“എനിക്ക് കുറച്ചു സംസാരിക്കാൻ ഉണ്ട്. കം ” അച്ഛൻ ഇരിക്കാൻ സെറ്റിയിലേക്ക് ചൂണ്ടി
അവൻ ഇരുന്നു
“നിനക്ക് ഇരുപത്തിയഞ്ചു വയസ്സ് കഴിഞ്ഞു. ഈ കഴിഞ്ഞ കാലങ്ങളിൽ ഒന്നും എനിക്ക് നിന്നേ തിരുത്തണ്ടതായോ ഉപദേശിക്കണ്ടതായോ വന്നിട്ടില്ല. എനിക്ക് proud ആയിരുന്നു. പക്ഷെ നീ ഒരു പാട് മാറിയിപ്പോൾ. വിവേക്,നമ്മുടെ സ്റ്റാറ്റസ് എന്താ ആ മിഡിൽ ക്ലാസ്സ് ഡാൻസ് കാരി പെണ്ണിന്റ സ്റ്റാറ്റസ് എന്താ? അവളെ പോലെയുള്ള വർമാർക്ക് നല്ല വീട്ടിലെ ഒരു ചെക്കനെ വശികരിച്ചെടുക്കാൻ കഴിവ് കാണും. ഡാൻസ്കാരിയല്ലേ.. ഒരു ഐ എ എസുകാരനെ കിട്ടുക എന്ന് വെച്ചാൽ അവളെ പോലെയുള്ള അവളുമാർക്ക്..”
“will you stop this?”ഒരു അലർച്ചയായിരുന്നു അത്. വിമല അടുക്കളയിൽ നിന്നും ഓടി വന്നു
ചുവന്നു തുടുത്ത വിവേകിന്റെ മുഖം. അഗ്നി പോലെ
“അമ്മയേ കുറിച്ച് ഞാൻ അച്ഛനോട് ഇങ്ങനെ ഒക്കെ പറയട്ടെ?”
അയാൾ വിളറി പോയി
വിവേക് എഴുന്നേറ്റു
“എന്താ എന്റെ സ്റ്റാറ്റസ്? പറ. ഞാൻ ആരാ? കുഞ്ഞിനെ ഉപേക്ഷിച്ചു മുൻകാമുകന്റെ കൂടെ പോയ ഒരു അമ്മയുടെ മകൻ. കുടിച്ചു കുടിച്ചു മരിച്ചു പോയ ഒരു പട്ടാളക്കാരന്റെ മകൻ. ഞാൻ നിങ്ങളുടെ മകനല്ല രാജഗോപാൽ സർ.. ഞാൻ നിങ്ങളുടെ രണ്ടു പേരുടെയും മകനല്ല. adopted child.. an adopted child. നല്ല കുടുംബത്തിൽ ജനിച്ച് വിദ്യാഭ്യാസവും സംസ്കാരവും ഉള്ള മാതാപിതാക്കളുടെ മകളാണ് ശ്രീലക്ഷ്മി. അവൾക്ക് ചൂണ്ടി കാണിക്കാൻ സ്വന്തം അമ്മയും അച്ഛനുമുണ്ട്. എനിക്കോ? ഇല്ല. ദാനം കിട്ടിയ പോലെ ഒരു ജീവിതം. നിങ്ങളുടെ ഔദാര്യത്തിൽ പഠിച്ചു വളർന്ന ഒരു… ഒരു slave..”
“ചന്തു ” വിമല താക്കീതോടെ വിളിച്ചു
“എന്റെ ശ്രീ ഐ എ എസ് അല്ല. ഡോക്ടറോ എഞ്ചിനീയറോ അങ്ങനെ ഉയർന്ന പദവിയിലൊന്നും ഉള്ള ആളല്ല. ബ്യൂട്ടി ക്വീനുമല്ല. സാധാരണ പെൺകുട്ടിയാണ്. ഒരു സാധാരണ പെൺകുട്ടി. പക്ഷെ മനുഷ്യത്വമുണ്ട്. സ്നേഹം ഉണ്ട്. സഹജീവികളോട് കാരുണ്യമുണ്ട്. നൻമ ഉള്ളവളാണ്. വിവേകിന് അത് മതി എന്റെ ഭാര്യ സാധാരണ ഒരു പെണ്ണായാൽ മതി.”
