ധ്വനി, അധ്യായം 30 – എഴുത്ത്: അമ്മു സന്തോഷ്

വേളി…

കായലിന്റ അരികിൽ അവരിരുന്നു. ഞായറാഴ്ച ആയത് കൊണ്ട് കുടുംബങ്ങളുടെ നല്ല തിരക്ക്. ബോട്ടിൽ പോകുന്നവർ, ചുറ്റും കൂടിയിരുന്നു ഭക്ഷണം കഴിക്കുന്നവർ, പാർക്കിൽ കളിക്കുന്ന കുട്ടികൾ.. പ്രണയം പങ്കിടുന്ന കമിതാക്കൾ

അവൻ അവളുടെ വിരലുകൾ കോർത്തു പിടിച്ചു. എന്താണ് പറയേണ്ടത് എന്നറിയാതെ അവളെ നോക്കിയിരുന്നു

അക്കുറി തമാശ ഒന്നുമില്ലാത്ത അവളും. പ്രണയം നിറഞ്ഞ കണ്ണുകളോടെ ശ്രീ

ആ മുഖം അവൻ ആദ്യമായ് കാണുകയായിരുന്നു. ഭൂമിയിൽ വെച്ചു കണ്ടതിൽ ഏറ്റവും മനോഹരമായ കാഴ്ച അതാണെന്ന് അവന് തോന്നി

“ശ്രീ?”

അവൾ കണ്ണുകൾ കൊണ്ട് എന്താ എന്ന് ചോദിച്ചു

“എനിക്ക് ഒന്നുമ്മ വെയ്ക്കാൻ തോന്നുന്നുണ്ട് ശ്രീ “

ശ്രീ ഒരു ചിരിയോടെ മുഖം താഴ്ത്തി. പിന്നെ വെറുതെ കായലിലേക്ക്  നോക്കിയിരുന്നു

“എടി ദുഷ്ടേ..”

അവൾ എഴുന്നേറ്റു അവന്റെ കൈ പിടിച്ചു നടന്ന് കാറിൽ കയറി

“വേഗം ഒരുമ്മ തന്നോ ആരെങ്കിലും വരും മുന്നേ “

അവനവളെ ആവേശത്തോടെ കെട്ടിപിടിച്ചു കവിളിൽ ഒരുമ്മ കൊടുത്തു

“ഇന്ന് വീട്ടിൽ… എനിക്ക് ഇഷ്ടമായി ശ്രീ നിന്റെ രീതി. അവർക്കൊക്കെ ഇഷ്ടായി നിന്നേ.. നിനക്ക് ഇഷ്ടമായോ അവരെ?”

“ആ വൈവാ ഒഴിച്ച്..”

അവൻ പൊട്ടിച്ചിരിച്ചു

“അച്ഛൻ വല്ല ഇന്റർവ്യൂ ബോർഡിലെയും മെമ്പർ ആണോ?”

“നീ ഇത്രയും നന്നായി പ്രേസേന്റ് ചെയ്യുമെന്ന് ഞാൻ ഊഹിച്ചു പോലുമില്ല “

“കോൺവെന്റ് സ്കൂൾ പ്രോഡക്റ്റ് ആണ് മിഷ്ടർ. മലയാളം പറഞ്ഞാൽ ഫൈൻ അടയ്‌ക്കേണ്ടുന്ന സ്കൂൾ ആയിരുന്നു. ഇംഗ്ലീഷ് പഠിച്ചു പോയതാ. ഒട്ടും ഇഷ്ടം ഉണ്ടായിട്ടല്ല “

അവൻ വീണ്ടും ചിരിച്ചു പോയി. ശ്രീ ആ ചിരിയിലേക്ക് നോക്കി. അവന്റെ മുഖത്തെ ചുവപ്പിലേക്ക്

അവൾ അവന്റെ മുഖം പിടിച്ചു താഴ്ത്തി. ആ കണ്ണുകളിലേക്ക് നോക്കി

“എനിക്ക് ഏറ്റവും ഇഷ്ടം ഈ ആളെയാ ഇപ്പൊ..”

