റിസോർട്ടിലെ ബാൽക്കണിയിൽ ഇരുന്നു കൊണ്ട് ജെസീക്ക തന്റെ മമ്മി പറഞ്ഞിരുന്ന…

ജൂതത്തെരുവ്
എഴുത്ത്: സലീന സലാവുദീൻ
=====================

കൊച്ചി ഇന്റർനാഷണൽ എയർപോർട്ടിൽ വന്നിറങ്ങിയ ജെസീക്ക അബ്രഹാം ഫിലിപ്പോസ്, താൻ വായിച്ചറിഞ്ഞ ഗോഡ്സ് ഓൺ കൺട്രിയെ കുറിച്ച് ഓർത്തു കൊണ്ട് എയർപോർട്ടിനു പുറത്തിറങ്ങി ടാക്സി അന്വേഷിച്ചു.

ഏതാനും നിമിഷങ്ങൾക്കകം കഴിഞ്ഞപ്പോൾ തന്നെ കൂട്ടി കൊണ്ട് പോകാൻ വന്ന ടാക്സിയിൽ കയറി അവൾ മട്ടാഞ്ചേരി ജൂതത്തെരുവിനെ ലക്ഷ്യം വെച്ചു പോയി.

ഏകദേശം മുക്കാൽ മണിക്കൂർ കഴിഞ്ഞപ്പോൾ നേരത്തെ ഓൺലൈനിൽ ബുക്ക് ചെയ്തിരുന്ന ജൂതത്തെരുവിലെ റിസോർട്ടിൽ അവൾ എത്തിച്ചേർന്നു.

ഏകദേശം നാൽപ്പതു വർഷങ്ങൾക്കു മുമ്പ് മട്ടാഞ്ചേരിയിലെ ജൂതത്തെരുവിൽ നിന്നും ഇസ്രായേലിലേക്ക് കുടിയേറിയ അവളുടെ അമ്മ സാന്റാമോണിക്കയിൽ നിന്ന് കേട്ടറിഞ്ഞ തന്റെ കുടുംബത്തിന്റെ വേരുകൾ തേടിയുള്ള യാത്രയാണിത്.

ഇക്കഴിഞ്ഞ ഇസ്രായേൽ പലസ്തീൻ യുദ്ധത്തിൽ ബന്ദിയാക്കിയ ഇസ്രായേൽ സൈന്യത്തിലെ അവളുടെ അമ്മ കൊല്ലപ്പെടുന്നതിന് മുമ്പേ പറഞ്ഞു വെച്ച ചില രഹസ്യങ്ങളുടെ ചുരുൾ അഴിക്കാനാണ് ജസീക്കയുടെ ഇപ്പോഴത്തെ ആഗമനോദേശ്യം.

കൊച്ചിയിലെ മട്ടാഞ്ചേരിയിൽ കുടിയേറി പാർത്തിരുന്ന ജൂതന്മാരുടെ പരമ്പരയിലെ കണ്ണിയാണ് ജസീക്കയുടെ മാതാപിതാക്കൾ. മുത്തച്ഛനും മുത്തശ്ശിയും അന്തിയുറങ്ങുന്നത്  കൊച്ചിയിലെ മട്ടാഞ്ചേരി ജൂതത്തെരുവിലെ സെമിത്തേരിയിലാണ്.

മട്ടാഞ്ചേരിയിലെ ജൂതന്മാരുടെ പ്രാർത്ഥനാലയമായ പർദേശി സിനഗോഗ് കാണാൻ ഇംഗ്ലണ്ടിൽ നിന്ന് സന്ദർശനത്തിന് വന്ന വില്യം ഫെർണാണ്ടസ്, സിനഗോഗിലെ പ്രാർത്ഥന വേളയിൽ കണ്ടു മുട്ടിയ സാന്റമോണിക്കയെ പ്രണയിച്ചു വിവാഹം കഴിച്ചു. ഏറെ നാൾ ജൂത തെരുവിൽ താമസിച്ച ഫെർണാണ്ടസ് ഒരിക്കൽ സാന്റമോണിക്കയെ കൂട്ടി ഇംഗ്ലണ്ടിലേക്ക് പോയി.