“നിങ്ങളുടെ ആരുടെയും ജീവിതത്തിൽ ഞാൻ വേണ്ട.. പോരെ? ഞാൻ പൊയ്ക്കോളാം എങ്ങോട്ടെങ്കിലും.. നിങ്ങൾക്ക് സ്വന്തം മകളുണ്ടല്ലോ? ഞാൻ എന്തിനാ? വേണ്ട.. ഞാൻ ശ്രീയെ സ്നേഹിക്കുന്നത് നിങ്ങൾക്ക് നാണക്കേട് ആണെങ്കിൽ അവളുമൊത്തു് ഞാൻ ജീവിക്കുന്നത് നിങ്ങളുടെ സ്റ്റാറ്റസ്നു കുറച്ചിൽ ആണെങ്കിൽ.. ഞാൻ നിങ്ങളുടെ മകനല്ല എന്നത് എല്ലാവരോടും പറഞ്ഞേക്ക്. ഞാൻ ആരുമല്ല. ആരും “
അവൻ മുറിയിലേക്ക് പൊയി. രാജഗോപാൽ മുഖം പൊത്തി കുനിഞ്ഞിരുന്നു
അയാളുടെ കൈവിരലുകൾക്കിടയിലൂടെ കണ്ണീരിറ്റു വീഴുന്നത് കണ്ട് വിമല വേദനയോടെ അയാളെ ചേർത്ത് പിടിച്ചു
“ഞാൻ പറഞ്ഞതല്ലേ ഇപ്പൊ ഒന്നും പറയരുത് എന്ന്. നമുക്ക് ആ കുട്ടിയെ ഒന്ന് കണ്ടിട്ട് അഭിപ്രായം പറഞ്ഞ പോരെ? അവൻ പൊയ്ക്കഴിഞ്ഞാ ഒന്നോർത്തു നോക്കു. അവൻ ഇല്ലാതെ നമുക്ക് പറ്റുമോ രാജേട്ടാ… രാജേട്ടന് പറ്റും. മനസ്സിന് ധൈര്യമുണ്ട്. എനിക്കില്ല. എന്റെ മോനില്ലാതെ എനിക്ക് പറ്റില്ല.. നമുക്ക് ഇനി ഈ ടോപിക് പറയണ്ട.അവൻ പറഞ്ഞില്ലല്ലോ ഇപ്പൊ കല്യാണം കഴിക്കണമെന്ന് ഒരിഷ്ടം തോന്നി. അത് തെറ്റാണോ? ആലോചിച്ചു നോക്ക്. നമുക്ക് തോന്നിയിട്ടില്ലേ ഈ പ്രായത്തിൽ? പോട്ടെ.. ഞാൻ സംസാരിക്കാം അവനോട് “
വിമല എഴുന്നേറ്റു
“ചന്തു…”
അവർ അവന്റെ അരികിൽ വന്നിരുന്നു
“അച്ഛനോട് മോൻ അങ്ങനെ ഒന്നും പറയരുത്.. നിന്നേ എന്തിഷ്ടമാണ് അച്ഛന്. നിനക്കും അത് അറിയാവുന്നതാണ്. നീ ഞങ്ങളുടെ മകനാണ് ചന്തു. അങ്ങനെ അല്ല എന്ന് ഈ ഭൂമിയിൽ ആരോടും ഞങ്ങൾ പറയില്ല. നീ പറഞ്ഞാലും.”
