ധ്വനി, അധ്യായം 03 – എഴുത്ത്: അമ്മു സന്തോഷ്

പോലീസ് വന്നു മൊഴിയെടുത്തു തിരിച്ചു പോയി കഴിഞ്ഞപ്പോൾ തന്നെ ഉച്ചയായി

“അതേയ് ഇയാൾക്ക് വിശക്കുന്നില്ലേ? നമുക്ക് പോയി ഭക്ഷണം കഴിച്ചാലോ?”ചന്തു ചോദിച്ചു

“ഹേയ് വേണ്ട ചേട്ടാ…എനിക്ക് വിശക്കുന്നില്ല എന്നൊന്നും ഞാൻ പറയില്ല, എനിക്ക് നല്ല വിശപ്പ് ഉണ്ട്. ഇവിടെ ക്യാന്റീനിൽ നല്ല ഫിഷ് ഫ്രൈ കിട്ടും വാ “

ആള് എഴുന്നേറ്റു കഴിഞ്ഞു. അവന് സത്യത്തിൽ നല്ല രസം തോന്നി. കുറേ കാലമായി ഇങ്ങനെ മനസ്സ് ഫ്രീ ആയിട്ട്

“എന്റെ കയ്യിൽ കാശ് ഇല്ല ട്ടോ. ഫ്രൂട്ടി ആ ഷീന നഴ്സ് വാങ്ങി തന്നതാ. പക്ഷെ അച്ഛൻ വരുമ്പോൾ ഞാൻ വാങ്ങി തരാം “

“അത് വരെ ഇരിക്കണോ. പൊയ്ക്കൂടേ പോലീസ് ഒക്കെ വന്നു മൊഴിയെടുത്തുല്ലോ?”

“പക്ഷെ ഞാൻ പറഞ്ഞില്ലേ കാശില്ല “

“ഞാൻ വീട്ടിൽ കൊണ്ടാക്കാം. താൻ ഇങ്ങനെ മറ്റുള്ളവർക്ക് വേണ്ടി ഇത്രയും കഷ്ടപ്പെടുമ്പോൾ ഞങ്ങൾ പൊതുജനം എന്തെങ്കിലും റിട്ടേൺ തരണ്ടേ?”

“ഒരു ആക്കൽ എനിക്ക് ഫീൽ ചെയ്യുന്നുണ്ട് കേട്ടോ.. ഡോണ്ട് ഡൂ”

അവൻ ചിരിച്ചു

“സീരിയസ് ആയിട്ട് പറഞ്ഞതാടോ.. എവിടെ ആണ് വീട്?”

“കവടിയാറിൽ “

“ഞാൻ പൂജപ്പുര “

“ജയിലിനടുത്താണോ?”

അവനൊന്നു സൂക്ഷിച്ചു നോക്കി

“വേണ്ട മോളെ…”

“ശെടാ കാര്യായിട്ട്. ജയിലിന്റെ അടുത്ത് എന്റെ ഒരു ഫ്രണ്ട് ഉണ്ട്. ഫ്രണ്ട് എന്ന് വെച്ചാ അത്രക്ക് വലിയ ഫ്രണ്ട് അല്ല. എന്റെ അമ്മ നടത്തുന്ന ഡാൻസ് സ്കൂളിൽ പുതിയതായ് ജോയിൻ ചെയ്ത കുട്ടിയ. ഫ്രണ്ട് ആയി വരുന്നു “

“പേരെന്താ ആ കുട്ടിയുടെ?”

“മീര സുബ്രഹ്മണ്യം “

“ഇതാണോ ആള്?”

അവൻ മൊബൈലിൽ ഒരു പിക് കാണിച്ചു കൊടുത്തു

അവനും മീരയും അവള് കണ്ണ് മിഴിച്ചു

“എന്റെ അനിയത്തി ആണ് “

“ശരിക്കും?”

“ആന്ന് “

“അടിപൊളി. പരിചയപെട്ടതിൽ സന്തോഷം. ഇത്രയും സുന്ദരനായ ഒരു ഏട്ടൻ ഉണ്ടെന്ന് പറയാത്തതിന് ഇന്ന് കണക്കിന് കൊടുക്കുന്നുണ്ട്. അര മണ്ഡലത്തിൽ ഒരു അമ്പത് മിനിറ്റ് ഇരുത്തിയാലോ?”