രോഗബാധിതയായ സാന്റമോണിക്കയുടെ മാതാപിതാക്കളുടെ നിർബന്ധ പ്രകാരം മട്ടാഞ്ചേരിയിലെ ജൂത തെരുവിൽ തിരിച്ചെത്തിയ അവർ എറെനാൾ തന്റെ മാതാപിതാക്കളെ പരിചരിച്ചു കൂടെകഴിഞ്ഞു. പക്ഷെ ഈ അവസ്ഥയിൽ തന്റെ കൂടെ വരാതിരുന്ന ഫെർണാസിനെ ഓർത്തു സാന്റമോണിക്ക വിഷമിച്ചു.

ഇതിനിടയിലും കത്തുകൾ അയച്ചു സാന്റയും ഫെർണാണ്ടസും വിശേഷങ്ങൾ പങ്കു വെച്ച് കൊണ്ടിരുന്നു. അസുഖം കൂടുതലായി സാന്റയുടെ മമ്മി മരണ കിടക്കയിൽ ആയപ്പോൾ ഫെർണണ്ടസ്‌ കൊച്ചിയിലേക്ക് വന്നു. ഏതാനും ദിവസം കഴിഞ്ഞപ്പോൾ മമ്മി മരിച്ചു. മൃതദേഹം ജൂത സെമിത്തേരിയിൽ അടക്കവും കഴിഞ്ഞ നേരം ഫെർണാണ്ടസ്‌ സാന്റയെ കൂട്ടി ഇംഗ്ലണ്ടിലേക്ക് പോകാനൊരുങ്ങി. പക്ഷെ പപ്പയെ ഒറ്റക്കാക്കി പോകാൻ മനസ് വിഷമിച്ച സാന്റ, ഫെർണണ്ടാസിന്റെ കൂടെ പോകാൻ തയ്യാറായില്ല.

സുന്ദരിയായ സാന്റയെ പിരിയാൻ മനസ്സില്ലാത്ത ഫെർണാണ്ടസ്‌ പിന്നെ കുറെ കാലം ജൂത തെരുവിൽ തന്നെ താമസിച്ചു. രണ്ടു ആൺകുട്ടികളുമായി സന്തോഷമായി കഴിഞ്ഞു.

ഇതിനിടയിൽ ബിസിനസ് ആവശ്യത്തിന് വേണ്ടി ഇംഗ്ലണ്ടിലേക്ക് പോയ ഫെർണാണ്ടസ് അവിടെ വച്ച് ഒരു കാർ ആക്സിഡന്റിൽ മരിക്കൂന്നു. കുറച്ചൂ നാൾ കഴിഞ്ഞ് കൊച്ചി മറൈൻ ഡ്രൈവിലെ ഒരു ബോട്ട് അപകടത്തിൽ പെട്ടു പപ്പയും മരിച്ചതോടെ സാന്റ അതീവ ദുഖിതയായി.

ഈ അവസരത്തിലാണ് ഒരു വിഭാഗം ജൂതന്മാർ മട്ടാഞ്ചേരിയിൽ നിന്നും ഇസ്രായേലിലേക്ക് കുടിയേറി കൊണ്ടിരുന്നത്.

വർഷങ്ങൾ കഴിഞ്ഞു ഇസ്രായേലി സൈന്യത്തിൽ ജോലി ചെയ്തിരുന്ന ജൂത തെരുവിലെ അബ്രഹാം ഫിലിപ്പോസ് സുന്ദരിയായ സാന്റയെ രണ്ടാം വിവാഹം കഴിച്ചു ഇസ്രായിലേക്ക് കൊണ്ട് പോയി. തന്റെ രണ്ടു ആൺകുട്ടികളെയും കൂടെ കൂട്ടി പോയ സാന്റ താമസിയാതെ  മൂന്നാമതൊരു പെൺകുട്ടിക്ക് കൂടി ജന്മം നൽകി. അവളുടെ പേരാണ് ജെസീക്കാ അബ്രഹാം ഫിലിപ്പോസ്.

ജെസീക്ക ജനിച്ചു പത്തു വർഷങ്ങൾക്കു ശേഷം അവളുടെ പപ്പ അബ്രഹാം ഫിലിപ്പോസ് യുദ്ധത്തിൽ മരണപ്പെട്ടു. അതോടെ ജീവിക്കാനുള്ള വാശിയിൽ അവളുടെ മമ്മി സാന്റയും ഇസ്രായേൽ സൈന്യത്തിൽ ചേർന്നു. ഇരുപത്തഞ്ചു വർഷങ്ങൾക്കു ശേഷം യുദ്ധത്തിൽ തന്നെ അവളുടെ മമ്മി സാന്റയും മരിച്ചു.

