ധ്വനി, അധ്യായം 15 – എഴുത്ത്: അമ്മു സന്തോഷ്

ശ്രീലക്ഷ്മിയുടെ വീട്

ചന്തു രാവിലെ തന്നെ എത്തി. കൃഷ്ണകുമാർ ബാങ്കിൽ പോയിരുന്നു. വീണ മുറ്റത്തുണ്ടായിരിന്നു

“ഞാൻ സേഫ് ആയിട്ട് തിരിച്ചു കൊണ്ട് വന്നോളാം. ജോയിൻ ചെയ്തു കഴിഞ്ഞാൽ കുറച്ചു ബിസിയാകും. അതാണ്. ഇവിടെ ഇപ്പൊ ആകെയൊരു സുഹൃത്ത് ശ്രീയാണ്. അതാ കൂടെ കൂട്ടുന്നത്. അമ്മയ്ക്ക് എന്നെ വിശ്വസിക്കാം.”

അവൻ സൗമ്യമായി പറഞ്ഞു

വീണ പുഞ്ചിരിച്ചു

“എനിക്ക് മോനെ വിശ്വാസം ആണ്. ദേ ഇവളുണ്ടല്ലോ ഈ കാന്താരി. ഇവളെ എനിക്ക് തീരെ വിശ്വാസം ഇല്ല. ചന്തു ഒരു കാരണവശാലും ബുള്ളറ്റ്ന്റെ കീ കൊടുക്കരുത്. നല്ല പോലെ സോപ്പ് ഇടും. തെന്നി വീഴരുത്..”

“ഇല്ലാ “

“സ്പീഡിൽ പോകരുത് എന്ന് പറയില്ല പക്ഷെ കണ്ട്രോൾ വേണം.. പിന്നെ ഈ കൊച്ച് വഴിയിൽ കാണുന്ന എല്ലാം വാങ്ങിച്ചു തരുമോന്നു ചോദിക്കും. ഒന്നും വാങ്ങിച്ചു കൊടുക്കരുത്.കാശ് ഞാൻ കൊടുത്തിട്ടുണ്ട് മോൻ ചിലവാക്കേണ്ട ട്ടോ “

അവൻ തലകുലുക്കി. അവന് ആ അമ്മയെ ഇഷ്ടമായി. മക്കളുടെ മനസ്സ് അറിയുന്ന അമ്മ

“തിരിച്ചു വന്നോട്ടെ… ഇങ്ങോട്ട് തന്നെ അല്ലെ വരുന്നത്? ഇവിടെ തന്നെ കാണണം “

ശ്രീക്കുട്ടി മുഖം വീർപ്പിച്ചു.

അവർ ഒന്നിച്ചു പോകുന്നത് അൽപനേരം അവർ നോക്കിനിന്നു

“പൊന്മുടിയിൽ വന്നിട്ടുണ്ടോ?”

അവൻ ചോദിച്ചു

പിന്നേ… എത്ര തവണ… മിക്കവാറും വരും. “

“അപ്പൊ ത്രില്ല് ഇല്ല. ഞാൻ ഫസ്റ്റ് ടൈം ആണ് “

“നമ്മൾ ഒന്നിച്ച് ആദ്യമല്ലേ…?”

അവൾ അറിയാത് പറഞ്ഞു പോയതായിരുന്നു അത്

അവനത് കാറ്റിന്റെ ശക്തിയിൽ കേട്ടില്ല

“എന്താ പറഞ്ഞത്?”

“ഒന്നുല്ല..”

അവൾ ഉറക്കെ പറഞ്ഞു. ബുള്ളറ്റ് പതിയെ ആണ് ഓടിക്കൊണ്ടിരുന്നത്

“ചന്തുവേട്ടോ “

“ആ “

“പെട്രോൾ ഇല്ലെ വണ്ടിയിൽ?”

“ഫുൾ അടിച്ചതാണല്ലോ “

“എങ്കിൽ പിന്നെ വേഗം വിട്ടൂടെ?”

അവൻ ചിരിച്ചു. പിന്നെ വേഗം കൂട്ടി

അവൾ അവന്റെ ഉദരത്തിലൂടെ കയ്യിട്ട് ചേർത്ത് പിടിച്ചു പിന്നെ വശങ്ങളിലേക്ക് നോക്കി

“എന്ത് രസാ ല്ലേ?”

