Story written by Sowmya Sahadevan
======================
കോഫി ഷോപ്പിൽ നിറഞ്ഞു നിൽക്കുന്ന ചിരിയുടെ ബഹളം കേട്ടപ്പോൾ ആണ്. കിച്ചണിൽ നിന്നും പുറത്തേക്കൊന്നു എത്തി നോക്കിയത്.
രണ്ട് ചെറുപ്പകാർക്കൊപ്പം ഒരു പെണ്ണും കൂടെ ഇരുന്നു അല അലയായി ചിരിക്കുന്നു. കുറച്ചു നാളുകളായി ചിരി കേൾക്കുന്നതേ എനിക്ക് ഇഷ്ടമില്ലായിരുന്നു.
ശമ്പളം കൂടുതൽ ഉള്ളതുകൊണ്ടാണ് നഗരത്തിലെ കോഫിഷോപ്പിലെ ജോലിക്ക് കയറിയത്. ജീവിതം അറ്റം മുട്ടിക്കാനാവാത്ത എനിക്ക് എന്തുകൊണ്ടോ ആളുകളെ കാണുന്നതിനേക്കാൾ പ്രിയപ്പെട്ടതായി ആ കിച്ചൻ മാറിയിരുന്നു. ഓർമ്മ വച്ചപ്പോൾ തൊട്ടു ജീവിതത്തെ അടുക്കള ഓരങ്ങളിലൂടെ മാത്രമേ എനിക്ക് തൃപ്തമാകാൻ സാധിച്ചിരുന്നുള്ളു. അതിനാൽ ഒരു മാസം കൊണ്ടു തന്നെ എനിക്ക് ഈ കിച്ചൻ പ്രിയപ്പെട്ടതായി മാറി.
തുണികടയിലെ വലിച്ചിടുന്ന തുണികൾ മടക്കുന്ന ജോലിയായിരുന്നുന്നു കഴിഞ്ഞ മാസം വരെ, മടക്കി വച്ച തുണികളെ വീണ്ടും വീണ്ടും നിവർത്തി കാണിക്കുമ്പോൾ എന്തുകൊണ്ടോ എന്റെ ചുണ്ടിലെ ചിരി മെല്ലെ മെല്ലെ മാഞ്ഞു തുടങ്ങും. ഒരു സെയിൽസ് ഗേൾ ന് പറ്റിയ ആളല്ല ഞാനെന്നു തോന്നിയപോലാണ് അത് നിർത്തിയത്.
കിച്ചണിലേക്ക് എത്തുവോളം ആ ചിരി ചില ശനിയാഴ്ച യുടെ വൈകുന്നേരങ്ങളിൽ ആണ് ഷോപ്പിൽ നിറയുന്നത്. ഒരു 3 മണിയോടെ അവർ വന്നിരിക്കുന്ന ടേബിൾ ഒഴിയാൻ ഒരുപാട് വൈകും. ഈ ചിരി ഞാൻ മുൻപ് എവിടെയോ കേട്ടു മറന്നത് പോലെ തോന്നും.
ശനിയാഴ്ചകൾ തിരക്കു നിറഞ്ഞ ദിവസമാണ് കോർണർ സീറ്റിൽ ആ ചിരികൾക്കും ബഹളങ്ങൾക്കും ഇടയിൽ അന്നു കണ്ട ആ ചെറുപ്പകാരനും കൂടെ ആ പെണ്ണും ഉണ്ടായിരുന്നു. കുറെ നേരം നിശബ്ദമായിരിക്കുന്ന അവിടെ പെട്ടന്നായിരിക്കും ബഹളങ്ങൾ നിറയുന്നത്. എന്തായിരിക്കും അവിടെ എന്നു ഒന്നു കാണണമെന്ന് തോന്നി.
എന്തുകൊണ്ടോ ആ സ്ത്രീയുടെ ചിരികൾ എന്നെ അങ്ങോട്ട് വിളിക്കുന്നത് പോലെ തോന്നി.
