മരുമകൾ കൊടുത്ത വസ്ത്രങ്ങളടങ്ങിയ കവറും പിടിച്ച് ജാനകി ആത്മനിന്ദയോടെ നിന്നു…

Story written by Saji Thaiparambu
====================

എന്താ ജാനകീ, നിൻ്റെ വീട്ടിൽ തോരണവും പാട്ടും ബഹളവുമൊക്കെ ?അയൽവക്കത്തുള്ള ഞങ്ങളൊന്നുമറിഞ്ഞില്ലല്ലോ?

നീ അയൽവക്കത്തുള്ളതല്ലേ സരസൂ? ഈ വീട്ടിൽ കിടന്നുറങ്ങിയ ഞാനും എൻ്റെ കെട്ട്യോനും പോലും അറിയുന്നത് നേരം വെളുത്തപ്പോഴാണ്, മരുമോൾക്ക് ജോലി കിട്ടിയിട്ട് ആറ് മാസമായില്ലെ? അതിൻ്റെ അർദ്ധവാർഷികാഘോഷമാണ് ഇന്നിവിടെ നടക്കാൻ പോകുന്നത്.

അത് കൊള്ളാമല്ലോടീ, സാധാരണ എല്ലാവരും ഇരുപത്തിയഞ്ച് വർഷമൊക്കെ ആകുമ്പോൾ ആഘോഷം നടത്താറുണ്ട്, ആറ് മാസമാകുമ്പോൾ ആഘോഷം നടത്തുന്നത് ആദ്യമായിട്ട് കേൾക്കുവാ, ങ്ഹാ അല്ലേലും നിൻ്റെ മരുമോൾക്ക് ജോലി കിട്ടിയപ്പോൾ മുതൽ ഇത്തിരി അഹങ്കാരം കൂടുതലാണ്.

നീ പറഞ്ഞത് നേരാണ് സരസൂ, കൂലിപ്പണിക്കാരനായ എൻ്റെ മോൻ്റെ ചിലവിൽ കഴിഞ്ഞ സമയത്ത് കൊച്ചിൻ്റെ ബർത്ത് ഡേ പോലും നടത്താത്തവളാണ് ഇപ്പോൾ ഈ കോപ്രായമൊക്കെ കാണിക്കുന്നത്. ഞാൻ പറഞ്ഞാൽ കൂടിപ്പോകും, എന്തേലും ചെയ്യട്ടെ. മക്കടെ ചിലവിൽ കഴിയുമ്പോൾ ഇതും ഇതിനപ്പുറവും സഹിക്കണം.

നീരസത്തോടെ പിറുപിറുത്ത് കൊണ്ട് ജാനകി അകത്തേയ്ക്ക് കയറിപ്പോയി.

കുറച്ച് കഴിഞ്ഞപ്പോൾ ക്ഷണിക്കപ്പെട്ടവരൊക്കെ വരാൻ തുടങ്ങി, മകൻ്റെ കൂട്ടുകാരാണ് ആദ്യം വന്നത്

അമ്മയും അച്ഛനും ഇത് വരെ റെഡിയായില്ലേ? അമ്മേ, ദേ എൻ്റെ ഓഫീസിലെ മുതിർന്ന ഉദ്യോഗസ്ഥരൊക്കെ ഇന്ന് വരും, അപ്പോൾ അവരുടെ മുന്നിൽ നമ്മള് കുറച്ച് സ്റ്റാൻഡേഡായിട്ട് വേണം നില്ക്കാൻ. നിങ്ങൾക്ക് രണ്ട് പേർക്കും ഞാൻ പുതിയ ഡ്രെസ്സ് വാങ്ങിയിട്ടുണ്ട്. ഇന്നെങ്കിലും പഴകി നരച്ച ഡ്രെസ്സ് മാറ്റിയിട്ട് ഞാൻ തരുന്നതിട്ടോണ്ട് വേണം ഇവിടെ നില്ക്കാൻ. അല്ലാതെ ദയവ് ചെയ്ത് എന്നെ നാണം കെടുത്തരുത്…

മരുമകൾ കൊടുത്ത വസ്ത്രങ്ങളടങ്ങിയ കവറും പിടിച്ച് ജാനകി ആത്മനിന്ദയോടെ നിന്നു.

ഉച്ചയോട് കൂടി അതിഥികളുടെ എണ്ണം കൂടിക്കൂടി വന്നു. വന്നവരിൽ അധികവും ജാനകിയുടെയും ഭർത്താവിൻ്റെയും സഹോദരങ്ങളും ബന്ധുക്കളുമൊക്കെ ആയിരുന്നു.

ഓഹ്, അർദ്ധ പട്ടിണിക്കാരായ നമ്മുടെ ബന്ധുക്കളുടെ മുന്നിൽ പത്രാസ് കാണിക്കാനാണ് അവരെ കൂടെ വിളിച്ചതെന്ന് തോന്നുന്നു.