“ഉം “

രണ്ടു മണിക്കൂർ കൊണ്ട് അവർ മുകളിൽ എത്തി

ശ്രീക്ക് തണുക്കുന്നുണ്ടായിരുന്നു

“നല്ല മഞ്ഞുണ്ട് അല്ലെ?”

അവൾ കൂട്ടിയിടിക്കുന്ന പല്ലുകൾ കടിച്ചു പിടിച്ചു. അവൻ കൊണ്ട് വന്ന ഷാൾ അവളെ പുതപ്പിച്ചു

“തണുക്കില്ലേ?”

“ഹേയ് മസ്സൂറിയിൽ ആയിരുന്നു ട്രെയിനിങ്. നല്ല തണുപ്പുള്ള സീസണിൽ. ചിലപ്പോൾ മൈനസ് ആകും തണുപ്പ്. പക്ഷെ ട്രൈനിങ്ങിന് അതൊന്നും ബാധകമല്ല. ആ തണുപ്പിലും ഫിസിക്കൽ ട്രെയിനിങ് ഉണ്ട്.”

അവൾ അത് കേട്ടിരുന്നു

“ആ തണുപ്പിന്റ മുന്നിൽ ഇതൊന്നും ഒരു തണുപ്പേയല്ല “

“ഏട്ടന് പണ്ട് മുതലേ ഐ എ എസ് ആവണം എന്നായിരുന്നുവോ ആഗ്രഹം?”

“yes… അതായിരുന്നു ഡ്രീം.. കുഞ്ഞിലേ മുതൽ.. നന്നായി വർക്ക്‌ ചെയ്തു. ബാക്കി ഭാഗ്യം.. കിട്ടി.”

“ഫസ്റ്റ് റാങ്ക് ഒക്കെ വാങ്ങിക്കണമെങ്കിൽ എത്ര ബുദ്ധിയുണ്ടാവും? എന്റെ ഈശ്വര!ഇന്ത്യൻസ് മുഴുവൻ എഴുതുന്ന എക്സാം അല്ലെ? എന്നിട്ടാണോ ഈ പൊട്ടിപ്പെണ്ണിന്റെ ഒപ്പം കറങ്ങുന്നത്? നല്ല മിടുക്കി പെണ്ണ് മതി ഒപ്പം.. ബുദ്ധിപരമായും എല്ലാ തരത്തിലും “

ശ്രീയുടെ ഗൗരവത്തിന്റെ മുഖം അവൻ ആദ്യമായിട്ടായിരുന്നു കാണുന്നത്
അവൾ തമാശയിൽ പൊതിഞ്ഞു ഒരു സീരിയസ് കാര്യം പറയുകയായിരുന്നു. അവൾ തുടർന്നു

“എന്നോട് ഇഷ്ടം ഉണ്ടെന്ന് എനിക്ക് അറിയാം. ഇപ്പൊ അത് നല്ല രസാ. പക്ഷെ ലൈഫ് ഇതൊന്നുമല്ല. കുറേ പബ്ലിക്കിൽ ഒക്കെ വരേണ്ട ആളാണ്. പാർട്ണർ എങ്ങനെ എന്ന് ചോദിക്കുമ്പോൾ എന്നെ പോലെ ഒരാളെയല്ല മുന്നിൽ നിർത്തണ്ടത്.. നല്ല മിടുക്കി കുട്ടികൾ ഉണ്ടാവും.. അവരിലാരെങ്കിലും മതി “

അവൻ കുറച്ചു നേരം അവളെ നോക്കി നിന്നു

“ശ്രീ… ഇങ്ങോട്ട് നോക്ക് “

അവൾ ആ കണ്ണിലേക്കു നോക്കി

“ഞാൻ നോർത്തിലാ പഠിച്ചത്. കാശ്മീരിൽ.. പഞ്ചാബിൽ, ഡൽഹിയിൽ ഒക്കെ മാറി മാറി പഠിച്ചിട്ടുണ്ട്. ആർമിയുടെ കോർട്ടേഴ്‌സിലായിരുന്നു ജീവിതം. ചുറ്റി പല സ്റ്റേറ്റ്സിലുമുള്ളവർ. ഓറഞ്ചിന്റെ നിറമുള്ള സുന്ദരികുട്ടികൾ.. മിടുക്കികൾ..ഞാൻ അത്യാവശ്യം ഭംഗിയുള്ള ഒരാൾ ആണെന്നാണ് എന്റെ വിശ്വാസം. എനിക്ക് കഴിയുമായിരുന്നു..തോന്നിയില്ല. മനസ്സ് എന്നൊന്ന് ഉണ്ടല്ലോ… അത് നിന്നേ കണ്ടപ്പോൾ ഒറ്റ കാഴ്ചയിൽ എനിക്ക് തോന്നി എന്നുള്ളതാണ് അതിശയം. എന്തോ ഒന്ന് നിന്നിൽ ഉണ്ട് ശ്രീ… ഇപ്പൊ ഉള്ളിൽ എപ്പോഴും നീയാണ്… നീയാരാ എന്ന് എന്നോട് ചോദിച്ചാൽ നീ എന്റെ സന്തോഷം ആണെന്ന് ഞാൻ പറയും. എന്റെ സന്തോഷം.”

അവൻ മെല്ലെ ചിരിച്ചു

ശ്രീ അവന്റെ മുഖത്ത് നോക്കി ഹൃദയം നഷ്ടമായവളെ പോലെ നിന്നു

“ലോകത്തു എന്ത് കിട്ടിയിട്ടും കാര്യമെന്താ സന്തോഷം ഇല്ലെങ്കിൽ?എനിക്ക് അറിയാം നിന്റെ മനസ്സ്. നിന്റെ കോംപ്ലക്സ്.. അതിലൊന്നും ഒരു കാര്യവുമില്ല. നിന്നെക്കാൾ മിടുക്കിയായ ഒരാളെ ഞാൻ കണ്ടിട്ടില്ല ശ്രീ. ഒരു വ്യക്തി മിടുക്കിയാവുന്നത് പുസ്തകം വായിച്ച് പഠിച്ച് മാർക്ക്‌ മേടിക്കുമ്പോഴല്ല. ജീവിതത്തിൽ അവരത് അപ്ലൈ ചെയ്യുമ്പോഴാ. അങ്ങനെ നോക്കുമ്പോൾ നിനക്ക് ഫുൾ മാർക്ക് ആണ്. എന്നേക്കാൾ മിടുക്കിയാ നീ “

ശ്രീ കുനിഞ്ഞു കളഞ്ഞു

അവളുടെ കണ്ണ് നിറഞ്ഞു പോയിരുന്നു

“ശ്രീ ഇങ്ങോട്ട് നോക്ക് ” അവൻ ആ മുഖം പിടിച്ചു തിരിച്ചു

“എനിക്ക് നിന്നേ ഇഷ്ടമാണ് ശ്രീ.സത്യം.വലിയ ഇഷ്ടമാണ്.. ജീവിതം മുഴുവൻ നീ എന്റെ കൂടെയുണ്ടാവണമെന്ന് ഞാൻഇപ്പൊ പ്രാർത്ഥിക്കാറുണ്ട്. നിനക്ക് പത്തൊമ്പത് വയസ്സേയുള്ളു.ചെറിയ കുട്ടിയാണ്.നിനക്ക് എപ്പോഴാണ് എന്നോട് ഇഷ്ടം തോന്നുക എന്നറിയില്ല. പക്ഷെ അത് നീ പറയുന്ന അന്ന് ഞാൻ നിന്റേതാ.. അല്ല വേണ്ട ചന്തുവേട്ടാ ഇങ്ങനെ മതി.. ഫ്രണ്ട് ആയിട്ട് മതി.വേറെ വൈബുള്ള ഒരാളെയാണ് എന്നെക്കാൾ കൂടുതൽ ഇഷ്ടം തോന്നുന്നതെങ്കിലും എന്നോട് പറയാം.ഞാൻ വേദനിപ്പിക്കില്ല ശ്രീ.നിന്റെ ഇഷ്ടം അതാണ് പ്രധാനം. സത്യമായും എന്റെ സ്നേഹം നിനക്ക് ഒരു ബാധ്യതയാവില്ല.”