ചന്തു അവളുടെ ചുണ്ടിൽ ഒന്ന് തഴുകി ചുവന്നു നേർത്ത ചുണ്ടുകൾ അവൻ ഒന്ന് ആഞ്ഞതാണ്

ഒരു ഫാമിലി കാറിന്റെ അരികിൽ കൂടി നടന്ന് പോയി. അവർ അകത്തേക്ക് നോക്കുന്ന കണ്ട് അവൻ പെട്ടെന്ന് നേരെയിരിന്നു

“വാ കാറിനെക്കാൾ സേഫ് ആ കായൽ തീരമാണ് “അവൻ പറഞ്ഞു

അവർ കാർ തുറന്നു പുറത്ത് ഇറങ്ങി. അവർ വീണ്ടും പഴയ സ്ഥലത്ത് പോയിരുന്നു

“അച്ഛനും അമ്മയും ചേച്ചിയും ഒരു കല്യാണത്തിന് പോയിരിക്കുകയാ. ഗുരുവായൂർ വെച്ചാ.ചേച്ചിയുടെ ഫ്രണ്ടിന്റെ “ശ്രീ അവനോട് പറഞ്ഞു

“നീ എന്താ പോകാഞ്ഞത്?”

“എനിക്ക് അങ്ങോട്ട് വരണ്ടേ? അമ്മയോട് പറഞ്ഞു അങ്ങോട്ട് വരികയാണെന്ന്. ചേച്ചി ചോദിച്ചില്ല. ആൾക്ക് എന്നോട് നല്ല ദേഷ്യം ഉണ്ട് ഇപ്പൊ മിണ്ടുക കൂടിയില്ല “

അവളുടെ മുഖം ഒന്ന് വാടി

“ആൾക്കാർ എത്ര വിധമാ അല്ലെ?”

അവൾ ചന്തുവിന്റെ മുഖത്ത് നോക്കി

“അത് സാരമില്ല. എല്ലാത്തിനും ഒരു സമയം ഉണ്ട്. ഓരോന്ന് തിരിച്ചറിയും വരെ… നിന്റെ ചേച്ചിക്ക് ഒരു സൂപ്പീരിയാറിറ്റി കോംപ്ലക്സ് ഉണ്ട്. അത് ഉള്ളവർക്ക് ചേഞ്ച്‌ വരിക കുറച്ചു പ്രയാസമാണ്. complex inferiority ആണെങ്കിലും . superiority ആണെങ്കിലും  tough ആണ് ഡീൽ ചെയ്യാൻ. എന്റെ അച്ഛനെ പോലെ. നിന്നോട് ഇന്ന് സോഫ്റ്റ്‌ ആയിട്ടാ പെരുമാറിയത്. സാധാരണ ഇങ്ങനെ അല്ല.”

“അച്ഛൻ കുറച്ചു എയർ പിടിത്തം ഉണ്ടെന്നേ ഉള്ളു. നല്ല food കിട്ടാഞ്ഞിട്ടാ പാവം. സലാഡും പഴവും ഒക്കെ കഴിച്ചു എത്ര നാളാ?”

അവന് ചിരിച്ചു കണ്ണിൽ നിന്ന് വെള്ളം വന്നു

“പോടീ അവർ ഡയറ്റ് ആണ് “

“എന്ത് കാര്യത്തിന്?”