റിസോർട്ടിലെ ബാൽക്കണിയിൽ ഇരുന്നു കൊണ്ട് ജെസീക്ക തന്റെ മമ്മി പറഞ്ഞിരുന്ന ഓരൊ കാര്യങ്ങളും ഓർത്തെടുക്കാൻ ശ്രമിക്കുകയായിരുന്നു.

സെമിത്തേരിയിൽ മുത്തശ്ശിയുടെയും മുത്തച്ഛന്റെയും കല്ലറയിൽ പോയി പൂക്കൾ വെച്ച് പ്രാർത്ഥിക്കണം. തന്റെ പപ്പയുടെ വീട്ടുകാർ ആരെങ്കിലും ജീവിച്ചിരിപ്പുണ്ടോ എന്നും അന്വേക്ഷിക്കണം.

പപ്പയുടെ മമ്മ മരിച്ചപ്പോൾ കുഞ്ഞായ തന്നെയുമെടുത്തു മമ്മി ഒരിക്കൽ മാത്രം ജൂതത്തെരുവിൽ വന്നു മടങ്ങിയെന്നു പറഞ്ഞിരുന്നു.  

തന്റെ മൂത്ത ചേട്ടന്മാർ വലുതായപ്പോൾ അവരുടെ പപ്പയുടെ നാടായ ഇംഗ്ലണ്ടിൽ അവർ ചേക്കേറിയിരുന്നു. പിന്നീട് വല്ലപ്പോഴും വിരുന്നു വരുന്നവരായി അവർ മാറി. അവർ വിവാഹം കഴിഞ്ഞു കുടുംബമായി ഇംഗ്ലണ്ടിൽ തന്നെ സ്ഥിര താമസം ആക്കിയിരുന്നു. തന്നെയും മമ്മിയെയും അവിടെക്ക് ക്ഷണിച്ചിരുന്നു എങ്കിലും മമ്മിക്കു പോകാൻ താല്പര്യമില്ലായിരുന്നു. കാരണം അവർ രണ്ടു പേരും ഇംഗ്ലണ്ടിൽ ചേക്കേറിയപ്പോൾ തന്നെ ജൂത മതത്തിൽ നിന്നും ക്രിസ്തുവിലേക്കുള്ള പാത പിന്തുടർന്ന് ക്രിസ്തുമതം സ്വീകരിച്ചിരുന്നു. എന്നാൽ എന്റെ മമ്മിക്കു ഞാനൊരു ജൂത പെൺകുട്ടിയായി തന്നെ ജീവിക്കണമെന്ന് നിർബന്ധം ഉണ്ടായിരുന്നു.

ഏറെ ദിവസം ഒരു ഗൈഡിന്റെ സഹായത്തോടെ കൊച്ചി മുഴുവൻ കറങ്ങി നടന്നു കൊച്ചിയുടെ ചരിത്രം മുഴുവൻ മനസ്സിലാക്കിയതിന് ശേഷം റിസോർട്ട് ഉടമയായ വിൽഫ്രഡ്‌ മോറിസണിനോട് തന്റെ ആഗമനോദേശം ജസീക്ക വെളിപ്പെടുത്തി.

തന്നെ സഹായിക്കാമെന്നു പറഞ്ഞ വിൽഫ്രഡ്‌ ജെസീക്കയെ ജൂത തെരുവിലേക്ക് വിളിച്ചു കൊണ്ട് പോയി എല്ലാ കുടുംബത്തിലും കയറി പൂർവ്വികരുടെ പശ്ചാത്തലവും പേരും അന്വേഷിച്ചു കൊണ്ടിരുന്നു.

മാസങ്ങൾ കഴിഞ്ഞു അവസാനം വിൽഫ്രഡ്‌ തന്റെ കുടുംബത്തിലേക്ക് ജെസീക്കയെ കൂട്ടി പോയി വിവരങ്ങൾ അന്വേഷിച്ചു. പറഞ്ഞു വന്നപ്പോൾ താൻ അന്വേഷിച്ചു നടന്ന ജസീക്കയുടെ പപ്പയുടെ കുടുംബം തന്റേതാണെന്ന് വിൽഫ്രഡ്‌ മനസിലാക്കുന്നു.

ഇതിനിടയിൽ മാനസികമായും ശരീരികമായും അടുത്ത വിൽഫ്രഡും ജസീക്കയും ആ സത്യം മനസിലാക്കുന്നു.

