സഹയാത്രികൻ
Story written by Athira Sivadas
===================
ഇന്നും പതിവ് പോലെ ആറ് ഇരുപതിന്റെ കൊല്ലം എറണാകുളം മെമു താമസിച്ചു തന്നെയാണ് വന്നത്.
സമയം ആറേമുക്കാലിനോട് അടുക്കുന്നു…ചെങ്ങന്നൂരിൽ നിന്ന് കയറുന്നവരിൽ പലമുഖങ്ങളും പരിചിതമാണ്. ഓരോ തിങ്കളാഴ്ചയും ഞാനിവരെയൊക്കെ കാണാറുണ്ട്. ഒരുപക്ഷേ എനിക്ക് അറിയാവുന്നത് പോലെ അവർക്കും എന്നെ അറിയാമായിരിക്കും. അവരും എന്നെ ശ്രദ്ധിച്ചിട്ടുണ്ടാവണം. അപരിചിതരായ പരിചിതർ.
ചില ദിവസങ്ങളിൽ തിരക്ക് കുറവും മറ്റുചില ദിവസങ്ങളിൽ തിരക്ക് കൂടുതലുമായിരിക്കും. തിങ്കളാഴ്ചകളിൽ തിരക്ക് കുറയുന്നത് ഒരു അതിശയമാണെങ്കിലും ആ അതിശയം ഇന്നും സംഭവിച്ചു. ഞാൻ കയറുമ്പോൾ ഇരിക്കാനൊരു സീറ്റ് ഒഴിവുകിട്ടി. തോളിൽ കിടന്ന ബാഗ് ഊരി മടിയിൽ വച്ചു ഹെഡ് സെറ്റ് ഫോണിൽ കണക്ട് ചെയ്ത് വിദ്യാജിയുടെ “പിന്നെയും പിന്നെയും ആരോ കിനാവിന്റെ” എന്ന സംഗീതവിസ്മയവും കേട്ട് ഞാനിരുന്നു.
കോട്ടയം വരെ ഏതൊക്കെയോ പാട്ടുകളിലൂടെ അങ്ങ് ഒഴുകിയെത്തി. പതിവ് പോലെ ഇന്നും കോട്ടയത്തു വച്ച് അയാളും കയറി. അയാൾ എന്ന് പറഞ്ഞാൽ അയാൾ. അത്രയേ അറിയൂ. കാഴ്ചയിൽ നല്ല നീളമുള്ള ഉറച്ച ശരീരമുള്ള സുന്ദരനായൊരു മുപ്പതുകാരന്റെ മട്ടൊക്കെയുണ്ട്.
വലിയ ഫ്രെയിമുള്ളൊരു കണ്ണടയും അല്പം വലിപ്പം കൂടിയൊരു ജുബ്ബയുമാണ് പതിവ് വേഷം. കയ്യിൽ എപ്പോഴുമൊരു ബാഗ് ഉണ്ടാവും. അതിൽ എന്താവും എന്നറിയാനുള്ള പതിവ് ജിജ്ഞാസ എനിക്ക് ഇന്നും ഉണ്ടായിരുന്നു.
ഇയാൾക്ക് ഈ താടിയും മുടിയും ഒക്കെയൊന്ന് വെട്ടി ഒതുക്കിക്കൂടെ എന്ന് അയാളെ കാണുമ്പോഴൊക്കെ ഞാൻ ഓർക്കാറുണ്ട്. ഒരുപാട് അടുപ്പമുണ്ടായിരുന്നെങ്കിൽ പോയി പറയാമായിരുന്നു, അല്ലെങ്കിൽ നിർബന്ധിച്ച് ഏതെങ്കിലും ബാർബർ ഷോപ്പിലേക്ക് കൂട്ടിക്കൊണ്ട് പോയി ബാർബർക്ക് നിർദ്ദേശങ്ങൾ കൊടുത്ത് എനിക്കിഷ്ടമുള്ളത് പോലെ ചെയ്യിപ്പിക്കാമായിരുന്നു.
പക്ഷേ ഒരുപാട് അടുപ്പം പോയിട്ട്, ഞാനെന്നൊരാൾ ഈ ട്രെയിനിൽ യാത്ര ചെയ്യുന്നത് അയാൾ അറിയുന്നുണ്ടോ എന്നത് പോലും സംശയമാണ്.
എന്തുകൊണ്ടെന്നാൽ ഒരു ചിരി കൊണ്ടുപോലും ഞാനിതുവരെ അയാളെ പരിചയപ്പെട്ടിട്ടില്ല, ഒരു ചായ കുടിച്ച് സലാം പറഞ്ഞ് ഒരിക്കൽ പോലും വിശേഷങ്ങൾ പങ്ക് വച്ചിട്ടില്ല. അയാളുടേ പേര് കൂടി അറിയില്ല.
എന്നും കാണുന്നൊരു അപരിചിതൻ, എന്നതിനപ്പുറം എനിക്കയാളെ പറ്റി ഒന്നും തന്നെ അറിയില്ല. എങ്കിലും ഈ അപരിചിതത്വത്തിനൊരു സുഖമുണ്ട്. എനിക്കിഷ്ടമുള്ളത് പോലെ അയാളെക്കുറിച്ച് എന്തെങ്കിലുമൊക്കെ ഭാവനയിൽ മെനഞ്ഞു വെക്കാമല്ലോ.