അവൾ കണ്ണ് മിഴിച്ചു

“കുഞ്ഞ് ജീവിതം.എപ്പോഴാ പോകുക എന്ന് തമ്പുരാനു മാത്രം അറിയാം. അപ്പൊ നല്ല നല്ല രുചിയുള്ള ആഹാരങ്ങള് നന്നായിട്ട് കഴിച്ചിട്ട് പൊക്കൂടെ.. ശൊ ആരും പറഞ്ഞു കൊടുക്കാനില്ലാഞ്ഞിട്ടാ പാവങ്ങള്.. ഡോക്ടർ ആണെന്ന് പറഞ്ഞിട്ട് ഒരു കാര്യോമില്ല. പഴത്തിലും പച്ചക്കറിയിലുമൊക്കെ എന്തോരം വിഷമാണ്. അത് നമ്മൾ വേവിക്കുമ്പോൾ കുറച്ചു പോകില്ലേ. വീട്ടിൽ അമ്മ വിനാഗിരി ഒഴിച്ച് കഴുകി എടുത്താ പാചകം ചെയ്യുക മീനും ഇറച്ചിയും. പച്ചക്കറി വീട്ടിൽ ഉണ്ട്. വാങ്ങേണ്ട. ഒരു കുളവും കോഴി ഫാം കൂടി തുടങ്ങിയ ഒന്നും വാങ്ങേണ്ട “

അവൻ കേട്ടിരുന്നു

ആര് പറഞ്ഞു ഇവള് പൊട്ട കുട്ടിയാണെന്ന്. നല്ല വിവരം ഉള്ള കുട്ടിയാണ്

“എന്താ ആലോചിക്കുന്നത്?”

“നിന്നെയങ്ങ് കല്യാണം കഴിച്ചാലോന്ന് ഉടനെ “

“അയ്യടാ. എനിക്ക് പ്രായമായില്ല “

“പതിനെട്ടു മതി. ഇതാണ് ബെസ്റ്റ് പ്രായം എല്ലാത്തിനും ” അവൻ അർത്ഥം വെച്ചു പറഞ്ഞു

“എനിക്ക് പോരാ.. ഒരു ഇരുപത്തി ഒന്നെങ്കിലും കഴിഞ്ഞു മതി. നോക്കിക്കേ ഒരു ഐ എ എസുകാരന്റെ വർത്താനം “

“ഞാൻ എന്റെ പെണ്ണിന്റെ കാര്യമാ പറഞ്ഞത്. ഇരുപത്തി ഒന്നോ?അത് വരെ പറ്റുമെന്ന് തോന്നുന്നില്ല മോളെ “

അവൻ അവളെയൊന്ന് നോക്കി

“അത് വരെ പറ്റിക്ക് ” അവൾ ചിരിച്ചു

“ആറു മാസം കഴിയുമ്പോൾ ട്രാൻസ്ഫർ ഉണ്ടാകും കേട്ടോ.. വല്ല വയനാടോ ഇടുക്കിയോ പാലക്കാടോ…”

“അതിനെന്താ… കല്യാണം കഴിഞ്ഞാൽ ട്രാൻസ്ഫർ ഉണ്ടാവില്ലേ?”

“അപ്പൊ നീ കൂടെയല്ലേ?”

“ഞാൻ എപ്പോഴും കൂടെയല്ലേ?ഇപ്പോഴും എപ്പോഴും. ഫിസിക്കലി മാറുമായിരിക്കും അല്ലാത് എപ്പോഴും കൂടെയല്ലേ?”

“എനിക്ക് അത് പോരാ ശ്രീ..എനിക്ക് അത് പോരാ I need you.always I need you.”അവൻ ആ കണ്ണിൽ നോക്കി

“ഓക്കേ.. ട്രാൻസ്ഫർ ആകുന്ന വരെ കാണാല്ലോ “

അവൻ ഒന്ന് ചിരിച്ചു

“ശരിക്കും ഇപ്പോഴേ തോന്നുന്നുണ്ട് കല്യാണം കഴിക്കാൻ. രാത്രി ഒക്കെ loneliness ഫീൽ ചെയ്യുമെടി “

“അതിന്റെ പേര് loneliness എന്നല്ല”

ശ്രീ ഒരു കള്ളച്ചിരി ചിരിച്ചു

“പിന്നെന്താ മോള് പറ “

അവന്റെ ശബ്ദം അടച്ച പോലെ

ശ്രീ നാണത്തോടെ മുഖം തിരിച്ചു

“ഹേയ് പറ “

“പോയെ…”