ശ്രീ ആ കൈയിൽ മുറുകെ പിടിച്ചു

“എന്റെ ഉള്ളിൽ സ്നേഹം ഉണ്ട് ചന്തുവേട്ടാ. പക്ഷെ പ്രണയം ആണോ എന്നൊന്നും അറിഞ്ഞൂടാ.. അല്ലെങ്കിൽ അത് realise ചെയ്തിട്ടില്ല ഞാൻ. പക്ഷെ ഇത് വരെ ആരോടും ഈ ഇഷ്ടം എനിക്ക് തോന്നിട്ടില്ല.. ഈ ഇഷ്ടം ജീവിതത്തിൽ മുഴുവൻ ചന്തുവേട്ടനോട് എനിക്കുണ്ട് എന്ന് തോന്നുമ്പോ ഞാൻ പറയും. തീർച്ചയായും പറയും. ഏട്ടൻ ചോദിച്ചില്ലേ ഫ്രണ്ട്സ്ന്റെ ഒപ്പം ടൂർ പോയിട്ടുണ്ടോന്ന്. കോളേജിൽ നിന്ന് ടൂർ പോയിട്ടുള്ളതല്ലാതെ ഫാമിലിക്കൊപ്പം മാത്രേ ഞാൻ ഇവിടെ വന്നിട്ടുള്ളൂ. അല്ലാണ്ട് അമ്മ അങ്ങനെ വിടുകയൊന്നുമില്ല. ഇപ്പൊ അമ്മയ്ക്ക് ഏട്ടനെ വിശ്വാസം ആയി. അത് കൊണ്ടാ വിട്ടത്.അമ്മയ്ക്ക് മനസിലായിട്ടുണ്ട് ചന്തുവേട്ടനെ…”

അവൻ പുഞ്ചിരിച്ചു

“നീ ഇത് പോലെ തന്നെ അടിപൊളി ആയിട്ട് മുന്നോട്ട് പൊ.. എപ്പോ സെറ്റിൽ ആകണമെന്ന് നിനക്ക് തോന്നുമ്പോൾ പറയ്.. അതിപ്പോ രണ്ട് വർഷം, അഞ്ചു വർഷം അങ്ങനെ ഒന്നുമില്ല. എന്റെ ഒപ്പം ജീവിക്കാൻ ആഗ്രഹിക്കുന്ന അന്ന് ജസ്റ്റ്‌ ഒരു കാൾ മതി. ചന്തുവേട്ടാ ഞാൻ റെഡിയാ എന്ന്. അന്ന് നമ്മുടെ കല്യാണമാണ് “

അവൾ ഒന്നും പറയാതെ അവനോട് ചേർന്ന് നിന്നു

ഇങ്ങനെ ഒരാളെ അവൾ ഇതിനു മുൻപ് കണ്ടിട്ടുണ്ടായിരുന്നില്ല

ഇങ്ങനെ ഉള്ള ഒരാളെക്കുറിച്ചു പോലും കേട്ടിട്ടില്ല

unique ആണ്

ഒറ്റ ആൾ

“എന്താ ആലോചിക്കുന്നത്?” അവൻ ആ തോളിൽ കൂടി കയ്യിട്ടു ചേർത്ത് പിടിച്ചു

“വെറുതെ ഒരു പാട് ആലോചിച്ചു കൂട്ടണ്ട.. ഒന്ന് മാത്രം ഉള്ളിൽ വേണം. ചന്തു ശ്രീയുടേതാ. ശ്രീ ചന്തുവിന്റേതായാലും ഇല്ലെങ്കിലും അതിന് മാറ്റമില്ല “

അവൾ ആ മുഖത്തേക്ക് നോക്കി

“അത്ര ഇഷ്ടം ഉണ്ട്?”

“ഉം “

“ശരിക്കും?”

“ഉണ്ട് “

“എന്ത് വന്നാലും ഉപേക്ഷിച്ചു കളയില്ല?”

“ഇല്ല “

“താങ്ക്സ് “

അവൾ പുഞ്ചിരിച്ചു

പിന്നെ നേർത്ത ഒരു നാണം വന്ന പോലെ കണ്ണ് മാറ്റി

ചന്തു അവളെ ഒന്നുടെ ചേർത്ത് പിടിച്ചു

ദൂരെ മലയിടുക്കുകളിൽ മഞ്ഞുരുകി തുടങ്ങിയിരുന്നു..

അവരുടെ മനസിലെയും

തുടരും…