പിന്നെയാണ് അറിഞ്ഞത് ആ ചിരികൾക്കും ബഹളത്തിനും ഇടയിൽ നിശബ്ദത തീർക്കുന്നത് ആ സ്ത്രീയുടെ ചിത്രങ്ങൾ ആയിരുന്നുവെന്ന്. അവർ അപ്പോൾ കാണുന്നവരെ ആ ചെറിയ സമയം കൊണ്ടുതന്നെ ക്യാൻവാസ് ലേക്ക് പകർത്തുന്നു. അവരുടെ ആ ചിത്രങ്ങൾ കാണാനായിട്ടായിരുന്നു അവിടെ ബഹളം നിറഞ്ഞിരുന്നത്. എത്ര നിർബന്ധിച്ചിട്ടും അവർ ആ കോർണർ സീറ്റിൽ നിന്നും സെന്റർ സീറ്റ്ലേക്ക് വന്നിരുന്നില്ല. അവളോടൊപ്പം എപ്പോഴും അവളുടെ കൂട്ടുകാരും ഉണ്ടാവും. സ്ഥിരമായിട്ട് ഒരു ചെറുപ്പകാരനാണ് അവളെ കൊണ്ടുവന്നിരുന്നത്. അവർ വരുന്ന ദിവസങ്ങളിൽ കിച്ചണിലും അവരെ പറ്റി ആയിരിക്കും സംസാരം. പറയാൻ ഒന്നുമില്ലാത്തതു കൊണ്ടു ഒരു വർത്തമാനങ്ങളും ഞാൻ ശ്രദിച്ചിരുന്നില്ല.
പക്ഷെ അവളുടെ ആ ചിരികൾ എന്നിൽ ആരെയോ ഓർമിപ്പിക്കുന്നു.
ടേബിൾ ക്ലീനിങ് ന് ആളില്ലാത്ത നേരത്തായിരുന്നു ഞാൻ ടേബിൾ ക്ലീനിങ് നായി ഹാളിൽ എത്തിയത്. കോർണർ സീറ്റിലേ ആ ചിരികളിലേക്ക് എന്റെ കണ്ണുകൾ ഉയർന്നു, കണ്ണുകൾക്ക് വിശ്വസിക്കാൻ ആയില്ല
ദൈവമേ ഇത് കൃഷ്ണ അല്ലേ…അതേ അവളായിരുന്നുവത്. കൂടെയുണ്ടായിരുന്നത് ഇബ്രൂ. അവളെ വീൽ ചെയറിൽ നിന്നും ഇറക്കി സാധരണ കസേരയിലേക്ക് ഇരുത്തുകയായിരുന്നു അവൻ. ടേബിൾ ക്ലീനിങ് നിർത്തി ഞാൻ കിച്ചണിലേക്കു തിരികെ പോന്നു. മാസ്കും ക്യാപും ഇട്ടിരുന്നതിനാൽ എന്നെ കണ്ടാലും അവർക്ക് തിരിച്ചറിയില്ല.
നെഞ്ചിലെരിയുന്ന നേരിപോട് ആയിരുന്നു അവർ. കോളേജിലെന്റെ പ്രിയപ്പെട്ട സുഹൃത്തായിരുന്നു ഇബ്രൂ, കോളേജിലേക്കു പുതിയതായി വന്ന കൃഷ്ണ പൊട്രൈറ്റുകൾ വേഗത്തിൽ മനോഹരമായി വരച്ചിരുന്നു. ഇബ്രൂവിന്റെ ലോകം പതിയെ കൃഷ്ണ യെ മാത്രം പ്രദക്ഷിണം വച്ചു തുടങ്ങി.