ഇരുപത്തഞ്ചു വർഷം മുമ്പ് ജസീക്കയുടെ പപ്പ മരിക്കുന്നത് വരെ നാട്ടിൽ തന്റെ സഹോദരങ്ങൾക്കും കുടുംബത്തിനും കാശ് അയച്ചു സംരക്ഷിച്ചിരുന്ന തന്റെ അങ്കിൾ അബ്രഹാം ഫിലിപ്പോസിന്റെ മകളാണ് ജസീക്ക എന്നറിഞ്ഞപ്പോൾ സന്തോഷം കൊണ്ട് വിൽഫ്രഡ്‌ ജെസീക്കയെ കെട്ടിപ്പിടിച്ചു.

ഫിലിപ്പോസ് അങ്കിളിന്റെ മരണം ഒന്നും നാട്ടിൽ ആരുമറിഞ്ഞില്ല. അതുവരെ വന്നു കൊണ്ടിരുന്ന കാശ് നിലച്ചപ്പോൾ ഗത്യന്തരമില്ലാതെ കുടുംബത്തിലുള്ള ഞങ്ങൾ ചെറിയ കുട്ടികൾ കൊച്ചി കായലിൽ മീൻ പിടിക്കാൻ പോയി. പഠനത്തോടൊപ്പം നല്ലൊരു വരുമാനം കയ്യിൽ വരാൻ തുടങ്ങിയപ്പോൾ ചെറിയ ബോട്ടുകൾ വാടകയ്ക്ക് എടുത്തു പുറം കടലിൽ പോയി വലയിടാൻ തുടങ്ങി.

പിന്നെയൊരു കുതിച്ചു ചാട്ടമായിരുന്നു. ഞങ്ങൾ എല്ലാ കസിൻസും ചേർന്നു ലോൺ എടുത്ത കാശു കൊണ്ട് ഒരു ബോട്ട് വാങ്ങി. അഞ്ച് വർഷം കൊണ്ട്  അഞ്ച് ബോട്ടുകൾ ഞങ്ങൾ അഞ്ച് കസിൻസും ചേർന്നു സ്വന്തമാക്കി.

പിന്നെയാണ് ഞങ്ങൾ അഞ്ച് പേരും ചേർന്നു ഫോർട്ട്‌ കൊച്ചിയിൽ ഒരു സീഫുഡ് റെസ്റ്റോറന്റ് തുടങ്ങിയത്. അതൊരു വൻ വിജയമായിരുന്നു. പിന്നീട് ഞങ്ങൾ ഒരു ഹോട്ടൽ ശൃംഖലക്ക് തന്നെ തുടക്കമിട്ടു. ഇപ്പോൾ മട്ടാഞ്ചേരി, ഫോർട്ട്‌ കൊച്ചി , മറൈൻ ഡ്രൈവ്, പാലാരിവട്ടം, വില്ലിങ്ഡൺ ദീപ് എന്നിവിടങ്ങളിൽ റിസോർട്ടുകളുമുണ്ട്.

ഈ കഠിനധ്വാനത്തിനും ഉയർച്ചക്കും കാരണക്കാരനായ ഫിലിപ്പോസ് അങ്കിളിന്റെ മകളെ തന്നെ ഞാൻ വിവാഹം കഴിക്കുന്നുവെന്നു വിൽഫ്രഡ് പ്രഖ്യാപിച്ചു.

മറ്റു നാലു കസിൻസും വിവാഹം കഴിച്ചിട്ടും വിവാഹം വേണ്ടെന്നു പറഞ്ഞു മാറിനിന്ന വിൽഫ്രഡിന്‌ ഇതൊരു ദൈവനിയോഗമായി കരുതാനാണിഷ്ടം.

വിൽഫ്രഡിന്റേയും ജസീക്കയുടെയും വിവാഹം ആ ജൂതത്തെരുവിലെ ഏറ്റവും വലിയ രാജാകീയ വിവാഹമായിരുന്നു. ജസീക്ക അവളുടെ മമ്മിയുടെ ആഗ്രഹം പോലെ തന്നെ ഒരു ജൂത പെൺകുട്ടിയായി ജൂതത്തെരുവിലെ മണി മാളികയിൽ രാഞ്ജിയെ പോലെ ജീവിച്ചു.

~സലീന സലാവുദീൻ
ചിറയിൻകീഴ്