ജാനകി, ഭർത്താവിനോട് ഈർഷ്യയോടെ പറഞ്ഞു.

ഈ സമയത്ത്, പുറത്തൊരു ഇന്നോവ കാറ് വന്ന് നിന്നു, അതിൽ നിന്നും അപരിചിതരായ നാലഞ്ച് പേർ ഇറങ്ങി വന്നു.

കണ്ടിട്ട് അവളുടെ ഓഫീസിലെ സാറന്മാരാണെന്ന് തോന്നുന്നു ജാനകീ…

ദിവാകരൻ ഭാര്യയോട് പറഞ്ഞു.

എന്നാൽ പിന്നെ നമുക്ക് തുടങ്ങാം നീരജേ, എവിടെ ഇന്നത്തെ നമ്മുടെ മുഖ്യാതിഥികൾ ?

കൂട്ടത്തിൽ മുതിർന്ന ഉദ്യോഗസ്ഥനെന്ന് തോന്നിച്ച ആള് ചോദിച്ചു

ഞാൻ വിളിക്കാം സർ…നീരജ വിനയത്തോടെ പറഞ്ഞു.

അമ്മേ അച്ഛാ ഇങ്ങോട്ട് വരു.

ഇവളെന്തിനാ നമ്മളെ വിളിക്കുന്നത്? എനിക്കാണെങ്കിൽ വല്യ വല്യ ആൾക്കാരുടെ മുന്നിൽ ചെന്ന് നില്ക്കാൻ തന്നെ ഒരു മടിയാ…

ജാനകി ജാള്യതയോടെ പറഞ്ഞു.

വാ, അവള് വിളിച്ച സ്ഥിതിക്ക് എന്തായാലും ചെല്ലാതിരിക്കാൻ പറ്റില്ലല്ലോ?

ദിവാകരൻ ജാനകിയുടെ കൈയ്യിൽ പിടിച്ച് വലിച്ച് കൊണ്ട്, വീടിൻ്റെ അലങ്കരിച്ച ഹാളിലേക്ക് ചെന്നു.

ഇതാണ് സാർ, ഞങ്ങടെ അച്ഛനും അമ്മയും…കല്യാണം കഴിഞ്ഞിട്ട് ഇന്ന് മുപ്പത് വർഷം തികയുന്നു. ഞാൻ കല്യാണം കഴിഞ്ഞ് ഈ വീട്ടിൽ എത്തിയിട്ട് മൂന്ന് വർഷം കഴിഞ്ഞു. അതിന് മുൻപോ ശേഷമോ ഇവരിത് വരെ വിവാഹ വാർഷികം ആഘോഷിച്ചിട്ടില്ല. അത് മറ്റൊന്നുമല്ല സർ, കൂലിപ്പണി ചെയ്താണ് എൻ്റെ ഭർത്താവിനെയും സഹോദരിമാരെയുമൊക്കെ ഇവർ വളർത്തിയത്. അത് പോലെ തന്നെ എൻ്റെ ഭർത്താവും ഒരു കൂലിപ്പണിക്കാരനാണ്. ജീവിതത്തിൻ്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനുള്ള തത്രപ്പാടിൽ, സന്തോഷകരമായ ഇത്തരം മുഹൂർത്തങ്ങളെക്കുറിച്ച് അവർക്ക് ചിന്തിക്കാൻ പോലും കഴിഞ്ഞില്ല എന്നുള്ളതാണ് സത്യം. എങ്കിലും ഇത്തരം ആഘോഷങ്ങളൊക്കെ നാട്ടിൽ നടക്കുന്നുണ്ടെന്ന് അറിയുമ്പോൾ, അവരുടെ ഉള്ളിലും ഒരു ആഗ്രഹമുണ്ടാവുമല്ലോ സർ ? വൈമനസ്യം കൊണ്ട്, മക്കളോട് തുറന്ന് പറയാൻ കഴിയാതെ സ്വയം ഉള്ളിലൊതുക്കുന്ന ഇത്തരം ചെറിയ ആഘോഷങ്ങളെങ്കിലും നടത്തിക്കൊടുക്കേണ്ടത്, മകനും മരുമകളും എന്ന നിലയ്ക്ക് ഞങ്ങളുടെ കടമയായി തോന്നി. അത് കൊണ്ടാണ് ഇന്നിവിടെ ഇങ്ങനെയൊരു ചടങ്ങ് സംഘടിപ്പിച്ചത്. സാറ് വേണം അവരെ ഈ പൊന്നാട അണിയിക്കാൻ….

എല്ലാം കേട്ട് ജാനകിയും, ദിവാകരനും അന്തം വിട്ട് നില്ക്കുമ്പോൾ കൂടി നിന്നവരെല്ലാം ക്ളാപ്പടിക്കുകയായിരുന്നു.