വെറുപ്പും ദേഷ്യവും കലർന്ന ഏതോ നിമിഷത്തിൽ, കോയിൻ ഇട്ടു വിളിക്കാൻ പറ്റുന്ന ആ ചുവന്ന ഫോണിൽ നിന്നു കോളേജിൽ നിന്നും ഞാൻ അവളുടെ വീട്ടിലേക്കു വിളിച്ചു പറഞ്ഞു ഇബ്രുവും കൃഷ്ണയും പ്രണയത്തിലാണെന്ന്. കൃഷ്ണയെ പിറ്റേന്ന് മുതൽ കോളേജിലേക്കു കണ്ടതെയില്ലായിരുന്നു.
ഹാൾ ടിക്കറ്റ് വാങ്ങാൻ കോളേജിൽ ചെന്നപ്പോളാണ് അറിഞ്ഞത്. അവൾ ഹോസ്പിറ്റലിൽ ആണെന്നു, പഠിപ്പു നിർത്തിക്കളയുമെന്ന് പറഞ്ഞപ്പോൾ, ജീവിതം തീർത്തുകളയാൻ കരുതിയായിരിക്കണം എന്തൊക്കെയോ മരുന്നുകൾ എടുത്തു കഴിച്ചു. തളർന്നു പോയിരുന്നു അവൾ, ഓർമ്മകൾ കോമയുടെ മയക്കത്തിലേക്കും.
കളിയായി ചെയ്തതൊരു കനൽ ആയി മാറിയിരുന്നു. പരീക്ഷകളൊന്നും ഞാൻ എഴുതാൻ കൂട്ടാക്കിയില്ല. ആ ആഴ്ച കാണാൻ വന്നൊരു ചെക്കനെ എനിക്ക് വീട്ടുകാർ കെട്ടിച്ചു തന്നു. രണ്ടാമതൊന്നു ആലോചിക്കാതെ തിരുത്താനാവാത്ത ആ തെറ്റുനു ഒരായിരം തവണ മനസ്സിൽ മപുപറഞ്ഞുകൊണ്ട് ഞാൻ ഉള്ളിൽ ഉരുകികൊണ്ടേയിരുന്നു.
ഇബ്രൂ അപ്പോളും അവൾക്കുവേണ്ടി ഹോസ്പിറ്റൽ വരാന്തയിൽ കാവലിരുന്നു.
രാവിലെ പാത്രങ്ങൾ കഴുകുമ്പോൾ മോള് ചോദിച്ചു അമ്മക്ക് ഇന്ന് പണിക് പോവണ്ടേ സമയമായി. ഇല്ലെന്നു പറഞ്ഞു കൊണ്ട് ഞാനെന്റെ പണികൾ തുടർന്നു. കോഫി ഷോപ്പിലേക്ക് ഇനി ഞാൻ ഇല്ല. അവരെ ഒരിക്കൽ കൂടെ കാണാനുള്ള ശേഷി എനിക്കില്ലായിരുന്നു.
പക്ഷെ മനസിന് ഇന്ന് വല്ലാതെ കനം കുറഞ്ഞതുപോലെ തോന്നി. കുറ്റബോധം കൊണ്ടു ചിരിക്കാൻ പോലും മറന്നു പോയതായിരുന്നു. ഇബ്രൂവും കൃഷ്ണയും ഇപ്പോളും ചേർന്നിരിക്കുന്നു. ഇനിയും എനിക്ക് ചിരിക്കാൻ ഒന്നാശ്വസിക്കാൻ അതു മാത്രം മതിയായിരുന്നു. ഒരു പത്തൊൻപതു കാരിക്ക് പറ്റിയ ചെറിയൊരു കൈയബദ്ധം എത്ര മനോഹരമായിട്ടാണ് അവൻ തിരുത്തിയത്….കൃഷ്ണയുടെ ആ ചിരികൾ മെല്ലെ എന്നിലേക്കും നിറയുമായിരിക്കും. ഒരു തണുത്ത കാറ്റേന്നെ മെല്ലെ തഴുകി കണ്ണു നീരിനൊപ്പം വിടരാൻ നിൽക്കുന്ന ഒരു ചിരിയും എന്നിൽ ജനിച്ചു…..
~Sowmya Sahadevan