അവൻ കുനിഞ്ഞിരിക്കുകയായിരുന്നു
“മോനെ.. ആ കുട്ടിയെ ഒന്ന് വിളിച്ചു കൊണ്ട് വാ ഒരു ദിവസം. ഞങ്ങൾ ഒന്ന് കാണട്ടെ “
“കണ്ടിട്ട്? വീണ്ടും അപമാനിക്കാനാണോ”
“വീട്ടിൽ വരുന്നവരെ ആരെങ്കിലും അങ്ങനെ ചെയ്യുമോ ചന്തു? അച്ഛനോട് സോറി പറയണം. അച്ഛൻ വേദനിക്കുന്നത് ഞാൻ ആദ്യമായി കാണുകയാണ്… മോനെ എല്ലാരേം വെറുപ്പിച്ച് കൊണ്ട് പോകുന്ന ഒരു കുടുംബം ശാശ്വതമല്ല. നീ അങ്ങനെ ഇറങ്ങി പോയി വിളിച്ചാലും നിന്റെ ശ്രീ നിന്റെ ഒപ്പം വരികയുമില്ല. അവൾ നല്ല ഒരു മാതാപിതാക്കൾ വളർത്തിയ കുട്ടിയാണെങ്കിൽ അവളൊരിക്കൽ പോലും ഒരു കുടുംബം നശിപ്പിക്കില്ല. അത് തകർത്തു കൊണ്ട് നിന്നെ സ്വന്തം ആക്കുകയുമില്ല. ചുരുക്കത്തിൽ ഇവിടെ നിന്നും നീ പോയാൽ നിന്നേ ഇവിടേക്ക് തിരിച്ചു കൊണ്ട് വരാനെ ആ കുട്ടി നോക്കു. ഞാൻ ഫോട്ടോയിൽ കണ്ട പെൺകുട്ടി ആണ് ശ്രീ എങ്കിൽ. ശ്രീ തീർച്ചയായും ഇന്ന് നീ അച്ഛനോട് പറഞ്ഞത് ഇഷ്ടപ്പെടുന്ന ആളാവില്ല. നീ ശ്രീയോട് പറഞ്ഞിട്ടുണ്ടോ ഇതൊക്കെ?”
രാജഗോപാൽ വാതിൽക്കൽ നിൽക്കുന്നുണ്ടായിരുന്നു അവർ അദ്ദേഹത്തെ കണ്ടില്ല
“ശ്രീക്ക് എന്റെ പദവിയോ സ്റ്റാറ്റസൊ ഒന്നും അറിയില്ലായിരുന്നു. ഞാൻ ജോലി ഇല്ലാത്ത സാധാരണ ചെറുപ്പക്കാരൻ അങ്ങനെയേ അവൾ വിചാരിച്ചുള്ളൂ ഞങ്ങൾ ഫ്രണ്ട്സ് മാത്രം ആയിരുന്നു അമ്മേ. സ്നേഹം എനിക്കായിരുന്നു. പിന്നെ ഞാൻ സത്യം പറഞ്ഞപ്പോൾ ഞാൻ അസിസ്റ്റന്റ് കളക്ടർ ആയി ജോയിൻ ചെയ്യുകയാണ് എന്ന് പറഞ്ഞപ്പോൾ ഒരു ഗുഡ് ബൈ പറഞ്ഞു ശ്രീ പോയി.. അവൾ അതാഗ്രഹിച്ചില്ല. ഞാൻ അനുഭവിച്ച വേദന എനിക്ക് മാത്രേ അറിയൂ
അന്നെനിക്ക് മനസിലായി ഞാൻ അവളെ സ്നേഹിക്കുന്നുവെന്ന്. ഒരിക്കലും ഉപേക്ഷിച്ചു കളയാൻ വയ്യാത്ത പോലെ സ്നേഹിക്കുന്നുവെന്നു.. പിന്നെ ഞാൻ ആണ് അങ്ങോട്ട് ചെന്നത്. അപ്പോഴും പ്രണയം ഒന്നുമില്ലാ എന്ന് അവൾ എന്നോട് പറഞ്ഞു. അവള്. കുട്ടിയല്ലേ. ഒരു. പാട് സംശയം,കൺഫ്യൂഷൻ, പേടി ഒക്കെയാണ്. അവളുടെ അച്ഛനോട് ഞാൻ ഒടുവിൽ സംസാരിക്കേണ്ടി വന്നു. ഒരു സാധാരണ മിഡിൽ ക്ലാസ്സ് ഫാമിലിയിൽ പെൺകുട്ടികളെ വളർത്തുന്ന മാതാപിതാക്കൾക്ക് എത്ര പേടിയുണ്ടാകും? ശ്രീക്ക് ബോയ് ഫ്രണ്ട്സ് ആരുമില്ല. അവൾ അങ്ങനെ കറങ്ങി നടക്കുന്ന ടൈപ്പ് അല്ല. ഒറ്റയ്ക്കാണ് മിക്കവാറും എല്ലാം.. അത് കൊണ്ട് തന്നെ എന്റെ ഒപ്പം എവിടെ എങ്കിലും വിടാൻ അവർക്ക് എന്റെ ഉറപ്പ് വേണം.. ഞാൻ പറഞ്ഞു.. എനിക്ക് അവളെ വിവാഹം കഴിക്കാൻ ആഗ്രഹം ഉണ്ടെന്ന്. ഞാൻ അവളെ സ്പോയിൽ ചെയ്യില്ല എന്നും. അമ്മേ എനിക്ക് ഇതിനു മുന്നേ ഫ്‌ളൈർട്ടിങ് ആകാമായിരുന്നു. എത്രയോ പേര്.. എനിക്ക് തോന്നിട്ടില്ല. സത്യം.. പക്ഷെ ഇപ്പൊ ശ്രീയില്ലാതെ എനിക്ക് ജീവിക്കാൻ പറ്റില്ല. ഒരു ദിവസം പോലും മാറി നിന്നപ്പോൾ ശ്വാസം മുട്ടിട്ട്… ഞാൻ… അമ്മ അവളെ കണ്ടു നോക്ക് ഒരു തവണ.. ചാറ്റർ ബോക്സ് ആണ്. പക്ഷെ പാവമാണ്. നല്ല കുട്ടിയാണ്. ഞാൻ ഒട്ടും ബുദ്ധിയില്ലാത്ത ഒരു പുരുഷൻ ആണോ അമ്മേ? എനിക്ക് അറിയാം പെണ്ണിനെ… നല്ല പെണ്ണ് എങ്ങനെ എന്ന് എനിക്ക് അറിയാം എന്റെ ശ്രീ നല്ല പെണ്ണാ. ഒത്തിരി ഒത്തിരി നല്ല പെണ്ണ് “
വിമല പുഞ്ചിരിച്ചു “ശരി ഞാൻ അച്ഛനോട് ചോദിച്ചു നോക്കട്ട്.ശ്രീയെ കണ്ടു കളയാം. ഉം അച്ഛനോട് പോയി സോറി പറ ‘
അവൻ എഴുന്നേറ്റു
മുന്നിൽ അച്ഛൻ
“അച്ഛാ ഞാൻ ദേഷ്യം വന്നപ്പോൾ….ഐ ആം സോറി…”അവൻ പെട്ടെന്ന് ക്ഷമ പറഞ്ഞു
“ഒരു പ്രോമിസ് നീ എനിക്ക് തരണം. ഒറ്റ ഒന്ന് ” അയാൾ ഗൗരവത്തിൽ പറഞ്ഞു. അവൻ അമ്പരപ്പോടെ നോക്കി
“ഇനി ഒരിക്കലും ആരോടും നീ എന്റെ മകനല്ല എന്ന് പറയരുത്. never say that”
ചന്തുവിന്റെ കണ്ണ് നിറഞ്ഞു. അവൻ സ്വയം അറിയാതെ അയാളെ കെട്ടിപിടിച്ചു. ജീവിതത്തിൽ ആദ്യമായിട്ടായിരുന്നു അത്. രാജഗോപാൽ ഒരു നിമിഷം അനങ്ങാതെ നിന്നു
“you are my son… vivek.. my son ” അയാളുടെ ശബ്ദം ഒന്ന് അടച്ചു
വിവേക് അച്ഛന്റെ മുഖം കൈകളിൽ എടുത്തു
“I promise.. ” അവൻ അയാളുടെ രണ്ടു കവിളിലും അമർത്തി ഉമ്മ വെച്ചു
“ഞാൻ ഒരു ദിവസം ശ്രീയെ കൊണ്ട് വരട്ടെ?”
അയാൾക്ക് പെട്ടെന്ന് ഒരു ചിരി വന്നു. കൊച്ച് കുട്ടിയെ പോലെ നിഷ്കളങ്കമായ അവന്റെ മുഖം. അയാൾ ഒന്ന് മൂളി
അവൻ തിരിഞ്ഞു. അമ്മയെയും കെട്ടിപിടിച്ചു
“സോറി ” അമ്മയുടെ കവിളിൽ ഒരുമ്മ
അവരുടെ കണ്ണുകൾ നിറഞ്ഞൊഴുകി. അവൻ അവരെ ഒന്നുടെ നെഞ്ചോട് ചേർത്ത് പിടിച്ചു
തുടരും..