“എന്റെ പൊന്ന് ശ്രീ..” അവൻ തൊഴുതു

“ചുമ്മാ ” അവൾ കണ്ണടച്ച് കാണിച്ചു

ഊണിന് സ്പെഷ്യൽ വല്ലോം വേണോന്ന് തിരക്കാൻ സപ്ലയർ സുരേഷ് അടുത്ത് വന്നു

“ഇന്നന്താ ചേട്ടാ ഫ്രൈ?”

“നെയ്മീൻ ഉണ്ട് മോളെ “

“ഇത് സുരേഷ് ചേട്ടൻ എന്റെ ദോസ്താ. ഇത് ചന്തു ചേട്ടൻ ആക്‌സിഡന്റ് ഇവിടെ ഇന്ന് കൊണ്ട് വന്നത് ഈ ചേട്ടന്റെ കാറിലാ “

“വലിയ കാര്യാ മോനെ ഇതൊക്കെ. ഒരു ജീവൻ രക്ഷപെടുന്ന കാര്യമല്ലേ? നന്നായി. മോള് ഇടയ്ക്ക് ഇത് പോലെ വരും.”

“പറഞ്ഞു “

“ശരി മീൽസ് എടുത്തു വരാം” അയാൾ പോയി

“എടോ താൻ ഈ ചന്തു ചേട്ടൻ എന്ന് വിളിക്കുന്നത് ഭയങ്കര ബോർ ആണേ. ഒന്നുകിൽ ചേട്ടൻ അല്ലെങ്കിൽ ചന്തു. ഏതെങ്കിലും ഒന്ന് മതി “

“എത്ര വയസ്സുണ്ട്?” അവൾ ചൂണ്ടി

“ഇരുപത്തിയഞ്ചു കഴിഞ്ഞു..”

“എനിക്ക് 19 “

“ബെസ്റ്റ് അത്ര ചെറിയ കുട്ടിയാ. എന്റെ അനിയത്തിയെക്കാൾ ചെറിയ കുട്ടിയാണല്ലോ “

“ചെറുത് ആണെങ്കിലും എനിക്ക് നല്ല പക്വതയാ “

അവൾ പറയുന്നത് കേട്ട് അവൻ ചിരിച്ചു

“ബൈ ദി ബൈ ഒരു ആറ് വയസ്സിന്റെ വ്യത്യാസം ഉള്ളത് കൊണ്ട് ചന്തു എന്ന് വിളിക്കാൻ സാങ്കേതികമായ ബുദ്ധിമുട്ട് ഉണ്ട്. മറ്റെന്തെങ്കിലും സജഷൻസ്?”

“എന്റെ അനിയത്തി എന്നെ ചന്തുവേട്ടാ എന്നാണ് വിളിക്കുക. താൻ അങ്ങനെ വിളിച്ചോ?”

“അത് കൊള്ളാം സേഫ് ആണ്.”

“ങ്ങേ?”

“അല്ല ചേട്ടാ…സോറി ചന്തുവേട്ടാ.. അങ്ങനെ വിളിക്കുമ്പോൾ അനിയത്തിയേ ഓർമ്മ വരുമല്ലോ. അപ്പൊ എന്നെയും അനിയത്തിയേ പോലെ കണ്ടോളുമല്ലോ. അപ്പൊ ഞാൻ സേഫ് ആണല്ലോ “

“അയ്യടാ വളഞ്ഞു മൂക്കിൽ തൊടണ്ട. ഞാൻ അങ്ങനെ ഒരു പൂവാലൻ അല്ല..പേടിക്കണ്ട “

അവൾ ഒരു ചിരി ചിരിച്ചു

ഊണ് വന്നപ്പോൾ അവർ കഴിച്ചു തുടങ്ങി

“ശരിക്കും നല്ല രുചി ഉള്ള ഇങ്ങനെ ഒരുണ് കഴിച്ചിട്ട് കുറേ നാളായി “

“വീട്ടിൽ അമ്മ ഉണ്ടാക്കി തരില്ലേ?”

“അമ്മയും അച്ഛനും മിലിറ്ററിയിൽ ആണ്. ഡോക്ടർസ്. ഇവിടെ ഞങ്ങൾ അമ്മയുടെ തറവാട്ടിൽ ആണ്.”

“എന്താ ജോലി ?”