അവൻ ചിരിയോടെ തിരിഞ്ഞു

അവളുടെ കൈകളിൽ കൈ കോർത്തു പിടിച്ചു പിന്നെ ചേർന്ന് ഇരുന്നു

ഇങ്ങനെ ഇരുന്ന മതി ജീവിതം മുഴുവൻ ഒന്നുമോർക്കാതെ ഒന്നും അറിയാതെ

പെട്ടെന്ന് ഒരു മഴ വന്നപ്പോൾ എല്ലാവരും ഓടി മാറി

ചിലർ നനഞ്ഞു. മഴയെ ഇഷ്ടമായെന്ന മട്ടിൽ..അവരും നനഞ്ഞു

ശ്രീയെ നോക്കുമ്പോൾ ഉള്ളിൽ മിന്നൽ പിണരുകൾ. അവൻ നോട്ടം മാറ്റി

“വീട്ടിൽ പോകാം ” അവൾ ചിരിയോടെ പറഞ്ഞു

വീട്ടിൽ എത്തി

വാതിൽ തുറന്നു അകത്തു കയറി അവന് ടവൽ എടുത്തു കൊടുത്തിട്ട് ഡ്രസ്സ്‌ മാറി ശ്രീ

“ചന്തുവേട്ടൻ അത് മാറ്റിക്കോ. ഇത് ഇട്ടോ. ഞാൻ അന്ന് മുണ്ടൊക്കെ വാങ്ങാൻ പോയപ്പോൾ വാങ്ങിയ ഷർട്ട്‌ ആണ്.. ഇത് ഇട്ടോ “

അവൻ അത് നോക്കി. ഒരു ബ്ലാക്ക് ഷർട്ട്‌

“ആ ഷോർട്സ് എന്റെയാ പക്ഷെ എനിക്ക് ലൂസാണ് അത് കൂടി ഇട്ടോ എന്നിട്ട് ഡ്രസ്സ്‌ താ ഞാൻ ഡ്രയറിൽ ഇട്ട് ഉണക്കി തരാം ” അവൻ വസ്ത്രങ്ങൾ മാറ്റി

അവളതു മായി പോയപ്പോൾ അവൻ പൂമുഖത് വന്നു

വഴിയിലൂടെ പോകുന്നവർക്ക് കാണാൻ സാധിക്കാത്ത പോലെ ഒരു നടപ്പാത ഉണ്ട് വീടിന്റെ മുന്നിൽ

പൊടുന്നനെ പിന്നിൽ ചിലങ്കയുടെ നാദം

ശ്രീ സാരിയിൽ..നൃത്ത വേഷത്തിൽ…

“എന്റെ നൃത്തം ഒറ്റയ്ക്ക് കാണാൻ ആഗ്രഹം ഉണ്ടെന്ന് പറഞ്ഞില്ലേ? വാ ഇരിക്ക് “

അവൾ അവന്റെ കൈ പിടിച്ചു ഹാളിലെ സെറ്റിയിൽ ഇരുത്തി

ഒരു ഗണപതി സ്തുതി ആയിരുന്നു തുടങ്ങിയത്. അത് കഴിഞ്ഞു ചെറിയ ഒരു  പദം. പിന്നെയായിരുന്നു ചന്തു അമ്പരന്ന് പോയ ആ പെർഫോമൻസ്

അയി ഗിരിനന്ദിനി നന്ദിതമേദിനി വിശ്വ-വിനോദിനി നന്ദനുതേ

ഗിരിവര വിന്ധ്യ-ശിരോ‌உധി-നിവാസിനി വിഷ്ണു-വിലാസിനി ജിഷ്ണുനുതേ |

ഭഗവതി ഹേ ശിതികണ്ഠ-കുടുമ്ബിനി ഭൂരികുടുമ്ബിനി ഭൂരികൃതേ

ജയ ജയ ഹേ മഹിഷാസുര-മർദിനി രമ്യകപർദിനി ശൈലസുതേ |

സാക്ഷാൽ ദേവിയെ പോലെ നിറഞ്ഞാടുന്ന ശ്രീയെ നോക്കി ചന്തു തറഞ്ഞിരുന്നു പോയി

തുടരും…