ഇടക്ക് തോന്നും അയാളൊരു കവിയാണെന്നും ബാഗിൽ നിറയെ കവിതകളാണെന്നും. ഏതെങ്കിലുമൊരു റെയിൽവേ സ്റ്റേഷനിലെ ഇരുമ്പു ബെഞ്ചിലിരുന്ന് ഏറ്റവും പ്രിയപ്പെട്ട കവിത അയാളെനിക്ക് വായിച്ചു തരുന്നത് ഞാനിടയ്ക്കിടെ സങ്കൽപ്പിക്കാറുണ്ട്. ഇയാൾക്കൊപ്പം മേലാറ്റൂർ വരെയൊന്ന് പോകണം. വെറുതെ തോന്നിയിരാഗ്രഹമാണ്. കൊഴിഞ്ഞു വീണ വാകപ്പൂക്കളെ നോവിക്കാതെ അയാളുടേ ഉള്ളം കയ്യിലെന്റെ കൈ ചേർത്ത് വച്ചു ചുമ്മാ നടക്കണം. ഇടക്ക് വലിയ ഫ്രെയിമുള്ള കണ്ണട അയാളുടേ മുഖത്ത് നിന്നും തട്ടിയെടുത്ത് ദൂരേക്ക് ഓടണം.
കണ്ണട തിരികെ നേടാൻ അയാളെന്റെ പിന്നാലെ ഓടിവരുമായിരിക്കാം. ഇടുപ്പിൽ പിടിച്ചു നെഞ്ചിലേക്ക് ചേർത്ത് ശ്രദ്ധയോടെ കണ്ണട എന്റെ കയ്യിൽ നിന്നും വാങ്ങുമായിരിക്കും. അയാളുടേ ഇക്കിളിപ്പെടുത്തുന്ന സ്പർശനത്തിൽ നിന്ന് അടർന്നു മാറാൻ കഴിയാതെ അല്പനേരം കൂടെ ഞാൻ അങ്ങനെ തന്നെ നിൽക്കുമായിരിക്കും.
ചിന്തകൾ ഒടുങ്ങുമ്പോഴേക്കും ട്രെയിൻ എറണാകുളം സൗത്തിൽ എത്തിയിരുന്നു. ട്രെയിൻ നിർത്തിയതും അയാൾ വേഗത്തിൽ ഇറങ്ങി നടന്നു. ഞാനെന്റെ ജീവിതത്തിന്റെ സ്ഥിരം തിരക്കുകളിലേക്കും. പതിവ് പോലെ ജീവിതത്തിന്റെ തിരക്കുകളിലേക്ക് ഞാനും. ഇന്ന് ഞാനയാളെ എന്റെ തിരക്കുകൾക്കിടയിലും പതിവിലും കൂടുതൽ തവണ ഓർത്തിരുന്നു. എന്തേ ഇത്ര പുതുമ എന്ന് ഞാനോർത്തിരുന്നു. സ്ഥിരം ഭ്രാന്തുകൾക്ക് മീതെ ഇന്നയാളെന്റെ ചിന്തകൾക്ക് മുകളിലൊരു പടുകൂറ്റൻ കഴുകനെ പോലെ പറന്നു നടന്നിരുന്നു.
നിർഭാഗ്യമെന്നു പറയട്ടെ, പിന്നീടുള്ള ഒരാഴ്ച അയാളെ ട്രെയിനിൽ കണ്ടതേയില്ല. എനിക്കെന്തോ വല്ലാത്തൊരു ബുദ്ധിമുട്ട് തോന്നുന്നുണ്ടായിരുന്നു. അയാളില്ലാത്ത വിരസത നിറഞ്ഞ യാത്രകൾ. ചെങ്ങന്നൂരിൽ നിന്നും എറണാകുളം വരെ ഇത്രയും ധൈര്ക്യം നിറഞ്ഞ യാത്രയുണ്ടായിരുന്നെന്ന് അയാൾ പോയതിൽ പിന്നെയാണ് ഞാനറിഞ്ഞത്. ഒരാഴ്ച ഒരു മാസമായത് വളരെ ബുദ്ധിമുട്ടൊടെ ഞാനറിഞ്ഞു.
പേരറിയില്ല…നാടറിയില്ല…ഒന്നും ചോദിക്കാഞ്ഞതിൽ ഒന്ന് പരിചയപ്പെടാഞ്ഞതിൽ എനിക്ക് ഭയങ്കരമായ കുറ്റബോധം തോന്നി. ഒന്ന് തിരക്കിചെല്ലേണ്ട സ്ഥലമേതെന്നറിയാതെ ആദ്യം ചോദിക്കേണ്ടതാരോടാണെന്നറിയാതെ എനിക്ക് വല്ലാത്ത പ്രയാസം തോന്നി.
ഒരു നിമിഷത്തിൽ അയാൾ മരിച്ചു പോയിട്ടുണ്ടാകുമോ എന്ന് വരെ ഞാൻ ഭയന്നിരുന്നു.
അയാളുടെ അഭാവം എന്തുകൊണ്ട് എന്നെ ഇത്രമേൽ അലട്ടുന്നു എന്നതൊരു ചോദ്യം തന്നെയായിരുന്നു. അപരിചിതനോട് തോന്നിയ പ്രണയം എന്നാ വിരോധാഭാസത്തെ ഞാൻ മനഃപൂർവം മറന്നത് പോലെ നടിച്ചു.
പക്ഷേ അയാളെനിക്ക് ആരോ ആയിരുന്നു. ഏതോ ഒരു അദൃശ്യ നൂലിനാൽ ഞാനുമായി ബന്ധിക്കപ്പെട്ട ഒരു കണ്ണിയാണ് അയാൾ എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. എന്തോ ഒരു കാരണം കൊണ്ട് ഞാൻ ജീവിതകാലം മുഴുവൻ അയാളെ ഓർക്കുമായിരിക്കാം…നിരുപാധികം സ്നേഹിച്ചുകൊണ്ടേയിരുന്നേക്കാം….