“ഒന്നുമായില്ല. ഉടനെ കിട്ടുമായിരിക്കും “

“കുറേ കുറേ ടെസ്റ്റ്‌ എഴുത് അപ്പൊ ഏതെങ്കിലും കിട്ടും “

അവൻ പുഞ്ചിരിച്ചു

ഭക്ഷണം കഴിഞ്ഞവർ അവന്റെ മാതാപിതാക്കളെ കണ്ടു

“ഇത് ചന്തുവേട്ടൻ..ഇദ്ദേഹത്തിന്റെ കാറിലാണ് കൊണ്ട് വന്നത് “

അവർ കണ്ണീരോടെ കൈ കൂപ്പി

“ഞങ്ങൾ ഇറങ്ങട്ടെ..അതിരിക്കട്ടെ അയാൾ എന്താ ചെയ്യുന്നത്?” അവൾ ആ പയ്യന്റെ അമ്മയോട് ചോദിച്ചു

“പഠിക്കുകയാണ് സി ഇ ടി യിൽ മെക്കാനിക്കൽ എഞ്ചിനീയറിംഗ്. ലാസ്റ്റ് ഇയർ ആണ് “

“നല്ല സ്പീഡിൽ ആയിരുന്നു കേട്ടോ. നൊ യൂടെൺ ഉള്ളിടത്ത് തന്നെ വണ്ടി വളച്ചു “

“പറഞ്ഞാൽ കേൾക്കില്ല. ഇവിടെ ഹോസ്റ്റലിൽ ആണ്. അപ്പൊ ആരുടെയും കണ്ട്രോൾ ഇല്ലല്ലോ “

അവൾ ചിരിച്ചു

“സെൽഫ് കണ്ട്രോൾ അല്ലെ അമ്മേ ഏറ്റവും പ്രധാനം? ശരി പോട്ടെ?”

“മോളുടെ നമ്പർ ഒന്ന് തരുമോ?”

അവൾ നമ്പർ പറഞ്ഞു കൊടുത്തു. പിന്നെ യാത്ര പറഞ്ഞു നടന്നു

“ദൈവം പോലൊരു പെൺകുട്ടി “

അവർ അറിയാതെ കൈ കൂപ്പി ആ പോക്ക് നോക്കി നിന്നു

“ഇതാണ് എന്റെ വീട്. കയറിയിട്ട് പോകാം വരൂ “

മറുത്തൊന്നും പറഞ്ഞില്ല ചന്തു. കൂടെ ചെന്നു. വീണയാണ് വന്നു വാതിൽ തുറന്നത്

“അയ്യോ എന്റെ കുഞ്ഞിന് എന്തോ പറ്റി? ഇതെന്താ മുഴുവൻ ചോര?” അവർ നിലവിളിച്ചു

“ഓവർ ആക്കി ചളമാക്കരുത്. സ്ഥിരം ഞാൻ ഇങ്ങനെ തന്നെ അല്ലെ വരാറ്? ഇത് ചന്തു. കക്ഷിയുടെ കാറിലാണ് ആക്‌സിഡന്റ് കേസ് കൊണ്ട് പോയത്. എന്റെ കയ്യിൽ ക്യാഷ് ഇല്ലാത്ത കൊണ്ട് ഇവിടെ കൊണ്ട് വിട്ടു തന്നതാ ഒരു ജനസേവനം “

“മോനിരിക്ക്.”

“വേണ്ട ആന്റി. ഡ്രസ്സ്‌ ഒക്കെ ചീത്ത ആയി..ഫ്രഷ് ആവണം “

“അമ്മേ മീരയുടെ ഏട്ടനാണ് ഈയിടെ ജോയിന് ചെയ്ത മീര..ആ കുട്ടിയുടെ ഏട്ടനാണ് “

“ആഹാ..താങ്ക്സ് മോനെ. ഇവൾ ഇത് മിക്കവാറും ഇങ്ങനെ ഒക്കെ തന്നെ. അല്ല ശ്രീക്കുട്ടി നീ കോളേജിൽ അല്ലെ പോയത്? ബാഗ് എവിടെ?”

“ബാഗ് എടുക്കാൻ മറന്ന് പോയി..അതല്ലേ ക്യാഷ് ഇല്ലാഞ്ഞത് “

അവർ തലയിൽ കൈ വെച്ച് പോയി

അവൻ ചിരിയോടെ യാത്ര പറഞ്ഞു. ഗേറ്റിനരികിൽ വരെ അവൾ കൂടെ വന്നു

“പോട്ടെ ശ്രീ..കാണാം “

അവൾ ചിരിയോടെ തലയാട്ടി

തുടരും….