൻ വന്നതും ഭദ്രൻ വേഗന്നു തന്നെ അവളെ പിടിച്ചു മാറ്റിയിരുന്നു..

അമ്മ ഇനി കൂടുതൽ ഒന്നും സംസാരിച്ചു നിക്കാതെ ചെല്ലാൻ നോക്ക്.. ആ പിള്ളേര് അവിടെ തനിച്ചാ ഒള്ളത്.

ഭദ്രൻ ഒച്ച വെച്ചു.

അവരെ കുറിച്ച് നിനക്ക് അതിനു എന്തേലും ബോധം ഉണ്ടോടാ… ഉണ്ടെങ്കിൽ നീ ഈ പരുപാടിയ്ക്ക് ഇറങ്ങുവാരുന്നോ നീയ് …..ഇഷ്ടം ആയിരുന്ന എങ്കിൽ നിനക്ക് എന്നോട് പറഞ്ഞൂടായിരുന്നോ, ഞാൻ നിന്റെ കെട്ടു നടത്തി തന്നേനെ….

ഗീത അവനെ നോക്കി.അപ്പോളേക്കും അവരുടെ മിഴികൾ ഈറൻ അണിഞ്ഞു.

ആഹ് ഇനി എന്തിനാ അതൊക്കെ പറയുന്നത്. കഴിഞ്ഞത് കഴിഞ്ഞു, വാസുവേട്ടനോട് നമ്മൾക്ക് കാര്യങ്ങൾ ഒക്കെ പറഞ്ഞു മനസിലാക്കാം… ചേച്ചി ആദ്യം വന്ന കാര്യം പറഞ്ഞിട്ട് പോകാൻ നോക്ക്..

രാജൻമാമൻ എന്താണ് പറഞ്ഞു വരുന്നത് എന്നറിയുവാൻ വേണ്ടി ഭദ്രൻ ആകാംഷയോടെ അമ്മയെ നോക്കി..

ഇപ്പൊ തത്കാലം ഒന്നും പറയാൻ മെനക്കെടുന്നില്ല…. ഏതായാലും എല്ലാം കണ്ടു കേട്ടു ബോധിച്ച സ്ഥിതിക്ക് നമ്മൾക്കു ഇറങ്ങാം രാജാ…..

ഇളയ ആങ്ങളയെ നോക്കി അത്രമാത്രം പറഞ്ഞു കൊണ്ട് അവര് മകനെ ഒന്നൂടെ നോക്കി കൊണ്ട് വേഗം അവിടെ നിന്നും പുറത്തേക്ക് ഇറങ്ങി പോയി.

അമ്മേ….ഒന്ന് നിൽക്കുവോ..

ഉറക്കെ വിളിച്ചു കൊണ്ട് അവരുടെ പിന്നാലെ ഓടി പോകാൻ തുനീഞ്ഞവളെ ഭദ്രൻ പിന്നിൽ നിന്നും വലിച്ചു. എന്നിട്ട് ചെന്നു വാതിൽ അടച്ചു കുറ്റിയിട്ടു.

ഭദ്രേട്ടാ….. ഞാൻ.. ഞാൻ അമ്മയോട് പറയാം, സംഭവിച്ച കാര്യങ്ങൾ ഒക്കെ, ഞാൻ പറഞ്ഞോളാം… എന്നേ ഒന്ന് വിടുന്നുണ്ടോ……

അവൾ അവന്റെ പിടിത്തം വിടുവിയ്ക്കുവാൻ ശ്രെമിച്ചു.

വേണ്ട….. നീ ഇനി ചെന്നു എന്ത് പറഞ്ഞാലും എന്റെ അമ്മ അതൊന്നും വിശ്വസിക്കില്ല..

എല്ലാം തകർന്നത് പോലെ അവൻ എവിടെയോ നോക്കി പറഞ്ഞു.

അങ്ങനെ അല്ല ഭദ്രേട്ടാ… ഞാൻ പറഞ്ഞോളാം, അമ്മയ്ക്ക് മനസിലാകും…. ഞാൻ പറഞ്ഞു കൊടുക്കാം നടന്ന കാര്യങ്ങൾ ഒക്കെ.. പ്ലീസ്.. ഒന്ന് സമ്മതിക്കുമോ..

വെളിയിൽ കിടന്ന വാഹനം സ്റ്റാർട്ട്‌ ചെയ്തതും അവൾ അവന്റെ കൈയിൽ കിടന്നു കുതറി..

വേണ്ടന്ന് അല്ലേടി. ******നിന്നോട് പറഞ്ഞത്…. കേറി പോകുന്നുണ്ടോ അകത്തേക്ക്…

അവളെ പിടിച്ചു ആഞ്ഞൊരു തള്ള് വെച്ചു കൊടുത്ത ശേഷം അവൻ കലി പുരണ്ടു കൊണ്ട് അവിടെ കിടന്ന മേശയിൽ തന്റെ കൈ കൊണ്ട് ആഞ്ഞിടിച്ചു.

അത് കണ്ടതും നന്ദന ഓടി വന്നു അവന്റെ കൈക്ക് കയറി പിടിച്ചു.

ഭദ്രേട്ടാ… എന്താ ഈ കാട്ടുന്നത്… വേദനിക്കും ഏട്ടന്…

അവൾ അവന്റെ കൈയിൽ കടന്നു പിടിച്ചു കൊണ്ട് അവനെ നോക്കി ഉറക്കേ കരഞ്ഞു.

എല്ലാത്തിനും കാരണം ഞാൻ ഒറ്റ ഒരുത്തിയാ…. അവനെ… അവനെ വിശ്വസിച്ചുപോയി.. അത് കൊണ്ടല്ലേ എനിക്ക് ഇങ്ങനെ എല്ലാം സംഭവിച്ചത്…. എന്നേ രക്ഷപെടുത്താൻ നോക്കിയവന്റെ അവസ്ഥ… അത് അതിനേക്കാൾ ഏറെ കുഴപ്പം ആയല്ലോ ഈശ്വരാ..

ഭദ്രൻ പോയി കിടന്ന ശേഷം അകത്തെ മുറിയിലെ കട്ടിലിൽ, ചുവരിൽ ചാരി ഇരിക്കുകയാണ് നന്ദന……

കരഞ്ഞു കരഞ്ഞു അവളുടെ കണ്ണീർ ഒക്കെ വറ്റി പോയെന്ന് തോന്നുന്നു..

പാവം എന്റെ അച്ഛനും അമ്മയും.. അതുപോലെ വേദനിക്കുകയാണ് ഭദ്രേട്ടന്റെ അമ്മയും….

എല്ലാ ശാപവും പേറി ഇനി ഇവിടെ തുടരാൻ താൻ ഒരുക്കം അല്ല…

അവൾ ചാടി എഴുന്നേറ്റു.

തുടരും

സപ്പോർട്ട് ചെയ്യണേ..